Brutus shark : ബ്രൂട്ടസ്, ലോകത്തിലെ ഏറ്റവും അപകടകാരിയായ വേട്ടക്കാരന്‍ !
'സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്‍റെ സിനിമകളിലെ സ്രാവുകളെ പോലൊന്ന്', എന്നാണ് യൂവാൻ റണ്ണച്ചൻ (36) എന്ന ലണ്ടനില്‍ നിന്നുള്ള ഫോട്ടോഗ്രാഫർ, താന്‍ പകര്‍ത്തിയ സ്രാവിനെ വിശേഷിപ്പിച്ചത്. കാഴ്ചയിലും അവന്‍ അതിഭയങ്കരനാണെന്ന് തോന്നിക്കും. മെക്സിക്കോയിലെ ഗ്വാഡലൂപ്പ് ദ്വീപിന് (Guadalupe Island) ചുറ്റുമുള്ള കടലില്‍ നിന്നാണ് യൂവാന്‍ വെള്ള സ്രാവിന്‍റെ (white shark) വീഡിയോ പകര്‍ത്തിയത്. തീറ്റയായി ഇട്ട് കൊടുത്ത ഭക്ഷണം കഴിക്കാനായി ശ്രമിക്കുമ്പോളാണ് താന്‍ 'ഈ ഭീകരന്‍റെ' ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് യൂവാന്‍ പറയുന്നു. മെക്സിക്കോയിലെ ഗ്വാഡലൂപ്പ് ദ്വീപിലെ കടലില്‍ ഏതാണ്ട് 12 അടി ഉയരമുള്ള അവന്‍ ഒന്ന് മിന്നിമറഞ്ഞു. ഈ മാസം ആദ്യം മെക്സിക്കൻ ദ്വീപിൽ നിന്ന് ഒരു കേജ്-ഡൈവിംഗിനിടെ പകര്‍ത്തിയതാണ് വീഡിയോ.
'ബ്രൂട്ടസ്' (Brutus) എന്ന് വിളിപ്പേരുള്ള 1,500 പൗണ്ട് (680 കിലോ) ഭാരമുള്ള ആ വലിയ വെളുത്ത സ്രാവിനെ 'ലോകത്തിലെ ഏറ്റവും കടുപ്പമേറിയ വലിയ വെള്ള സ്രാവ്' എന്നാണ് യൂവാന്‍ വിശേഷിപ്പിച്ചത്. ഇരയെടുക്കാനായി ഉയര്‍ന്ന് പൊങ്ങിയെങ്കിലും കിട്ടാതായപ്പോള്‍ മേല്‍ചുണ്ട് നീക്കി കൂര്‍ത്ത മുന്‍പല്ലുകള്‍ കാണിച്ച് അവന്‍ കടലിന്‍റെ ആഴങ്ങളിലേക്ക് ഊളിയിട്ടു.
'ഞങ്ങൾക്ക് ഈ വർഷം ഗ്വാഡലൂപ്പ് ദ്വീപിൽ അവിശ്വസനീയമായ ഒരു സീസൺ ഉണ്ടായിരുന്നു. അവിടെ ധാരാളം സജീവ സ്രാവുകളും ഉണ്ടായിരുന്നു,' യൂവാന്‍ പറഞ്ഞു. 'ഒരുപക്ഷേ അവരിൽ ഏറ്റവും സജീവമായത് ബ്രൂട്ടസ് ആയിരുന്നു. വീഡിയോ പകര്‍ത്തിയ ദിവസം ഞങ്ങള്‍ കടലിലേക്ക് ഇട്ട ചൂണ്ടയെ അവന്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അന്വേഷിച്ച് തുടങ്ങിയിരുന്നു.'
ചൂണ്ടയെ അന്വേഷിച്ചെങ്കിലും അതില്‍ അവന്‍ അമിതമായ താത്പര്യമൊന്നും കാണിച്ചില്ല. പെട്ടെന്ന് എവിടെ നിന്നോ ഒരു സീല്‍ (Sea lions) വന്ന് അവനെ പരിഹസിക്കാൻ തുടങ്ങി. സീല്‍ അവന് ചുറ്റും വട്ടമിട്ട് നീന്തുകയും ബ്രൂട്ടസിന്‍റെ വാലിലും ചിറകുകളിലും കളിയായി കടിക്കാനും ആരംഭിച്ചു.
നിമിഷ നേരം കൊണ്ട് അവന്‍റെ മാനസീകാവസ്ഥ മാറുന്നത് ഞങ്ങള്‍ കണ്ടു. എങ്കിലും ഇര കിട്ടാത്തതിലുള്ള നിരാശ അവനില്‍ അത്ര ശക്തമായി പ്രകടമായിരുന്നില്ലെന്നും യൂവാന്‍ പറയുന്നു. വലിയ വെള്ള സ്രാവുകൾ ഭൂമിയിലെ ഏറ്റവും വലിയ കൊള്ളയടിക്കാരായ മത്സ്യങ്ങളാണ്. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ സ്രാവുകള്‍ക്ക് 20 അടി വരെ നീളവും 5,000 പൗണ്ടിലധികം ഭാരവുമുണ്ടാകും.
സ്റ്റീവൻ സ്പിൽബർഗ് സിനിമകളിലെ അത്യപകടകാരികളായ സ്രാവുകള്‍ കാരണം പലപ്പോഴും 'ബുദ്ധിയില്ലാത്ത കൊലയാളികൾ' ആണ് വെളുത്ത സ്രാവുകളെന്ന ഒരു പൊതു ധാരണ മനുഷ്യര്‍ക്കിടയില്‍ രൂപപ്പെട്ടിട്ടുണ്ട്. എന്നാല്‍, വലിയ വെളുത്ത സ്രാവുകൾ യഥാർത്ഥത്തിൽ വളരെ സെൻസിറ്റീവും ബുദ്ധിശക്തിയുള്ള ജീവികളാണെന്നും യൂവാന്‍ പറയുന്നു.
മനുഷ്യന്‍റെ അമിതമായ മത്സ്യബന്ധനം കാരണം വലിയ വെളുത്ത സ്രാവുകളെ, ഇന്‍റർനാഷണൽ യൂണിയൻ ഫോർ ദി കൺസർവേഷൻ ഓഫ് നേച്ചർ ( International Union for the Conservation of Nature) ദുര്‍ബല വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്നു. വലിയ വെളുത്ത സ്രാവുകള്‍ പ്രധാനമായും ചെറു മത്സ്യങ്ങളെയാണ് ആഹാരമാക്കുന്നത്. വലിയ തോതിലുള്ള മത്സ്യബന്ധനം കാരണം സമുദ്രത്തിലെ ചെറു മത്സ്യങ്ങളുടെ എണ്ണത്തില്‍ ഭീമമായ കുറവാണ് വര്‍ഷാവര്‍ഷം രേഖപ്പെടുത്തുന്നത്.
എന്നാല്‍, വലിയ വെള്ള സ്രാവുകള്‍ക്ക് മനുഷ്യനെ ഭക്ഷിക്കുന്നതില്‍ വലിയ താത്പര്യമില്ലെന്നാണ് യൂവാന്‍റെ നിരീക്ഷണം. തങ്ങള്‍ നല്‍കിയ ഇര കിട്ടാത്തതിലുള്ള ബ്രൂട്ടസിന്‍റെ നിരാശയെ ഞാന്‍ എന്‍റെ നേട്ടത്തിനായി ഉപയോഗിച്ചെന്ന് യൂവാന്‍ പറയുന്നു. അവന്‍, എനിക്ക് ഫോട്ടോ എടുക്കാനായി എപ്പോള്‍ വായ തുറക്കുമെന്ന് എനിക്ക് ഊഹിക്കാന്‍ കഴിഞ്ഞു. ഇരയെടുക്കാനുള്ള അവന്‍റെ ശ്രമത്തെ എനിക്ക് ചിത്രീകരിക്കാന്‍ കഴിഞ്ഞു.
നാഷണൽ ജിയോഗ്രാഫിക്കിന്‍റെ പഠനങ്ങള്‍ പറയുന്നത് വലിയ വെള്ള സ്രാവുകള്‍ വളരെയേറെ ഇണങ്ങുന്ന വേട്ടക്കാരാണെന്നാണ്. അവയുടെ വായിൽ 300 വരെ പല്ലുകള്‍ അടുക്കിയിരിക്കും. അവ മൂര്‍ച്ചയേറിയതും ത്രികോണാകൃതിയിലുള്ളതുമാണ്. ഇത്രയധികം പല്ലുകൾ നിരവധി വരികളായി വായ്ക്കുള്ളില്‍ ക്രമീകരിച്ചിരിക്കുന്നു.
ഇരയെ കണ്ടെത്താൻ അവയ്ക്ക് അസാധാരണമായ ഘ്രാണശക്തിയുണ്ട്. മൃഗങ്ങൾ സൃഷ്ടിക്കുന്ന ചെറിയ വൈദ്യുതകാന്തിക മണ്ഡലങ്ങൾ പോലും മനസ്സിലാക്കാൻ കഴിയുന്ന അവയവങ്ങളും അവയ്ക്കുണ്ട്. കടൽ സിംഹങ്ങൾ, സീലുകള്‍, ചെറിയ പല്ലുള്ള തിമിംഗലങ്ങൾ, കടലാമകൾ, മറ്റ് മത്സ്യങ്ങളുടെ മൃതദേഹങ്ങള്‍ എന്നിവയും ഇവയുടെ പ്രധാന ഭക്ഷണത്തില്‍പ്പെടുന്നു.
വലിയ വെള്ള സ്രാവ് (Great white shark), വെള്ള സ്രാവ്, വൈറ്റ് പോയിന്‍റർ അല്ലെങ്കിൽ 'വലിയ വെള്ള' എന്നും ഇവ അറിയപ്പെടുന്നു. ഇവയെ ഏതാണ്ടെല്ലാ പ്രധാന സമുദ്രങ്ങളിലെയും തീരദേശ ജലത്തിൽ കാണപ്പെടുന്നു. വലിപ്പം ഏറെ ശ്രദ്ധേയമാണ്. പ്രായപൂർത്തിയാകുമ്പോൾ 6.1 മീറ്റർ (20 അടി) നീളവും 1,905-2,268 കി.ഗ്രാം (4,200-5,000 പൗണ്ട്) ഭാരവുമുണ്ടാകും. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് കൂടുതല്‍ വലിപ്പം വെക്കുന്നത്. ഏതാണ്ട് 70 വയസ്സ് വരെ ഇവ ജീവിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.