ശങ്കര്‍ ; കാര്‍ട്ടൂണുകളിലൂടെ ഇന്ത്യന്‍ ജനാധിപത്യത്തെ ശുദ്ധീകരിക്കാന്‍ ശ്രമിച്ച പ്രതിഭ
ജനാധിപത്യത്തിന്‍റെ നിലനില്‍പ്പ് വിമര്‍ശനങ്ങളിലാണ്. ഓരോ വിമര്‍ശനങ്ങളും ജനാധിപത്യ പ്രക്രിയയെ സക്രിയമാക്കാന്‍ സഹായിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, വിമര്‍ശനങ്ങളെ ഭയക്കുന്ന കാലത്ത് ജനാധിപത്യം നിശ്ചലമാകുന്നു. ഒരു കാലത്ത് ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയുടെ നേര്‍ കണ്ണാടിയായി പ്രവര്‍ത്തിച്ചിരുന്നത് കാര്‍ട്ടൂണുകളാണെന്ന് നിസംശയം പറയാം. രാജ്യത്തിന്‍റെ നയങ്ങള്‍ രൂപീകരിക്കുന്നത് പാര്‍ട്ടികളും പാര്‍ട്ടികളെ പ്രതിനിധാനം ചെയ്യുന്ന നേതാക്കന്മാരുമാണെന്നതിനാല്‍, ഏറ്റവും കൂടുതല്‍ വിമര്‍ശന വിധേയരായിരുന്നതും രാഷ്ട്രീയ നേതൃത്വമാണ്. ആ വിമര്‍ശനങ്ങള്‍ക്ക് ചുക്കന്‍ പിടിച്ചതാകട്ടെ കാര്‍ട്ടൂണിസ്റ്റുകളും. രാജ്യത്തെ ഭരണാധികാരികള്‍ വരെ ചൂളിപ്പോയ കാര്‍ട്ടൂണുകള്‍ നേതാക്കളെ എന്നും അസ്വസ്ഥരാക്കിയിരുന്നു. സമകാലികരായ രാഷ്ട്രീയ നേതൃത്വങ്ങളെ ബഹുമാനിച്ചിരുന്നെങ്കിലും അവരെ ഭയക്കാതിരുന്ന കാര്‍ട്ടൂണിസ്റ്റാണ് ശങ്കര്‍. രാജ്യത്തെ ഏറ്റവും ജനകീയനായ ഭരണാധികാരിയെ വിമര്‍ശിക്കുമ്പോഴും ആ കാര്‍ട്ടൂണുകളെ ജനം നെഞ്ചേറ്റി. സ്വതന്ത്രാനന്തര ഇന്ത്യയില്‍ കാര്‍ട്ടൂണെന്നാല്‍ അത് ശങ്കർ തന്നെ ആയിരുന്നു. ചിരിയും ചിന്തയും വിചിന്തനവും തരുന്ന കാർട്ടൂണുകൾ അദ്ദേഹം ജീവിതത്തിലുടനീളം സൃഷ്ടിച്ചു. അദ്ദേഹത്തിന്‍റെ ചില കാർട്ടൂണുകൾ കാണാം.
ശങ്കറിന്‍റെ കാലത്ത് വാര്‍ത്തകളേക്കാള്‍ മൂര്‍ച്ചയുള്ള ആയുധമായി കാര്‍ട്ടൂൺ ജനങ്ങളിലേക്കും ഇറങ്ങിച്ചെന്നു. രാഷ്ട്രീയ നേതൃത്വങ്ങളില്‍ ചിലര്‍ അസ്വസ്ഥരായി മറ്റ് ചിലര്‍ ആരോഗ്യപരമായ വിമര്‍ശനമായി കണ്ട് ആസ്വദിച്ചു.
രാഷ്ട്രീയ നേതൃത്വങ്ങള്‍ ശങ്കറിനെ കാര്‍ട്ടൂണിന്‍റെ പേരില്‍ വേട്ടയാടി തുടങ്ങിയത് ഇന്ദിരയുടെ ഏകാധിപത്യ വാഴ്ചയോടെയാണ്.
ഭരണകൂടം വിമര്‍ശനങ്ങളെ ഭയന്ന് ഏകാധിപത്യ സ്വഭാവം പുലര്‍ത്തുമ്പോള്‍, വിമര്‍ശനങ്ങള്‍ നിശബ്ദമാക്കപ്പെടും.
മാധ്യമ സ്വാതന്ത്രത്തിന്‍റെ ലോക റാങ്ക് പട്ടികയില്‍ ഇന്ത്യ 142 -ാം സ്ഥാനത്താണെന്ന കണക്ക് കൂടി ശങ്കറിന്‍റെ ജന്മദിനത്തില്‍ നമ്മള്‍ കൂട്ടി വായിക്കേണ്ടതുണ്ട്.
ശങ്കര്‍ , തന്‍റെ പ്രിയ സുഹൃത്തായ നെഹ്റുവിനെ അതിനിശിതമായി തന്നെ വിമര്‍ശിച്ചിട്ടുണ്ട്. അംബേദ്കറെ വിമർശിച്ചു, ഇന്ദിരാഗാന്ധിയെ വിമർശിച്ചു.
ജനാധിപത്യ ഭരണകൂടം ജനങ്ങളാല്‍ വിമര്‍ശിക്കപ്പെടണമെന്ന് അദ്ദേഹം വിശ്വസിച്ചു.
എന്നാൽ, അടിയന്തിരാവസ്ഥാക്കാലത്ത് അദ്ദേഹത്തിന് തന്‍റെ പ്രസിദ്ധീകരണം അടച്ചുപൂട്ടേണ്ടി വന്നു.
ഏകാധിപത്യ ഭരണകൂടങ്ങള്‍ വിമര്‍ശനങ്ങളെ ഭയക്കുന്നുവെന്ന് ഇന്ത്യ കണ്ടു.
അദ്ദേഹത്തിന്‍റെ ഒരു അഭിമുഖത്തില്‍ കുട്ടിക്കാലത്ത് ക്ലാസില്‍ ഉറങ്ങിയ ടീച്ചറുടെ ചിത്രം വരച്ചതിന് തല്ല് കിട്ടിയ ഒരു അനുഭവം പറയുന്നുണ്ട്.
അന്ന് ടീച്ചറുടെ കൈയില്‍ നിന്നും തല്ല് വാങ്ങിയ ആ കുട്ടിയാണ് പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിയെ വരെ തന്‍റെ വരകളിലൂടെ വിമര്‍ശിച്ചത്.
എന്നാല്‍, സ്കൂള്‍ ടീച്ചറെ പോലെ തല്ലുകയല്ല പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ചെയ്തത്. മറിച്ച് ശങ്കറിനെ അദ്ദേഹം തന്‍റെ സുഹൃത്തും ഒപ്പം വിമര്‍ശകനുമായി കണ്ടു. അദ്ദേഹത്തിന്‍റെ മകള്‍ ഇന്ദിരയ്ക്ക് അതിന് കഴിഞ്ഞില്ലെന്നുള്ളത് ചരിത്രം.
സ്വതന്ത്ര ഇന്ത്യയുടെ പ്രധാനമന്ത്രിയെ മാത്രമല്ല ബ്രീട്ടീഷ് സാമ്രാജ്യത്തിന്‍റെ ഇന്ത്യന്‍ പ്രതിനിധിയായ വൈസ്രോയിയെ പോലും വരകളിലൂടെ വിമര്‍ശിക്കാന്‍ ശങ്കര്‍ മടിച്ചിരുന്നില്ല.
അതുപോലെ തന്നെ പ്രധാനമായിരുന്നു വിമര്‍ശിക്കപ്പെട്ടവരുടെ മനോഭാവവും. എന്നാല്‍ ഇന്ദിരാ ഗാന്ധിയുടെ പ്രധാനമന്ത്രി പദം മുതല്‍ കാര്‍ട്ടൂണിസ്റ്റുകള്‍ ഭരണകൂടത്തിന്‍റെ നിരീക്ഷണത്തിലാക്കപ്പെട്ടു.
ശങ്കറിന് തന്‍റെ സ്ഥാപനം തന്നെ പൂട്ടേണ്ട അവസ്ഥ വന്നു.
ദീപശിഖയുമായി വളരെ മുന്നില്‍ ഓടുന്ന നെഹ്‌റുവിന്‍റെ പിറകിലായി ഓടുന്ന കോണ്‍ഗ്രസുകാരുടെ കാര്‍ട്ടൂണ്‍ ശങ്കറിന്‍റെ പ്രവചനമായിരുന്നു. നെഹ്റുവിന് പുറകെ ഗുല്‍സാരിലാല്‍ നന്ദ, ലാല്‍ബഹദൂര്‍ ശാസ്ത്രി. ഇന്ദിരാ ഗാന്ധി എന്ന ക്രമത്തില്‍... ശങ്കറിന്‍റെ കാര്‍ട്ടൂണില്‍ നിന്ന് ഇറങ്ങി വന്ന് പ്രധാനമന്ത്രിമാര്‍ ഇന്ത്യ ഭരിച്ചു.
നെഹ്‌റു മരിക്കുന്നതിന് മുമ്പ് ശങ്കര്‍ വരച്ച ആ കാര്‍ട്ടൂണ്‍ ഇന്ത്യന്‍ രാഷ്ട്രീയാധികാരത്തിന്‍റെ ക്രമമായി മാറിയെന്നത് ചരിത്രം.
അത് തന്നെയാണ് ഒരു കാര്‍ട്ടൂണിസ്റ്റെന്ന നിലയില്‍ ശങ്കര്‍ എന്ന കാര്‍ട്ടൂണിസ്റ്റിന്‍റെ വിജയവും.