64 വര്‍ഷത്തിനിടെ കേരളം കണ്ട എട്ട് വനിതാ മന്ത്രിമാര്‍
ലോകത്തില്‍ ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി സഭ തെരഞ്ഞെടുപ്പിലൂടെ അധികാരമേറ്റത് കേരളത്തിലാണ്. പക്ഷേ, സംസ്ഥാന രൂപീകരണത്തിന് ശേഷം 64 വര്‍ഷം പിന്നിട്ടിട്ടും ഇതുവരെയും ഒരു വനിതാ മുഖ്യമന്ത്രിയെ കേരളത്തിന് സംഭാവന ചെയ്യാന്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞിട്ടില്ല. മാറി മാറി കേരളം ഭരിച്ച ഇരുമുന്നണികളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായിരുന്നു. ഇതുവരെയായിട്ടും വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടില്ലെങ്കിലും കേരളത്തിന്‍റെ ആദ്യ മന്ത്രിസഭയില്‍ ഒരു വനിതാ മന്ത്രിയുണ്ടായിരുന്നു. കേരള രാഷ്ട്രീയം ഇന്ന് വരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും കരുത്തയായ മന്ത്രിയായിരുന്നു അവര്‍ - കെ ആര്‍ ഗൌരിയമ്മ. പിന്നീടിങ്ങോട്ട് 64 വര്‍ഷത്തിനിടെ കേരളത്തില്‍ ആകെ ഉണ്ടായ വനിതാ മന്ത്രിമാരുടെ എണ്ണം 8. ആദ്യ 14 നിയമസഭകളുടെ കാലത്ത് 22 മന്ത്രിസഭകളാണ് കേരളത്തില്‍ അധികാരത്തിലെത്തിയത്. ഇതില്‍ ഒന്‍പത് മന്ത്രിസഭകളില്‍ വനിതകള്‍ ഉണ്ടായിരുന്നില്ല. 64 വര്‍ഷത്തിനിടെ വനിതാ മന്ത്രിമാരുടെ എണ്ണം രണ്ടക്കം കാണാത്ത് കേരളം എത്രമാത്രം പുരുഷാധിപത്യ കേന്ദ്രീകൃതമാണെന്നതിന് ഉദാഹരണമാണ്. കേരളം ഭരിച്ച വനിതാ മന്ത്രിമാരെ അറിയാം.
കെ ആര്‍ ഗൌരിയമ്മ
" കരയാത്ത ഗൌരി, തളരാത്ത ഗൌരി,
കലികൊണ്ടുനിന്നാല്‍, അവള്‍ ഭദ്രകാളി,
ഇതുകേട്ടുകൊണ്ടേ, ചെറുബാല്യമെല്ലാം,
പതിവായി ഞങ്ങള്‍ ഭയമാറ്റിവന്നു. "
ബാലചന്ദ്രന്‍ ചുള്ളിക്കാട് - ഗൌരി
ഐക്യകേരളത്തിന്‍റെ ആദ്യ മുഖ്യമന്ത്രിയായി ഇ എം എസ് അധികാരമേല്‍ക്കുമ്പോള്‍ ആ മന്ത്രിസഭയില്‍ റവന്യൂ, എക്സൈസ്, ദേവസ്വം വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നത് കെ ആര്‍ ഗൌരിയമ്മയായിരുന്നു. പിന്നീട് കേരളത്തിന്‍റെ സാമൂഹിക ക്രമത്തെ ഏറെ സ്വാധീനിച്ച 1957-ലെ കേരളാ സ്റ്റേറ്റ് ഓഫ് എവിൿഷൻ പ്രൊസീഡിങ്ങ്സ് ആക്റ്റ് (കുടിയൊഴിപ്പിക്കൽ നടപടിക്രമ നിയമം) നിയമസഭയില്‍ അവതരിപ്പിച്ചത് ഗൌരിയമ്മയാണ്. പിന്നീടിങ്ങോട്ട് കേരള രാഷ്ട്രീയത്തെ പലപ്പോഴും സ്വാധീനിച്ച വ്യക്തിത്യമായിരുന്നു ഗൌരിയമ്മയുടേത്.
1946 ല്‍ തന്‍റെ 27 -ാം വയസില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മെംബര്‍ഷിപ്പ് എടുത്തുകൊണ്ടാണ് ഗൌരിയമ്മ തന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ആദ്യ ഐക്യകേരള മന്ത്രിസഭയിലെ റവന്യൂ മന്ത്രിയായ ഗൌരിയമ്മ, ചരിത്ര പ്രധാനമായ ഭൂപരിഷ്‌കരണ നിയമം (1957), ഭൂമി പതിച്ചുകൊടുക്കല്‍ നിയമം (1958) എന്നിവയുടെ ബില്ലുകള്‍ നിയമസഭയില്‍ അവതരിപ്പ് പാസാക്കി, നടപ്പില്‍ വരുത്തി. പിന്നീട് 1967, 1980, 1987, 2001, 2004 എന്നീ വര്‍ഷങ്ങളിലും ഗൌരിയമ്മ മന്ത്രി പദത്തിലെത്തി. 1987 ല്‍ ‘കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്‍ ഗൗരി ഭരിച്ചിടും’എന്ന മുദ്രാവാക്യം കേരളത്തിലങ്ങോളമിങ്ങോളും അലയടിച്ചു. ഇടതുപക്ഷം ഗൌരിയമ്മയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പറയാതെ പറഞ്ഞ് വോട്ട് നേടി. എന്നാല്‍, ഏറെ പുരോഗമനമെന്ന് അവകാശപ്പെട്ടിരുന്ന ഇടത്പക്ഷം ഗൌരിയമ്മയെ മുഖ്യമന്ത്രിയാക്കിയില്ല. ഒടുവില്‍ മുഖ്യമന്ത്രിയായത് ഇ കെ നായനാര്‍. കേരളത്തില്‍ മാത്രമല്ല, മുപ്പത്ത് വര്‍ഷത്തോളം ഇടത് പക്ഷം ഭരിച്ച പശ്ചിമബംഗാളില്‍ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടായിരുന്നില്ലെന്ന് ചരിത്രം.
എം. കമലം
1957, 1967, 1980, എന്നീ മന്ത്രിസഭകളിലായി മൊത്തം മൂന്ന് തവണ ഗൗരിയമ്മ മന്ത്രിയായിരുന്നതിന് ശേഷമാണ് സംസ്ഥാന മന്ത്രിസഭയില്‍ മറ്റൊരു വനിതാ മന്ത്രി വരുന്നത് - കോണ്‍ഗ്രസിന്‍റെ എം. കമലം. വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണായും കെപിസിസി ജനറല്‍ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ച എം. കമലം 1980 ലും 1982 ലും കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായിരുന്നു. 1982 മുതല്‍ 1987 വരെ കരുണാകരന്‍ മന്ത്രിസഭയില്‍ സഹകരണ വകുപ്പ് മന്ത്രിയായിരുന്നു എം കമലം. പിന്നീട് കോണ്‍ഗ്രസില്‍ നിന്ന് ഇവര്‍ ജനതാ പാര്‍ട്ടിയിലെത്തി.
എം ടി പത്മ
ഗൌരിയമ്മയ്ക്കും എം കമലത്തിനും ശേഷം 1991 ലാണ് മൂന്നാമതൊരു വനിതാ മന്ത്രി കേരളത്തില്‍ അധികാരമേറ്റെടുക്കുന്നത് - എം ടി പത്മ. കെ.പി.സി.സി അംഗം, മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തന പരിചയമുള്ള എം ടി പത്മ രണ്ട് തവണ കേരളത്തിന്‍റെ മന്ത്രിയായിരുന്നു. 1991 ലും 1995 ലും എം.ടി പത്മ മന്ത്രിസ്ഥാനത്തെത്തി. 1991 മുതൽ 1995 വരെ കരുണാകരന്‍ മന്ത്രി സഭയില്‍ ഫിഷറീസ് -ഗ്രാമ വികസന - രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയായിരുന്നു എം ടി പത്മ. 1995 ല്‍ കരുണാകരന് പിന്നാലെ എ കെ ആന്‍റണി മുഖ്യമന്ത്രിയായപ്പോഴും ഫിഷറീസ് - രജിസ്ട്രേഷൻ വകുപ്പ് എം ടി പത്മയുടെ ചുമതലയായിരുന്നു.
സുശീലാ ഗോപാലന്‍
എം.ടി പത്മയ്ക്ക് ശേഷം സംസ്ഥാന മന്ത്രിസഭയില്‍ എത്തിയ നാലാമത്തെ വനിതാ മന്ത്രിയാണ് സുശീല ഗോപാലന്‍. 1996 ലെ നായനാര്‍ മന്ത്രിസഭയിലാണ് സുശീല ഗോപാലന്‍ മന്ത്രിയായിരുന്നത്. ഇ കെ നായനാര്‍ മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായിരുന്നു സുശീല ഗോപാലന്‍. അന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സുശീല ഗോപാലന്‍റെ പേരും ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയായി ഒടുവിലെത്തിയത് ഇ.കെ നായനാര്‍. 1980-ൽ ആലപ്പുഴയിൽ നിന്നും 1991-ൽ ചിറയിൻകീഴ് നിന്നുമായി രണ്ട് തവണ സുശീല ഗോപാലന്‍ ലോകസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1996 ല്‍ ഇ കെ നായനാര്‍ മന്ത്രിസഭയില്‍ സുശീലാ ഗോപാലന്‍ മന്ത്രിയായിരുന്ന സമയത്താണ് പാലക്കാട് പ്ലാച്ചിമടയില്‍ കൊക്കൊകോളയ്ക്കും പുതുശ്ശേരി പഞ്ചായത്തില്‍ പെപ്സിക്കും പ്രവര്‍ത്തനാനുമതി നല്‍കിയത്.
പി കെ ശ്രീമതി
2001 ലും 2006 ലും പയ്യന്നൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയായിരുന്നു പി കെ ശ്രീമതി. 2006 ല്‍ വി എസ് അച്ചുതാനന്ദന്‍ മന്ത്രിസഭയില്‍ ആരോഗ്യ - കുടുംബക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു. സംസ്ഥാന മന്ത്രിസഭയില്‍ അംഗമായ അഞ്ചാമത്തെ വനിതാ മന്ത്രി. നിലവില്‍ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപി. സിപിഐഎം ദേശീയ കമ്മറ്റി അംഗമാണ് പി കെ ശ്രീമതി.
പി.കെ.ജയലക്ഷ്മി
2011 ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമായ പി.കെ ജയലക്ഷ്മിയാണ് കേരള മന്ത്രിസഭയില്‍ അംഗമായ ആറാമത്തെ വനിതാ മന്ത്രി. കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായാണ് ആദിവാസി മേഖലയില്‍ നിന്നുള്ള ഒരു വനിത മന്ത്രിയായി അധികാരമേല്‍ക്കുന്നത്. മാനന്തവാടിയില്‍ നിന്ന് നിയമസഭയിലെത്തിയ ജയലക്ഷ്മി പിന്നോക്കവിഭാഗ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു. മാനന്തവാടി ഗവൺമെന്‍റ് കോളേജിൽ ബി.എ.യ്ക്ക് പഠിച്ചുകൊണ്ടിരിക്കെ, കോൺഗ്രസ്സിന്‍റെ വിദ്യാർത്ഥി വിഭാഗമായ കെ.എസ്.യു.-വിലൂടെയാണ് രാഷ്ട്രീയരംഗത്തേക്ക് കടന്നുവന്നത്. 2005-ൽ തവിഞ്ഞാൽ പഞ്ചായത്തിലെ 16-ആം വാർഡിൽ വിജയിച്ച ജയലക്ഷ്മി തന്‍റെ വാർഡിൽ ദേശീയ തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി സംഘടിപ്പിച്ചതോടെയാണ് സംസ്ഥാന തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. കേരളവർമ പഴശിരാജയുടെ പടയാളികളായിരുന്ന പാലോട്ട് കുറിച്യത്തറവാട്ടുകാരുടെ പിൻമുറക്കാരിയായ ജയലക്ഷ്മി അമ്പെയ്ത്ത് മത്സരങ്ങളിൽ മികവ് തെളിയിച്ചിട്ടുണ്ട്. സംസ്ഥാനതല അമ്പെയ്ത്തുമത്സരത്തിൽ വെള്ളിമെഡലും കിർത്താഡ്സ് സംഘടിപ്പിച്ച തലയ്ക്കൽ ചന്തു സ്മാരക അമ്പെയ്ത്തുമത്സരത്തിൽ സ്വർണമെഡലും അവർ നേടിയിട്ടുണ്ട്.
കെ കെ ശൈലജ
കൊവിഡ് മഹാമാരിക്കാലത്ത് കേരളത്തിന്‍റെ ആരോഗ്യമേഖലയില്‍ പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ ചെയ്തത് മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തിലായിരുന്നു. കുത്ത് പറമ്പ് നിയമസഭാമണ്ഡലത്തില്‍ നിന്നാണ് കെ കെ ശൈലജ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടത്. പഴയ കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്ന് 1996 ലും 2006 ല്‍ പേരാവൂർ മണ്ഡലത്തിൽ നിന്നും എംഎല്‍എയായിരുന്നു. 2016ൽ കൂത്തുപറമ്പ് മണ്ഡലത്തിൽ വെറും 12,291 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെയാണ് കെ.കെ. ശൈലജ വിജയിച്ചത്. പിണറായി മന്ത്രിസഭയിൽ ആരോഗ്യം, സാമൂഹിക ക്ഷേമം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തു. നിപ്പ വൈറസ് പ്രതിരോധ പ്രവർത്തനം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം എന്നിവ അന്തർദേശീയ ശ്രദ്ധ നേടി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മികവിന്‍റെ അടിസ്ഥാനത്തില്‍ 2020 ജൂൺ 23 ന് ഐക്യരാഷ്ട്രസഭ കെ കെ ശൈലജയെ ആദരിച്ചിരുന്നു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെതിരെയുള്ള കേരളത്തിന്‍റെ പോരാട്ടത്തിൽ യുഎൻ പൊതുസേവന ദിനത്തിൽ സ്പീക്കറായി കെ കെ ശൈലജയ്ക്ക് ക്ഷണം ലഭിച്ചു. "കൊറോണ വൈറസ് കൊലയാളി", "റോക്ക് സ്റ്റാർ ആരോഗ്യമന്ത്രി" എന്നാണ് ഗാർഡിയൻ കെ കെ ശൈലജയെ വിശേഷിപ്പിച്ചത്. ബ്രിട്ടനിലെ പ്രോസ്‌പെക്ട് മാഗസിൻ 2020ലെ ലോകത്തെ മികച്ച ചിന്തകരുടെ ഗണത്തിൽ കെ.കെ. ഷൈലജയെ തെരഞ്ഞെടുത്തു. ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്തായെ പിന്തള്ളിയാണ് മികച്ച 50 പേരിൽ നിന്ന് കെ. കെ. ശൈലജ ഒന്നാം സ്ഥാനത്തെത്തിയത്.
മേഴ്സികുട്ടിയമ്മ
ട്രേഡ് യൂണിയന്‍ രംഗത്തെ നീണ്ടകാലത്തെ പ്രവര്‍ത്തി പരിചയമാണ് മേഴ്സികുട്ടിയമ്മയെ പിണറായി സര്‍ക്കാറിന്‍റെ പതിനാലാം മന്ത്രിസഭയിലേക്ക് എത്തിക്കുന്നത്. സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്‍റായിരുന്നു മേഴ്സികുട്ടിയമ്മ. പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള പതിനാലാം മന്ത്രിസഭയില്‍ ഫിഷറീസ്, പരമ്പരാഗത വ്യവസായം, കശുവണ്ടി, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് എന്നി വകുപ്പുകളുടെ ചുമതല വഹിച്ചു. മൂന്ന് തവണ എംഎല്‍എയായിരുന്നു. 1987, 1996, 2016 എന്നീ വര്‍ഷങ്ങളില്‍ കുണ്ടറ നിയമസഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ചു. മന്ത്രിസഭയുടെ അവസാനകാലത്ത് കേരളത്തിന്‍റെ ആഴക്കടലില്‍ മത്സ്യബന്ധനത്തിന് വിദേശ കമ്പനികള്‍ക്ക് അനുമതി കൊടുത്തുവെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചു. പിന്നീട് സര്‍ക്കാര്‍ ഈ കരാര്‍ റദ്ദാക്കി.