സ്വർണം വാങ്ങിവെച്ചവരാണോ? വില കുത്തനെ തിരിച്ചടിയാകുമോ, കാരണങ്ങൾ ഇവയാണ്
ക്രിപ്റ്റോകളെ സാമ്പത്തിക മുഖ്യധാരയിലേക്ക് എത്തിക്കുന്നത് തന്നെയാണ് ലക്ഷ്യം എന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ആളുകള്‍ ഇതോടെ സ്വര്‍ണം വിറ്റ് ക്രിപ്റ്റോകളിലേക്ക് നിക്ഷേപം മാറ്റുന്നുണ്ട്.
നവംബര്‍ ഒന്നിന് കേരളത്തില്‍ സ്വര്‍ണ വില പവന് 59,080 രൂപ. 13 ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് ഒരു പവന് നല്‍കേണ്ടത് 56,360 രൂപ. ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വിലയിലുണ്ടായ ഇടിവ് 2,720 രൂപ.. എന്താണ് സ്വര്‍ണവിലയിലെ ഈ കുത്തനെയിടിവിനുള്ള കാരണം എന്ന് പരിശോധിക്കാം. പ്രധാനമായും ഡിമാന്‍റ് കുറഞ്ഞതാണ് സ്വര്‍ണവിലയെ പ്രതികൂലമായി ബാധിക്കുന്നത്. ദേശീയ തലത്തില്‍ ഉല്‍സവ സീസണോടനുബന്ധിച്ച് സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് കുത്തനെ കൂടിയിരുന്നു. എന്നാല്‍ ദീപാവലിയടക്കമുള്ള ഉല്‍സവങ്ങള്‍ കഴിഞ്ഞതോടെ സ്വര്‍ണം വാങ്ങുന്നത് കുറയുകയും ചെയ്തു. ഇത് വിലയെയും ബാധിച്ചു.
മറ്റൊന്ന് അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലമാണ്. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിന്‍റെ വിജയത്തിന് പിന്നാലെ സ്വര്‍ണ വിലയില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. യുഎസ് തെരഞ്ഞെടുപ്പിന് മുമ്പ് സ്വര്‍ണ വിലയില്‍ ശക്തമായ വര്‍ധനയുണ്ടായെങ്കിലും ഫലത്തിന് ശേഷം വിലയിടിവിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ പലതാണ്. നിക്ഷേപകര്‍ സ്വര്‍ണം വിറ്റഴിച്ചതാണ് വില ഇടിയാനുള്ള പ്രധാന കാരണം. ട്രംപിന്‍റെ മനസിലുളള ചില പദ്ധതികള്‍ നടപ്പാക്കുന്നതിനായി അമേരിക്കയ്ക്ക് വലിയ തോതില്‍ വായ്പയെടുക്കേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍. ഇത് രാജ്യത്തിന്‍റെ ധനക്കമ്മി വര്‍ദ്ധിപ്പിക്കും. ഈ ആശങ്കകള്‍ സ്വര്‍ണം വില്‍ക്കുന്നതിലേക്ക് നയിച്ചു. ഇതിനുപുറമെ, ട്രംപിന്‍റെ നികുതി വെട്ടിക്കുറയ്ക്കല്‍ നിര്‍ദ്ദേശങ്ങളും അമേരിക്ക കടം വാങ്ങുന്നത് വര്‍ദ്ധിപ്പിക്കുന്നതിലേക്ക് നയിക്കും എന്ന് ആശങ്കയുണ്ട്. ഇറക്കുമതിക്ക് നികുതി വര്‍ധിപ്പിക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഇത് ധനക്കമ്മി നികത്താന്‍ സഹായകമാകില്ല. പണപ്പെരുപ്പത്തിനൊപ്പം ധനക്കമ്മിയും, കടവും ഇനിയും കൂടാന്‍ സാധ്യതയുണ്ട്. ഇതാണ് സ്വര്‍ണത്തിന്‍റെ വിലയിടിവിലേക്ക് നയിക്കുന്നത്.
ബിറ്റ്കോയിന്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതും സ്വര്‍ണത്തിന് തിരിച്ചടിയാകുന്നുണ്ട്. ക്രിപ്റ്റോകറന്‍സി വിപണിക്ക് ട്രംപിന്‍റെ നയങ്ങള്‍ കൂടുതല്‍ അനുകൂലമാണെന്നാണ് ബിറ്റ്കോയിന്‍ നിക്ഷേപകരുടെ വിശ്വാസം. ക്രിപ്റ്റോകളെ സാമ്പത്തിക മുഖ്യധാരയിലേക്ക് എത്തിക്കുന്നത് തന്നെയാണ് ലക്ഷ്യം എന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ആളുകള്‍ ഇതോടെ സ്വര്‍ണം വിറ്റ് ക്രിപ്റ്റോകളിലേക്ക് നിക്ഷേപം മാറ്റുന്നുണ്ട്.