ഇത് മരുന്ത് വാഴ് മലയുടെ ആകാശം, ഇവിടെ സഹ്യന്‍ പിറക്കുന്നു... !
ഏറെ നീണ്ടുനിന്ന, ഇന്നും അവസാനമില്ലാതെ വ്യാപനം തേടുന്ന രോഗാണു. അതിനിടെയിലെപ്പോഴോ രോഗവ്യാപനത്തിന് ശമനമുണ്ടായപ്പോള്‍ അടച്ച് പൂട്ടിയ വാതില്‍ പാതി തുറന്നു. ഏങ്ങോട്ടെങ്കിലും ഓടാനാണ് ആദ്യം തോന്നിയത്. പിന്നെ ഒറ്റയ്ക്കല്ല, ജീവിച്ചിരിക്കുന്ന എല്ലാവരും സമാനമായ പ്രശ്നങ്ങള്‍ക്ക് നടുവിലാണെന്നറിയാമെന്നത് കൊണ്ട് അല്പം അടങ്ങി. എങ്ങോട്ടെങ്കിലും പോകണമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് മില്‍ട്ടന്‍ മരുത്വാമലയെ കുറിച്ച് പറയുന്നത്. ഏറെ കേട്ടിട്ടുണ്ടെങ്കിലും പോയിട്ടില്ല. കന്യാകുമാരിക്കടുത്താണ്. മരുത്വാമലയെങ്കില്‍ മരുത്വാമല. കേറുക തന്നെ എന്ന് തീരുമാനിച്ചു. ഒന്ന് രണ്ട് പേരോട് അന്വേഷിച്ചപ്പോള്‍ പകല് കേറുന്നത് മടുപ്പാണെന്ന അറിവ് കിട്ടി. അങ്ങനെയെങ്കില്‍ പുലര്‍ച്ചെ പോകാമെന്ന് ഏറ്റു. ഒടുവില്‍ അടച്ചൂപൂട്ടലിനിടെ പാതി തുറന്ന വാതിലിലൂടെ ഞങ്ങള്‍ സൂര്യന്‍ ഉദിക്കും മുന്നെ മലകയറിയാം എന്നാഗ്രഹത്തില്‍ പുറപ്പെട്ടു. വരൂ നമ്മുക്കൊന്നിച്ച് കയറാം മരുത്വാമല അല്ല മരുന്ത്‍വാഴ് മല. ചിത്രങ്ങളും എഴുത്തും അനീഷ് ടോം.
തിരുവനന്തപുരത്ത് നിന്ന് അതിരാവിലെ മൂന്നിന് വിടാനായിരുന്നു പദ്ധതി പതിവ് പോലെ നാലരയും കഴിഞ്ഞ് മിനിറ്റ് സൂചി മിടിച്ച് തുടങ്ങിയപ്പോഴാണ് വണ്ടി ഓടിത്തുടങ്ങിയത്. ഉറക്കച്ചടവുണ്ടെങ്കിലും ആദ്യമായി കയറുന്ന മലയായതിനാല്‍ ചെറിയൊരു കൌതുകമുണ്ടായിരുന്നു. പിന്നെ പദ്ധതി അറിഞ്ഞപ്പോള്‍ മുതല്‍ പലരും പറഞ്ഞ് കേട്ട ചില കഥകളും ഒപ്പം കൂടിയിരുന്നു. നേരം പുലരുന്നതേയുള്ളൂ.
തമിഴ്നാട് അതിര്‍ത്തിയില്‍ പൊലീസ് ചെക് പോസ്റ്റ്. രോഗാണുവിന്‍റെ വ്യാപനത്തെ തുടര്‍ന്ന് പല സംസ്ഥാനങ്ങളും അതിര്‍ത്തികടക്കാന്‍ പല നിബന്ധനകളാണ് വയ്ക്കുന്നത്. അത് തന്നെ ഓരോ ദിവസം മാറിക്കൊണ്ടിരിക്കും. തിരിച്ച് പോകേണ്ടിവരുമോയെന്ന ആശങ്കയോടെ ചെക്പോസ്റ്റിലെ പോലീസുകാരനെ പോയി കണ്ടു. ചെറുപ്പക്കാരന്‍. പുതുതായി സര്‍വ്വീസില്‍ കയറിയതേയുള്ളൂവെന്ന് തോന്നുന്നു. 'ഏങ്കെ പോകറേന്‍ ?' തലയുയര്‍ത്താതെ ചോദ്യമെത്തി. മരുത്വാമലൈ..' , 'എന്നാ മാറ്റര്‍ ?', 'അല്ലാ അതിപ്പോ...', എന്ത് പറയണമെന്ന് ശങ്കിച്ചു. ചുമ്മാ കാണാന്‍ പോകുകയാണെന്ന് പറഞ്ഞാല്‍ വിട്ടില്ലെങ്കിലോ ? ഇനി ആരെയെങ്കിലും കാണാനാണെന്ന് പറയാമെന്ന് കരുതിയാല്‍ ആരെ ? പെട്ടെന്ന് ഒരു ഉത്തരം മനസില്‍ വരാതെ കൌണ്ടറിന്‍റെ കമ്പിയില്‍ പിടിച്ച് ഒരു സാധാ മലയാളിയായി, 'അത് സാറേ...' എന്ന് അല്പം സങ്കടമൊക്കെ ചേര്‍ത്ത് പറഞ്ഞ് തുടങ്ങും മുന്നേ ചിരിച്ച് കൊണ്ട് ആ യുവാവ് പറഞ്ഞു.. 'ന്നാ ട്രിപ്പാ... ? പാത്ത് പേങ്കേ.', 'ഏ... ?', 'പോങ്കേ സാാര്‍...' അയാള്‍ തുറന്ന് ചിരിച്ചു. മതി. അത് മതി. അതിരാവിലെ നല്ലൊരു ചിരി പുള്ളിക്കും കൊടുത്ത് ഞങ്ങള്‍ അവിടെ നിന്നും തമിഴ്നാട്ടിലേക്ക് കടന്നു.
നീണ്ട നാല് നാലര മണിക്കൂറിന് ശേഷം മരുത്വാമലയുടെ അടിവാരത്തെത്തുമ്പോള്‍ അങ്ങ് ദൂരെ ദൂരെ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഉയരാനുള്ള അയ്യാറെടുപ്പിലായിരുന്നു സൂര്യന്‍. നാഗര്‍കോവില്‍ കഴിഞ്ഞ് കന്യാകുമാരിക്ക് അഞ്ച് കിലോമീറ്റര്‍ മുമ്പ് പൊറ്റയടി എന്ന ഗ്രാമത്തില്‍ നിന്ന് ഏതാണ്ട് ഒന്നര കിലോമീറ്റര്‍ കിഴക്കോട്ട് പോയാല്‍ മരുത്വാമലയുടെ താഴ്വാരത്തെത്തും. മരുന്ത്‍വാഴ് മല, മരുത്വാ മല.., കാലം കഴിയുമ്പാള്‍ പേരുകളിലും വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്.
പക്ഷേ ഞങ്ങളെത്തും മുന്നേ ഒരുപാടു പേര് മലകയറിയിരുന്നു. നിരവധി ബൈക്കുകളും ബുള്ളറ്റുകളും അടിവാരത്തെ കടയ്ക്ക് സമീപത്തെ ആല്‍മരച്ചുവട്ടില്‍ ഇടം പിടിച്ചു. അതിന്‍റെ ഏറ്റവും ഒടുവിലായി ഒരു ചെറിയ കുളത്തിന് സമീപത്ത് വണ്ടി വച്ച് കടയില്‍ നിന്ന് രണ്ട് കുപ്പി വെള്ളവും വാങ്ങി ഞങ്ങള്‍ പതുക്കെ നടക്കാനാരംഭിച്ചു. ഉയരത്തിലേക്ക് ഉയര്‍ന്നുപോകുന്ന നിരവധി പടികള്‍. മലമുകളില്‍ വരെ പടികളായിരിക്കുമോയെന്ന് ശങ്കിച്ചു.
മുകളിലേക്ക് കയറിപ്പോകുമ്പോള്‍ ഒരു വശത്ത് കുത്തനെയുള്ള ഇറക്കത്തില്‍ അനേകം കുറ്റിച്ചെറികള്‍ പലതിനും നല്ലമുള്ളുണ്ട്. പക്ഷേ മിക്കതും പടര്‍ന്ന് പന്തലിച്ചാണ് നില്‍പ്പ്. ചെറിയ ഇലകളുള്ള ചെടികളാണ് പൊതുവേയെങ്ങും. പെരുമരം, അരശുമരം, വെമ്പാട, പേരാൽ എന്നിങ്ങനെ പലവിധത്തിലുള്ള മരങ്ങള്‍ ഇടയ്ക്കിടെയുണ്ട്. ചെറിയ കിളികളുടെ ശബ്ദം കേള്‍ക്കാം.
മറുവശത്ത് കുത്തനെയുള്ള മല. അതിനിടെയിലുള്ള വലിയ പാറകളിലെ വിടവുകളിലെ ചെറിയ ഗുഹകളിലെല്ലാം ഓരോ ദേവീ ദേവന്മാരാണ്. പരമ്പരാഗതമായ തമിഴ് പൂജ നടക്കുന്ന സ്ഥലമാണെന്ന് മനസിലാകും. ആദ്യത്തെ കല്‍ക്കെട്ട് കഴിഞ്ഞാല്‍ ചെറിയൊരു അമ്പലം. പാതി പാറയിലും മറ്റുമായി കൊത്തിയെടുത്ത് പണിതതാണ് അത്. നല്ല പഴക്കമുള്ളതായി ഒറ്റക്കാഴ്ചയില്‍ തന്നെ അറിയാം. അതിനകത്തിരുന്ന് ആരോ എന്തെക്കെയോ മന്ത്രങ്ങള്‍ ചൊല്ലുന്നു. അവിശ്വാസികളായതിനാല്‍ ഞങ്ങള്‍ അതിന്‍റെ വലത് വശത്തുള്ള മരത്തെ ചുറ്റി വീണ്ടും മകളിലേക്ക് നടന്നു. അവിടെ മറ്റൊരു ക്ഷേത്രം.
അതും കരിങ്കല്ലില്‍ നിര്‍മ്മിച്ചതാണ്. പടകയറി മുകളിലെത്തിയാല്‍ കരിങ്കല്ലില്‍ ഒരു വിശാലമായ മുറി മുറിയില്‍ മൂന്നാല് ജനലുകള്‍ അതിലൂടെ അങ്ങ് ദൂരെ ഇന്ത്യന്‍ മഹാസമുദ്രം കാണാം. അല്‍പം തെക്ക് കിഴക്കായി നോക്കിയാല്‍ കന്യാകുമാരിയിലെ തുരുവള്ളുവരുടെ പ്രതിമ ഒരു പൊട്ടുപോലെ കാണാം.
നാല് പുറവും പിന്നെ മേല്‍ക്കൂരയും കരിങ്കില്‍ പണിത മുറിയായതിനാല്‍ ചെറിയ തണുപ്പുണ്ട്. മുറിയില്‍ നിന്ന് പുറത്തിറങ്ങിയാല്‍ മൂന്നാല് പടി അത് കഴിഞ്ഞാല്‍ വീണ്ടുമൊരു ക്ഷേത്രം. അവിടെയും പൂജകളെന്തോ നടക്കുന്നുണ്ട്. ക്ഷേത്രത്തിന് വലത് വശത്തായി ഏറെ ഉയരത്തില്‍ ആകാശം മുട്ടി പടുകൂറ്റന്‍ പാറ അല്ല പറകൊണ്ടൊരു മല.
അവിടെ നിന്ന് വന്നവഴി തിരിച്ചിറങ്ങി. ആദ്യം കണ്ട മരത്തിന് ചുവട്ടിലെ ക്ഷേത്രത്തിലെത്തി. ക്ഷേത്രത്തിന് വലത് വശത്തായി ചെറിയൊരു കുളം പാറയില്‍ കൊത്തിയെടുത്തിട്ടുണ്ട്. അല്പം വെള്ളമുണ്ടെങ്കിലും ഇലകള്‍ വീണ് അഴുകിത്തുടങ്ങിയിരുന്നു. ആ കുളത്തിന് വലത് വശത്ത് കൂടി ചെറിയൊരു നടവഴി... കാടുകള്‍ക്കിടയിലൂടെ... ഇനി അതിലേയാണ് പോകേണ്ടത്. അതുവഴി ആദ്യത്തെ കുറച്ച് ദൂരം രസകരമായിരുന്നു. രാവിലത്തെ നനുത്ത വെളിച്ചം മലചുറ്റി കടന്ന് വരുന്നേയുണ്ടായിരുന്നൊള്ളൂ.
കുറച്ച് ദൂരം പിന്നിട്ടപ്പോഴേക്കും വഴിയുടെ സ്വഭാവം മാറി. ചെറിയ പറക്കല്ലുകളില്‍ നിന്ന് വലിയ പാറക്കല്ലുകളിലേക്ക് വഴി നിറഞ്ഞു. ഒന്നില്‍ നിന്ന് അടുത്തതിലേക്ക് കാലെടുത്ത് വച്ച് വേണം കയറാന്‍. പക്ഷേ ആ സുഖം ഒന്ന് ആസ്വദിച്ച് വരുംമുന്നേ വഴി വീണ്ടും മാറി. അത് നമ്മുക്ക് മുന്നില്‍ അങ്ങനെ ഉരുളന്‍ പറകള്‍ നിറഞ്ഞ് കുത്തനെ ഉയര്‍ന്നു മേലോട്ട് കയറി. അവിടവിടെ ചില ഗുഹകള്‍ ചുമര്‍കെട്ടി അടച്ച് വാതില്‍ വച്ചിട്ടുണ്ട്. കാല്‍ഭാഗം ദൂരമേ ആയൊള്ളൂവെന്ന് അതിരാവിലെ മലകയറി തിരിച്ചിറങ്ങുന്ന ചിലര്‍ തമിഴില്‍ പറഞ്ഞപ്പോള്‍ ചങ്കൊന്ന് പാളി.
ഇങ്ങനെയാണെങ്കില്‍ കൂടുതല്‍ ദൂരം കയറില്ലെന്ന് മില്‍ട്ടനും കട്ടായം പറഞ്ഞു. ഉറക്കമൊഴിച്ച് ഇത്രദൂരം എത്തിയിട്ട് തിരിച്ചിറങ്ങേണ്ടിവരുമോയെന്ന് ഭയന്നു. ഇടയ്ക്ക് കുടിക്കാനായി വാങ്ങിയ വെള്ളക്കുപ്പികളിലൊന്ന് ഏതാണ്ട് തീര്‍ന്നു തുടങ്ങി. രണ്ട് വശവും ആകാശമുട്ടേ ഉയര്‍ന്ന് നില്‍ക്കുന്ന വലിയ പാറകള്‍. അതിനിടെയില്‍ വെള്ളം കുത്തിയൊലിച്ചിറങ്ങിയ വഴിയിലൂടെ മലകയറിയവര്‍ തിരിച്ചിറങ്ങി വരുന്നു.
മിക്കവരും കായിക താരങ്ങളാണെന്ന് അവരുടെ വസ്ത്രങ്ങള്‍ പറഞ്ഞു. താഴ്വാരത്തുള്ള ഏതാ കോളേജിലെ കുട്ടികളാണ്. കായിക താരങ്ങള്‍. പ്രക്റ്റീസിന്‍റെ ഭാഗമായി രാവിലെ മലകയറാനെത്തിയതാണ്. താഴേക്ക് ആവേശത്തോടെ ഒടിയിറങ്ങുന്ന അവരില്‍ പലരില്‍ നിന്നായി ഇത്രയും വിവരങ്ങള്‍ അറിഞ്ഞു. പക്ഷേ വെള്ളക്കുപ്പി അതിനിടെയില്‍ കാലിയായി. ഇതിനിടെ മില്‍ട്ടന്‍ ഒരു കല്ലിന്‍ മുകളില്‍ ധ്യാനത്തിലാണെന്ന് പറഞ്ഞ് ഇരിപ്പായി. മലയുടെ അപ്പുറത്ത് സൂര്യന്‍ പതുക്കെ ഉയര്‍ന്ന് തുടങ്ങിയിരുന്നു.
ഒരു വിധത്തില്‍ മിട്ടനെ പൊക്കിയെടുത്ത് കയറ്റം തുടര്‍ന്നു. ചില സ്ഥലങ്ങളില്‍ കാല്‍മുട്ട് താടിക്ക് തട്ടിയോയെന്ന് തോന്നിച്ചു. അപ്പോഴേക്കും തലയ്ക്ക് മുകളില്‍ മരങ്ങളൊരുക്കിയ മറവ് മാറിയിരുന്നു. മുകളില്‍ നീലാകാശം. ഇടയ്ക്കിടയ്ക്ക് പഞ്ഞിമിഠായി പോലെ വെളുത്ത മേഘകൂട്ടങ്ങള്‍. കുത്തനെയുള്ള വലിയ രണ്ട് മലകള്‍ക്കിടയിലൂടെ വിശാലമായ കന്യാകുമാരി ജില്ല. പാറകള്‍ക്കിടയില്‍ ആളോളം പൊക്കത്തില്‍ മുനയൻ എന്നുവിളിക്കുന്ന മുൾച്ചെടി.
പുളിയിലയോളം വലുപ്പമുള്ള ആളുയരത്തില്‍ കുടവിരിച്ചത് പോലെുള്ള മരങ്ങള്‍ അവയ്ക്കടിയില്‍ കുറച്ച് നേരം ഇരുന്നു. കുട്ടികളും സ്ത്രീകളുമടങ്ങുന്ന ഒരു തമിഴ് കുടുംബം മലയിറങ്ങി വന്നു. കുറച്ചൂടെ കയറിയാല്‍ പിന്നെ വലിയ കയറ്റമില്ലെന്ന് അവര്‍ പറഞ്ഞു. കുട്ടികള്‍ ഒരു കല്ലില്‍ നിന്ന് മറുകല്ലില്ലേക്കെന്ന് എടുത്ത് ചാടിയപ്പോള്‍ ഉള്ളിലൊരാന്തല്‍ കയറി.
സൂര്യന്‍ ഞങ്ങള്‍ക്കൊപ്പമുണ്ടെന്ന് തോന്നി. മലയുടെ പകുതില്‍ നിന്ന് നോക്കുമ്പോള്‍ അതേ ഉയരത്തില്‍ കിഴക്ക് ദൂരെ സൂര്യന്‍ തിളങ്ങുന്നു. തെക്ക് വിശാലമായ ഭൂമി അത് കഴിഞ്ഞ് കടല്‍. ആകാശം. പച്ചയില്‍ നിന്ന് നീലയിലേക്ക് വീണ്ടും നീലയിലേക്ക്... സമയം ഏഴര കഴിഞ്ഞു. ഞങ്ങള്‍ വീണ്ടും നടക്കാന്‍ തുടങ്ങി. കുറച്ച് ദൂരം കൂടി കയറ്റമായിരുന്നു. അത് കഴിഞ്ഞ് ചേര്‍ത്ത് വച്ചത് പോലുള്ള രണ്ട് ഉരുളന്‍ പാറകള്‍ക്കിടയിലൂടെ നൂണ് അപ്പുറം കടന്നപ്പോള്‍ തികച്ചും വ്യത്യസ്തമായ പ്രകൃതി.
കുത്തനെയുള്ള ഭൂപ്രകൃതിയില്‍ നിന്നും മാറി വലിയ വലിപ്പമില്ലെങ്കിലും പടര്‍ന്ന് നില്‍ക്കുന്ന മരങ്ങള്‍ നിറഞ്ഞ ചെറിയൊരു പ്രദേശം. ആദ്യം മരങ്ങള്‍ക്കിടയിലൂടെയും പിന്നെ കുറച്ച് ദൂരം ചെറിയ കയറ്റവും കയറുമ്പോള്‍ പുറകില്‍ രണ്ട് മലകള്‍ ഉയര്‍ന്നുവന്നു. കുറച്ചുകൂടി മുന്നോട്ട് നടക്കുമ്പോള്‍ മലയില്‍ നിന്ന് തള്ളിനില്‍ക്കുന്ന ചെറിയൊരു പറക്കൂട്ടം. അതിനിടയിലൂടെ താഴേയ്ക്ക് നൂണ്ടിറങ്ങാനൊരു വഴി. അതുവഴി നൂണ്ടാല്‍ വലിയ രണ്ട് പാറകള്‍ക്കിടയില്‍ കുറച്ച് പേര്‍ക്ക് നില്‍ക്കാന്‍ കഴിയുന്ന ഒരു ഗുഹ. പിള്ളത്തടം ഗുഹ.
അവിടെ നിന്ന് നോക്കിയാല്‍ ഇടയ്ക്കിടെ ജലാശയങ്ങള്‍... റോഡിനായി പൊട്ടിച്ച് നിരത്തിയ അനേകം ചെറുമലകള്‍... റോഡുകള്‍. നോക്കെത്തുന്ന ദൂരത്തോളം വിശാലമായ കന്യാകുമാരിയും ശുചീന്ദ്രവും. അത് കഴിഞ്ഞാല്‍ കടല്‍... ആകാശം... ആരായാലും ഇരുന്നുപോകും. കുറച്ചേറെ നേരം. ഈ ഗുഹയിലാണ് ആറുവർഷത്തോളം നാരായണനെന്നൊരാള്‍ ധ്യാത്തിലിരുന്നത്. അദ്ദേഹം പിന്നീട് ശ്രീനാരായണനായി. അതില്‍ പിന്നീട് പലരും ഇരുന്നു. ചിലര്‍ ഇപ്പോഴും ഇരിക്കുന്നു. അവരെ കാണാനായി മറ്റുചിലരെത്തുന്നു. കുറച്ചേറെ നേരം അവിടിരുന്നപ്പോള്‍ ആളുകള്‍ വന്നും പോയുമിരുന്നു. ചിലര്‍ ഒറ്റയ്ക്ക് മറ്റു ചിലര്‍ കൂട്ടമായി തമാശകള്‍ പറഞ്ഞ്... അങ്ങനെ ...
സാഹസീകമായി പാറയുടെ ഇടത് വശം വഴി കോര്‍ത്ത് പിടിച്ച് ഒരു വിധത്തില്‍ മുകളിലെത്തി. മില്‍ട്ടന്‍ വന്ന വഴി നൂണ് തന്നെ കയറി. പാറയുടെ മുകളില്‍ ഒന്ന് രണ്ട് കള്ളിച്ചെടികള്‍ വര്‍ന്നു നില്‍ക്കുന്നു. മൂന്ന് വശത്തും വിശാലമായ ഭൂമി. പിന്നെ കടല്‍. പാരാഗ്ലൈഡിങ്ങാണോ പാരാ ജമ്പിങ്ങ് ആണോയെന്ന തര്‍ക്കത്തിലായിരുന്നു ഞാന്‍. അകത്തെ ഗുഹയിലെ തണുപ്പ് മുകളിലില്ല.
സൂര്യന്‍ ഏതാണ്ട് നമ്മക്കള്‍ക്കൊപ്പം ഉയരം പിടിച്ചു. പാറയില്‍ നിന്ന് ഇറങ്ങി വടക്ക് ചെറിയൊരു കയറ്റം കയറിയപ്പോള്‍ മുന്നില്‍ ഏതോ പൂജയ്ക്കായി ഒരുക്കിയ ആഴി. അതിന് പിന്നില്‍ കിഴക്ക് ദര്‍ശനം നോക്കി ഹനുമാന്‍. പണ്ട് പണ്ട് രാമരാവണ യുദ്ധത്തില്‍ ഹിമാലയത്തില്‍ മരുന്ന് പറിക്കാന്‍ പോയ ഹനുമാന് മരുന്നിന്‍റെ പേര് മറുക്കുകയും ഒടുവില്‍ ഒറ്റക്കൈയില്‍ ഒരു മല തന്നെ പറച്ച് കൊണ്ടുവന്നുവെന്ന കഥയില്‍, മരുന്നുമായി വരുന്ന വഴി കടലിനടുത്തെത്താറായപ്പോള്‍ ഹനുമാന്‍റെ വിരലുകള്‍ക്കിടയിലൂടെ മലയുടെ ചെറിയൊരു ഭാഗം അടര്‍ന്നുവീണു. അങ്ങനെ ആ മരുന്നുമല ,മരുതുവാഴും മലയായി. പിന്നെ പിന്നെ മരുത്വാമലയായി. കാര്യമെന്തായാലും ഹനുമാന്‍റെ പ്രതിമയ്ക്ക് ചുറ്റും കമ്പിവേലി തീര്‍ത്തിട്ടുണ്ട്.
അതില്‍ ആരോക്കെയോ എഴുതിയ പ്രാര്‍ത്ഥനകള്‍. കെട്ടിവച്ചതില്‍ നിന്നും അഴിഞ്ഞ് പോയ ചില പ്രാര്‍ത്ഥനകളില്‍ ഭര്‍ത്താവിന്‍റെ കുടി നിര്‍ത്താനും പരീക്ഷ പാസാവാനും മറ്റുമുള്ള അനേകം മലയാളം പ്രാര്‍ത്ഥനകളായിരുന്നു. വരുന്നവര് അങ്ങനെ ചിലത് എഴുതി കെട്ടിത്തൂക്കുമെന്ന് അവിടെയുണ്ടായിരുന്നയാള്‍ പറഞ്ഞു. ഒഴിഞ്ഞ കുപ്പികള്‍ വാങ്ങി അതില്‍ തുളസിയിട്ട് വച്ച വെള്ളം അയാള്‍ നിറച്ച് തന്നു. സൂര്യന്‍ ഏതാണ്ട് മുകളിലെത്തി.
വെയിലിന് കാഠിന്യമുണ്ടെങ്കിലും അതത്രയ്ക്ക് അങ്ങ് നമ്മളെ ബാധിക്കില്ല. അത്രയും മനോഹരമായ കാഴ്ചകളായിരുന്നു നാല് പുറവും. തെക്ക് അതിവിശാലമായ കന്യാകുമാരി ജില്ല. ദൂരെ ദൂരെ വിവേകാനന്ദപ്പാറ. അവിടെ എല്ലാറ്റിനും മൂക സാക്ഷിയായി തിരുവള്ളൂവര്‍. അതിനുമപ്പുറത്ത് ഒന്നൂടെ സൂക്ഷിച്ച് നോക്കിയാല്‍ കൂടംകുളം ആണവനിലയം കാണാം. ഒരു ജനത മുഴുവനും പൊരുതി നിന്നിട്ടും സര്‍ക്കാര്‍ ആണവനിലയിത്തില്‍ നിന്ന് പിന്മാറിയില്ല. ഈ കടലേറ്റക്കാലത്ത് എന്തുമാത്രം സുരക്ഷിതമാകുമാ ആണുനിലയമെന്ന് വെറുതേ ഓര്‍ത്തു.
അതും കഴിഞ്ഞ് തെക്ക് വടക്കോട്ട് നോക്കിയാല്‍ വിശാലമായി പരന്നുകിടക്കുന്ന തെങ്ങിന് തോപ്പുകള്ക്കിടെ കണ്ണെത്താദൂരത്തോളം കാറ്റാടി പാടങ്ങള്‍.... അത് കഴിഞ്ഞ് സഹ്യപര്‍വ്വതം തുടങ്ങുന്നു. സഹ്യപര്‍വ്വതം. മലയാളിയെ മലയാളിയാക്കിയ ഭൂപ്രകൃതി. ഇന്ന് ഏറെ നാശത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. പാറയും മരങ്ങളും നഷ്ടപ്പെട്ട് വിവസ്ത്രയാക്കപ്പെട്ട നിലയില്‍ ഒരു മലയെ സങ്കല്‍പ്പിക്കുകയെന്നാല്‍...
ആ മലമുകളിലും വീശുന്ന കാറ്റിന് ചൂടില്ല. ഇളം തണുപ്പ് മാത്രം. സഹ്യന്‍ പടിഞ്ഞാറ് ശുചീന്ദ്രം ദേശം. ഒരു കാലത്ത് തിരുവിതാംകൂറിനോടായിരുന്നു ശുചീന്ദ്രത്തിനും കന്യാകുമാരിക്കും കൂറ്. പുതിയ അതിര്‍ത്തികള്‍ വരയ്ക്കപ്പെടുമ്പോള്‍ പഴയ അതിര്‍ത്തികള്‍ അയവിറക്കാന്‍ കൊള്ളാം.
സമുദ്രനിരപ്പില്‍ നിന്ന് 800 അടി ഉയരത്തില്‍ മരുന്ത് വാഴ് മലയുടെ ഉച്ചിയില്‍ നിന്ന് ഒരു കറക്കം പൂര്‍ത്തിയാകുന്നു. സൂര്യന്‍ ഏതാണ്ട് തലയ്ക്ക് മുകളില്‍ തിളങ്ങി നിന്നു. പക്ഷേ കയറിവരുമ്പോള്‍ തോന്നിയ ക്ഷീണം അപ്രത്യക്ഷമായിരിക്കുന്നു. തളര്‍ന്ന് കയറിയ മില്‍ട്ടന്‍ പോലും കാഴ്ചയില്‍ മതിമറന്ന് നടക്കുന്നു.
കയറാനെടുത്ത നേരത്തേക്കാള്‍ കൂടുതല്‍ നേരം ആ 800 അടി മുകളിലിരുന്നു. സൂര്യന്‍ ഏതാണ്ട് ഉച്ചിയിലെത്തി. ഞങ്ങള്‍ പതുക്കെ മലയിറങ്ങി. ഞങ്ങള്‍ മലയിറങ്ങാന്‍ തുടങ്ങുമ്പോഴും ആളുകള്‍ കയറി വരുന്നുണ്ടായിരുന്നു. ഏതോ പരിപാടിക്കായി എഴുതി വച്ചത് അപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത്. കേരളത്തിലെ അനേകം എസ്എന്‍ഡിപി കരയോഗത്തിന്റെ പേരുകളും നമ്പറുകളും പാതിമാഞ്ഞ് അവിടവിടായി ചില പാറപ്പുറങ്ങളില്‍ എഴുതിയിട്ടിട്ടുണ്ടായിരുന്നു. കയറിയ ആയാസം ഇറങ്ങുമ്പോളില്ല. ഓരോ കുഞ്ഞനിലകളും കാറ്റത്താടി ഞങ്ങളെ വീണ്ടും വരാനായി ക്ഷണിക്കുന്നതായി തോന്നി. " ഈക്കയറ്റമൊന്നുമൊരു കയറ്റമല്ലെടോ... " ഇറങ്ങുമ്പോള്‍ മില്‍ട്ടന്‍ മൂന്നാല് തവണ പറയുന്നുണ്ടായിരുന്നു. പക്ഷേ താഴ്വാരത്തിലെത്തിയാല്‍ കയറിയിറങ്ങിയ ഓരോ പടികളും ഓരോ കല്ലുകളും നിങ്ങളുടെ കാലുകള്‍ ഓര്ത്തോര്ത്തെടുക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona