Cheetah: 70 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ മണ്ണില്‍ പായാനായി 'ചീറ്റ'കളെത്തും
70 വര്‍ഷത്തിനിടെ ആദ്യമായി ഇന്ത്യന്‍ മണ്ണില്‍ ചീറ്റകള്‍ (Cheetah) പായാനായി തയ്യാറെടുക്കുന്നു. ഒന്നു രണ്ടുമല്ല എട്ട് ചീറ്റകളാണ് ഇന്ത്യന്‍ മണ്ണില്‍ വേട്ടയ്ക്കായി തയ്യാറെടുക്കുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചീറ്റകളുള്ള നമീബിയയും (Namibia) ഇന്ത്യയും (India) തമ്മില്‍ ഇത് സംബന്ധിച്ച് 2022 ജൂലൈ 20-നാണ് ധാരണാ പത്രത്തില്‍ ഒപ്പുവച്ചതായി കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവ് തന്‍റെ ഔദ്യോഗിക ട്വീറ്റര്‍ അക്കൗണ്ടില്‍ എഴുതിയത്. നമീബിയയില്‍ നിന്ന് എട്ടംഗ സംഘം ഓഗസ്റ്റോടുകൂടിയാണ് ഇന്ത്യയിലെത്തുക. 1952-ൽ ഇന്ത്യയിലെ തദ്ദേശീയ ചീറ്റകള്‍ക്ക് വംശനാശം സംഭവിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ച് പതിറ്റാണ്ടുകൾക്ക് ശേഷമാണ് അവരുടെ തിരിച്ചുവരവെന്നതും ശ്രദ്ധേയം.
ലോകത്തിലെ ഏറ്റവും വേഗതയേറിയ കരയിലെ മൃഗമായ ചീറ്റയ്ക്ക് മണിക്കൂറിൽ 113 കിലോമീറ്റർ (70 മൈൽ) വേഗത കൈവരിക്കാൻ കഴിയും. ഇന്‍റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ റെഡ് ലിസ്റ്റ് ഓഫ് ത്രെറ്റന്ഡ് സ്പീഷീസിന് കീഴിൽ ഒരു ദുർബല ഇനമായിട്ടാണ് ഇവയെ കണക്കാക്കുന്നത്. ലോകമെമ്പാടുമായി 7,000 ത്തോളം ചീറ്റകള്‍ മാത്രമേ ഇപ്പോള്‍ അവശേഷിക്കൊന്നൊള്ളൂ.
2020 ൽ "ശ്രദ്ധാപൂർവ്വം തെരഞ്ഞെടുത്ത സ്ഥലത്ത്" മൃഗങ്ങളെ വീണ്ടും എത്തിക്കാമെന്നതിന് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി മൃഗങ്ങളെ ഏങ്ങനെ കൊണ്ടുവരാമെന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ കരാര്‍ പ്രഖ്യാപിച്ചത്.
ആദ്യം വരുന്ന ബാച്ച് ചീറ്റ സൗഹൃദ ഭൂപ്രദേശത്തിനായി തെരഞ്ഞെടുത്ത മധ്യപ്രദേശിലെ കുനോ-പൽപൂർ (Kuno National Park) ദേശീയ ഉദ്യാനത്തിലേക്കാകും പോവുക. "ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഭൗമ മുൻനിര ജീവികളായ ചീറ്റകളെ പുനഃസ്ഥാപിച്ചുകൊണ്ട് സ്വാതന്ത്ര്യത്തിന്‍റെ 75 മഹത്തായ വർഷങ്ങൾ പൂർത്തിയാക്കുന്നത് ഭൂപ്രകൃതിയുടെ പാരിസ്ഥിതിക ചലനാത്മകതയെ പുനരുജ്ജീവിപ്പിക്കും," എന്ന് ഇന്ത്യയുടെ പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് സാമൂഹിക മാധ്യമത്തിലെഴുതി.
മിന്നൽ വേഗതയ്ക്ക് പേര് കേട്ട മൃഗമായിരുന്നെങ്കിലും വേട്ടയാടൽ, ആവാസവ്യവസ്ഥയുടെ നഷ്ടം, ഭക്ഷ്യ ദൗർലഭ്യം എന്നിവയെല്ലാം ഇന്ത്യന്‍ ചീറ്റയുടെ തിരോധാനത്തിന് വഴി തെളിച്ചു. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം രാജ്യത്ത് വംശനാശം സംഭവിച്ച ഒരേയൊരു വലിയ സസ്തനിയാണ് ചീറ്റ എന്ന് കരുതുന്നു.
അറേബ്യൻ പെനിൻസുല മുതൽ അഫ്ഗാനിസ്ഥാൻ വരെയുള്ള പ്രദേശങ്ങളിലെ വേഗരാജാവായിരുന്നു ഒരിക്കല്‍ ഏഷ്യാറ്റിക് ചീറ്റ. എന്നാല്‍ ഇന്ന് ഇവയുടെ എണ്ണം വിരലിലെണ്ണാവുന്നത് മാത്രമാണ്. ഈ വര്‍ഷം ആദ്യം ഇറാന്‍ സര്‍ക്കാര്‍ തങ്ങളുടെ രാജ്യത്ത് 12 ഏഷ്യാറ്റിക് ചീറ്റകള്‍ അവശേഷിക്കുന്നതായി അറിയിച്ചിരുന്നു.
1970-കളിൽ 300-ഓളം മൃഗങ്ങൾ ഉണ്ടായിരുന്ന ഇറാനില്‍ നിന്ന് ചീറ്റകളെ കൊണ്ടുവരാനുള്ള ശ്രമം ഇന്ത്യാ ഗവണ്‍മെന്‍റ് നടത്തിയെങ്കിലും ഇക്കാലത്ത് ഇറാനില്‍ അറങ്ങേറിയ 'ഇറാനിയൻ വിപ്ലവ'ത്തിൽ ഷാ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. ഇതോടെ ഇന്ത്യയുടെ പദ്ധതികള്‍ അവസാനിച്ചു. ചീറ്റയെ പുനരാരംഭിക്കുന്ന പദ്ധതിയുടെ പ്രധാന ലക്ഷ്യം ഇന്ത്യയിൽ ചീറ്റ മെറ്റാപോപ്പുലേഷൻ സ്ഥാപിക്കുക എന്നതാണ്, ഇത് ചീറ്റയെ ഒരു മികച്ച വേട്ടക്കാരനായി അതിന്‍റെ പ്രവർത്തനപരമായ പങ്ക് നിർവഹിക്കാൻ അനുവദിക്കുന്നു," പരിസ്ഥിതി മന്ത്രാലയം പറഞ്ഞു.
എന്നാല്‍ എട്ട് ചീറ്റകള്‍ എത്തുമോ എന്ന കാര്യത്തില്‍ ഉറപ്പ് പറയാന്‍ പറ്റില്ല. കാരണം അവയുടെ ആരോഗ്യം, വാക്സിനേഷന്‍ തുടങ്ങിയ പല കടമ്പകള്‍ കൂടി ഇനി കടക്കേണ്ടതായുണ്ട്. ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് രോഗങ്ങളെന്തെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കുകയും ക്വാറന്‍റൈന്‍ ചെയ്യുകയും ചെയ്യും. എത്തുന്നതിന് മുമ്പ് അവരുടെ ഫിറ്റ്‌നസ് ഉറപ്പാക്കാൻ നിരവധി രോഗങ്ങൾക്കെതിരെ വാക്സിനേഷൻ നൽകും.
ആറ് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന കുനോ നാഷണൽ പാർക്കിൽ ഏഴ് ഭാഗങ്ങള്‍ ഇവയ്ക്കായി ഒരുങ്ങിയിട്ടുണ്ട്. അതിഥികളില്‍ കുട്ടികളുണ്ടെങ്കില്‍ അവയെ അമ്മയോടൊപ്പം താമസിപ്പിക്കും. പുരുഷന്മാരെ മറ്റൊരു വിഭാഗത്തിലാക്കും.
കനൈൻ ഡിസ്റ്റമ്പർ വൈറസ്, പാർവോവൈറസ്, അഡെനോവൈറസ് തുടങ്ങിയ രോഗങ്ങൾക്കെതിരെ ചീറ്റകൾക്ക് വാക്സിനേഷൻ ഈ ആഴ്ച ആരംഭിക്കുമെന്ന് പരിസ്ഥിതി മന്ത്രാലയ ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ത്യയിലെത്തിയ ശേഷം 45 ദിവസത്തേക്ക് ഇവരെ ക്വാറന്‍റൈനിൽ പാർപ്പിക്കും.
കുനോയിൽ വേട്ടക്കാരെ അകറ്റാൻ 12 കിലോമീറ്റർ നീളമുള്ള വേലി നിർമ്മിച്ചു കഴിഞ്ഞു. പാർക്കിലെ മുള്ളുള്ള കുറ്റിച്ചെടികൾ നീക്കം ചെയ്തും മാർബിൾ ഗ്രാസ്, തീമേഡ ഗ്രാസ് തുടങ്ങിയ രുചികരമായ പുല്ലുകളും ചില കാട്ടു പയർവർഗ്ഗങ്ങളും നട്ടുപിടിപ്പിച്ച് ചീറ്റയ്ക്ക് ആവശ്യമായ ആവാസവ്യവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമങ്ങളും നടന്നുകഴിഞ്ഞു.