പേമാരി; ഓസ്ട്രേലിയയിലെ വരണ്ട പ്രദേശമായ ഉലുരുവില്‍ വെള്ളച്ചാട്ടം
ഓസ്ട്രേലിയയില്‍ കഴിഞ്ഞ ആഴ്ചകളില്‍ പെയ്ത മഴയില്‍ സിഡ്നി നഗരത്തിന് സമീപത്തെ ചെറിയ നഗരങ്ങളിലെല്ലാം തന്നെ വെള്ളം കയറുകയും ആളുകള്‍ നഗരങ്ങളില്‍ നിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുകയും ചെയ്തിരുന്നു. അപ്രതീക്ഷിതമായി പെയ്ത അധികമഴയില്‍ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടി. നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് തങ്ങള്‍ താമസിച്ചിരുന്ന വീടുകള്‍ വിട്ട് സുരക്ഷിതമായ പ്രദേശങ്ങളിലേക്ക് മാറേണ്ടിവന്നു. എന്നാല്‍ കനത്ത മഴ പെയ്തതോടെ പുതിയ ടൂറിസം സാധ്യതകള്‍ തേടുകയാണ് ഓസ്ട്രേലിയയിലെ ദേശീയ പാര്‍ക്കുകളിലൊന്നായ ഉലുരു. അതെ, രാജ്യത്ത് ഏറെ നാശം വിതച്ച മഴയെ ടൂറിസത്തിനായി പ്രയോജനപ്പെടുത്തുകയാണ് ഉളുരു-കാറ്റാ ജുറ്റ ദേശീയ ഉദ്യാനം. യുനസ്കോ പൈതൃക പട്ടികയില്‍പ്പെടുത്തിയ പ്രദേശമാണിത്.
ഓസ്ട്രേലിയയുടെ വടക്ക് - കിഴക്കന്‍ പ്രദേശങ്ങളില്‍ പേമാരി പെയ്യുമ്പോള്‍, നേര്‍ത്ത് ടെറിട്ടറിയുടെ ഭാഗമായ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ വരണ്ട പ്രദേശമായ ഉളുരു-കാറ്റാ ജുറ്റ ദേശീയ ഉദ്യാനത്തില്‍ അതിശയിപ്പിക്കുന്ന ഒരു വെള്ളച്ചാട്ടം ദൃശ്യമായി.
വടക്ക് - കിഴക്കന്‍ പ്രദേശത്തെ അതിശക്തമായ മഴ ഉളുരുവിലെ മരുഭൂമിയിലും 50 മില്ലിമീറ്റർ മഴ പെയ്യിച്ചു. ലോകപ്രശസ്തമായ പാറയ്ക്ക് കൂടുതല്‍ ചുന്ന നിറം ദൃശ്യമായി. പാറയില്‍ നിന്നും നീരൊഴുക്കാരംഭിച്ചതോടെ ധാരാളം വിനോദസഞ്ചാരികളും ഇവിടെക്ക് എത്തി ചേര്‍ന്നു.
ഉളുരു-കാറ്റാ ജുറ്റ ദേശീയ ഉദ്യാനത്തിലെ രണ്ട് പ്രധാന സ്ഥലങ്ങളാണ് ഉലുരുവും കാറ്റാ ജുറ്റയും. ഏതാണ്ട് 1,943 കിലോമീറ്റര്‍ ചുറ്റളവില്‍ കിടക്കുന്ന വിശാലവും പരന്നതുമായ വരണ്ട മരുപ്രദേശത്തിന് സമാനമായ പ്രദേശത്തെ രണ്ട് ദേശീയോദ്ധ്യാനത്തിലെ ഉയര്‍ന്ന രണ്ട് വലിയ പാറകളാണ് ഉലുരുവും കാറ്റാ ജുറ്റയും.
ചെറുതും വലുതുമായ ഏറെ വെള്ളച്ചാട്ടങ്ങളുള്ള കേരളത്തിലെ വെള്ളച്ചാട്ടം പോലെ ഒന്നല്ല ഉലുരുവിലെ വെള്ളച്ചാട്ടം. വിശാലമായ മരുപ്രദേശത്തെ പാറയാണെങ്കിലും ഏറെ നൂറ്റാണ്ടുകള്‍ ജലമൊഴുകി രൂപം കൊണ്ട നിരവധി അടയാളങ്ങള്‍ ഇവിടെ കാണാം.
നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങളുടെ ദൃശ്യങ്ങൾ ഉലുരു-കാറ്റാ റ്റുത നാഷണൽ പാർക്ക് തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധപ്പെടുത്തി. ഇതോടെ നൂറ് കണക്കിനാളുകളാണ് പാറകാണാനായി എത്തുന്നത്.
പാറയുടെ ഉപരിതലത്തിലെ മഴവെള്ളം പാറയുടെ നിറം മാറ്റത്തിന് കാരണമാകുന്നു. ഇരുണ്ട ബർഗണ്ടി മുതൽ തിളങ്ങുന്ന വെള്ളിയും കറുപ്പും നിറങ്ങള്‍ വരെ കാണാം. ഉളുരുവിന്‍റെ ഓരോ വശവും വ്യത്യസ്തമായ നിറങ്ങളിലാണ് കാണപ്പെടുന്നത്. ഈ കാഴ്ച ഫോട്ടോഗ്രാഫര്‍മാരെ നിരവധി ചിത്രങ്ങളെടുക്കാന്‍ പ്രയരിപ്പിക്കുന്നു.
ശക്തമായ പേമാരി പാറയുടെ മുകളില്‍ പതിച്ചതോടെ ദേശീയോദ്യാനത്തിലെ 1,943 കിലോമീറ്റര്‍ പ്രദേശവും അതുവരെ പ്രകടിപ്പിച്ചതില്‍ നിന്ന് വ്യത്യസ്തമായൊരു സ്വഭാവത്തിലേക്ക് കടന്നു. മഴയെത്തുടർന്ന്, മരുഭൂമിയിലെ സസ്യങ്ങൾ വീണ്ടും തളിര്‍ത്തു. ഭക്ഷണം തേടാനും ഇണചേരാനുമായി ധാരാളം മൃഗങ്ങൾ പ്രദേശത്തേക്ക് എത്തിത്തുടങ്ങി.
മൃഗങ്ങളുടെ വരവും സസ്യജാലങ്ങള്‍ വീണ്ടു തളിര്‍ത്തതും വരണ്ട പ്രദേശത്തെ ഏറെ മനോഹരമാക്കി. 'ഉലുരുവിൽ ഒരു സ്വപ്നം സാക്ഷാത്കരിച്ചു. വർഷങ്ങളായി പാറയിൽ മഴ പെയ്യുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുകയായിരുന്നു. ഇന്ന് അത് സംഭവിച്ചു.' ഒരു സ്ത്രീ ഉലുരുവിന്‍റെ ഫോട്ടോയ്‌ക്കൊപ്പം എഴുതി.
മറ്റൊരു സ്ത്രീ അഭിപ്രായപ്പെട്ടത്: 'സുന്ദരി, ഉലുരുവിലേക്കുള്ള എന്‍റെ ഒരേയൊരു സന്ദർശനത്തിൽ, മഴയും കൊടുങ്കാറ്റും തമ്മില്‍ നേര്‍ക്ക് നേരെ പൊരുതുകയായിരുന്നു. അതിന്‍റെ പൂർണ്ണ സൗന്ദര്യം കാണാന്‍ ഞാൻ ഭാഗ്യവതിയായിരുന്നു. മണിക്കൂറിൽ നിറങ്ങൾ എങ്ങനെ മാറിയെന്ന് കാണുന്നത് തന്നെ അവിശ്വസനീയമാണ് ! '
നേരത്തെ 'ഐറസ് റോക്ക്' എന്നാണ് ഉലുരു അറിയിപ്പെട്ടിരുന്നത്. 2019 ഒക്ടോബറിലാണ് ഇവിടെക്കുള്ള സന്ദര്‍ശനം നിരോധിച്ചത്. നിരോധനം ഏര്‍പ്പെടുത്തുന്നതിന് മുമ്പ് ആയിരക്കണക്കിന് സന്ദജര്‍ശകര്‍ ഇവിടേക്ക് ഓരോ ദിവസവും പ്രവഹിച്ചിരുന്നു.
ഉലുരു റോക്ക്, പ്രാദേശിക അനാംഗു ജനത പവിത്രമായി കണക്കാക്കുന്ന സ്ഥലമാണ്. വടക്കൻ പ്രദേശത്ത് വരും ദിവസങ്ങളിലും കനത്ത മഴ പ്രവചനമുണ്ട്. ഇതോടെ പാര്‍ക്കിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പാര്‍ക്ക് അധികൃതര്‍ സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ഓള്‍ഗാസ് എന്നറിയപ്പെട്ടിരുന്ന പ്രദേശം 1985 ലാണ് പ്രദേശത്തെ ആദിവാസി സമൂഹമായ അനാംഗുക്കള്‍ക്ക് തിരികെ കൊടുക്കുന്നത്. തുടര്‍ന്ന് അനാംഗു മൂപ്പന്മാരുടെ ആവശ്യപ്രകാരമാണ് ഉലുരുവിലേക്കുള്ള മലകയറ്റം സര്‍ക്കാര്‍ നിരോധിച്ചത്.
ഉളുരു മലകയറ്റം 2019 ഒക്ടോബർ 26 മുതലാണ് നിരോധിച്ചത്. ഭൂരിപക്ഷം ആദിവാസി - പരമ്പരാഗത ഉടമകളും ഉൾപ്പെടുന്ന ഉലുരു - കാറ്റാ റ്റുട്ട നാഷണൽ പാർക്കിന്‍റെ മാനേജ്മെന്‍റ് ബോർഡ് ഏകകണ്ഠമായാണ് മലകയറ്റം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
'ഭൂമിക്ക് നിയമവും സംസ്കാരവുമുണ്ട്. ടൂറിസ്റ്റുകളെ ഞങ്ങൾ ഇവിടെ സ്വാഗതം ചെയ്യുന്നു. മലകയറ്റം നിരോധിക്കുന്നത് കൊണ്ട് അസ്വസ്ഥത തോന്നേണ്ട കാര്യമില്ല. മറിച്ച് ആഘോഷത്തിനുള്ള ഒരു കാരണമാണ്. നമുക്ക് ഒരുമിച്ച് വരാം, നമുക്ക് ഇത് ഒരുമിച്ച് അടയ്ക്കാം. പരമ്പരാഗത ഉടമയും ബോർഡ് ചെയർമാനുമായ സാമി വിൽസൺ പറഞ്ഞു.