യന്ത്രത്തോക്കുമായി പ്രസവവാര്‍ഡിലെത്തി ചോരക്കുഞ്ഞുങ്ങളെ കൊന്നവര്‍, കാബൂള്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ഇവര്‍!
കാബൂള്‍ വിമാനത്താവളത്തില്‍ ഇന്നലെയുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനങ്ങള്‍ക്കു ശേഷം അഫ്ഗാനിസ്താന്റെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വീണ്ടും മാറിമറിഞ്ഞിരിക്കുകയാണ്. ഹാമിദ് കര്‍സായി രാജ്യാന്തര വിമാനത്താവളത്തിനു പുറത്തും അടുത്തുള്ള ബറോണ്‍ ഹോട്ടലിലുമുണ്ടായ അതിശക്തമായ സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 103 ആയി. ഇവരില്‍ 13 പേര്‍ അമേരിക്കന്‍ സൈനികരാണ്. ഭീകരാക്രമണ സാദ്ധ്യത ഉണ്ടാവുമെന്ന് നാലു ദിവസമായി അമേരിക്ക അടക്കം മുന്നറിയിപ്പുകള്‍ നല്‍കിയതിനു പിന്നാലെയാണ് ലോകത്തെ ഞെട്ടിച്ച സ്‌ഫോടനങ്ങള്‍ നടന്നത്. പാക്കിസ്താന്‍-അഫ്ഗാനിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് സ്‌റ്റേറ്റ് ഖൊറാസാന്‍ (ഐ എസ്-കെ) എന്ന ഭീകരസംഘടനയാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കിയത്. തങ്ങളാണ് സ്‌ഫോടനം നടത്തിയതെന്ന് തങ്ങളുടെ ടെലിഗ്രാം അക്കൗണ്ടില്‍ ഐ എസ്-കെയും അവകാശപ്പെട്ടിട്ടുണ്ട്. 2015 മുതല്‍ പാക്കിസ്താനിലും അഫ്ഗാനിസ്താനിലുമായി പ്രവര്‍ത്തിക്കുന്ന അപകടകാരികളായ ഈ സംഘടന അമേരിക്കന്‍ സൈന്യവും അഫ്ഗാന്‍ സൈന്യവും നടത്തിയ ഭീകരവിരുദ്ധ നടപടികളില്‍ സംഘടനയിലെ വലിയൊരു വിഭാഗം കൊല്ലപ്പെട്ടതിനാല്‍ കഴിഞ്ഞ കുറേക്കാലമായി അത്ര സജീവമായിരുന്നില്ല. അതിനിടെയാണ്, ലോകത്തിന്റെ കണ്ണുകള്‍ മുഴുവന്‍ കാബൂള്‍ വിമാനത്തിലായ സമയത്ത്, അതിശക്തമായ ആക്രമണം നടത്തി അവര്‍ സാന്നിധ്യം അറിയിച്ചത്.
അഫ്ഗാന്‍ പിടിച്ചെടുത്തതു മുതലുള്ള സംഭവവികാസങ്ങള്‍ താലിബാന് അനുകൂലമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ ഭീകരാക്രമണം നടന്നത്. ഭീകരതയ്ക്ക് എതിരായ യുദ്ധം അവസാനിപ്പിച്ച് അമേരിക്കന്‍ സൈന്യം വിട്ടുനില്‍ക്കുകയും നാറ്റോ അടക്കമുള്ള ശക്തികള്‍ ഈ വിഷയത്തില്‍ ഇടപെടാതിരിക്കുകയും ചെയ്യുന്ന സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്. പഴയതിനേക്കാള്‍ ഉദാരമായ സമീപനമായിരിക്കും തങ്ങളുടേത് എന്ന പ്രചാരണത്തിലൂടെ പുതിയ ഇമേജ് നിര്‍മിക്കാനുള്ള ശ്രമത്തിലായിരുന്നു താലിബാന്‍. ചൈനയും റഷ്യയും താലിബാന്‍ അനുകൂല നിലപാട് സ്വീകരിക്കുകയും മറ്റ് വിദേശരാജ്യങ്ങള്‍ മാറിനില്‍ക്കുകയും ചെയ്യുന്ന സാഹചര്യം ഉരുത്തിരിഞ്ഞു വരുന്നതിനിടെയാണ്, പൊടുന്നനെ കാര്യങ്ങള്‍ മാറിയത്. അ്ഫ്ഗാന്‍ കാര്യങ്ങളില്‍ ഇനിയില്ലെന്ന് പറഞ്ഞു മാറിനിന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് തന്നെ വീണ്ടും ഈ വിഷയത്തില്‍ ഇടപെടേണ്ടി വന്നു. ആക്രമണം നടത്തിയവര്‍ക്കെതിരെ ശക്തമായ പ്രതികാര നടപടികള്‍ ഉണ്ടാവുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. അമേരിക്കയുടെ സഖ്യരാജ്യങ്ങളും സമാനമായ നിലപാടിലേക്കാണ് എത്തുന്നത്. അഫ്ഗാന്‍ വിഷയത്തില്‍ വീണ്ടും വിദേശ ഇടപെടലുണ്ടാവുന്നത് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ ആകെ മാറ്റും. താലിബാനെതിരെ, പഴയ വടക്കന്‍ സഖ്യത്തിന്റെ മുന്‍കൈയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെയാണ്, ഹഖാനി ഗ്രൂപ്പുമായി അടുപ്പമുള്ള ഭീകരസംഘടനയുടെ അപ്രതീക്ഷിത ആഗമനം. ഏകപക്ഷീയമായി മുന്നേറിക്കൊണ്ടിരിക്കുന്ന താലിബാന്റെ ആത്മവിശ്വാസം കുറയ്ക്കുന്ന സാഹചര്യമാണിതെന്ന് ഭീകരവിരുദ്ധ ഏജന്‍സികള്‍ വ്യക്തമാക്കുന്നു.
ഒരൊറ്റ സ്‌ഫോടനത്തിലൂടെ ഇത്രയും വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ച ഈ ഭീകരവാദികള്‍ ആരാണ്? ഇവര്‍ക്ക് താലിബാനുമായി എന്താണ് ബന്ധം? നമുക്ക് പരിശോധിക്കാം.
അഫ്ഗാനില്‍ ഒരു ഭീകരാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് നാലഞ്ചു ദിവസമായി അമേരിക്കന്‍ സുരക്ഷാ വിദഗ്ധര്‍ പറയുന്നുണ്ടായിരുന്നു. ഐ എസ് ആക്രമണം ഉണ്ടായേക്കും എന്നായിരുന്നു ഇന്റലിജന്‍സ് വിവരങ്ങളെ ആസ്പദമാക്കി അമേരിക്ക നല്‍കിയ മുന്നറിയിപ്പില്‍ പറഞ്ഞിരുന്നത്. തങ്ങളുടെ പൗരന്‍മാര്‍ വിമാനത്താവളത്തില്‍നിന്നും വിട്ടുനില്‍ക്കണം എന്നതടക്കം മാര്‍ഗനിര്‍ദേശങ്ങള്‍ അമേരിക്ക പുറപ്പെടുവിച്ചിരുന്നു.
ഇതേ പോലെ, ബ്രിട്ടനും മറ്റു രാജ്യങ്ങളും തങ്ങളുടെ പൗരന്‍മാര്‍ക്ക് സമാനമായ മുന്നറിയിപ്പുകള്‍ നല്‍കി. എന്നാല്‍, യുഎസിന്റെ മുന്‍കൈയില്‍ നടന്ന സൈനിക നടപടിയെ തുടര്‍ന്ന് ഇതിനകം തകര്‍ന്നടിഞ്ഞ ഐ എസ് ഏതുവിധത്തിലാവും ഇത്തരമൊരു ആക്രമണം നടത്തുക എന്ന കാര്യം വിശദീകരിക്കപ്പെട്ടിരുന്നില്ല. അതിനിടയിലാണ് ഈ ഭീകരാക്രമണം നടക്കുന്നത്.
'ഇത് ഐ എസ് തന്നെയാണ്'-എന്നാണ് സ്‌ഫോടനങ്ങള്‍ക്കു പിന്നാലെ അമേരിക്കയുടെ സെന്‍ട്രല്‍ കമന്റ് മേധാവി ജനറല്‍ കെന്നത്ത് മക്കന്‍സി വിശദീകരിച്ചത്. അതിനു പിന്നാലെ, ഈ സംഘടന സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി എ പി, റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു്
ഐ എസിന്റെ അഫ്ഗാന്‍ ഘടകം മാരകമായ വിധ്വംസക ശേഷിയോടെ ഇപ്പോഴും സജീവമായി നില്‍ക്കുന്നുണ്ടെന്ന് ഇരട്ട സ്‌ഫോടനങ്ങളോടെ വ്യക്തമായി. താലിബാന്‍കാര്‍ അടക്കം കൊല്ലപ്പെട്ട സ്‌ഫോടനങ്ങള്‍ ഈ ഗ്രൂപ്പിന്റെ രാഷ്ട്രീയത്തെക്കുറിച്ചും സൂചനകള്‍ നല്‍കുന്നുണ്ട്.
അഫ്ഗാനിസ്താനില്‍ ഇന്നേവരെ പ്രവര്‍ത്തിച്ച ഭീകരസംഘടനകളില്‍ വെച്ച് ഏറ്റവും അപകടകരം. ഇസ്‌ലാമിക് സ്‌റ്റേറ്റ്-ഖൊറാസാന്‍ എന്ന ഗ്രൂപ്പിനെക്കുറിച്ച് ബിബിസിയുടെ സെക്യൂരിറ്റി കറസ്‌പോണ്ടന്റ് ഫ്രാങ്ക് ഗാര്‍ഡിനര്‍ ഇവരെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്.
അഫ്ഗാനിസ്താനിലും പാക്കിസ്താനിലുമായി സിവിലിയന്‍മാര്‍ക്കും വിദേശികള്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമെതിരെ ഇവര്‍ നിരവധി ഭീകരാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ വിദ്യാലയങ്ങളും ആശുപത്രിയിലെ പ്രസവമുറികള്‍ പോലും ഇവരുടെ ആക്രമണത്തിനിരയായി.
ഇതിലേറ്റവും ഭീകരമായിരുന്നു, 2020 മെയ് 16-ന് കാബൂളിലെ ദഷ്‌തെ ബര്‍ചി ആശുപത്രിയിലെ പ്രസവവാര്‍ഡിനു നേര്‍ക്ക് ഇവര്‍ നടത്തിയ ആക്രമണം. പിഞ്ചു കുഞ്ഞുങ്ങളും അമ്മമാരും അമ്മമാരാവാന്‍ പോവുന്നവരുമടക്കം 25 പേരെയാണ് അന്ന് ഐ എസ് -കെ വെടിവെച്ചുകൊന്നത്.
െവടിവെപ്പില്‍ അമ്മമാര്‍ കൊല്ലപ്പെട്ട അനേകം കുഞ്ഞുങ്ങളാണ് സംഭവത്തിനു ശേഷം ബാക്കിയായത്. ഇവരെ പരിചരിക്കാനും മുലയൂട്ടാനുമൊക്കെ ഏറെ കഷ്ടപ്പെടേണ്ടി വന്നു. അമ്മയില്ലാത്ത രണ്ടു കുഞ്ഞുങ്ങളാണ് ഇവരുടെ കൈകളില്‍
അഫ്ഗാനിലെ ന്യൂനപക്ഷ ഹസാര-ഷിയാ മേഖലയിലുള്ള ഈ ആശുപത്രി രാജ്യാന്തര സന്നദ്ധ സംഘടനയായ മെഡിസിന്‍സ് സാന്‍സ് േഫ്രാണ്ടിയേഴ്‌സ് (എം എസ് എഫ്) ആണ് നടത്തുന്നത്. എന്തിനു വേണ്ടിയാണ് ആശുപത്രിക്ക് നേരെ ആക്രമണം നടന്നതെന്ന് ഇനിയും വ്യക്തമായില്ലെന്നാണ് സംഭവത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ എം എസ് എഫ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്.
രാത്രി പത്തുമണിയോടെയാണ് ആശുപത്രിയില്‍ ഭീകരാക്രമണം നടന്നത്. ആദ്യം ഇരട്ട സ്‌ഫോടനങ്ങളുണ്ടായി. പിന്നാലെ, പ്രസവവാര്‍ഡിലേക്ക് തോക്കുമായി കയറിയ മൂന്ന് ഭീകരര്‍ തുരുതുരാ വെടിവെക്കുകയായിരുന്നു.
140 രോഗികളായിരുന്നു സംഭവസമയത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. 55 ബെഡുള്ള പ്രസവവാര്‍ഡിലേക്ക് മൂന്ന് ഭീകരര്‍ കടന്നുകയറി വെടിയുതിര്‍ക്കുകയായിരുന്നു.
പ്രസവം കഴിഞ്ഞ് ചോരക്കുഞ്ഞുങ്ങള്‍ക്കൊപ്പം കഴിയുകയായിരുന്ന 16 അമ്മമാര്‍ തല്‍ക്ഷണം മരിച്ചു. പ്രസവത്തിനായി വന്ന ഒമ്പത് സ്ത്രീകളും അവരുടെ വയറ്റിലെ കുഞ്ഞുങ്ങളും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
100 -ലേറെ രോഗികളെ അഫ്ഗാന്‍ സുരക്ഷാ സൈന്യം രക്ഷപ്പെടുത്തി. ഇവരില്‍ പ്രസവം കഴിഞ്ഞ ഉടനെയുള്ള അമ്മമാരും പ്രസവിക്കാനായി എത്തിയവരുമുണ്ടായിരുന്നു.
പൊലീസ് യൂനിഫോമില്‍ ആശുപത്രിക്കകത്ത് കടന്നുകയറിയ ഭീകരരെ പിന്നീട് സുരക്ഷാ സേന വെടിവെച്ചു കൊല്ലുകയായിരുന്നു.
പാക്കിസ്താനിലും അഫ്ഗാനിലും പ്രവര്‍ത്തിച്ചിരുന്ന മുന്‍ താലിബാന്‍ ഭീകരന്‍മാരുടെ നേതൃത്വത്തില്‍ 2015-ലാണ് ഈ ഭീകരസംഘടന രൂപവല്‍കരിക്കുന്നത്. അക്കാലത്ത് ലോകത്തെ വിറപ്പിച്ചുകൊണ്ടിരുന്ന ഇസ്‌ലാമിക് സ്‌റ്റേറ്റിനോട് കൂറു പ്രഖ്യാപിച്ചാണ് ഈ സംഘടന ആരംഭിക്കുന്നത്. ഇറാഖിന്റെയും സിറിയയുടെയും വലിയ ഭാഗം അന്ന് ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ ക്രൂരഭരണത്തിന്റെ കീഴിലായിരുന്നു.
വടക്കുകിഴക്കന്‍ അഫ്ഗാനിലെ നന്‍ഗറാര്‍ പോലുള്ള പ്രവിശ്യകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവയുടെ പ്രവര്‍ത്തനം. പാക്കിസ്താന്‍ വഴിയുള്ള മയക്കുമരുന്ന് കടത്ത് പാതകള്‍ ഈ മേഖലയിലാണ്. തെക്കന്‍ അഫ്ഗാനിലും ഇടക്കാലത്ത് ഇവരുടെ സാന്നിധ്യമുണ്ടായിരുന്നു.
താലിബാന്റെ കീഴിലുള്ള ഹഖാനി ഭീകര ശൃംഖലയുമായി അടുത്ത ബന്ധം പുലര്‍ത്തിയ ഈ ഗ്രൂപ്പ് താലിബാന്റെ അതേ രാഷ്ട്രീയമാണ് പിന്തുടര്‍ന്നിരുന്നതെങ്കിലും കുറേ വിയോജിപ്പുകള്‍ ഉണ്ടായിരുന്നു. താലിബാന്‍കാര്‍ സമവായങ്ങളിലേക്കും അധികാരം നിലനിര്‍ത്താനുള്ള സമാധാന ശ്രമങ്ങളിലേക്കും പോവുന്നു എന്ന വിമര്‍ശനമാണ് ഇവര്‍ ഉന്നയിച്ചിരുന്നത്. താലിബാന് വീര്യം പോരാ എന്ന് ചുരുക്കം.
താലിബാനുമായി അടുപ്പമുള്ള, പഴയ താലിബാന്‍കാര്‍ അടങ്ങിയ, എന്നാല്‍ താലിബാന്‍ മാറിപ്പോയി എന്ന് വിലപിക്കുന്ന കൂട്ടം എന്ന് ഇവരെ ലഘുവായി വിശേഷിപ്പിക്കാം. അതിനാല്‍ തന്നെ താലിബാന് ഭീഷണി ഉയര്‍ത്തുന്ന വിധത്തിലാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍.
തുടക്കത്തില്‍ പാക്കിസ്താനിലും അഫ്ഗാനിസ്താനിലുമായി മൂവായിരം പേര്‍ ഈ സംഘടനയില്‍ ഉണ്ടായിരുന്നു. എന്നാല്‍, അല്‍പ്പം കഴിയുന്നതിനു മുമ്പേ തന്നെ അമേരിക്കന്‍ സൈന്യവും അഫ്ഗാന്‍ സൈന്യവും ഇവര്‍ക്കെതിരെ രൂക്ഷമായ ആക്രമണം ആരംഭിച്ചു. വലിയ സംഘം ഭീകരര്‍ കൊല്ലപ്പെട്ടു. ബാക്കിയുള്ളവരാണ് ഇപ്പോള്‍ താലിബാന്റെ വരവോടെ തലയുയര്‍ത്തിയത്.
പുതിയ സംഘടന അഫ്ഗാനിലും പാക്കിസ്താനിലുമുള്ള ജിഹാദികളെ വ്യാപകമായി റിക്രൂട്ട് ചെയ്തു. അമേരിക്കയുടെ മുന്‍കൈയില്‍ നടന്ന ആക്രമണത്തില്‍ ഐ എസിന്റെ സ്വയം പ്രഖ്യാപിത ഖാലിഫേറ്റ് തകരുന്നതിനു മുമ്പായിരുന്നതിനാല്‍, ധാരാളം ഭീകരര്‍ പുതിയ സംഘടനയിലേക്ക് ചേക്കേറി. വീര്യം പോരാ എന്ന് പരാതി പറഞ്ഞ് താലിബാന്‍ വിട്ടുപോന്നവരായിരുന്നു സംഘടനയില്‍ ഏറെയും.
താലിബാന് ജിഹാദും പടക്കളങ്ങളും ഉപേക്ഷിച്ച് ഖത്തറിലും മറ്റുമുള്ള ആഡംബര ഹോട്ടലുകളില്‍ നടക്കുന്ന മധ്യസ്ഥ സമാധാന ശ്രമങ്ങള്‍ക്ക് നിന്നുകൊടുക്കുന്നു എന്നതാണ് ഈ ഗ്രൂപ്പ് താലിബാനെതിരെ ഉന്നയിക്കുന്ന പ്രധാന വിമര്‍ശനം.
അഫ്ഗാനിസ്താന്‍ പിടിക്കുക എന്ന ഉദ്ദേശ്യവുമായി നടക്കുന്ന താലിബാനെപോലെ ആയിരുന്നില്ല ഐ എസ് -കെ. ഇവര്‍ ആഗോള ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകര ശൃംഖലയുടെ ഭാഗമായിരുന്നു. ഇവരുടെ ലക്ഷ്യങ്ങളും വ്യത്യസ്തമായിരുന്നു.
ഇവര്‍ക്ക് താലിബാനുമായി എന്താണ് ബന്ധം? ഒന്നുമില്ല എന്നാണ് താലിബാന് ഇന്നലെ പോലും അവകാശപ്പെട്ടത്. എന്നാല്‍, അവരുടെ അടിത്തറ താലിബാന്റെ അതേ രാഷ്ട്രീയത്തിലാണ്. താലിബാന്റെ ഹഖാനി ഭീകര ശൃംഖലയുമായാണ് അവര്‍ കണ്ണി ചേര്‍ന്നിരിക്കുന്നതെന്നും താലിബാനെതിരായ ജനകീയ പ്രതിരോധ മുന്നണി നേതാവും മുന്‍ അഫ്ഗാന്‍ പ്രസിഡന്റുമായ അംറുല്ല സാലിഹ് ട്വീറ്റ് ചെയ്തു.
താലിബാനുമായി ചേര്‍ന്നുനില്‍ക്കുന്ന ഹഖാനി ശൃംഖലയും ഐ എസ് -കെയും തമ്മില്‍ ആഴത്തിലുള്ള ബന്ധമുണ്ടെന്നാണ് അഫ്ഗാന്‍ ഭീകരവാദത്തെക്കുറിച്ച് പഠിക്കുന്ന ഏഷ്യാ പസഫിക് ഫൗണ്ടേഷനിലെ ഡോ. സജ്ജന്‍ ഗോഹല്‍ പറയുന്നത്. 2019-2021 കാലത്ത് ഒരുപാട് ഭീകരാക്രമണങ്ങള്‍ ഐ എസ് കെയും ഹഖാനി നെറ്റ്വര്ക്കും താലിബാനും സംയുക്തമായി നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
അഫ്ഗാന്‍ പിടിച്ചെടുത്തതിനു പിന്നാലെ താലിബാന് കാബൂളിലെ പുല് ഇ ചര്‍കി ജയില്‍ തുറന്നുവിട്ട് നൂറുകണക്കിന് ഐസ്, അല്‍ഖാഇദ ഭീകരരരെ മോചിപ്പിച്ചിരുന്നു. അതില്‍, ഈ സംഘടനയിലെ നിരവധി പേരും പെട്ടിരുന്നു.
ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ ദക്ഷിണേഷ്യന്‍ മേധാവി ആയിരുന്ന സംഘടനയുടെ മേധാവി ആയിരുന്ന ഉമര്‍ ഖൊറാസാനി എന്ന മൗലവി സിയാവുല്‍ ഹഖ് ഇതിനിടെ ജയിലില്‍വെച്ച് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. 2020-ല്‍ അഫ്ഗാന്‍ സേനയുടെ പിടിയിലായ ഇയാള്‍ കാബൂളിലെ ജയിലിലായിരുന്നു. താലിബാന് അധികാരമേറ്റതിനു പിന്നാലെയാണ് ഇയാള്‍ ജയിലില്‍ വധിക്കപ്പെട്ടത്. സംഭവത്തിനു പിന്നില്‍ താലിബാനാണെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
ഐ എസ്- കെ യായിരിക്കും താലിബാന്റെ അഫ്ഗാന്‍ ഭരണകൂടത്തിന് ഏറ്റവും തലവേദനയുണ്ടാക്കു്ക എന്നാണ് താലിബാന്റെ വിലയിരുത്തല്‍. ഇതിന്റെ പ്രത്യക്ഷമായ സൂചന തന്നെയായിരുന്നു കാബൂളില്‍ നടന്ന ഇരട്ട സ്‌ഫോടനങ്ങള്‍.
അമേരിക്കയുടെ സെന്‍ട്രല്‍ കമന്റ് മേധാവി ജനറല്‍ കെന്നത്ത് മക്കന്‍സി മക്കന്‍സിയുടെ അഭിപ്രായ പ്രകാരം; ഈ ഗ്രൂപ്പ് ആക്രമണങ്ങള്‍ പെട്ടെന്നൊന്നും അവസാനിപ്പിക്കില്ല. അഫ്ഗാന്‍ പിടിച്ചെടുത്ത താലിബാന് വലിയ തലവേദനയായിരിക്കും ഇവര്‍ എന്നും അമേരിക്കന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ വിലയിരുത്തുന്നു.