ഇന്ത്യയില്‍ നിന്ന് രണ്ട് ബാറ്റ്സ്മാന്മാര്; സ്റ്റെയ്നിനെതിരേ മികച്ച സ്ട്രൈക്ക് റേറ്റുള്ള അഞ്ച് താരങ്ങള്‍
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ എക്കാലത്തേയും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് ഡെയ്ല്‍ സ്റ്റെയിന്. ലോകക്രിക്കറ്റിലെ വമ്പന്മാരെ സ്റ്റെയ്ന് വിറപ്പിച്ചിട്ടുണ്ട്. അടുത്തിടെ ഏറെ ബുദ്ധിമുട്ടിച്ച പേസറെ കുറിച്ച് ചോദിച്ചപ്പോള്‍ ദ്രാവിഡ് മറുപടി പറഞ്ഞത് സ്റ്റെയ്നിന്റെ പേരാണ്. ആധുനിക ക്രിക്കറ്റില്‍ മികച്ച ടെക്നിക്കിന് ഉടമയായ വിരാട് കോലിക്ക് പോലും പലപ്പോഴും സ്റ്റെയ്നിന് മുന്നില്‍ ഉത്തരമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസാണ് താരം 37ാം പിറന്നാള്‍ ആഘോഷിച്ചത്. എന്നാല്‍ സ്റ്റെയ്നിനെതിരെ മികച്ച സ്ട്രൈക്ക് റേറ്റുള്ള ബാറ്റ്സ്മാന്മാരുണ്ട്. അഞ്ച് താരങ്ങളെ അറിയാം...
സ്റ്റീവ് സ്മിത്ത്
ഏകദിനത്തില്‍ സ്റ്റെയ്നിനെതിരെ മികച്ച സ്ട്രൈക്കറേറ്റുള്ള താരം ഓസ്ട്രേലിയയുടെ സ്മിത്താണ്. വിദേശ മൈതാനങ്ങളില്‍ മികച്ച പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന സ്മിത്തിന്റെ സ്റ്റെയിനെതിരായ സ്ട്രൈക്കറേറ്റ് 114.10ആണ്. 125 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ളത് സ്മിത്ത് ഒമ്പത് സെഞ്ച്വറിയും 25 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 4162 റണ്‍സാണ് കരിയറില്‍ നേടിയത്.
എം എസ് ധോണി
മുന്‍ ഇന്ത്യന്‍ നായകന് എം എസ് ധോണി അധികം പിന്നിലല്ല. സ്റ്റെയ്നിനെതിരെ ധോണിയുടെ ഐപിഎല്‍ പ്രകടനമൊന്നും ആരാധകര്‍ മറക്കാനിടയില്ല. ഏകദിന ക്രിക്കറ്റില്‍ സ്റ്റെയിനെതിരേ 109.75 ആണ് ധോണിയുടെ സ്ട്രൈക്കറേറ്റ്. ഇന്ത്യക്കുവേണ്ടി 350 ഏകദിനത്തില്‍ നിന്ന് 10,733 റണ്‍സാണ് ധോണി നേടിയത്.
ഡേവിഡ് വാര്‍ണര്‍
ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറും സ്റ്റെയ്നിനെതിരെ തകര്‍പ്പന്‍ പ്രകടനം പറത്തെടുത്തിട്ടുണ്ട്. 107.64 സ്ട്രൈക്കറേറ്റിലാണ് സ്റ്റെയ്നിനെതിരെ വാര്‍ണര്‍ റണ്‍സ് കണ്ടെത്തിയത്. 123 ഏകദിനത്തില്‍ നിന്ന് 18 സെഞ്ച്വറിയും 21 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 5267 റണ്‍സാണ് വാര്‍ണറിന്റെ ഏകദിനത്തിലെ സമ്പാദ്യം.
സച്ചിന് ടെണ്ടുല്‍ക്കര്‍
ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍ക്ക് സ്റ്റെയ്നിനെതിരേ 100 സ്ട്രൈക്ക് റേറ്റുണ്ട്. സ്റ്റെയിന്റെ ബൗളിങ്ങിനെ പലപ്പോഴും സച്ചിന് പ്രശംസിച്ചിട്ടുണ്ട്. 463 ഏകദിനങ്ങള്‍ ഇന്ത്യക്കായി കളിച്ചിട്ടുള്ള സച്ചിന് 18426 റണ്‍സും നേടിയിട്ടുണ്ട്.
ബ്രണ്ടന്‍ മക്കല്ലം
മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ബ്രണ്ടന്‍ മക്കല്ലവും മോശക്കാരനല്ല. 98.64 സ്ട്രൈക്കറേറ്റിലായിരുന്നു മക്കല്ലത്തിന്റെ പ്രകടനം. 60 ഏകദിനത്തില്‍ നിന്ന് 6083 റണ്‍സും 71 ടി20യില്‍ നിന്ന് 2140 റണ്‍സുമാണ് മക്കല്ലത്തിന്റെ സമ്പാദ്യം.