നീല മലകളും നീലാകാശവും; മനം മയക്കുന്ന ബോഡോലാൻഡ്
വടക്ക് കിഴക്കന്‍ സംസ്ഥാനമായ അസമിലെ സ്വയംഭരണ പ്രദേശമാണ് ബോഡോലാൻഡ്. കിഴക്കൻ ഹിമാലയത്തോട് ചേർന്ന് ഭൂട്ടാനുമായി അതിര് പങ്കിടുന്ന നാട്. രക്തരൂക്ഷിതമായ നിരവധി കലാപങ്ങൾക്കൊപ്പം മാത്രം കൂട്ടി വായ്ക്കപ്പെടേണ്ടിവന്ന പേരാണ് ബോഡോലാന്‍ഡിന്‍റെത്. പ്രഫഷണല്‍ ഫോട്ടോഗ്രാഫറും ബോഡോലാന്‍ഡ് അംബാസിഡറുമായ ജിമ്മി കമ്പല്ലൂര്‍ പകര്‍ത്തിയ ബോഡോലാൻഡ് ചിത്രങ്ങള്‍ കാണാം.
ഇന്ത്യക്കാർ ഉൾപ്പെടെ പലർക്കും ഇന്നും ഈ പ്രദേശത്തിലൂടെയുളള യാത്രകളെക്കുറിച്ചും സുരക്ഷയെക്കുറിച്ചും തെറ്റിദ്ധാരണകളുണ്ട്. ഈ തെറ്റിദ്ധാരണ നീക്കാന്‍ അസം ടൂറിസം, ബോഡോലാൻഡ് ടൂറിസം, ഡൈജിങ് ഫെസ്റ്റിവല്‍ സംഘാടകര്‍ എന്നിവര്‍ ചേർന്ന് ഒരുക്കുന്ന ടൂറിസം പ്രമോഷൻ പ്രോഗ്രാം ആണ് അംബാസ്സിഡേർസ് ഓഫ് ബോഡോലാൻഡ്. 2018 ൽ ആണ് ഈ പദ്ധതി തുടങ്ങിയത്.
ഇന്ത്യയിലുടനീളമുള്ള ബ്ലോഗേഴ്സിനെയും, വ്ലോഗേഴ്സിനെയും ആണ് പ്രധാനമായും ഈ പദ്ധതി വഴി ബോഡോലാൻഡിലേക്ക് ക്ഷണിക്കുക. സംഘത്തില്‍ ഒരു ഫോട്ടോഗ്രാഫറും കാണും. അങ്ങനെയൊരു സംഘത്തിലെ ഫോട്ടോഗ്രാഫർ ആയിരുന്നു ഞാൻ. യാത്രയ്ക്ക് പൂർണമായും ധനസഹായം ഉണ്ട് ( ഫ്ലൈറ്റ് ടിക്കറ്റ്, താമസം, ഭക്ഷണം എന്നിവ ഉൾപ്പെടുന്നു). ഒരാഴ്ച മുതൽ 10 ദിവസം വരെ നീണ്ടുനിൽക്കുന്ന യാത്രകളാണ് ഉണ്ടാവുക.
"ഓരോ പുരുഷനും സ്ത്രീക്കും ഉള്ളിൽ ഒരു രഹസ്യം മറഞ്ഞിരിക്കുന്നു, ഒരു ഫോട്ടോഗ്രാഫർ എന്ന നിലയിൽ അത് വെളിപ്പെടുത്തേണ്ടത് എന്‍റെ കടമയാണ്. ലോകത്തിന്‍റെ മുന്നിൽ നിന്ന് തങ്ങളുടെ അന്തർലീനങ്ങൾ മറച്ചുവെക്കാൻ എല്ലാ മനുഷ്യരും ധരിക്കുന്ന മുഖംമൂടിയുടെ ആവരണം ഇല്ലാതെയുള്ള ചിത്രങ്ങൾ വേണം പകർത്താൻ. ഒരു സെക്കൻഡിന്‍റെ നിമിഷാർത്തത്തിനുള്ളിൽ, അവസരത്തിന്‍റെ ക്ഷണികമായ ഇടവേളയിൽ ഫോട്ടോഗ്രാഫർ ക്ലിക്ക് ചെയ്തിരിക്കണം അല്ലെങ്കിൽ ചിത്രങ്ങൾ നഷ്ടപ്പെടും.” പ്രശസ്ത പോർട്രൈറ്റ് ഫോട്ടോഗ്രാഫർ ആയ യൂസഫ് കാർഷിന്‍റെ വാക്കുകൾ ആണ്. അതിനുള്ള ശ്രമങ്ങൾ ആണ് ഓരോ ചിത്രങ്ങളും.
എല്ലാ വര്‍ഷവും പുതുവല്സരത്തോടനുബന്ധിച്ച് ’ഐ' നദിയുടെ തീരത്ത് ഒരുക്കുന്ന വാർഷിക ഉത്സവമാണ് ഡൈജിംഗ് ഫെസ്റ്റിവൽ.
ഇതോടനുബന്ധിച്ചാണ് അംബാസിഡർസ് ഓഫ് ബോഡോലാൻഡ് സംഘടിപ്പിക്കുന്നത്.
മാനസ് ദേശീയോദ്യാനം ഉണ്ടെങ്കിലും ടൂറിസം അധികം കടന്നു ചെല്ലാത്ത ഭാഗമാണ് ബോഡോലാന്‍റ്. വലിയ ക്യാമറകൾ ഇവര്‍ക്ക് ഒട്ടും പരിചിതമല്ല.
അതുകൊണ്ട് തന്നെ ക്യാമറകൾക്ക് മുന്നിൽ വരാൻ അവര്‍ക്ക് കുറച്ചു മടിയുണ്ട്. ബോങായ് ഗാവില്‍ നിന്ന് പത്ത്-പതിനഞ്ച് കിലോമീറ്റര്‍ അകലെ 'ഐ' നദിക്കരയിലെ ഗ്രാമത്തിലൂടെ ആയിരുന്നു ഒരു ദിവസത്തെ ഞങ്ങളുടെ യാത്ര.
ആളുകൾ അവരുടെ പാരമ്പര്യങ്ങളെയും സംസ്കാരത്തെയും കർശനമായി സംരക്ഷിക്കുന്നു, ബോഡോ സംസ്കാരവും അവരുടെ ആതിഥ്യമര്യാദയും അനുഭവിക്കാൻ കഴിയുന്ന തരത്തിൽ നിങ്ങളെ അവരുടെ ഗ്രാമങ്ങളിലേക്ക് സ്വീകരിക്കും. ബോഡോലാൻഡിലെ ആളുകൾ ബോഡോ (ബോറോ) ഭാഷ സംസാരിക്കുന്നു. അത് അസമീസ് ഭാഷ പോലെയല്ല. പല ബോഡോകളും അസാമീസ്സ് സംസാരിക്കും. അത്യാവശ്യം ഹിന്ദിയും മിക്കവര്‍ക്കും അറിയാം. .
ബോഡോസ് പരമ്പരാഗതമായി മാംസാഹാരികൾ ആണ്. ഞാൻ ആദ്യമായി ഒച്ചുകൾ, പ്രാവ്, പട്ടുനൂൽ പുഴു ഫ്രൈ ഇവയൊക്കെ കഴിക്കുന്നത് ബോഡോലാൻഡിൽ നിന്നാണ്. വരുമാനത്തിന് ബോഡോ സമൂഹം പ്രധാനമായും കാർഷിക മേഖലയാണ് ആശ്രയിക്കുന്നത്.
ഒരു തറിയില്ലാതെ ഒരു ബോഡോ വീടും പൂർണമാകില്ല. ബോഡോ സ്ത്രീകളുടെ പരമ്പരാഗത വസ്ത്രമായ 'ഡോഖ്‌ന' മിക്കവാറും അവർ തന്നെ നെയ്തെടുത്തത് ആയിരിക്കും.
ഡിസംബര്‍, ജനുവരി മാസങ്ങളിൽ ബോഡോലാന്‍ഡിലെത്തിയാല്‍ എങ്ങും പൂത്തുനിൽക്കുന്ന കടുക് പാടങ്ങൾ കാണാം.
നെയ്ത്തും, മീൻ പിടുത്തവും ഒരു പ്രധാന വരുമാന മാർഗ്ഗമാണ്.
മിക്ക ബോഡോകളും ബോഡോസിന്‍റെ പരമ്പരാഗത മതമായ ബാത്തൂയിസത്തിൽ വിശ്വസിക്കുന്നു. എല്ലാ ബോഡോ വീടുകളുടെയും മധ്യത്തിൽ ഉള്ള മുറ്റം അലങ്കരിക്കുന്ന ഒരു ഷിജൗ വൃക്ഷത്തെ ആരാധിക്കുന്നതും പൂർവ്വികരെ ആരാധിക്കുന്നതും ബോഡോകളുടെ വിശ്വാസത്തില്‍ ഉൾപ്പെടുന്നു.ബോറോസ് ബഹുദൈവ വിശ്വാസികളാണ്. ശിവൻ, ദുർഗ, കാളി, രാം, കൃഷ്ണ തുടങ്ങിയ ഹിന്ദു ദൈവങ്ങളെയും ഇവര്‍ ആരാധിക്കുന്നു.
ബോഡോലാൻഡ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലൂടെയുള്ള പത്ത് ദിവസത്തെ യാത്രയ്ക്ക് ശേഷം നിസ്സംശയം പറയാം ഈ പ്രദേശത്തെ ജനങ്ങളുടെ ആതിഥ്യമര്യാദയും സ്നേഹവും അനുഭവിച്ചറിയേണ്ടത് തന്നെ. അറിയപ്പെടാത്ത ഒരു പാട് അനുഭവങ്ങള്‍ പകർന്നു നൽകാൻ വെമ്പിനിൽക്കുകയാണ് നീല മലകളും നീലാകാശവും ഗോത്രവൈവിധ്യങ്ങളുമുള്ള ഈ പ്രദേശം.