നിങ്ങളുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് സമീപ ഭാവിയില്‍ പണവും നല്‍കും.!
ന്യൂയോര്‍ക്ക്: ലോകത്തെമ്പാടും 150 കോടി ഉപയോക്താക്കളുള്ള സോഷ്യല്‍ മീഡിയ ആപ്പാണ് വാട്ട്സ്ആപ്പ്. ഫേസ്ബുക്കിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വാട്ട്സ്ആപ്പ് ഒരു സാമ്പത്തിക സ്രോതസ്സായി മാറ്റാനുള്ള ശ്രമത്തിലാണ് ഫേസ്ബുക്ക്. വാട്ട്സ്ആപ്പിനെ വരുമാന മാര്‍ഗ്ഗമാക്കുവാന്‍ ആരംഭിച്ച വാട്ട്സ്ആപ്പ് ഫോര്‍ ബിസിനസ് പോലുള്ള സംവിധാനങ്ങളുടെ വിജയം വിലയിരുത്തുമ്പോള്‍ ഫേസ്ബുക്കിന്‍റെ ശ്രമങ്ങള്‍ അത്ര വിജയിച്ചിട്ടില്ലെന്നാണ് ടെക് വൃത്തങ്ങള്‍ പറയുന്നത്. ഇപ്പോള്‍ ഇതാ വാട്ട്സ്ആപ്പിനും ഉപയോക്താവിനും ഒരുപോലെ വരുമാനം നല്‍കുന്ന ഒരു രീതി വാട്ട്സ്ആപ്പ് ആലോചിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.
വാട്ട്സ്ആപ്പ് സ്റ്റാറ്റസ് എന്ന സംവിധാനം ഇപ്പോള്‍ ഏറെ ജനപ്രിയമാണ്. ചിത്രങ്ങളോ വീഡിയോകളോ,സന്ദേശങ്ങളോ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളവര്‍ക്ക് 24 മണിക്കൂര്‍ കാണാം എന്നതാണ് വാട്ട്സ്ആപ്പ് സ്റ്റാറ്റസിന്‍റെ പ്രത്യേകത. വാട്ട്സ്ആപ്പ് സ്റ്റാറ്റസിന്‍റെ സ്ഥലത്ത് പരസ്യങ്ങളും ഇടുക എന്നതാണ് ഫേസ്ബുക്ക് ഗൗരവമായി ആലോചിക്കുന്ന മാറ്റം. ഭാവിയില്‍ ഫേസ്ബുക്ക് സ്റ്റാറ്റസും, ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലും ഇത്തരത്തിലുള്ള മാറ്റം ഫേസ്ബുക്ക് വരുത്താന്‍ സാധ്യതയുണ്ടെന്നാണ് ട്രാക്ക്.ഇന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മൊബൈല്‍ നമ്പര്‍ വച്ചായിരിക്കും ഏത് തരം പരസ്യം വേണമെന്ന് ട്രാക്ക് ചെയ്യപ്പെടുക എന്നാണ് സൂചന എന്നാല്‍ ഈ കാര്യത്തില്‍ ഇനിയും വ്യക്തത ആവശ്യമുണ്ട്. സ്റ്റാറ്റസില്‍ പരസ്യം ചെയ്യുമ്പോള്‍ വാട്ട്സ്ആപ്പും സ്റ്റാറ്റസിന്‍റെ ഉടമസ്ഥനും അതിലെ വരുമാനം പങ്കുവയ്ക്കുന്ന റവന്യൂമോഡലും ഫേസ്ബുക്ക് അവതരിപ്പിക്കും എന്നാണ് സൂചന.
ഇത്തരം ഒരു നീക്കത്തിലേക്കാണ് ഫേസ്ബുക്ക് 2020 ല്‍ നീങ്ങുന്നത് എന്നതിന്‍റെ സൂചനയാണ് പുതിയ വാര്‍ത്ത. കഴിഞ്ഞ വര്‍ഷം നെതര്‍ലാന്‍റില്‍ നടന്ന ഫേസ്ബുക്ക് വാര്‍ഷിക മാര്‍ക്കറ്റിംഗ് കോണ്‍ഫ്രന്‍സില്‍ വാട്ട്സ്ആപ്പ് സ്റ്റാറ്റസുകള്‍ വരുമാന സ്രോതസ്സുകളാക്കുവാന്‍ പറ്റിയ മോഡലുകള്‍ അവതരിപ്പിക്കപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു.
നേരത്തെ 2019 ല്‍ തന്നെ ഫേസ്ബുക്ക് തങ്ങളുടെ പ്ലാറ്റ്ഫോമുകളായ വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ സംയോജനം സംബന്ധിച്ച് സൂചനകള്‍ നല്‍കിയിരുന്നു. ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കന്‍ബര്‍ഗാണ് ഇത് സംബന്ധിച്ച് അന്ന് സൂചനകള്‍ നല്‍കിയത്. ഇതിന് പിന്നാലെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ഫേസ്ബുക്കിലും പങ്കുവയ്ക്കാന്‍ സഹായിക്കുന്ന രീതിയില്‍ ഒരു മാറ്റം വാട്ട്സ്ആപ്പ് ആപ്പില്‍ വന്നിരുന്നു.