'ബ്ലൂ ഫ്ലാഗ്' സമ്മാനിക്കപ്പെട്ട ഇന്ത്യയിലെ എട്ട് തീരങ്ങളെ അറിയാം
ആദ്യമായി എട്ട് ഇന്ത്യൻ കടല്‍ത്തീരങ്ങള്‍ക്ക് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിച്ചു. ഡെൻമാർക്കിലെ ഫൌണ്ടേഷൻ ഫോർ എൻവയോൺമെന്‍റ് എഡ്യൂക്കേഷന്‍ ആഗോളതലത്തില്‍ സംഘടിപ്പിക്കുന്ന ഇക്കോ ലേബലാണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ. പാരിസ്ഥിതിക വിദ്യാഭ്യാസം, വിവരങ്ങൾ, കുളിക്കുന്ന ജലത്തിന്‍റെ ഗുണനിലവാരം, പരിസ്ഥിതി മാനേജ്മെന്‍റ്, തീര സംരക്ഷണം, തീരത്തെ സുരക്ഷ, മറ്റ് സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന നാല് പ്രധാന തലങ്ങളിൽ 33 കർശന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ സർട്ടിഫിക്കേഷന്‍ നല്‍കുന്നത്. ഉയർന്ന പാരിസ്ഥിതിക, ഗുണനിലവാര നിലവാരത്തെ അടിസ്ഥാനമാക്കി ബ്ലൂ ഫ്ലാഗ് ബീച്ചുകൾ ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകളായി കണക്കാക്കുന്നു. ഗുജറാത്തിലെ ശിവരാജ്പൂർ, ഡിയുവിലെ ഘോഗ്ല, കസാർകോഡ്, കർണാടകയിലെ പദുബിദ്രി, കേരളത്തിലെ കാപ്പാട്, ആന്ധ്രാപ്രദേശിലെ റുഷികോണ്ട, ഒഡീഷയിലെ ഗോൾഡൻ, ആൻഡമാൻ, നിക്കോബാർ ദ്വീപുകളിലെ രാധനഗർ എന്നിവയാണ് ഇന്ത്യയില്‍ നിന്ന് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിച്ച ബീച്ചുകൾ. സംരക്ഷണത്തിനും സുസ്ഥിര വികസന ശ്രമങ്ങൾക്കുമുള്ള രാജ്യത്തിന്‍റെ ശ്രമങ്ങളുടെ ആഗോള അംഗീകാരമാണ് അവാര്‍ഡെന്ന് പരിസ്ഥിതി മന്ത്രി പ്രകാശ് ജാദവേക്കര്‍ പറഞ്ഞു. പരിജയപ്പെടാം ഇന്ത്യയിലെ ആ നീല തീരങ്ങളെ...
ശിവ്‍രാജ്‍പ്പൂര്‍ (ദ്വാരക, ഗുജറാത്ത്)
പോര്‍ബന്തറിന് 111 കിലോ മീറ്റര്‍ വടക്കാണ് ശിവപ്പൂര്‍ കടല്‍ത്തീരം. ഗള്‍ഫ് ഓഫ് കച്ചിലേക്ക് കയറുന്നതിന് മുമ്പുള്ള തെക്കന്‍ തീരമാണ് ശിവപ്പൂര്‍. പഞ്ചാരമണലിന് പേരുകേട്ട ഗുജറാത്തിലെ തീരങ്ങളിലൊന്ന്. കാര്യമായ വികസനം ഈ തീരത്തെത്തിയിട്ടില്ല. സംസ്ഥാന ഹൈവേ 6 A ശിവപ്പൂര്‍ വഴി കടന്നുപോകുന്ന റോഡാണ്. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറന്‍ തീരമാണ് ശിവ്‍രാജ്പ്പൂര്‍ ബിച്ച്.
ഘോഗ്ല (ഡിയു, ദാമൻ, ഡിയു)
ശിവപ്പൂര്‍ ബീച്ചിന് 313 കിലോമീറ്റര്‍ തെക്ക് മാറിയാണ് ഘോഗ്‌ല ബീച്ച്. ദാമന്‍ ദ്യുവിലെ രണ്ട് കടല്‍ത്തീരങ്ങളിലെന്നാണ് ഘോഗ്ല ബീച്ച്. അരിവാളിന്‍റെ ആകൃതിയില്‍ വളരെ മനോഹരമായ ബീച്ചിന് തൊട്ട് മുകളിലാണ് ദിയു വിമാനത്താവളം.
കസാർകോഡ് (കാർവാർ, കർണാടക)
ശരാവതി നദി സൃഷ്ടിച്ച തീരമാണ് കര്‍ണ്ണാടകയിലെ കസര്‍കോഡാ കടല്‍ത്തീരം. അപ്സര്‍കൊണ്ട ക്ലിഫ് മുതല്‍ കസര്‍കോഡാ തീരം വരെ കിടക്കുന്ന നീണ്ട് വിശാലമായ കടല്‍ത്തീരം പ്രകൃതിദത്ത ഇന്ത്യന്‍ കടല്‍ത്തീരങ്ങളുടെ പട്ടികയില്‍ പ്രഥമസ്ഥാനത്താണ്.
പദുബിദ്രി (ഉഡുപ്പി, കർണാടക)
കേരളത്തിന്‍റെ അതിര്‍ത്തി നഗരമായ മംഗളൂരുവില്‍ (മംഗലാപുരം) നിന്ന് 30 കിലോമീറ്റര്‍ വടക്ക് മാറിയാണ് ഉഡുപ്പി ജില്ലയിലെ പദുബിദ്രി ബീച്ച്. കര്‍ണ്ണാടകയിലെ മറ്റ് തീരങ്ങളെ പോലെ നീണ്ട് വിശാലമാണ് പദുബിദ്രി ബീച്ച്.
കാപ്പാട് (കോഴിക്കോട്, കേരളം)
ഇന്ത്യയില്‍ ആദ്യമായി കപ്പലിറങ്ങിയ പോര്‍ച്ചുഗീസ് നാവീകന്‍ വാസ്ഗോഡ ഗാമയോളം പ്രസിദ്ധമാണ് കോഴിക്കോട് ജില്ലയിലെ കാപ്പാട് കടല്‍ത്തീരം. തീരത്തിന്‍റെ സൌന്ദര്യത്തില്‍ ഇന്ന് കേരളത്തിനും അഭിമാനിക്കാം.
റുഷികോണ്ട (വിശാഖപട്ടണം, ആന്ധ്രപ്രദേശ്)
ആന്ധ്രാപ്രദേശിലെ റുഷികോണ്ട കുന്നിന്‍റെ പകുതി ഭാഗങ്ങളെയും ചുറ്റിപോകുന്ന മനോഹരമായ ബീച്ചാണ് റുഷികോണ്ട ബീച്ച്. ബീച്ചിന് വടക്ക് പടിഞ്ഞാറായി കംബലകൊണ്ട ഇക്കോ പാര്‍ക്കും കംബലകൊണ്ട വൈല്‍ഡ് ലൈഫ് സാങ്ച്വറിയും സ്ഥിതി ചെയ്യുന്നു.
സുവര്‍ണ്ണ തീരം (പുരി, ഒറീസ)
ഒറീസയിലെ പുരി ജില്ലയിലെ, പേര് പോലെതന്നെ മനോഹരമായ കടല്‍ത്തീരമാണ് ഗോള്‍ഡന്‍ ബീച്ച്. ബംഗാള്‍ ഉള്‍ക്കടലിലെ ഈ കടല്‍ത്തീരത്തെ മണലിന് സ്വര്‍ണ്ണനിറമായതിനാലാണ് ഈ പേര് വരാന്‍ കാരണം. എല്ലാ വര്‍ഷവും നവംബര്‍ മാസത്തില്‍ സംഘടിപ്പിക്കുന്ന പുരി ബീച്ച് ഫെസ്റ്റിവല്ലില്‍ ലക്ഷകണക്കിനാളുകളാണ് എത്തിച്ചേരുന്നത്. അതിവിശാലമായ തീരദേശമാണ് പുരി ഗോള്‍ഡന്‍ ബീച്ചിന്‍റെ മറ്റൊരു പ്രത്യേകത.
രാധനഗർ (പോർട്ട് ബ്ലെയർ, ആൻഡമാൻ & നിക്കോബാർ)
ബംഗാള്‍ ഉള്‍ക്കടലില്‍ നൂറ് കണക്കിന് ദ്വീപു സമൂഹങ്ങള്‍ ചേര്‍ന്ന ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപു സമൂഹങ്ങളിലെ പ്രധാനപ്പെട്ട ദ്വീപുകളിലൊന്നായ സ്വരാജ് ദ്വീപിലെ കടല്‍ത്തീരത്തിനും ഇത്തവണ ബ്ലൂ ടാഗ് അവാര്‍ഡ് ലഭിച്ചു. മനോഹരമായ പഞ്ചാര മണലും ഇളം നീല കടലുമാണ് രാധനഗർ തീരത്തിന്‍റെ പ്രത്യേകത.