ഈജിപ്റ്റില്‍ കൊവിഡ് പ്രതിസന്ധി രൂക്ഷം; ഫുട്‌ബോള്‍ താരം കൂലിവേലയ്ക്ക്- ചിത്രങ്ങള്‍
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഫുട്‌ബോള്‍ ഗ്രൗണ്ടുകള്‍ നിശ്ചലമാണ്. ജര്‍മനിയില്‍ ബുണ്ടസ്‌ലിഗ കഴിഞ്ഞ ആഴ്ച ആരംഭിച്ചിരുന്നു. ലാ ലിഗയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും ഉടന്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈജിപ്റ്റില്‍ നിന്നുള്ള ചില ഫോട്ടോകളാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ആരാധകരുടെ കരളലിയിപ്പിക്കുന്നത്.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ താരം കൂലിവേലയ്ക്കിറങ്ങിയിരിക്കുകാണ്. മഹ്‌റൗസ് മഹ്മൂദാണ് കുടുംബം പോറ്റാന്‍ കൂലിവേലയ്ക്കിറങ്ങിയത്. ഈജിപ്ഷ്യന്‍ രണ്ടാം ഡിവിഷനില്‍ കളിക്കുന്ന ബെനി സ്വേഫിന്റെ താരമാണ് മഹ്‌റൗസ്. പ്രതിരോധത്തിലാണ് താരത്തിന്റെ സ്ഥാനം.
എന്നാല്‍ മറ്റെല്ലാ അറബ് രാജ്യങ്ങളേയും പോലെ ഈജിപ്റ്റിനേയും കൊവിഡ് കാര്യമായി ബാധിച്ചു. ഫുട്‌ബോള്‍ രംഗം നിശ്ചലമായി. ഇതോടെ മഹ്‌റൗസിനെ തെരുവിലേക്ക് ഇറങ്ങേണ്ടിവന്നു.
ഈജിപ്റ്റിന്റെ തലസ്ഥാനമായ കെയ്‌റോയില്‍ നിന്ന് 350 കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മന്‍ഫളൂത്ത് എന്ന ഗ്രാമത്തിലാണ് താരം ജോലി ചെയ്യുന്നത്. മധുരപലഹാരങ്ങള്‍ പാകം ചെയ്യുന്ന ജോലിയിലാണ് താരം ഏര്‍പ്പെട്ടിരക്കുന്നത്.
മാര്‍ച്ച് മധ്യത്തോടെയാണ് ഈജിപ്റ്റില്‍ ഫുട്‌ബോള്‍ രംഗം നിശ്ചലമായത്. ഭാഗിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കടകളിലും മാളുകളിലുമെല്ലാം ആളുകള്‍ പ്രവേശിക്കുന്നതിന് ഈജിപ്റ്റ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
ഫുട്‌ബോളിന് താല്‍കാലിക നിരോധനം ഏര്‍പ്പെടുത്തിയതോടെ താരങ്ങളെല്ലാം വീട്ടിലായി. എന്നാല്‍ മഹ്‌റൗസിന് വീട്ടിലിക്കാന്‍ പറ്റില്ലായിരുന്നു. കുടുംബം പട്ടിണിയാവും. ഇതോടെ താരത്തിന് ഇങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വന്നു.
റമദാന്‍ മാസത്തില്‍ നല്ല തിരക്കാണ് മഹ്‌റൗസിന്. വിശ്വാസികള്‍ക്ക് നോമ്പ് തുറക്കാനും മറ്റും ഭക്ഷണ വിഭവങ്ങള്‍ ഉണ്ടാക്കുകയാണ് മഹ്‌റൗസ്. ഈ പ്രദേശത്ത് ലൗക്കഡൗണിന് പുറത്തായതിനാല്‍ നല്ല തിരക്കും.
മുമ്പ് കണ്‍സ്ട്രക്ഷന്‍ സൈറ്റുകളില്‍ ജോലി ചെയ്തിരുന്നു താരം. എന്നാല്‍ കൊവിഡ് വ്യാപനത്തോടെ സാഹചര്യം മാറി. ജോലി ഇല്ലാതായി. ഇതോടെ പുതിയ ജോലിയിലേക്ക് തിരിയുകയായിരുന്നു മഹ്‌റൗസ്.
ഡ്രൈവറായിട്ട് ജോലി ചെയ്യുകയായിരുന്നു അച്ഛന്‍. എന്നാര്‍ ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് വിരമിക്കേണ്ടിവന്നു. മൂന്ന് മക്കളില്‍ മൂത്തയാളാണ് മഹ്‌റൗസ്.
കുട്ടികാലത്ത് തന്നെ കായിക മേഖലയില്‍ ശ്രദ്ധിച്ചിരുന്നു താരം. ബോക്‌സിംഗ്, ഹാന്‍ബോള്‍ എന്നീ കായിക ഇനങ്ങളിലും ശ്രദ്ധിച്ചിരുന്നു. തന്റെ ക്ലബ് ടോപ് ലീഗിലേക്ക് ഒരിക്കല്‍ യോഗ്യത നേടുമെന്നാണ് മഹ്‌റൗസ് പറയുന്നത്.