ആകാശത്ത് പിങ്ക് നിറം; ലോകാവസാനമോ അന്യഗ്രഹ ജീവികളുടെ ആക്രമണമോ ?
അമേരിക്കയിലെ സൗത്ത് ഡക്കോട്ടയിലെ സിയോക്സ് വെള്ളച്ചാട്ടത്തിന് സമീപത്തെ ആകാശത്ത് ഈ മാസം ആദ്യം ഒരു പ്രതിഭാസം സംഭവിച്ചു. ഡെറെക്കോ കൊടുങ്കാറ്റിനെ തുടര്‍ന്ന് ആകാശത്ത് പെട്ടെന്ന് പച്ച നിറം വ്യാപിക്കുകയായിരുന്നു. ആദ്യം എന്താണ് സംഭവമെന്ന് തിരിച്ചറിയാത്തെ പ്രദേശവാസികള്‍ തങ്ങള്‍ നെറ്റ്ഫ്ലിക്സിന്‍റെ 'സ്ട്രേഞ്ചര്‍ തിംഗ്സ്' ലെ ഏതോ എപ്പിസോഡിലൂടെ കടന്ന് പോവുകയാണോയെന്ന് സാമൂഹിക മാധ്യമങ്ങളില്‍ ആശങ്കപ്പെട്ടു. അതിന് സമാനമായൊരു കാഴ്ച ഇന്നലെ ഓസ്ട്രേലിയില്‍ സംഭവിച്ചു. അമേരിക്കയില്ലെ ആകാശം പച്ച നിറമായിരുന്നെങ്കില്‍ ഓസ്ട്രേലിയയില്‍ ആകാശം പിങ്ക് നിറത്തില്‍ തിളങ്ങി. ഓസ്ട്രേലിയയിലെ വിക്ടോറിയന്‍ പട്ടണമായ മില്‍ഡുറയ്ക്ക് മുകളിലാണ് അവിശ്വസനീയമായ രീതിയില്‍ പിങ്ക് നിറം നിറഞ്ഞത്. പ്രദേശവാസികള്‍ തങ്ങള്‍ നെറ്റ്ഫ്ലിക്സിന്‍റെ 'സ്ട്രേഞ്ചര്‍ തിംഗ്സ്' ന്‍റെ ഭാഗമാണോയെന്ന് സംശയിച്ചതായി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. അന്യഗ്രഹ ജീവികളുടെ അക്രമണമോ അതോ ലോകാവസാനമോ വെളിച്ചം കണ്ടവര്‍ ഭയന്നു.
ഓസ്ട്രേലിയയിലെ ചെറിയൊരു പട്ടണമാണ് മില്‍ഡുറ. വളരെ സാധാരണമായ ഒരു ദിവസത്തിന് ശേഷം രാത്രിയില്‍ കിടക്കാന്‍ നേരത്താണ് പ്രദേശവാസികള്‍ ആ അസാധാരണ വെളിച്ചം കണ്ടത്. വെളിച്ചം കണ്ട പ്രദേശവാസികള്‍ പരിഭ്രാന്തരായി. ചിലര്‍ ലോകാവസാനത്തെ കുറച്ചും മറ്റ് ചിലര്‍ നെറ്റ്ഫ്ലിക്സ് സീരീസായ 'സ്ട്രേഞ്ചര്‍ തിംഗ്സ്' നെ കുറിച്ചും വാചാലരായി. എന്നാല്‍, ആ പിങ്ക് നിറത്തിന്‍റെ കാരണം മാത്രം ആര്‍ക്കും മനസിലായില്ല. തങ്ങളെ ഏതോ അന്യഗ്രഹ ജീവികള്‍ അക്രമിച്ചതായി പോലും ചിലര്‍ വിശ്വസിച്ചു.
ആകാശത്ത് പിങ്ക് പ്രകാശം പ്രകാശിപ്പിച്ചപ്പോൾ, അപ്പോക്കലിപ്‌സ് എത്തിയോ എന്ന് പ്രാദേശവാസിയായ ടാമി സുമോവ്‌സ്‌കി ആശ്ചര്യപ്പെട്ടു. "ഞാനൊരു ശാന്തയായ അമ്മയായിരുന്നു. ഭയന്നിരുന്ന കുട്ടികളോട് ഞാന്‍ പറഞ്ഞു: 'വിഷമിക്കാൻ ഒന്നുമില്ല. എന്നാൽ, എന്‍റെ തലയിൽ ഞാൻ ചോദിച്ചുകൊണ്ടിരുന്നു അത് എന്താണ്?" അവൾ മാധ്യമങ്ങളോട് പറഞ്ഞു.
'ഇതൊരു അന്യഗ്രഹ ആക്രമണമായിരുന്നോ? അല്ലെങ്കില്‍ ഒരു ഛിന്നഗ്രഹം?' എന്ന് സംശയിച്ചിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. അച്ഛന്‍ എന്താണ് സംഭവിക്കുന്നതെന്നറിയാല്‍ ആ ഭാഗത്തേക്ക് പോയി. അപ്പോള്‍ ചായ കുടിക്കാനായിരുന്നു എനിക്ക് ആഗ്രഹം. ഇനി ലോകമെങ്ങാനും അവസാനിച്ചാലോ? 'ലോകാവസാനമാണെങ്കിൽ ചായ കഴിച്ചിട്ട് എന്ത് കാര്യം? എന്നായിരുന്നു അമ്മയുടെ ചോദ്യമെന്നും അവര്‍ ബിബിസിയോട് ആ സമയത്തെ മാനസീകാവസ്ഥ വിവരിച്ചു.
എന്നാല്‍ അതൊരു കടും ചുവപ്പ് ചന്ദ്രനാണെന്നാണ് താന്‍ കരുതിയതെന്ന് പ്രദേശവാസിയായ നികിയ ചാമ്പ്യൻ പറയുന്നു. “ലോകാവസാന സാഹചര്യങ്ങളെല്ലാം എന്‍റെ തലയിലൂടെ കടന്നുപോയി,” നികിയ ബിബിസിയോട് പറഞ്ഞു. ഒടുവില്‍ ആ പിങ്ക് നിറത്തെ കുറിച്ചുള്ള ആശങ്കമാറി. അത് നഗരത്തിലെ ഒരു കഞ്ചാവ് ഫാമില്‍ നിന്നുള്ള വെളിച്ചമായിരുന്നു. 2016-ലാണ് ഓസ്‌ട്രേലിയയിൽ ഔഷധഗുണമുള്ള കഞ്ചാവ് നിയമവിധേയമാക്കിയത്. എന്നാല്‍ മരുന്നിന്‍റെ വിനോദ ഉപയോഗം നിരോധിച്ചിരിക്കുന്നു.
കഞ്ചാവ് വിളവെടുപ്പ് സമയത്ത് ചുവപ്പ് കലര്‍ന്ന പ്രകാശങ്ങള്‍ ഉപയോഗിച്ചിരുന്നു. സന്ധ്യാസമയത്താണ് ഇത്തരം പ്രകാശങ്ങള്‍ പ്രത്യേകമായി ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ ദിവസം മില്‍ഡുറ നഗരത്തിലെ കഞ്ചാവ് ഉത്പാദകരായ കാൻ ഫാർമസ്യൂട്ടിക്കൽ കമ്പനി അവരുടെ വാണിജ്യ വിളവെടുപ്പിനായ തെളിച്ചതായിരുന്നു ആ പിങ്ക് നിറത്തിലുള്ള വെളിച്ചം. കാൻ ഫാർമസ്യൂട്ടിക്കൽ ആദ്യ വിളവെടുപ്പ് ജൂണിൽ ഉത്പാദിപ്പിച്ചിരുന്നു.
ഔഷധഗുണമുള്ള കഞ്ചാവ് ഉപയോഗിച്ച് സതിഫാം ക്യാപ്‌സ്യൂളുകൾ (Satipharm capsules) നിർമ്മിക്കാനുള്ള പുതിയ ലൈസൻസ് കമ്പനി അടുത്തകാലത്തായി നേടിയെടുത്തിരുന്നു. വാണിജ്യാടിസ്ഥാനത്തിൽ കഞ്ചാവ് വളരുന്നതിനായി തെളിക്കുന്ന വിളക്കുകൾ ഫോട്ടോസിന്തറ്റിക് ഫോട്ടോൺ ഫ്ലക്സ് ഡെൻസിറ്റിയിലാണ് കണക്ക് കൂട്ടുന്നത്. ചില സന്ദർഭങ്ങളിൽ അത് 2000 PPFD വരെ എത്തും. ഒരു ലൈറ്റ് നിർമ്മാതാവ് പറയുന്നതനുസരിച്ച്, 2000 PPFD എന്നാല്‍ 'മേഘങ്ങളില്ലാത്ത ഒരു ദിവസത്തിൽ സൂര്യന്‍റെ PPFD-യെ പോലെ തോന്നിക്കുമെന്ന് ഡെയ്ലി മെയില്‍ എഴുതുന്നു. എന്തായാലും ആ പിങ്ക് നിറം മനുഷ്യനിര്‍മ്മിതമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ആശ്വാസമായെന്ന് പ്രദേശവാസികള്‍ പറഞ്ഞു.