Chile president : പരിസ്ഥിതിക്കെതിരായ പദ്ധതികളോട് 'നോ', സമ്പന്നര്‍ക്ക് നികുതി കൂടും, ബോറികിന്റെ വാഗ്ദാനങ്ങള്‍
ലോകത്തെല്ലായിടത്തും പരിസ്ഥിതിക്കെതിരെ നിൽക്കുന്ന ഭരണാധികാരികൾക്കെതിരെ പ്രതിഷേധങ്ങളുണ്ടായി വരികയാണ്. എന്നാൽ, കഴിഞ്ഞ ദിവസം ചിലി(Chile)യിൽ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയ ഇടതുപക്ഷക്കാരൻ ഗബ്രിയേൽ ബോറിക്(Gabriel Boric) നൽകിയ വാഗ്ദാനങ്ങളിൽ പ്രധാനം പരിസ്ഥിതിയെ നശിപ്പിക്കുന്ന പദ്ധതികൾ നിരസിക്കും എന്നതാണ്. വെറും 35 -കാരനായ പുതിയ പ്രസിഡണ്ടിനെ യുവാക്കളും സ്ത്രീകളും ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. സമ്പന്നർക്കും ഖനന വ്യവസായത്തിനും നികുതി വർധിപ്പിക്കുക, പരിസ്ഥിതിയെ നശിപ്പിക്കുന്ന പദ്ധതികൾ നിരസിക്കുക, സാമൂഹിക സേവനങ്ങൾ മെച്ചപ്പെടുത്തുക, സ്വകാര്യ പെൻഷൻ സമ്പ്രദായം തകർക്കുക തുടങ്ങിയ പരിഷ്കാരങ്ങൾ മുന്നോട്ടുകൊണ്ടുപോകുമെന്നാണ് ഇടതുപക്ഷക്കാരനായ ബോറിക് പറഞ്ഞത്. എന്നാൽ, അപ്പോഴും സാമ്പത്തിക അച്ചടക്കം നിലനിർത്താൻ ശ്രമിക്കുമെന്ന് അദ്ദേഹം ഞായറാഴ്ച ഒരു പ്രസംഗത്തിൽ ആവർത്തിച്ചു. ചിലിയിലെ പുതിയ പ്രസിഡണ്ടിനെ കുറിച്ച്.
ചിലിയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡണ്ടായി മാറും ഈ തെരഞ്ഞെടുപ്പ് വിജയത്തോടെ ഗബ്രിയേല്‍ ബോറിക്. മുൻ വിദ്യാര്‍ത്ഥി സമരനേതാവ് കൂടിയായ ബോറിക് എതിരാളിയോട് നേടിയത് ചരിത്രവിജയം. അസമത്വവും അഴിമതിയും നിറഞ്ഞ സമീപവര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ബോറിക് ചിലിക്ക് വാഗ്ദാനം ചെയ്യുന്നത് പ്രതീക്ഷയുടെ കാലമാണ് എന്നാണ് ചിലിയൻ ജനതയുടെ പ്രതീക്ഷ.
മുൻ സ്വേച്ഛാധിപതി ജനറൽ അഗസ്റ്റോ പിനോഷെ അടിച്ചേൽപ്പിച്ച സ്വതന്ത്ര വിപണി സാമ്പത്തിക മാതൃകയിൽ(free-market economic model) സമൂലമായ പരിഷ്കാരങ്ങളാണ് ബോറിക് വാഗ്ദാനം ചെയ്യുന്നത്. രാജ്യത്ത് ഇത് അസമത്വമുണ്ടാക്കി എന്ന് ബോറിക് അഭിപ്രായപ്പെട്ടിരുന്നു.
പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാം റൗണ്ടിൽ തീവ്ര വലതുപക്ഷക്കാരനും എതിരാളിയുമായ ജോസ് അന്റോണിയോ കാസ്റ്റിനെതിരെ അമ്പരപ്പിക്കുന്ന വലിയ ഭൂരിപക്ഷമാണ് ബോറിക് നേടിയത്. ഇത് രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ ഒരു പുതിയ അധ്യായത്തിനാണ് തുടക്കമിട്ടിരിക്കുന്നത്.
1986 ഫെബ്രുവരി 11 -ന് ചിലിയുടെ തെക്കൻ ഭാഗത്തുള്ള പുന്ത അരീനസിൽ ജനിച്ച അദ്ദേഹം ഒരു പതിറ്റാണ്ട് മുമ്പ് നടന്ന ബഹുജനപ്രകടനത്തിന് നേതൃത്വം നല്‍കിയതോടെയാണ് അറിയപ്പെട്ടത്. അന്നദ്ദേഹം വെറുമൊരു വിദ്യാർത്ഥിയായിരുന്നു എന്നതും ശ്രദ്ധേയം. മെച്ചപ്പെട്ടതും ചെലവ് കുറഞ്ഞതുമായ വിദ്യാഭ്യാസം ആവശ്യപ്പെട്ടു കൊണ്ടായിരുന്നു ആ സമരങ്ങള്‍.
ചിലി യൂണിവേഴ്സിറ്റിയിൽ നിയമ വിദ്യാർത്ഥിയായിരുന്ന അദ്ദേഹം, എന്നാൽ തന്റെ പഠനം പൂർത്തിയാക്കിയില്ല. പകരം രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു. 2013 -ൽ അദ്ദേഹം തന്റെ മഗല്ലൻസ് പ്രദേശത്തെ പ്രതിനിധീകരിച്ച് ഒരു സ്വതന്ത്രനായി കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് വൻ വിജയത്തോടെ രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടു.
ഒരു സാധാരണ പ്രസിഡണ്ട് സങ്കല്‍പത്തില്‍ നിന്നും മാറി പച്ചകുത്തിയ, താടിവച്ച, അപൂര്‍വമായി മാത്രം ടൈ ധരിക്കുന്ന ബോറിക് രൂപം കൊണ്ടുപോലും മാറ്റത്തെ പ്രതിനിധാനം ചെയ്‍തുവെന്ന് സംസാരമുണ്ടായി. പ്രചരണവേളയിൽ, ഒബ്സസീവ് കംപൾസീവ് ഡിസോർഡർ രോഗനിർണയത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു, 'ചിലി മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിക്കുന്നത് നല്ലതാണ്' എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നിരുന്നാലും, വിമർശകർ പറയുന്നത്, അദ്ദേഹം അനുഭവ പരിചയമില്ലാത്തവനാണെന്നും, 'തനിക്ക് ഇനിയും പഠിക്കാനുണ്ട്' എന്നും അദ്ദേഹം തന്നെ സമ്മതിച്ചിരുന്നു എന്നുമാണ്.
താൻ കവിതയുടെയും ചരിത്രത്തിന്റെയും തീക്ഷ്ണമായ വായനക്കാരനാണെന്ന് പറയുന്ന ബോറിക്, സ്വയം ഒരു മിതവാദി സോഷ്യലിസ്റ്റ് ആണെന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ, സജീവരാഷ്ട്രീയത്തിലേക്കിറങ്ങിയതോടെ തന്റെ ആക്ടിവിസ്റ്റ് കാലത്തെ നീണ്ട മുടി അദ്ദേഹം ഉപേക്ഷിച്ചു, ജാക്കറ്റുകൾ ഇപ്പോൾ പലപ്പോഴും അദ്ദേഹത്തിന്റെ ഇരു കൈകളിലെയും ടാറ്റൂകൾ മറയ്ക്കുന്നു.
പെൻഷൻ സമ്പ്രദായം മാറ്റിമറിക്കുക, സാർവത്രിക ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെയുള്ള സാമൂഹിക സേവനങ്ങൾ വിപുലീകരിക്കുക, വൻകിട കമ്പനികൾക്കും സമ്പന്നരായ വ്യക്തികൾക്കും നികുതി വർധിപ്പിക്കുക, ഹരിത സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുക തുടങ്ങിയ വാഗ്ദാനങ്ങൾ പാലിച്ചുകൊണ്ട് തന്നെ അദ്ദേഹം തന്റെ കാഴ്ചപ്പാടുകളിൽ ചിലത് മയപ്പെടുത്തി.
പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ റൺ-ഓഫ് വോട്ടിൽ, ആദ്യ റൗണ്ടിൽ കാസ്റ്റിനെ പിന്നിലാക്കിയ ശേഷം, തലസ്ഥാനമായ സാന്റിയാഗോയിൽ അദ്ദേഹം തന്‍റെ വോട്ട് തേടല്‍ ഊര്‍ജ്ജിതമാക്കി. കൂടാതെ ഗ്രാമീണ മേഖലയിലെ വോട്ടർമാരെ ആകർഷിക്കുകയും ചെയ്തു. അതിന് ശേഷമാണ് അദ്ദേഹത്തിന്റെയീ ഉജ്ജ്വല വിജയം. സ്വവര്‍ഗവിവാഹത്തെയും ഗര്‍ഭച്ഛിദ്രത്തെയും അനുകൂലിക്കുന്ന അദ്ദേഹത്തിന് സ്ത്രീകളുടെ പിന്തുണയേറിയതും ഈ വലിയ വിജയത്തിന് കാരണമായി.
തന്‍റെ കാമുകിക്കൊപ്പമാണ് അദ്ദേഹം വിജയപ്രസംഗം നടത്തിയത്. അതില്‍ 'താന്‍ ചിലിയിലെ എല്ലാ മനുഷ്യര്‍ക്കും വേണ്ടിയുള്ള പ്രസിഡണ്ടാകും' എന്നാണ് എടുത്തു പറഞ്ഞത്. ചെറുപ്പക്കാരനും ഇടതുപക്ഷക്കാരനുമായ പുതിയ പ്രസിഡണ്ടിന് ജനങ്ങൾക്കും രാജ്യത്തിനും വേണ്ടി കൂടുതലെന്തോ ചെയ്യാനുണ്ട് എന്ന പ്രതീക്ഷയിലാണ് ചിലി.