North Korean army : ലൈംഗികപീഡനം, ഗർഭച്ഛിദ്രം, പട്ടിണിക്കിടൽ; ഉത്തരകൊറിയയിലെ മുൻപട്ടാളക്കാരിയുടെ അനുഭവം
കിം ജോങ് ഉന്നി(Kim Jong Un)ന്‍റെ ഉത്തരകൊറിയ (North Korea)യിലെ സൈന്യ (Army)ത്തിൽ സ്ത്രീകൾ നേരിടുന്ന പീഡനങ്ങൾ ഭീകരമാണ് എന്ന് റിപ്പോര്‍ട്ട്. ലൈംഗികാതിക്രമം, അനസ്തേഷ്യയില്ലാത്ത ഗർഭച്ഛിദ്രം, പട്ടിണിക്കിടുക എന്നിവങ്ങനെയുള്ള പീഡനമുറകള്‍ അതിൽപ്പെടുന്നെന്ന് ഉത്തരകൊറിയന്‍ സൈന്യത്തില്‍ നിന്നും രക്ഷപ്പെട്ട ഒരു മുന്‍ ഉത്തരകൊറിയന്‍ പട്ടാളക്കാരിയുടെ വെളിപ്പെടുത്തല്‍. സ്ത്രീ സൈനികര്‍ക്ക് സാനിറ്ററി പാഡുകള്‍ക്ക് പകരം കാലില്‍ ചുറ്റാനുപയോഗിക്കുന്ന നനഞ്ഞ തുണി ഉപയോഗിക്കേണ്ടി വരുന്നതായും ജെന്നിഫർ കിം എന്ന് പേര് പറഞ്ഞ മുൻ പട്ടാളക്കാരി പറഞ്ഞു. ജെന്നിഫറിന്‍റെ വെളിപ്പെടുത്തലുകളിങ്ങനെ:
ഒരു ശിക്ഷയിങ്ങനെയാണ്, കൈകൾ തണുത്തുറഞ്ഞ വെള്ളത്തിൽ മുക്കിവയ്ക്കണം. പിന്നീട് കൈപ്പത്തികളിൽ മരവിച്ച ഇരുമ്പ് കമ്പിയിൽ തൂക്കിയിടേണ്ടി വന്നു. അത് മാറ്റുമ്പോള്‍ മാംസം വരെ വേര്‍പ്പെടും എന്നും ഇവര്‍ പറയുന്നു. താനടക്കം ഉത്തരകൊറിയന്‍ ആര്‍മിയിലെ 70 ശതമാനം സ്ത്രീകള്‍ക്കും ലൈംഗികാതിക്രമങ്ങളും പീഡനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. '23 വയസ്സുള്ള തന്നോട് തന്‍റെ ഓഫീസിലേക്ക് ചെല്ലാനാണ് ഒരു രാഷ്ട്രീയ ഉപദേശകൻ പറഞ്ഞത്. അതെന്തിനായിരിക്കും എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍, അയാളുടെ അഭ്യർത്ഥന നിരസിച്ചാൽ, എനിക്ക് വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയയിൽ അംഗമാകാൻ കഴിയില്ല. പാർട്ടിയിൽ ചേരാൻ കഴിയാതെ ഞാൻ സമൂഹത്തിലേക്ക് മടങ്ങിയെത്തിയാൽ, ഞാൻ ഒരു പ്രശ്നക്കാരിയായ കുട്ടിയായി കണക്കാക്കപ്പെടുകയും ജീവിതകാലം മുഴുവൻ അതിന്‍റെ പ്രശ്നം അനുഭവിക്കേണ്ടിയും വരും' എന്നും ജെന്നിഫര്‍ പറയുന്നു. 'അതിനര്‍ത്ഥം നിങ്ങള്‍ക്ക് നല്ലൊരു ജോലി ലഭിക്കില്ല. വിവാഹം ചെയ്യാന്‍ ശ്രമിച്ചാല്‍ അതും നടക്കില്ല എന്ന അവസ്ഥ വരും എന്നാണ്. അവസാനം സംഭവിച്ചത് ഈ രാഷ്ട്രീയ ഉപദേശകൻ എന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ്' എന്നും അവർ കൂട്ടിച്ചേർത്തു.
ഒരു ദിവസം മൂന്നോനാലോ സ്പൂൺ ധാന്യം ആണ് കഴിക്കാന്‍ കിട്ടിയത്. ജെന്നിഫറിന് പോഷകാഹാരക്കുറവ് ഉണ്ടായിരുന്നു, ആർത്തവം നാലോ ആറോ മാസത്തിലൊരിക്കൽ മാത്രമാണ് വന്നത്. എന്നാൽ, ഇത് ഗർഭധാരണത്തെ തടഞ്ഞില്ല. 'കുറച്ചു കഴിഞ്ഞപ്പോൾ എന്റെ ശരീരത്തിൽ ഒരു വിചിത്രമായ മാറ്റം അനുഭവപ്പെട്ടു. അതിനാൽ ഞാൻ എന്റെ ശാരീരിക അവസ്ഥയെക്കുറിച്ച് രാഷ്ട്രീയ ഉപദേശകനോട് പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, അയാള്‍ എന്നോട് അന്ന് രാത്രി 10 മണിക്ക് മിലിട്ടറി മെഡിക്കൽ ഓഫീസിലേക്ക് പോകാന്‍ പറഞ്ഞു. അയാൾ പറഞ്ഞതുപോലെ ഞാൻ മിലിട്ടറി മെഡിക്കൽ ഓഫീസിലേക്ക് പോയി... ഒരു മിലിട്ടറി സർജൻ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. അനസ്‌തേഷ്യയില്ലാതെ അയാൾ എനിക്ക് ഗർഭച്ഛിദ്രം നടത്തി' എന്നും അവര്‍ പറയുന്നു. 'ഇന്നും അത് എന്നെ വേട്ടയാടുന്നു. ആ അനുഭവം കാരണം, ഞാൻ ഇപ്പോഴും മാനസികമായി ബുദ്ധിമുട്ടുന്നു എന്ന് മാത്രമല്ല, എനിക്ക് കുട്ടികളുണ്ടാവുകയുമില്ല' എന്നും ജെന്നിഫര്‍ പറയുന്നു. 'അതിനാൽ ഇപ്പോളും എനിക്കൊരു നല്ല ദാമ്പത്യജീവിതം ബുദ്ധിമുട്ടാണ്. അന്ന് എനിക്കുണ്ടായ നാണക്കേട് ഇപ്പോഴും എന്നെ വേട്ടയാടുന്നു, അത് തുടരും' എന്നും ജെന്നിഫര്‍ പറഞ്ഞു.
കമ്മിറ്റി ഫോർ ഹ്യൂമൻ റൈറ്റ്‌സ് ഇൻ നോർത്ത് കൊറിയയ്ക്ക് (എച്ച്ആർഎൻകെ) നൽകിയ അഭിമുഖത്തിലാണ് മുൻ പട്ടാളക്കാരി തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്. നിരവധി വർഷത്തെ സൈനിക സേവനത്തിൽ താൻ നാല് സാനിറ്ററി പാഡുകൾ മാത്രം ഉപയോഗിച്ചതെങ്ങനെയെന്നും അവൾ വിവരിച്ചു. പകരം അവൾക്കും അവളുടെ കൂട്ടുകാര്‍ക്കും സാധാരണയായി മുറിവുകൾ ഉണക്കാൻ ഉപയോഗിക്കുന്ന തുണികളുപയോഗിക്കേണ്ടി വന്നു. അത് തന്നെ, കഴുകി വീണ്ടും ഉപയോഗിക്കേണ്ടി വന്നു. ഇതുപോലും ലഭ്യമല്ലാതായപ്പോൾ, സൈനികർ സോക്സിനുപകരം ബൂട്ടിൽ ധരിച്ചിരുന്ന ഫുട്‌റാപ്പുകൾ ഉപയോഗിച്ചു.
അവൾ പറഞ്ഞു: 'കട്ടികൂടിയതും കടുപ്പമുള്ളതുമായ തുണികൊണ്ടുണ്ടാക്കിയതിനാല്‍ ഇത് ചൊറിച്ചിലിന് കാരണമായി, അത് ചർമ്മത്തെ ബാധിക്കുകയും കൂടുതൽ വീക്കം ഉണ്ടാക്കുകയും ചെയ്തു. ഓരോ അടി വയ്ക്കുമ്പോഴും വേദന കൊണ്ട് കരഞ്ഞു. ഫുട്‌റാപ്പുകൾ കഴുകി വീണ്ടും ഉപയോഗിക്കേണ്ടി വന്നു, പക്ഷേ ചൂടില്ലാത്ത ബാരക്കുകളില്‍ അത് പൂർണ്ണമായും ഉണങ്ങില്ല, അതിനാൽ നനഞ്ഞിരുന്നു. ശിക്ഷകൾ വിചിത്രമായിരുന്നു, ഒരു വ്യക്തി മാത്രം തെറ്റ് ചെയ്താലും, മുഴുവൻ ഗ്രൂപ്പിനും അതിന്‍റെ ശിക്ഷ അനുഭവിക്കേണ്ടി വരും' അവർ പറയുന്നു.
ഇപ്പോൾ യുഎസിൽ താമസിക്കുന്ന ജെന്നിഫർ, ഇരുമ്പ് ദണ്ഡ് പുറത്തെടുക്കുമ്പോൾ കൈകളിൽ നിന്ന് മാംസം അടർന്നതിന്റെ വേദന തന്നെ ഇപ്പോഴും വേട്ടയാടുന്നതായി പറഞ്ഞു. അതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ എനിക്ക് ഇപ്പോഴും വേദന അനുഭവപ്പെടുന്നു, അവൾ പറഞ്ഞു. പട്ടിണിയെക്കുറിച്ചും അവളോര്‍ക്കുന്നു. ഓരോ ധാന്യവും എത്രയും സമയമെടുത്താണ് കഴിച്ചിരുന്നത്. പലരും ജീവന്‍ നിലനിര്‍ത്താന്‍ മോഷണം നടത്തി. ഒരു അവസരത്തിൽ, ജെന്നിഫറും ഒരു സഹപ്രവര്‍ത്തകയും - ഇരുവർക്കും ഉറങ്ങാൻ കഴിയാത്തവിധം വിശന്നതിനെ തുടര്‍ന്ന് ഒരു ചോളപ്പാടത്ത് നിന്ന് മോഷ്ടിച്ചു. അവൾ ഓർത്തു: 'തിരിച്ചുവരുമ്പോൾ ഞങ്ങൾ റോഡിലിരുന്ന് ആ ധാന്യം കഴിച്ചു. ഇപ്പോൾ എനിക്ക് ചുറ്റും ധാരാളം സ്വാദിഷ്ടമായ ഭക്ഷണങ്ങളുണ്ട്, പക്ഷേ അന്നുണ്ടായിരുന്ന ആ വേവിക്കാത്ത ചോളത്തിന്റെ അത്ര രുചിയൊന്നും ഇല്ല. എന്റെ ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും മധുരവും സ്വാദിഷ്ടവുമായ ഭക്ഷണമായിരുന്നു അത്.'
എച്ച്ആർഎൻകെയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഗ്രെഗ് സ്കാർലറ്റോയു പറഞ്ഞു: 'ഉത്തര കൊറിയയിലെ വനിതാ സൈനികർ നിരന്തരമായ ദുരുപയോഗം, പോഷകാഹാരക്കുറവ്, ക്രൂരമായ ശിക്ഷ, ലൈംഗിക പീഡനം, ലൈംഗികാതിക്രമം എന്നിവയ്ക്ക് വിധേയരാകുന്നു. ഇന്ന്, ഈ ഭരണകൂടം സ്വയം സംരക്ഷിക്കുന്നതിൽ മാത്രമാണ് ശ്രദ്ധിക്കുന്നത്. സ്വന്തം നിലനിൽപ്പ് ഉറപ്പാക്കാൻ അത് ഉത്തരകൊറിയയിലെ ജനങ്ങളെ ദുരുപയോഗം ചെയ്യുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നു. യൂണിഫോമിലുള്ള രാജ്യത്തിന്റെ പെൺമക്കൾ ഭരണകൂടത്തിന്റെ സഹായികളുടെ കൈകളാൽ അനുഭവിക്കുന്ന പീഡനങ്ങൾ പാർട്ടിയുടെയും മുഴുവൻ ഉന്നത നേതൃത്വത്തിന്റെയും ആഴത്തിൽ ഉൾച്ചേർത്തതും പരിഹരിക്കാനാകാത്തതുമായ ക്രൂരതയെയും അഴിമതിയെയും പ്രതിഫലിപ്പിക്കുന്നു.' 2015 മുതൽ എല്ലാ ഉത്തരകൊറിയൻ വനിതകൾക്കും സൈനിക സേവനം നിർബന്ധമാണ്, ഓരോ സ്ത്രീയും സ്കൂൾ ബിരുദം നേടുന്നത് മുതൽ 23 വയസ്സ് വരെ സേവനമനുഷ്ഠിക്കുമെന്ന് നിഷ്‍കര്‍ഷിക്കുന്നു.