ഇനിയും പന്തിന് പിന്നാലെ; യു ഷറഫലിയും കെ ടി ചാക്കോയും പടിയിറങ്ങുമ്പോള്‍
കേരള പൊലീസ് ഫുട്‌ബോളില്‍ ദീര്‍ഘകാലം ഒരുമിച്ച് കളിച്ചവരാണ് യു ഷറഫലിയും കെ ടി ചാക്കോയും. ഇരുവരും ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്നു. ഷറഫലി റാപ്പിഡ് റെസ്പോണ്‍സ് ആന്‍ഡ് റെസ്‌ക്യു ഫോഴ്സ് (ആര്‍ആര്‍ആര്‍എഫ്) കമാന്‍ഡന്റാണ്. കോട്ടക്കല്‍ കോഴിച്ചെന ക്ലാരിയിലാണ് ഓഫീസ്. ചാക്കോ ഇടുക്കി കുട്ടിക്കാനം കെഎപി അഞ്ചാം ബറ്റാലിയന്‍ ഡെപ്യൂട്ടി കമാന്‍ഡന്റും.
പൊലീസ് യൂണിഫോം അഴിച്ചുവയ്ക്കുകയാണെങ്കിലും പന്തിനുപിന്നാലെ പായാനാണ് മുന്‍ ഇന്ത്യന്‍ നായകന്‍ യു ഷറഫലിയുടെ തീരുമാനം. ജോലിയില്‍നിന്ന് വിരമിച്ചാല്‍ പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ സോക്കര്‍ അക്കാദമിയുമായി ഗോള്‍ കീപ്പര്‍ കെ ടി ചാക്കോ ഉണ്ടാകും.
ഷറഫലി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ പ്രീഡിഗ്രി പരീക്ഷയെഴുതി ദിവസങ്ങള്‍ക്കകമാണ് ഷറഫലി കേരള പൊലീസിലെത്തുന്നത്. ഷറഫലിയെ തേടി പൊലീസ് പരിശീലകന്‍ എ.എം.ശ്രീധരനും മാനേജര്‍ അബ്ദുല്‍ കരീമും തെരട്ടമ്മലിലെത്തി കത്തുകൊടുത്ത് മടങ്ങി. പിന്നീടു തിരുവനന്തപുരത്തുപോയി ഷറഫലി പൊലീസായി.
ഷറഫലി സാഫ് കപ്പ് മുതല്‍ ഫെഡറേഷന്‍ കപ്പ് വരെ സ്വന്തമാക്കി. എട്ട് തവണ തുടര്‍ച്ചയായി സന്തോഷ് ട്രോഫി കളിച്ച ചാക്കോ പൊലീസിനൊപ്പം കേരളത്തിലെ എല്ലാ ടൂര്‍ണമെന്റുകളിലും കിരീടം നേടിയിട്ടുണ്ട്.
മലപ്പുറം അരീക്കോട് തെരട്ടമ്മല്‍ സ്വദേശിയായ ഷറഫലി 1984ലാണു പൊലീസിലെത്തുന്നത്. 87 മുതല്‍ പൊലീസ് ടീമില്‍ ഷറഫലിയും ചാക്കോയും ഒന്നിച്ചാണ്. സന്തോഷ് ട്രോഫിയില്‍ കേരളത്തിനായും ഇരുവരും ഒന്നിച്ചു. തിരുവനന്തപുരത്തു നടന്ന നെഹ്‌റു കപ്പിലും ശ്രീലങ്ക വേദിയായ പ്രസിഡന്റ്‌സ് കപ്പിലും ഇരുവരും ഒന്നിച്ച് ഇന്ത്യന്‍ കുപ്പായമിട്ടു.
ഒറ്റയ്ക്കു ട്രയല്‍സില്‍ പങ്കെടുത്തയാളാണു ചാക്കോ. 1987ല്‍ ചങ്ങനാശേരി എസ്ബി കോളജിലെ പ്രീഡിഗ്രിക്കാലത്ത്, എംജി സര്‍വകലാശാലയുടെ ഗോളിയായി പത്തനംതിട്ട തിരുവല്ല ഓതറ സ്വദേശിയായ ചാക്കോ തിളങ്ങിയതു ശ്രദ്ധിക്കപ്പെട്ടു. അദ്ദേഹത്തിനായി മാത്രം തിരുവനന്തപുരത്തു ട്രയല്‍സ് നടത്തി. പിന്നീട് പൊലീസ് ടീമിനൊപ്പം.