മല്ലന്‍മാരല്ല, മല്ലത്തിമാര്‍, ഉറച്ച മസിലുകളുമായി അരങ്ങുനിറഞ്ഞ് സുന്ദരിമാര്‍!
ഉരുക്കു പോലുള്ള ശരീരം. വര്‍ഷങ്ങളോളം കഠിനമായി വ്യായാമം ചെയ്ത് കടഞ്ഞെടുത്ത ഉറച്ച മസിലുകള്‍. സ്‌ത്രൈണ സൗന്ദര്യത്തെക്കുറിച്ചുള്ള ഭാരതീയ സൗന്ദര്യങ്ങള്‍ തിരുത്തുന്ന ഉറപ്പുള്ള കാല്‍വെപ്പുകള്‍. ആത്മവിശ്വാസം നിറഞ്ഞ നോട്ടങ്ങള്‍. അസം തലസ്ഥാനമായ ഗുവാഹത്തിയിലാണ്, ശരീര സൗന്ദര്യത്തിന്റെ പരുക്കന്‍ മാതൃകകളുമായി സുന്ദരിമാര്‍ അരങ്ങ് നിറഞ്ഞത്.
അസമീസ് തലസ്ഥാനമായ ഗുവാഹത്തിയിലാണ് വനിതാ ബോഡിബില്‍ഡര്‍മാര്‍ക്ക് വേണ്ടിയുള്ള ഈ മല്‍സരം നടന്നത്. ആദ്യ തവണയായാണ് ഇവിടെ ഇത്തരമൊരു മല്‍സരം.
ഈ അഞ്ചു പേരിലൊരാള്‍ യു പിയില്‍നിന്നായിരുന്നു. മറ്റൊരു കരുത്തയായ ബോഡിബില്‍ഡര്‍ മഹാരാഷ്ട്രയില്‍നിന്നുമായിരുന്നു. ബാക്കിയുള്ളവരെല്ലാം അസമില്‍നിന്നുള്ള മല്ലത്തികളായിരുന്നു.
മൂന്ന് പതിറ്റാണ്ടായി പുരുഷന്‍മാര്‍ക്കു വേണ്ടിയുള്ള ബോഡിബില്‍ഡിംഗ് മല്‍സരം സംഘടിപ്പിക്കുന്ന അസമീസ് കൂട്ടായ്മയാണ് മിസ് സരയിഗ മല്‍സരം എന്ന പേരില്‍ ഈ പരിപാടി സംഘടിപ്പിച്ചത്.
ആദ്യമായാണ് അസമില്‍ സ്ത്രീകള്‍ക്കു വേണ്ടി ഇത്തരമൊരു മല്‍സരം സംഘടിപ്പിക്കുന്നതെന്ന് സംഘാടകരിലൊരാളായ ബാബാ ഗോസ്വാമി പറഞ്ഞു. പുതിയൊരു തുടക്കമായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഏറ്റവും കരുത്തയായ സ്ത്രീകളിലൊന്നായ 26 -കാരി സഞ്ജനയാണ് കരുത്തിന്റെ പുതിയ ഇതിഹാസം രചിച്ച് അഞ്ച് സുന്ദരികള്‍ക്കിടയിലെ സുന്ദരിയായി കിരീടം ചൂടിയത്.
2018-ല്‍ ഏഷ്യന്‍ ബോഡിബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ആദ്യ ഇന്ത്യക്കാരിയായി മാറിയ സഞ്ജന കസ്റ്റംസ് ഉദ്യോഗസ്ഥയാണ്.
ജീവിതം ബോഡിബില്‍ഡിംഗിനായി സമര്‍പ്പിച്ച സഞ്ജന യു പിയിലെ ഒരു കുഗ്രാമത്തില്‍നിന്നാണ് പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. കഠിനാധ്വാനത്തിലൂടെയാണ് അവര്‍ നേട്ടം കൊയ്തത്.
അഭിമാനവും അതിയായ സന്തോഷവുമുണ്ടെന്ന് ഇന്‍സ്റ്റഗ്രാമില്‍ സഞ്ജന കുറിച്ചു. പുരുഷന്‍മാരുടെ കുത്തകയായ മല്‍സര ഇനം കീഴടക്കുന്നതിന് വര്‍ഷങ്ങളോളം കഠിനാധ്വാനം ചെയ്യേണ്ടി വന്നതായി അവര്‍ പറഞ്ഞു.