അഞ്ചുകോടി സമ്മാനം കിട്ടിയ കോന്‍ബനേഗ ക്രോര്‍പതിയിലെ ആദ്യ ജേതാവ് ഇപ്പോള്‍ ഈ അവസ്ഥയിലാണ്!
സുശീല്‍ കുമാറിനെ ഓര്‍മ്മയുണ്ടോ?
അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കോന്‍ ബനേഗ ക്രോര്‍പതി എന്ന ഹിറ്റ് ടിവി ഷോയില്‍ ആദ്യമായി താരമായി മാറിയ ബിഹാറി യുവാവ്. 2011-ല്‍ അഞ്ചു കോടി രൂപയാണ് സുശീല്‍ കുമാര്‍ സമ്മാനമായി നേടിയത്. ദിവസം 600 രൂപ വരുമാനമുണ്ടായിരുന്ന സുശീലിനെ സംബന്ധിച്ച്, 800 വര്‍ഷം ജോലി ചെയ്താല്‍ ഉണ്ടാക്കാനാവുന്ന തുകയാണ് അതെന്നാണ് അന്ന് ബിബിസി എഴുതിയത്. അതു കഴിഞ്ഞ് 10 വര്‍ഷങ്ങള്‍. ഇക്കാലയളവിനുള്ളില്‍ സുശീലിന്റെ ജീവിതമാകെ മാറി. ഇക്കഴിഞ്ഞ വര്‍ഷം ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ അയാള്‍ വിശദമായി എഴുതിയത് അക്കാര്യമാണ്. ഇന്ന് വീണ്ടുമത് ഷെയര്‍ ചെയ്ത് അയാള്‍ ഒരു കാര്യം കൂടി എഴുതി. ''ആ കിട്ടിയ അഞ്ചു കോടി രൂപയും തീര്‍ന്നതോടെ, സമാധാനമുണ്ട്...''
പത്ത് വര്‍ഷത്തിനുള്ളില്‍ പഴയതിലും ദരിദ്രനായി മാറിയ ആ പഴയ കോടീശ്വരന്റെ ജീവിതം കാണാം:
സ്ലം ഡോഗ് മില്യനര്‍. ഓസ്‌കര്‍ അവാര്‍ഡ് നേടിയ ആ സിനിമയിലെ കഥാപാത്രമാവുമായി താരതമ്യപ്പെടുത്തിയാണ് അന്ന് വിദേശ മാധ്യമങ്ങള്‍ സുശീല്‍ കുമാറിനെ കുറിച്ച് എഴുതിയത്. ചേരിയില്‍നിന്നൊരു പയ്യന്‍ കോടീശ്വരനാവുന്ന സിനിമാക്കഥയുടെ ഏതാണ്ട് ആവര്‍ത്തനമായിരുന്നു സുശീലിന്റെ ജീവിതവും.
2011-ലായിരുന്നു അത്. സദാ സമയം ടിവി കാണാനിഷ്ടപ്പെട്ടിരുന്ന, വാര്‍ത്തകളും വാര്‍ത്താ പരിപാടികളും ഹരമായി കൊണ്ടുനടക്കുന്ന സുശീല്‍ കുമാര്‍ എന്ന ബിഹാറി ഗ്രാമീണയുവാവ് പെട്ടെന്ന് വാര്‍ത്തകളില്‍ നിറഞ്ഞു.
ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന അന്നത്തെ ജനപ്രിയ ടെലിവിഷന്‍ പരിപാടിയായ കോന്‍ ബനേഗാ ക്രോര്‍പതിയില്‍ ആദ്യമായി ഒരാള്‍ അഞ്ചു കോടി രൂപ സമ്മാനമായി നേടി. അതായിരുന്നു വാര്‍ത്ത. സുശീല്‍ കുമാറായിരുന്നു ആ വാര്‍ത്തയിലെ താരം.
അതോടെ, സുശീലിന്റെ ജീവിതമാകെ മാറിമറിഞ്ഞു. ഒറ്റ നിമിഷത്തിനുള്ളില്‍ അയാള്‍ കോടീശ്വരനായി മാറി. ഒപ്പം, സുശീല്‍ ഇന്ത്യയാകെ ആരാധകരുള്ള സെലിബ്രിറ്റിയായി.
ഇന്ത്യയിലെയും വിദേശത്തെയും മാധ്യമങ്ങള്‍ അയാളുടെ അഭിമുഖത്തിനായി പിന്നാലെ നടന്നു. ലോകമെങ്ങും അയാള്‍ വാര്‍ത്തയായി.
11 അംഗങ്ങളുള്ള അതിസാധാരണമായ ഒരു ബിഹാറി കുടുംബത്തില്‍ കഷ്ടപ്പാടുകള്‍ക്കും ദാരിദ്ര്യത്തിനുമിടയില്‍ കഴിയുകയായിരുന്നു അന്നയാള്‍.
സൈക്കോളജിയില്‍ ബിരുദമെടുത്തിട്ടുണ്ട്. ക്ലാര്‍ക്കായി താല്‍ക്കാലിക ജോലി ചെയ്യുകയാണ്. പ്രതിദിനം പത്തഞ്ഞൂറു രൂപ വരുമാനം. എങ്കിലും സന്തോഷവാന്‍.
ഇന്ത്യയിലെ ആദ്യത്തെ പോപ്പുലര്‍ ടിവി ഷോകളില്‍ ഒന്നായ കോന്‍ ബനേഗ ക്രോര്‍പതിയിലെ വിജയം അയാളുടെ നാട്ടിലും വീട്ടിലും ആഘോഷമായിരുന്നു.
ചാനല്‍ പരിപാടിക്കു ആറു മാസം മുമ്പായിരുന്നു അയാള്‍ വിവാഹം ചെയ്തിരുന്നത്. ഒരു സാധാരണ വീട്ടിലെ സാധാരണ പെണ്‍കുട്ടി.
അതിസാധാരണമായ ജീവിതാഭിലാഷങ്ങള്‍ മാത്രമുണ്ടായിരുന്ന അവരുടെ ജീവിതത്തിലേക്കാണ് ഒരു സുപ്രഭാതത്തില്‍ കോടികളുടെ ഭാഗ്യം വന്നു തൊട്ടത്.
ഭാഗ്യം അവിടെ തീര്‍ന്നില്ല. നിരവധി സിനിമകളിലേക്കും സീരിയലുകളിലേക്കും സുശീലിന് ക്ഷണം വന്നു. തനിക്ക് അറിയാത്ത പരിപാടിയാണ് എന്നു പറഞ്ഞ് അയാള്‍ മാറിനിന്നു.
''വേദിക്കു പിറകില്‍ ആരും ശ്രദ്ധിക്കാത്ത വിധം നില്‍ക്കുന്ന ഒരാളാണ് ഞാന്‍. എനിക്ക് മുന്‍നിരയില്‍ ചെന്ന് നില്‍ക്കാനുള്ള കഴിവില്ല. ''-അയാള്‍ പറയുന്നു
എന്നാലും ടിവി പരിപാടികള്‍ക്ക് അയാള്‍ക്ക് ക്ഷണം വരിക തന്നെ ചെയ്തു. അക്കാലത്തെ പ്രശസ്തമായ ഡാന്‍സ് റിയാലിറ്റി ഷോ ആയിരുന്ന 'ജലക് ദിഖ്‌ല ജാ' എന്ന പരിപാടി അതിലൊന്നായിരുന്നു. ഡാന്‍സ് റിയാലിറ്റി ഷോയില്‍ സുശീല്‍ പങ്കെടുക്കുക തന്നെ ചെയ്തു.
''ഡാന്‍സ് എനിക്ക് പറ്റിയ പണിയല്ല. എനിക്കത് അറിയില്ല. എനിക്കതിനോട് ഭയമായിരുന്നു. എന്നിട്ടും ഞാനതെല്ലാം മറന്ന് ഡാന്‍സ് ചെയ്തു. ഞാന്‍ കൂടുതല്‍ ആത്മവിശ്വാസമുള്ള ആളായി.''അന്ന് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഇങ്ങനെയാണ് സുശീല്‍ പറഞ്ഞത്.
അത് ശരിയായിരുന്നു. ഓരോ തവണയും അയാള്‍ കൂടുതല്‍ കൂടുതല്‍ മികച്ച രീതിയില്‍ വേദികളിലെത്തി. സുന്ദരികളായ സ്ത്രീകള്‍ക്കൊപ്പം അയാള്‍ അടിപൊളി വസ്ത്രങ്ങളണിഞ്ഞ് വേദിയില്‍ നൃത്തം ചെയ്തു.
''എനിക്കീ താളം എന്നൊന്നും കേട്ടാല്‍ അറിയുകയേ ഇല്ലായിരുന്നു. അതിനു മുമ്പ് ഞാനൊരു കാല്‍ പോലും ഇളക്കിയിട്ടില്ല. അതിനാല്‍, സ്‌റ്റെപ്പുകള്‍ ഓര്‍മ്മിച്ചു വെച്ച് ഞാന്‍ മല്‍സരത്തില്‍ പങ്കാളിയായി. എന്നാല്‍, അതായിരുന്നില്ല മറ്റുള്ളവരുടെ അവസ്ഥ. അവരെല്ലാം മികച്ച നര്‍ത്തകരായിരുന്നു. അതിനാല്‍, ഞാനതില്‍ പിന്നോട്ടുപോയി.'' -ആ അനുഭവത്തെക്കുറിച്ച് സുശീല്‍ അന്ന് പറഞ്ഞത് ഇങ്ങനെയായിരുന്നു.
''ആകെ അതു കൊണ്ടുള്ള മെച്ചം സെലബ്രിറ്റികളെ കാണാനും അറിയാനുമുള്ള അവസരം കിട്ടി എന്നതാണ്. എന്നെ പോലൊരാളെ സംബന്ധിച്ചിടത്തോളം ആ മല്‍സര വേദിയില്‍ എത്തുക എന്നത് തന്നെയാണ് സമ്മാനം. ഇനി ഇങ്ങനെ ഒക്കെ ഉണ്ടാവുമോ എന്ന് എനിക്കറിയില്ല. അതിനാല്‍, ഞാന്‍ സന്തോഷത്തോടെ ഇതില്‍ പങ്കാളിയാവുകയാണ്. ''നൃത്ത റിയാലിറ്റി ഷോ അനുഭവം ഇങ്ങനെ വിശദീകരിക്കുന്നു, സുശീല്‍.
സംഗതി ശരിയായിരുന്നു. ദയനീയമായിരുന്നു സുശീലിന്റെ നൃത്ത പ്രകടനം എന്ന് മാധ്യമങ്ങള്‍ പിന്നീട് പരിഹസിച്ചു. നൃത്തമറിയാത്ത ഒരാള്‍ റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതിനെയും അയാളുടെ അജ്ഞതയെയും ആളുകള്‍ പരിഹസിച്ചു. അങ്ങനെ ഷോയില്‍നിന്നും സുശീല്‍ എളുപ്പം പുറത്തായി.
ഐഎഎസ് ഉദ്യോഗസ്ഥനാകാനായിരുന്നു ആഗ്രഹമെന്നാണ് അന്ന് സുശീല്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍, അയാള്‍ പിന്നെയൊന്നുമായില്ല. ഇപ്പോഴത്തെ അയാളുടെ ഭാഷയില്‍ പറഞ്ഞാല്‍, ''അയാള്‍ പാപ്പരായി. കാല്‍ക്കാശിന് വകയില്ലാത്ത ദരിദ്രന്‍.''
കോടീശ്വരനായിട്ടും പഴയ അതേ വീട്ടിലായിരുന്നു സുശീലിന്റെ താമസം. ഭാര്യയും മാതാപിതാക്കളും രണ്ട് സഹോദരന്‍മാരും രണ്ട് സഹോദരിമാരും അവരുടെ ഭര്‍ത്താക്കന്‍മാരും കുട്ടികളും അടങ്ങിയ ചെറിയ കുടുംബം.
സമ്മാനം നേടി ഒരു വര്‍ഷം കഴിഞ്ഞ് ചെല്ലുമ്പോള്‍ ബിബിസി റിപ്പോര്‍ട്ടര്‍ അയാളോട് ചോദിച്ച ചോദ്യം 'നിങ്ങളെന്താണ് ഒട്ടും ആഡംബരമില്ലാത്തത്'' എന്നായിരുന്നു. 'പതുക്കെ, പതുക്കെയേ ഞാന്‍ ചെലവഴിക്കൂ. ഞാനിപ്പോഴും പഴയ സുശീല്‍ തന്നെയാണ്' എന്നായിരുന്നു അയാളുടെ മറുപടി.
അന്ന് ആഡംബരമായി സുശീല്‍ കൈക്കലാക്കിയിരുന്ന കാര്യങ്ങള്‍ ബിബിസി റിപ്പോര്‍ട്ടില്‍ കാണാം. ഒരു ജനറേറ്റര്‍. കറന്റ് കട്ട് പതിവായതിനാല്‍ ടിവി പരിപാടികള്‍ മിസാകുന്നുവെന്നും അതു പരിഹരിക്കണം എന്നുമാണ് സുശീല്‍ അതിനു കാരണം പറഞ്ഞത്.
പിന്നെയുണ്ടായിരുന്നത്, ഒരു പുതിയ സ്കൂട്ടര്‍. പിന്നെ ഒരു ടിവി. സമീപത്ത് അല്‍പ്പം സ്ഥലം വാങ്ങി വലിയൊരു വീടുണ്ടാക്കാനുള്ള പുറപ്പാടിലായിരുന്നു സുശീല്‍. 11 അംഗങ്ങളുള്ള കുടുബത്തിന് താമസിക്കാനാവുന്ന വീടിന്റെ പണികള്‍ അന്ന് തുടങ്ങിയിരുന്നു.
കോടീശ്വരനായപ്പോള്‍ എന്ത് മാറ്റമാണ് ഉണ്ടായത് എന്നു ചോദിച്ചപ്പോള്‍ അയാളുടെ പിതാവ് അന്ന് പറഞ്ഞു: ''പണ്ട് അര ലിറ്റര്‍ പാലേ വാങ്ങാറുണ്ടായിരുന്നുള്ളൂ. ഇന്ന് രണ്ടു മൂന്നു ലിറ്റര്‍ പാല് വാങ്ങും. അല്‍പ്പം വില കൂടിയ പച്ചക്കറികളും ഭക്ഷണവുമൊക്കെ ഇപ്പോള്‍ വാങ്ങുന്നുണ്ട്.''
താന്‍ അഭിമുഖീകരിക്കുന്ന വലിയ പ്രശ്നത്തെക്കുറിച്ച് അന്ന് സുശീല്‍ പറഞ്ഞത് ഇതാണ് : 'സഹായാഭ്യര്‍ത്ഥനയുമായി ഒരു പാട് പേര് കത്തയക്കുന്നുണ്ട്. ചികില്‍സാ ചെലവും മറ്റും പറഞ്ഞ് പലരും സഹായം ചോദിച്ചു വരും. ഞാനൊന്നും കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. സഹായിക്കാന്‍ നിന്നാല്‍, ഒരൊറ്റ ദിവസം കൊണ്ട് ഒരു കോടി രൂപ തീരും.''
ആ സമയത്ത്, മാസം പത്തു പതിനഞ്ച് പൊതുപരിപാടികള്‍ ഉണ്ടായിരുന്നതായി ഇന്ന് വീണ്ടും ഷെയര്‍ ചെയ്ത ഫേസ്ബുക്ക് പോസ്റ്റില്‍ സുശീല്‍ പറയുന്നു.
''ഞാനിപ്പോള്‍ പാപ്പരാണ് എന്നും പശുക്കളെ വളര്‍ത്തിയാണ് ജീവിക്കുന്നതെന്നും ഒരു ദിവസം ഒരു പത്രക്കാരനോട് പറഞ്ഞു. അയാളത് വാര്‍ത്തയാക്കി. അതോടെ, പരിപാടികള്‍ നിലച്ചു. സഹായം ചോദിച്ച് ആളുകള്‍ വരുന്നതും അവസാനിച്ചു.''
സമ്മാനം കിട്ടിയതിന്റെ പിറ്റേ വര്‍ഷം, സഹായവുമായി വരുന്നവരെ സാമ്പത്തികമായി സഹായിക്കാന്‍ ഇല്ല എന്നു പറഞ്ഞുവെങ്കിലും ഇപ്പോള്‍ സുശീല്‍ പറയുന്ന കഥ അതല്ല. താനൊരു പരസഹായിയായി മാറിയ കഥയാണ് അത്. മാസം അര ലക്ഷം രൂപയെങ്കിലും താന്‍ രഹസ്യമായി ആളുകള്‍ക്ക് സഹായമായി നല്‍കിയതായി സുശീല്‍ പറയുന്നു.
'എന്നാല്‍, പലരുമെന്നെ പറ്റിക്കുകയായിരുന്നു. ഇല്ലാത്ത ദുരിത കഥകള്‍ പറഞ്ഞാണ് അവര്‍ പണം കൈപറ്റിയത്. അങ്ങനെ പലരും വഞ്ചിച്ചു. പലപ്പോഴും പണം നല്‍കിയ ശേഷമാണ് താന്‍ വഞ്ചിക്കപ്പെട്ടു എന്ന് മനസ്സിലായത്.''-സുശീല്‍ പറയുന്നു.
ഭാര്യയുമായുള്ള ബന്ധം വഷളാവുന്നത് അങ്ങനെയാണ്. ''അവള് എന്നോട് എപ്പോഴും തര്‍ക്കിച്ചു. കള്ളം പറയുന്നവരെ തിരിച്ചറിയാനുള്ള കഴിവ് എനിക്കില്ലെന്നു പറഞ്ഞു. ഭാവിയെക്കുറിച്ച് ഒരാശശങ്കയും ഇല്ലെന്നും എല്ലാം നശിപ്പിക്കുകയാണ് ഞാനെന്നും പറഞ്ഞു. ഞാനതൊന്നും അംഗീകരിച്ചില്ല. അത് വലിയ വഴക്കായി. വിവാഹ മോചനത്തിന്റെ വക്കിലായിരുന്നു ഞാന്‍. ''
ആരു കണ്ടാലും ഇപ്പോള്‍ എന്താണ് ബിസിനസ്സ് എന്ന് ചോദിക്കാന്‍ തുടങ്ങിയതോടെ എന്തെങ്കിലും ചിലത് ചെയ്യേണ്ട ബാധ്യത തനിക്കുണ്ടായതായി സുശീല്‍ പറയുന്നു. ''അങ്ങനെ ഞാന്‍ രക്ഷപ്പെടാനായി പല ബിസിനസുകളും ആരംഭിച്ചു. കച്ചവടം അറിയാത്തതിനാല്‍ അതെല്ലാം പൊട്ടി. കാശ് തീര്‍ന്നു കൊണ്ടിരുന്നു. ''
അങ്ങനെയാണ് സുശീല്‍ ദില്ലിയില്‍ പോയത്. അവിടെ വച്ച് പലരെയും കണ്ടുമുട്ടി. വിദ്യാര്‍ത്ഥികളെയും, കലാകാരന്മാരെയും പരിചയപ്പെട്ടു. ആശയങ്ങള്‍ക്ക് ഒരു കുറവുമില്ലാത്ത ഈ കൂട്ടര് നിന്ന നില്പ്പില് നൂറു ബിസിനസ് ഐഡിയകള്‍ പറഞ്ഞു. സുശീല്‍ അത് ചെയ്തു. നഷ്ടം മാത്രം ബാക്കിയായി.
അതിനിടെ, മദ്യപാനത്തിനും പുകവലിക്കും അടിമയായായി മാറി, സുശീല്‍. ''എന്റെ പോക്ക് ശരിയല്ല എന്ന് മനസ്സിലായപ്പോള്‍, 2016 ഓടെ മദ്യപാനവും, 2019 ല്‍ പുകവലിയും ഞാന്‍ ഉപേക്ഷിച്ചു.''-അയാള്‍ പറയുന്നു.
ഇടയ്ക്ക് ചിലര്‍ സിനിമാ സ്വപ്നങ്ങളുമായി വന്നു. സിനിമാ ഭ്രാന്തുണ്ടായിരുന്ന സുശീല്‍, സിനിമ നിര്മിച്ചിട്ടു തന്നെ കാര്യം എന്നു തീരുമാനിച്ചു. അങ്ങനെ മുംബൈയിലേയ്ക്ക് പോയി. അവിടെ വെച്ച് പരിചയപ്പെട്ട ഒരു നിര്‍മാതാവ്, ടി വി സീരിയല്‍ ചെയ്യുന്നതാണ് ലാഭകരമെന്ന് പറഞ്ഞപ്പോള്‍ അതിനും മുടക്കി, പണം. എല്ലാം നഷ്ടക്കച്ചവടമായി. ഒടുവില്‍ സ്വന്തം ഗ്രാമത്തിലേക്ക് തന്നെ സുശീല്‍ തിരികെ പോന്നു.
കാശു തീര്‍ന്നതോടെ സമാധാനം കിട്ടിയതായി സുശീല്‍ പറയുന്നു. ''എല്ലാം തീര്‍ന്നിടത്ത് നിന്ന് ഞാന്‍ വീണ്ടും തുടങ്ങി. പാതി വഴിയ്ക്ക് ഉപേക്ഷിച്ച പഠനം പുനരാരംഭിച്ചു. ചെടി നടാനും കിളികള്‍ക്കായി കൂടുകളുണ്ടാക്കി വില്‍ക്കാനും തുടങ്ങി.''
അതെ, ചെടി നടുന്നതാണ് ഇപ്പോള്‍ സുശീലിന്റെ പ്രിയപ്പെട്ട കാര്യം. കിട്ടാവുന്നത്ര ചെടികള്‍ സംഘടിപ്പിച്ച്, പറ്റുന്ന ഇടങ്ങളിലെല്ലാം നടുന്നു. മറ്റുള്ളവെരയും അതിനു പ്രേരിപ്പിക്കുന്നു.
സുശീല്‍ ഇന്ന് ഒരു അധ്യാപകനാണ്, സജീവമായ പരിസ്ഥിതി പ്രവര്‍ത്തകനും. ''ഇപ്പോള്‍ നല്ല മനഃസമാധാനമുണ്ട്'' അദ്ദേഹം ആവര്‍ത്തിക്കുന്നു.