Steller's sea eagle: ചുഴലിക്കാറ്റില്‍ ദിശ തെറ്റി കടല്‍ കഴുകന്‍ പറന്നെത്തിയത് 8,000 കിലോമീറ്റര്‍ അകലെ
മനുഷ്യന്‍റെ പലായനത്തിന് അവന്‍റെ വംശചരിത്രത്തോളം തന്നെ പഴക്കമുണ്ട്. എന്നാല്‍, മനുഷ്യനെ പോലെ പലായനം ചെയ്യുന്നവരല്ല മൃഗങ്ങളും പക്ഷികളും. മൃഗങ്ങള്‍ കൂടുതലായും തങ്ങളുടെ അതിര്‍ത്തികളില്‍ ജീവിക്കുമ്പോള്‍, പക്ഷികളിലെ ദേശാടനക്കാര്‍ക്ക് കൃത്യമായ വഴികളുണ്ട്. ഋതുക്കള്‍ മാറുമ്പോള്‍ അവ തങ്ങളുടെ ജീവിത സാഹചര്യങ്ങളിലേക്ക് തന്നെ മടങ്ങി വരുന്നു. എന്നാല്‍, ജീവിത സാഹചര്യങ്ങളില്‍ നിന്നും 8,000 കിലോമീറ്റര്‍ (5000 മൈല്‍) അകലെ സ്റ്റെല്ലേഴ്‌സ് കടല്‍ കഴുകനെ (Steller's sea eagle) കണ്ടെത്തിയതോടെയാണ് പക്ഷികള്‍ പലായനം തുടങ്ങിയോ എന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചത്. ജപ്പാന്‍റെ വടക്ക് കിഴക്ക് സ്ഥിതി ചെയ്യുന്ന, റഷ്യയുടെ കിഴക്കന്‍ പ്രദേശത്തിന്‍റെ ഭാഗമായ കാംചത്ക ഉപദ്വീപിലെ ( Kamchatka Peninsula)അന്തേവാസികളാണ് സ്റ്റെല്ലേഴ്‌സ് കടല്‍ കഴുകന്‍. എന്നാല്‍, അവയെ പുതുതായി കണ്ടെത്തിയതാകട്ടെ 8,000 കിലോമീറ്റര്‍ അകലെയുള്ള അമേരിക്കയുടെ വടക്ക് കിഴക്കന്‍ പ്രദേശമായ മസാച്യുസെറ്റ്സില്‍ നിന്നും. വടക്കന്‍ അമേരിക്കന്‍ രാജ്യമായ കാനഡയെ മുഴുവനായും പറന്ന് കടന്നാണ് സ്റ്റെല്ലേഴ്സ് കടല്‍ കഴുകന്‍ മസാച്യുസെറ്റ്സില്‍ എത്തിയത്.
ജപ്പാന്‍റെ വടക്ക് കിഴക്ക് സ്ഥിതി ചെയ്യുന്ന, റഷ്യയുടെ കഴിക്കന്‍ പ്രദേശത്തിന്‍റെ ഭാഗമായ കാംചത്ക ഉപദ്വീപാണ് ( Kamchatka Peninsula) സ്റ്റെല്ലേഴ്‌സ് കടല്‍ കഴുകന്മാരുടെ പ്രധാന വാസസ്ഥലം. മത്സ്യങ്ങളെയും ജലപക്ഷികളെയുമാണ് ഇവ പ്രധാനമായും വേട്ടയാടുന്നത്. കാംചത്ക ഉപദ്വീപില്‍ ഏകദേശം 4,000 കഴുകന്മാരോളം ഉണ്ടെന്ന് കരുതുന്നു.
ഇന്‍റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്‍റെ (IUCN) വംശനാശഭീഷണി നേരിടുന്ന ജീവികളുടെ റെഡ് ലിസ്റ്റിൽ ഉള്‍പ്പെട്ട പക്ഷി വര്‍ഗ്ഗമാണ് സ്റ്റെല്ലേഴ്‌സ് കടൽ കഴുകന്‍. അക്‌സിപിട്രിഡേ കുടുംബത്തിലെ ഒരു വലിയ പകൽ പക്ഷിയാണ് സ്റ്റെല്ലേഴ്‌സ് കടല്‍ കഴുകന്‍ (Steller's sea eagle) (ഹാലിയയേറ്റസ് പെലാജിക്കസ് - Haliaeetus pelagicus)).
1811-ൽ പീറ്റർ സൈമൺ പല്ലാസ് ആണ് ആദ്യമായി ഈ പക്ഷിയെ കുറിച്ച് വിവരിച്ചത്. വെളുത്ത ചിറകുകളും വാലും, മഞ്ഞ കൊക്ക്, മഞ്ഞ തൂവലുകൾ എന്നിവയും ഇരുണ്ട തവിട്ട് നിറത്തിലുള്ള തൂവലുകളും ഈ കരുത്തുറ്റ കഴുകന് സ്വന്തം. ചൈന, ജപ്പാൻ, റഷ്യ എന്നി ഭൂഭാഗങ്ങളിലാണ് പ്രധാനമായും ഇവയെ കണ്ട് വരുന്നത്. ശരാശരി, 5 മുതൽ 9 കിലോഗ്രാം വരെ (11 മുതൽ 20 പൗണ്ട് വരെ) ഭാരമുള്ള ഇവനാണ് ലോകത്തിലെ ഏറ്റവും ഭാരമേറിയ കഴുകൻ.
ഇവയ്ക്ക് എട്ട് അടിയോളം നീളമുള്ള ഭീമാകാരമായ ചിറകുകളുമുണ്ട്. അപൂര്‍വ്വം ചില അവസരങ്ങളില്‍ സ്റ്റെല്ലേഴ്‌സ് കടല്‍ കഴുകനെക്കാള്‍ ഭാരം ഹാർപ്പി കഴുകൻ (ഹാർപിയ ഹാർപിജ), ഫിലിപ്പൈൻ കഴുകൻ (പിറ്റെക്കോഫാഗ ജെഫറി) എന്നിവയില്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വേനൽക്കാലത്ത് അലാസ്കയിലാണ് ഇവയെ ആദ്യമായി അമേരിക്കന്‍ വന്‍കരയില്‍ കണ്ടത്.
പിന്നീട് ടെക്സാസിലും നോവ സ്കോട്ടിയയിലും കണ്ടെത്തി. ഒടുവില്‍ കഴിഞ്ഞ മാസം മസാച്ചുസെറ്റ്സിലെ ടൗണ്ടൺ നദിക്കരയില്‍ ഇവയെ വീണ്ടും കണ്ടെത്തി. "ലോകത്തിന്‍റെ ഈ മേഖലയിൽ ഞങ്ങൾക്ക് ഒരിക്കലും ഇവയെ കണ്ടിട്ടില്ല. പ്രത്യേകിച്ച് വടക്കേ അമേരിക്കയുടെ വടക്ക് കിഴക്കൻ തീരമായ മസാച്യുസെറ്റ്‌സില്‍."മസാച്യുസെറ്റ്‌സിലെ പക്ഷി ശാസ്ത്രജ്ഞനായ ആൻഡ്രൂ വിറ്റ്‌സ് പറയുന്നു.
'ഇവിടെയുള്ളവർക്ക് ഈ ദശാബ്ദത്തിലെ പക്ഷിയെപ്പോലെയാണ്.' കാലാവസ്ഥയുമായി ബന്ധപ്പെട്ട കൊടുങ്കാറ്റിൽ അകപ്പെട്ടാകാം പക്ഷി മിക്കവാറും വടക്കേ അമേരിക്കയിൽ എത്തിയതെന്ന് വിറ്റ്സ് പറയുന്നു. പക്ഷിയെ പിടിക്കാനോ ടാഗ് ചെയ്യാനോ സംസ്ഥാനത്തിന് പദ്ധതിയില്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷി നിരീക്ഷകർ ന്യൂ ഇംഗ്ലണ്ടിന്‍റെ എല്ലായിടത്ത് നിന്നും അപൂർവ പക്ഷിയെ കാണാൻ പോയതായി ടുവാന്‍റൺ ഡെയ്‌ലി ഗസറ്റ് റിപ്പോർട്ട് ചെയ്യുന്നു.
സാമൂഹിക മാധ്യമങ്ങളില്‍ പക്ഷിയെ കുറിച്ചുള്ള വിരവണങ്ങള്‍ വന്നപ്പോള്‍ അതിനെ കാണാനായി 24 കാരനായ ജോനാഥൻ ഗോഫ്, മിൽവില്ലിൽ നിന്ന് മസാച്യുസെറ്റ്സിലേക്ക് വണ്ടിയോടിച്ച് എത്തി. 'ഇത് ലോകത്തിലെ ഏറ്റവും വലിയ കഴുകന്മാരിൽ ഒന്നാണ്. അതിനെ നേരിട്ട് കാണാൻ ഞാൻ ആഗ്രഹിക്കുന്നു.' ഗോഫ് പറഞ്ഞു. 'ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാവുന്ന ഒരു അവസരമാണിത്. അവയെ സാധാരണയായി ആർട്ടിക് പ്രദേശത്താണ് കാണുന്നത്. പക്ഷേ, ഇവിടെയ്ക്ക് പറന്നെത്തിയ സ്ഥിതിക്ക് നമ്മള്‍ വന്ന് കാണേണ്ടതുണ്ടെന്ന് കരുതുന്നു. അതിനാലാണ് ഞാൻ 45 മിനിറ്റ് വണ്ടിയോടിച്ച് ഇവിടെ വന്നത്..' ജോനാഥൻ ഗോഫ് കൂട്ടിച്ചേര്‍ത്തു.
2020 ഓഗസ്റ്റിൽ, അലാസ്കയിലെ ഡെനാലി ഹൈവേയിൽ കണ്ട അതേ സ്റ്റെല്ലേഴ്‌സ് കടൽ കഴുകനെയാണ് മസാച്യുസെറ്റ്സില്‍ കണ്ടെത്തിയതെന്ന് പലർക്കും ഉറപ്പുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഈ കഴിഞ്ഞ ജൂലൈയിൽ കാനഡയിലെ ന്യൂ ബ്രൺസ്‌വിക്കിലും ക്യൂബെക്കിലും പക്ഷിയെ കണ്ടെത്തിയിരുന്നു. കൊടുങ്കാറ്റ് പക്ഷിയുടെ ഗതിമാറ്റിയിരിക്കാമെന്നും അതിന് സ്വന്തം ആവാസവ്യവസ്ഥ നഷ്ടപ്പെട്ടതാകാമെന്നും പക്ഷി നിരീക്ഷകര്‍ കരുതുന്നു.
കാരണം, പക്ഷി കാനഡയിലും അമേരിക്കയിലും അലഞ്ഞ് തിരിയുകയാണ്. അവന് ദിക്ക് നഷ്ടപ്പെട്ടതാകാമെന്ന് കരുതുന്നവനെന്ന് പക്ഷി നിരീക്ഷകരും പറയുന്നു. ഒരു പക്ഷേ ഒരു വലിയ കൊടുക്കാറ്റ് അവന്‍റെ ദിശയെ ചൂഴ്ന്ന് മാറ്റിയിരിക്കാം. പക്ഷികളിലെ ഈ അലഞ്ഞ് തിരിയല്‍ സാധാരണമാണെന്ന് കരുതുന്നവരും കുറവല്ല.
ചില ആൽബട്രോസുകൾ, തങ്ങളുടെ സാധാരണ പാതയില്‍ നിന്നും വിട്ട് ദശാബ്ദങ്ങളോളും സഞ്ചരിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. മസാച്യുസെറ്റ്സില്‍ കണ്ടെത്തിയ സ്റ്റെല്ലേഴ്‌സ് കടല്‍ കഴുകന്‍, ചിലപ്പോള്‍ തീരപ്രദേശത്തെ സ്ഥിരവാസികളക്കാരായ നാടൻ കഷണ്ടി കഴുകന്മാരുമായി കൂട്ടുകുടുകയോ വടക്കുകിഴക്കൻ ഏഷ്യയിലെ തങ്ങളുടെ പ്രധാന വാസ സ്ഥലത്തേക്ക് മടങ്ങുകയോ അതുമല്ലെങ്കില്‍ നോവ സ്കോട്ടിയയുടെ ക്രൂരമായ ശൈത്യകാലത്ത് ചുറ്റിക്കറങ്ങുകയോ ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു.
എന്നാല്‍, ജൈവീകമായ ആവസവ്യവസ്ഥയ്ക്ക് പുറക്ക് കടന്നതിനാല്‍ ചിലപ്പോള്‍ സ്റ്റെല്ലേഴ്‌സ് കടല്‍ കഴുകന്‍ മരിക്കാൻ സാധ്യതയുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 'ഇത് ഒരു ഏവിയൻ സോപ്പ് ഓപ്പറ പോലെയാണ്. ഞങ്ങൾ എല്ലാവരും അതിനായി കാത്തിരിക്കുന്നു. അത് വീട്ടിലേക്ക് തിരിച്ച് പോകുമോ ? അതോ ഇനിയൊരിക്കലും സ്വന്തം ജീവിവർഗത്തെ കാണാതെ ഇവിടെ തന്നെ തങ്ങാന്‍ വിധിക്കപ്പെടുമോ ? അറിയില്ല. അതിന് കാത്തിരിക്കേണ്ടിയിരിക്കുന്നു." മാഞ്ചസ്റ്റർ മെട്രോപൊളിറ്റൻ സർവകലാശാലയിലെ പക്ഷികളുടെ അലഞ്ഞ് തിരിയലില്‍ (avian vagrancy) വിദഗ്ധനായ അലക്സാണ്ടർ ലീസ് ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു.