ദക്ഷിണ കൊറിയയിൽ ഒളിക്യാമറ വച്ച് ശരീരം പകർത്തുന്നു, ഭയത്താൽ രാജ്യം വിടാൻ വരെ തയ്യാറായി സ്ത്രീകൾ
ദക്ഷിണ കൊറിയയില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് കയ്യും കണക്കുമില്ല എന്നാണ് അവിടെ നിന്നും ഔദ്യോഗികമായും അല്ലാതെയും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അത് പൊതുസ്ഥലങ്ങളിലും എന്തിന് വീട്ടില്‍ പോലും ബാത്ത്റൂമുകളിലും മറ്റും ഒളിക്യാമറ വച്ച് സ്ത്രീകളുടെ ശരീരഭാഗങ്ങള്‍ പകര്‍ത്തുന്നതില്‍ നിന്നും തുടങ്ങുന്നു. ഇത്തരം ക്രൈമുകള്‍ക്കെതിരെ ശക്തമായ നടപടി വേണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് സ്ത്രീകള്‍ തന്നെ വലിയ പ്രതിഷേധം നടത്തുകയുണ്ടായിട്ടുണ്ട്. ഇപ്പോഴിതാ, പുതിയ ഒരു റിപ്പോര്‍ട്ട് പറയുന്നത് ദക്ഷിണ കൊറിയയിലെ സ്ത്രീകളും പെണ്‍കുട്ടികളും ഇത്തരത്തില്‍ വലിയ ചൂഷണങ്ങള്‍ നേരിടുകയാണ്, അത് അവിടെയുള്ള എല്ലാ സ്ത്രീകളെയും ബാധിക്കുന്നു എന്നാണ്.
ദക്ഷിണ കൊറിയയില്‍ ഓൺലൈൻ ലൈംഗിക ദുരുപയോഗം നേരിടേണ്ടി വന്ന സ്ത്രീകളെ അത് ജീവിതകാലം മുഴുവൻ ഭീതിയിലാക്കുകയാണ്. ഇത് രാജ്യത്തെ എല്ലാ സ്ത്രീകളെയും പെൺകുട്ടികളെയും പ്രതികൂലമായി ബാധിക്കുന്നുവെന്നും ഈ പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ജോലിസ്ഥലങ്ങളിലടക്കം ഒളിക്യാമറകള്‍ വച്ചുകൊണ്ട് സ്ത്രീകളുടെ അനുവാദമില്ലാതെ ശരീരഭാഗങ്ങള്‍ പകര്‍ത്തുന്നത് ദക്ഷിണ കൊറിയയില്‍ പതിവ് ക്രൈം ആയിരുന്നു. ഇത് കണ്ടെത്തുകയും നിരോധിക്കുകയും പ്രതികളെ കഠിനമായി ശിക്ഷിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് സ്ത്രീകളുടെ വലിയ തരത്തിലുള്ള പ്രതിഷേധം തന്നെ അവിടെ നടക്കുകയുണ്ടായി.
ഇത്തരം ദുരനുഭവം കാരണം സ്ത്രീകള്‍ ഒന്നുകില്‍ ആത്മഹത്യ ചെയ്യുകയോ അല്ലെങ്കില്‍ ജോലി തന്നെ മതിയാക്കി വീട്ടിലിരിക്കുകയോ, അല്ലെങ്കില്‍ രാജ്യം തന്നെ വിടാനൊരുങ്ങുകയോ ചെയ്യുകയാണ് എന്ന് ഹ്യുമന്‍ റൈറ്റ്സ് വാച്ച് തയ്യാറാക്കിയ, 'മൈ ലൈഫ് ഈസ് നോട്ട് യുവര്‍ പോണ്‍: ഡിജിറ്റല്‍ സെക്സ് ക്രൈംസ് ഇന്‍ സൗത്ത് കൊറിയ' എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്തരം ദുരനുഭവങ്ങളുണ്ടാകുന്ന സ്ത്രീകളോട് പൊലീസും കോടതിയും യാതൊരു അനുതാപവുമില്ലാതെയാണ് പെരുമാറുന്നത്. അത് ഈ സ്ത്രീകളില്‍ വീണ്ടും കനത്ത നിരാശയും വേദനയും ഉണ്ടാക്കുന്നുവെന്ന് യുഎസ് കേന്ദ്രീകരിച്ചുള്ള ഓര്‍ഗനൈസേഷന്‍ പറയുന്നു.
ഇത്തരം ക്രൈമുകള്‍ക്കെതിരെ കഠിനമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും ഇത്തരം ചിത്രങ്ങൾ ഓൺലൈനിലൂടെ പ്രചരിപ്പിക്കുന്നതിന്‍റെ അപകടങ്ങളെക്കുറിച്ച് പുരുഷന്മാരെയും ആൺകുട്ടികളെയും ബോധവത്കരിക്കണമെന്നും സർക്കാരിനോട് സംഘടന ആവശ്യപ്പെട്ടു.
'ദക്ഷിണ കൊറിയയിൽ ഡിജിറ്റൽ ലൈംഗിക കുറ്റകൃത്യങ്ങൾ വളരെ സാധാരണമായി തീർന്നിരിക്കുന്നു. അത് എല്ലാ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിതനിലവാരത്തെ ബാധിക്കുന്നു' എന്ന് എച്ച്ആർഡബ്ല്യുവിന്റെ വുമണ്‍സ് റൈറ്റ് ഇടക്കാല ഡയറക്ടർ ഹെതർ ബാർ പറഞ്ഞു.
റിപ്പോർട്ട് തയ്യാറാക്കിയ ബാർ പറയുന്നത്, 'സ്ത്രീകളും പെൺകുട്ടികളും പൊതുടോയ്‌ലറ്റുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുകയാണ്. പൊതുസ്ഥലത്തും വീടുകളിലും പോലും മറഞ്ഞിരിക്കുന്ന ക്യാമറകളെക്കുറിച്ച് ഉത്കണ്ഠ തോന്നുന്നുവെന്നും പെണ്‍കുട്ടികള്‍ ഞങ്ങളോട് പറഞ്ഞു. ഡിജിറ്റൽ ലൈംഗിക കുറ്റകൃത്യങ്ങൾ നേരിടേണ്ടി വന്ന പലരും ആത്മഹത്യ ചെയ്യണമെന്ന് തോന്നിയെന്നും ഞങ്ങളോട് തുറന്നു പറയുകയുണ്ടായി. നിയമ നീതിന്യായ വ്യവസ്ഥയിലെ ഉദ്യോഗസ്ഥർ - അവരിൽ ഭൂരിഭാഗവും പുരുഷന്മാരാണ്. ഇവ വളരെ ഗുരുതരമായ കുറ്റകൃത്യങ്ങളാണെന്ന് പലപ്പോഴും മനസിലാക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല' എന്നാണ്.
കൊറിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിമിനോളജിയിൽ നിന്നുള്ള കണക്കുകൾ പ്രകാരം 2008 -നും 2017 -നും ഇടയിൽ 38 അഭിമുഖങ്ങളും നൂറുകണക്കിന് സ്ത്രീകൾ ഉൾപ്പെട്ട ഒരു ഓൺലൈൻ സർവേയും നടത്തിയിരുന്നു. അതിനെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടനുസരിച്ച് ഒളിക്യാമറ ഉപയോഗിച്ച് സ്ത്രീകളുടെ ശരീരഭാഗങ്ങള്‍ പകര്‍ത്തുന്നത് ഉൾപ്പടെയുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ 11 മടങ്ങ് ഉയർന്നു എന്നാണ്.
2008 -ൽ, നാല് ശതമാനത്തിൽ താഴെയുണ്ടായിരുന്ന ഒളിക്യാമറവച്ച് സ്ത്രീകളുടെ ശരീരഭാഗങ്ങള്‍ പകര്‍ത്തുന്ന കേസുകള്‍ 2017 ആയപ്പോഴേക്കും 20% ആയി ഉയർന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. 'ഡിജിറ്റൽ ലൈംഗിക കുറ്റകൃത്യങ്ങൾ ദക്ഷിണ കൊറിയൻ സ്ത്രീകളും പെൺകുട്ടികളും നേരിടുന്ന അടിയന്തിര പ്രതിസന്ധിയാണ്' എന്ന് എച്ച്ആർഡബ്ല്യുവിന്റെ ഏഷ്യ ഡിവിഷനിലെ മുതിർന്ന ഗവേഷകയായ ലിന യൂൻ പറഞ്ഞു.
ഈ കുറ്റകൃത്യം സ്ത്രീകളെ വിനാശകരമായി ബാധിക്കുന്നുണ്ടെന്നും യൂൻ കൂട്ടിച്ചേർത്തു. 'ശാരീരികമായി അതിക്രമം കാണിക്കുന്നില്ലല്ലോ എന്ന് പറഞ്ഞുകൊണ്ട് പൊലീസ് ഈ വിഷയം നിസാരമായി കാണുകയാണ്. ഇത് എത്ര ഭയാനകമാണെന്ന് അവർ മനസ്സിലാക്കുന്നില്ല' എന്നും യൂൻ പറയുന്നു. ഇത്തരം ക്രൈമുകള്‍ നേരിടേണ്ടി വന്ന സ്ത്രീകള്‍ ജീവിതാവസാനം വരെ അതിന്‍റെ ഞെട്ടലിലും നടുക്കത്തിലും കഴിയുകയാണ് എന്നും അവര്‍ പറയുന്നു.
(ചിത്രങ്ങൾ: അതിക്രമങ്ങൾക്കെതിരെ ദക്ഷിണ കൊറിയയിൽ സ്ത്രീകളുടെ പ്രതിഷേധം/ ഫയൽചിത്രം/ ഗെറ്റി)