സുശാന്ത് സച്ചിനെ പോലും ഞെട്ടിച്ചു; താരത്തെ കുറിച്ച് കിരണ്‍ മോറെ- ചിത്രങ്ങള്‍
സിനിമ മേഖലയെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ് യുവ ബോളിവുഡ് സിനിമാതാരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം. 34കാരനായ സുശാന്തിനെ മുംബൈ ബാന്ദ്രയിലെ വസതിയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ജീവിതം 'എം എസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി' എന്ന പേരില്‍ സിനിമയാക്കിയപ്പോള്‍ സുശാന്തായിരുന്നു നായകന്. താരത്തിന്റെ കരിയറിലെ ഹിറ്റുകളില്‍ ഒന്നായി മാറുകയും ചെയ്തുവത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ താരങ്ങളുമായും താരത്തിന് അടുത്തബന്ധമുണ്ടായിരുന്നു. ധോണിയുടെ സിനിമയ്ക്ക് വേണ്ടി സുശാന്തിനെ ഒരുക്കിയെടുത്തത് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കിരണ്‍ മോറെ ആയിരുന്നു. സുശാന്തുമായുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് മോറെ.
സിനിമയ്ക്ക് വേണ്ടി ഏറെ സമയം ക്രിക്കറ്റ് പരിശീലനം നടത്തേണ്ടി വന്നിരുന്നു സുശാന്തിന്. ധോണിയുടെ മാസ്റ്റര്‍പീസായ ഹെലികോപ്റ്റര്‍ ഷോട്ട്, വിക്കറ്റ് കീപ്പിങ് എന്നിവയെല്ലാം സുശാന്ത് അതിവേഗത്തില്‍ പഠിച്ചെടുത്തു.
സിനിമയ്ക്കു വേണ്ടി ഒമ്പതു മാസം സുഷാന്ത് തനിക്കു കീഴില്‍ പ്രവര്‍ത്തിച്ചു. വളരെ ആത്മാര്‍ഥതയുള്ള, വിദ്യാഭ്യാസമുള്ള, കഠിനാധ്വാനം ചെയ്യാന്‍ തയ്യാറുള്ള ചെറുപ്പക്കാരനായിരുന്നു അദ്ദേഹം. ഒരുപാട് ആഗ്രങ്ങളും സുശാന്തിനുണ്ടായിരുന്നു. മോറെ പറഞുനിര്ത്തി.
ഒരിക്കല്‍ സുഷാന്തിന്റെ ബാറ്റിങ് കണ്ട് ഇതിഹാസ താരം സച്ചിന് ടെണ്ടുല്‍ക്കര്‍ പോലും ഞെട്ടിയിട്ടുണ്ടെന്ന് മോറെ വെളിപ്പെടുത്തി. വളരെ കുറച്ചു ദിവസത്തെ പരിശീലനം കൊണ്ടു തന്നെ ധോണിയുടെ പ്രശസ്തമായ ഹെലികോപ്റ്റര്‍ ഷോട്ട് കളിക്കാന്‍ താരം പഠിച്ചതായി അദ്ദേഹം പറയുന്നു.
ബികെസി ബാന്ദ്രയിലെ ഗ്രൗണ്ടിലാണ് സുശാന്ത് പരിശീലനം നടത്തിയിരുന്നത്. ഒരിക്കല്‍ സച്ചിന് ടെന്‍ഡുല്‍ക്കര്‍ ഗ്രൗണ്ട് സന്ദര്‍ശിച്ചിരുന്നു. ഗാലറിയിരുന്ന് അദ്ദേഹം സുശാന്തിന്റെ പരിശീലനം കാണുകയും ചെയ്തു. ഈ ചെറുപ്പക്കാരന് ആരാണെന്നായിരുന്നു സച്ചിന്റെ ചോദ്യം. അവന് വളരെ നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്നും സച്ചിന് തന്നോടു പറഞ്ഞു.
അത് നടന് സുശാന്താണെന്ന് താന്‍ മറുപടി നല്കിയപ്പോള് സച്ചിന് ശരിക്കും അമ്പരന്നു. വേണമെങ്കില്‍ അവന് പ്രൊഫഷണല്‍ ക്രിക്കറ്റില്‍ കളിക്കാം. അത്രയും മികച്ച രീതിയില്‍ കളിക്കുന്നുണ്ടെന്നാണ് സച്ചിന് പറഞ്ഞതെന്ന് മോറെ ഓര്‍ത്തെടുത്തു. വിക്കറ്റ് കീപ്പിങ്, ബാറ്റിങ് എന്നിവ സുശാന്തിനെ പഠിപ്പിച്ചെടുക്കാന്‍ സിനിമയുടെ സംവിധായകനായ നീരജ് പാണ്ഡെയും നിര്‍മാതാവ് അരുണ്‍ പാണ്ഡെയും ചേര്‍ന്നാണ് തന്നെ സമീപിച്ചതെന്നും മോറെ.
ബാന്ദ്രയിലെ താജ് ഹോട്ടലിലാണ് ആദ്യമായി സുശാന്തിനെ കാണുന്നത്. ഒരു നടനെ ക്രിക്കറ്റ് പഠിപ്പിച്ചെടുക്കുകയെന്ന് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥന്, ഒരു സഹായി എന്നിവര്‍ക്കൊപ്പമാണ് സുശാന്ത് ആദ്യം പരിശീലനത്തിന് വന്നത്. അടുത്ത ദിവസം ഒറ്റയ്ക്ക് കിറ്റുമായി വരാന്‍ പറഞ്ഞു. അദ്ദേഹം എന്റെ വാക്കുകല് അതുപോലെ അനുസരിച്ചു.
ധോണിയുടെ ബാറ്റിങ് ശൈലി വളരെ വ്യത്യസ്തമായതിനാല്‍ തന്നെ അത് പഠിച്ചെടുക്കുക ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. എന്നാല്‍ ഈ വെല്ലുവിളി സുശാന്ത് ഏറ്റെടുക്കുകയായിരുന്നു. ധോണിയെപ്പോലെ തന്നെ കളിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. സുശാന്ത് ഇത്രയും നന്നായി ധോണിയെ ഉള്‍ക്കൊള്ളുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. മോറെ വിശദമാക്കി.
ഹെലികോപ്റ്റര്‍ ഷോട്ട് നന്നാക്കുന്തിന് വേണ്ടി ഒരുപാട് ദിവസം സുശാന്ത് പരിശീലിച്ചിട്ടുണ്ട്. വളരെ ആവേശത്തിലുമായിരുന്നു അദ്ദേഹം. പരിശീലനത്തില്‍ പല തവണ പന്ത് അദ്ദേഹത്തിന്റെ മുഖത്തും നെഞ്ചിലും ശരീരത്തിന്റെ മറ്റു പല ഭാഗത്തും കൊണ്ടിട്ടുണ്ട്. എന്നാല്‍ സുഷാന്ത് അപ്പോഴൊന്നും തിരിച്ചു പറഞ്ഞിട്ടില്ല. മോറെ ഓര്‍ത്തെടുത്തു.