ഗെയ്ല്‍ നയിക്കുന്നു, രോഹിത് പിന്നിലുണ്ട്; ഐപിഎല്ലില്‍ കൂടുതല്‍ മാന്‍ ഓഫ് ദ മാച്ചായ താരങ്ങള്‍ ഇവരാണ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം സീസണിനാണ് യുഎഇ വേദിയാകാന്‍ പോകുന്നത്. ഈമാസം 19നാണ് മത്സരം നടക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. കഴിഞ്ഞ 12 സീസണുകളെടുത്താല്‍ നിരവധി മാച്ച് വിന്നിംഗ് ഇന്നിങ്‌സുകള്‍ പിറന്നിട്ടുണ്ട്. ഇത്തരം ഇന്നിങ്‌സുകള്‍ പുറത്തെടുത്തവര്‍ പലപ്പോഴും മത്സരത്തിലെ താരവുമായിട്ടുണ്ട്. ഐപിഎല്‍ ചരിത്രത്തില്‍ ഒന്നാകെ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങള്‍ നേടിയ താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.
ക്രിസ് ഗെയ്ല്‍
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങള്‍ നേടിയ താരം ക്രിസ് ഗെയ്‌ലാണ്. 21 തവണ അദ്ദേഹം കളിയിലെ താരമായി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നീ ടീമുകള്‍ക്ക് വേണ്ടി ഗെയ്ല്‍ കളിച്ചിട്ടുണ്ട്. 125 മത്സരങ്ങളിലാണ് ഗെയ്‌ലിന്റെ നേട്ടം. ആറു സെഞ്ചുറികളും 11 ഫിഫ്റ്റികളുമാണ് ഗെയ്ല്‍ ഐപിഎല്ലില്‍ നേടിയത്. 2011ലാണ് ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദ മാച്ച് നേടിയത്. ആറ് തവണ നേട്ടം കൈവരിച്ചു.
എബി ഡിവില്ലിയേഴ്‌സ്
ഗെയ്‌ലിന് തൊട്ടുപിന്നിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ദക്ഷിണാഫ്രിക്കന്‍ താരം ഡിവില്ലിയേഴ്‌സിന്റെ സ്ഥാനം. 20 തവണ അദ്ദേഹം മാന്‍ ഓഫ് ദ മാച്ചായി. ആര്‍സിബിക്കല്ലാതെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനും (ഇപ്പോഴത്തെ ഡല്‍ഹി കാപിറ്റല്‍സ്) ഡിവില്ലിയേഴ്‌സ് കളിച്ചിട്ടുണ്ട്. 142 ഇന്നിങ്സുകളില്‍ നിന്ന് മൂന്നു സെഞ്ചുറികളും 16 ഫിഫ്റ്റികളും നേടിയിരുന്നു. 2016ല്‍ മാത്രം നാലുതവണ അദ്ദേഹം മാന്‍ ഓഫ് ദ പുരസ്‌കാരം നേടി.
ഡേവിഡ് വാര്‍ണര്‍
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ 17 തവണ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടി. പുരസ്‌കാരം നേടിയ 17 ഇന്നിങ്‌സുകളില്‍ മൂന്നു സെഞ്ചുറികളും 14 ഫിഫ്റ്റികളും വാര്‍ണര്‍ നേടി. 2015 സീസണില്‍ നാല് തവണ ഓസീസ് ഓപ്പണര്‍ പുരസ്‌കാരം നേടിയിരുന്നു. മുന്‍പ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് വേണ്ടിയും വാര്‍ണര്‍ കളിച്ചിട്ടുണ്ട്.
എം എസ് ധോണി
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി നാലാം സ്ഥാനത്തുണ്ട്. 17 തവണയാണ് അദ്ദേഹം പുരസ്‌കാരം നേടിയത്. ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരമാണ് ധോണി. 17 തവണ മാന്‍ ഓഫ് ദി മാച്ചായ മത്സരങ്ങളില്‍ ധോണി 13 ഫിഫ്റ്റികള്‍ നേടി. 2013, 16 സീസണുകളില്‍ മൂന്നു തവണ വീതം ധോണി മാന്‍ ഓഫ് ദി മാച്ചായിരുന്നു.
രോഹിത് ശര്‍മ
ഐപിഎല്ലിലെ മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളാണ് രോഹിത് ശര്‍മ. മുംബൈയെ നാല് കിരീടങ്ങളിലേക്ക് രോഹിത് നയിച്ചു. ഡക്കാണ്‍ ചാര്‍ജേഴ്‌സിന്റെ മുന്‍ താരമായ രോഹിത് 17 തവണ മാന്‍ ഓഫ് ദ മാച്ചായി. 17 തവണ മാന്‍ ഓഫ് ദി മാച്ചായപ്പോള്‍ 14 അര്‍ധ സെഞ്ചുറികള്‍ രോഹിത് നേടി. 2016ല്‍ മാത്രം നാല് തവണ് രോഹിത് കളിയിലെ മികച്ച താരമായി.