വസ്ത്രങ്ങള്‍ പണ്ടേ അലര്‍ജി; പത്തുവര്‍ഷമായി ഈ ദമ്പതികള്‍ ജീവിക്കുന്നത് നഗ്‌നരായി!
വൈദ്യുതിയില്ലാതെ, ടിവിയോ മറ്റ് ആധുനിക സൗകര്യങ്ങളൊന്നുമില്ലാത്ത പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ആളുകളെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. സാങ്കേതിക വിദ്യയോടും, നാഗരികതയോടും മടുപ്പ് തോന്നുന്ന ഈ കൂട്ടര്‍ അതെല്ലാം ഉപേക്ഷിച്ച് പ്രകൃതിയുടെ മടിത്തട്ടില്‍ ജീവിക്കുകയാണ്. എന്നാല്‍ ഇംഗ്ലണ്ടിലെ ചിപ്പന്‍ഹാമില്‍ നിന്നുള്ള ജോണ്‍-ഹെലന്‍ ഡോണ്‍സണ്‍ ദമ്പതികള്‍ ഉപേക്ഷിച്ചത് ആധുനിക ജീവിത രീതി മാത്രമല്ല, വസ്ത്രങ്ങള്‍ കൂടിയാണ്. തുണിയുടുക്കാതെ ഈ ലോകത്ത് ജീവിക്കുന്നതിനെ പറ്റി ചിന്തിക്കാന്‍ സാധിക്കുമോ? ഒരു ശരാശരി മനുഷ്യനെ സംബന്ധിച്ചിടത്തോളം അത് ആലോചിക്കാന്‍ കൂടി പ്രയാസമാണ്. എന്നാല്‍ പ്രകൃതിയില്‍ ജീവിക്കുമ്പോള്‍ പച്ചയായ മനുഷ്യനായി വേണം ജീവിക്കാനെന്നും, അവിടെ ഒന്നിന്റെയും മറ ആവശ്യമില്ലെന്നുമാണ് ഈ ദമ്പതികളുടെ വാദം. Photo credit: Paul Nicholls
ജോണ്‍-ഹെലന്‍ ദമ്പതികള്‍ വിവാഹത്തിന്റെ അന്ന് പോലും നഗ്‌നരായിരുന്നു. 2011 ലാണ് അവര്‍ തമ്മില്‍ ആദ്യമായി കണ്ടുമുട്ടുന്നത്. ഹെലന്‍ 2006 മുതല്‍ പ്രകൃതി ജീവനം നടത്തുകയായിരുന്നു. ജോണ്‍ അവരെ കണ്ടുമുട്ടിയതിന് ശേഷമാണ് പ്രകൃതിക്കനുസരിച്ചുള്ള ജീവിതരീതിയിലേക്ക് മാറിയത്.
സൈന്യത്തിലായിരുന്നപ്പോള്‍ എല്ലാവര്‍ക്കുമൊപ്പം കുളിക്കേണ്ടി വന്നിരുന്ന ജോണിന് നഗ്‌നനായി ജീവിക്കുന്നത് പുത്തരിയൊന്നുമല്ലായിരുന്നു.
തനിക്ക് പണ്ടുമുതലേ വസ്ത്രങ്ങള്‍ അലേര്‍ജിയായിരുന്നു എന്നാണ് ഹെലന്‍ പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരമൊരു ജീവിത രീതി തിരഞ്ഞെടുത്തതില്‍ അവര്‍ക്ക് വലിയ പ്രശ്നമൊന്നുമില്ല. കാണുന്നവര്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ എന്നത് അവരെ സംബന്ധിച്ചിടത്തോളം ഒരു വിഷയവുമല്ല.
രണ്ടുപേരും വര്‍ഷങ്ങളായി വെള്ളവും വൈദ്യുതിയും മറ്റ് സൗകര്യങ്ങളൊന്നുമില്ലാതെയാണ് ജീവിക്കുന്നത്. അവരുടെ താമസം കാടിന് നടുക്ക് ഒരു വാനിലാണ്.
സദാ നഗ്‌നരായ അവര്‍, പട്ടണത്തില്‍ പോകുമ്പോള്‍ പോലും വസ്ത്രങ്ങള്‍ ധരിക്കാറില്ല. എന്നാല്‍ തങ്ങളുടെ ഈ ജീവിത രീതി പിന്തുടരാന്‍ എളുപ്പമല്ലെന്ന് അവര്‍ പറയുന്നു
'വെള്ളമില്ല, കറന്റില്ല. ഒന്നുമല്ലാത്തൊരിടത്ത് താമസവും. അതുകൊണ്ട് തന്നെ ഇത് എല്ലാവര്‍ക്കും സാധിക്കില്ല,' അദ്ദേഹം പറഞ്ഞു. കൂടാതെ ചുറ്റുമുള്ളര്‍ തങ്ങളെക്കുറിച്ച് തെറ്റായ ധാരണകള്‍ വച്ച് പുലര്‍ത്തുന്നുവെന്നും അവര്‍ പറഞ്ഞു.
ഇങ്ങനെയൊക്കെയാണെങ്കിലും വ്യക്തി ശുചിത്വത്തിന് വളരെ പ്രാധാന്യം നല്‍കുന്നവരാണ് ഇവര്‍. അവര്‍ക്ക് അവരുടേതായ കസേരകളും, ടവ്വലുകളുമുണ്ട്. അവര്‍ സ്വന്തം കസേരയില്‍ ഒരു തുണി വിരിച്ചാണ് ഇരിക്കുന്നത്. അത് എപ്പോഴും കഴുകി സൂക്ഷിക്കുകയും ചെയ്യുന്നു.
ഈ ദമ്പതികള്‍ ഇപ്പോള്‍ കാട്ടുപൂക്കളെ കുറിച്ചും, വന്യജീവികളെക്കുറിച്ചും പഠിക്കാനായി സമയം ചിലവഴിക്കുന്നു.