Sri Lanka: ശ്രീലങ്കയില്‍ എന്താണ് നടക്കുന്നത്, നടുക്കുന്ന ദൃശ്യങ്ങള്‍ കാണാം
അതിഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയില്‍ നടക്കുന്നത് സമാനതകളില്ലാത്ത കലാപം. ജനങ്ങള്‍ പ്രതിഷേധവുമായി ഒഴുകിയെത്തിയപ്പോള്‍, സായുധരായി നിലകൊണ്ട സൈനികര്‍പോലും പിന്‍മാറേണ്ടിവന്നു. കലാപം വെടിവെപ്പിലേക്കും മരണങ്ങളിലേക്കും വഴിമാറി. അതിനിടെ, പതിനായിരക്കണക്കിന് പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് ഇരമ്പിക്കയറി. ജനങ്ങളുടെ പ്രതിഷേധം ഭയന്ന് പ്രസിഡന്റ് തന്നെ കൊട്ടാരംവിട്ടിറങ്ങി ഓടേണ്ടിവന്നു. ജീവിക്കാന്‍ ഒരു നിവൃത്തിയുമില്ലാതെ വലഞ്ഞ ജനങ്ങള്‍ എല്ലാ ഭയങ്ങളും ഉപേക്ഷിച്ച് രാജ്യം പിടിച്ചടക്കുന്ന ദൃശ്യങ്ങളാണ് ലങ്കയില്‍നിന്നും പുറത്തുവരുന്നത്.
പ്രതിപക്ഷ പ്രതിഷേധത്തിന്റെ ഭാഗമായി വമ്പന്‍ ജനകീയറാലി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധ റാലി തീരുമാനിച്ചത്.
തുടര്‍ന്ന് ഭരണകൂടം ഇതിനെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. അവര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം സായുധ സൈന്യത്തെ വിന്യസിപ്പിച്ചു.
എന്നാല്‍, പ്രതിഷേധവുമായി ഇരമ്പിയെത്തിയ പതിനായിരങ്ങളെ തടയാന്‍ ഒരു സൈന്യത്തിനും ആയുധങ്ങള്‍ക്കും കഴിഞ്ഞില്ല. തുടര്‍ന്ന് കര്‍ഫ്യൂ പിന്‍വലിക്കപ്പെട്ടു.
കര്‍ഫ്യൂ പിന്‍വലിച്ചതിന് പിന്നാലെ പ്രതിഷേധക്കാര്‍ തെരുവുകളില്‍ നിറഞ്ഞു. ഇവരെ തടഞ്ഞുനിര്‍ത്താന്‍ സുരക്ഷാ സൈനികര്‍ക്ക് കഴിഞ്ഞില്ല.
ബാരിക്കേഡുകള്‍ തകര്‍ത്തെറിഞ്ഞ് പ്രതിഷേധക്കാര്‍ ലങ്കന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് തന്നെ മാര്‍ച്ച് ചെയ്തു. ഇതിനെ നേരിടാന്‍ സൈന്യം ശ്രമിച്ചതോടെ വെടിവെപ്പുണ്ടായി.
അമ്പതോളം പേര്‍ക്ക് പരിക്കേറ്റതായാണ് ഇപ്പോഴുള്ള വിവരം. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പ്രക്ഷോഭകരെ നേരിടാന്‍ സുരക്ഷാ സേന ആകാശത്തേക്ക് വെടിവച്ചു. സേന കണ്ണീര്‍ വാതകവും ലാത്തിയും പ്രയോഗിച്ചു.
എന്നാല്‍ കണ്ണീര്‍ വാതകം നിര്‍വീര്യമാക്കുന്നതിനുള്ള സജീകരണങ്ങളുമായാണ് പ്രക്ഷോഭകാരികള്‍ എത്തിയത്. അതിനാല്‍, സൈന്യത്തിന്റെ ഇടപെടലുകള്‍ ഫലപ്രദമായില്ല.
അതിനിടെ, പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ഇതിഹാസ ക്രിക്കറ്റ് താരം സനത് ജയസൂര്യയും തെരുവിലിറങ്ങി. പ്രക്ഷോഭത്തില്‍ പങ്കെടുത്താണ് ജയസൂര്യ പിന്തുണ അറിയിച്ചത്.
ഗോത്തബയ രജപക്സെയുടെ വസതി പ്രതിഷേധക്കാര്‍ കയ്യടക്കിയപ്പോള്‍ അദ്ദേഹം തെരുവിലുണ്ടായിരുന്നു. പ്രക്ഷോഭത്തിന്റെ ഭാഗമാണെന്നും ജനത്തിനൊപ്പം നില്ക്കുന്നുവെന്നും ജയസൂര്യ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
ഇതിനിടെ ഒട്ടേറെ പേര്‍ക്ക് വെടിയേറ്റു. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സൈനികര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാര്‍ക്കൊപ്പം ചേരാനെത്തിയ മുന്‍മന്ത്രിയെയും ഇതിനിടെ രോഷാകുലരായ ജനക്കൂട്ടം കൈയേറ്റം ചെയ്തു.
ഇതോടെ സൈന്യം തന്നെ പിന്‍വലിയുകയായിരുന്നു. അതിനിടെയാണ് പ്രസിഡന്റ് ഗോത്തബായ രാജപക്സെ കൊട്ടാരം വിട്ടോടിയെന്ന വാര്‍ത്തകള്‍ വരുന്നത്.
ജനക്കൂട്ടം സര്‍വ്വ പ്രതിരോധവും തകര്‍ത്ത് പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് ഇരമ്പിക്കയറി. അവര്‍ ആഡംബര കൊട്ടാരം കൈയടക്കി.
പ്രതിഷേധക്കാരില്‍ ചിലര്‍ അത്യാധുനിക സ്വിമ്മിംഗ് പൂളും കൈയടക്കി. അവര്‍ നീന്തല്‍ക്കുളത്തില്‍ നിന്തിത്തിമിര്‍ത്തു.
മറ്റ് ചിലരാവട്ടെ ഈ സമയത്ത് കൊട്ടാരത്തിലെ ഓരോ മുറികളും കൈയടക്കുകയായിരുന്നു. അവര്‍ ആഡംബര വസതിയിലാകെ തിമിര്‍ത്ത് നടന്നു.
മാസങ്ങളായി അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും അനിശ്ചിതാവസ്ഥയും ജീവിതം ദുസ്സഹമാക്കിയപ്പോഴാണ് ഇവിടത്തെ മനുഷ്യര്‍ ഇതുപോലൊരു പ്രതിഷേധത്തിലേക്ക് തിരിഞ്ഞത്.
അതിനിടെ, കൊട്ടാരം വിട്ടിറങ്ങിയ പ്രസിഡന്റിനെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയെന്ന് വാര്‍ത്തകളുണ്ട്. അദ്ദേഹം രാജ്യം വിട്ടതായും പ്രാേദശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.