ഖേല്‍ രത്‌നയ്ക്ക് ഇവരും അര്‍ഹരോ..? പുരസ്‌കാരം ലഭിക്കാത്ത അഞ്ച് ക്രിക്കറ്റ് ഇതിഹാസങ്ങള്‍
ഇന്ത്യയില്‍ കായികരംഗത്ത് മികവിന് ലഭിക്കുന്ന പരമോന്നത ബഹുമതിയാണ് രാവീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം. 1991-92 ആദ്യമായി പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ഇതുവരെ മൂന്ന് ക്രിക്കറ്റ് താരങ്ങള്‍ മാത്രമാണ് പുരസ്‌കാരം നേടിയിട്ടുള്ളത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എം എസ് ധോണി, വിരാട് കോലി എന്നിവരാണ് ആ താരങ്ങള്‍. അവാര്‍ഡ് ലഭിക്കാത്ത ഇന്ത്യയുടെ ഇതിഹാസ താരങ്ങള്‍ ഇനിയുമുണ്ട്. മുന്‍ ഇന്ത്യന്‍ താരളായ രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, അനില്‍ കുബ്ലെ, വിവിഎസ് ലക്ഷ്മണ്‍, വിരേന്ദര്‍ സെവാഗ് എന്നിവരാണ് ആ താരങ്ങള്‍.
രാഹുല്‍ ദ്രാവിഡ്
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ രാഹുല്‍ ദ്രാവിഡ് ടെസ്റ്റിലും ഏകദിനത്തിലം 10,000ല്‍ കൂടുതല്‍ റണ്‍സ് നേടിയ താരമാണ്. ഇന്ത്യയുടെ നിരവധി വിജയങ്ങളില്‍ നിര്‍ണായക സാന്നിധ്യമായി. 36 ടെസ്റ്റ് സെഞ്ച്വറിയും 12 ഏകദിന സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇന്ത്യക്കുവേണ്ടി 164 ടെസ്റ്റില്‍ നിന്ന് 13288 റണ്‍സും 344 ഏകദിനത്തില്‍ നിന്ന് 10889 റണ്‍സും ഒരു ടി20യില്‍ നിന്ന് 31 റണ്‍സും ദ്രാവിഡ് നേടി. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം അണ്ടര്‍ 19 ക്രി്ക്കറ്റ് ടീമിന്റെ പരിശീലകനായി കിരീടം നേടികൊടുത്തു. ഇപ്പോള്‍ ദേശീയ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനാണ്.
സൗരവ് ഗാംഗുലി
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നിലവാരം ഉയര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച ക്യാപ്റ്റനാണ് സൗരവ് ഗാംഗുലി. 2003 ലോകകപ്പില്‍ ഇന്ത്യ ഫൈനല്‍ കളിക്കുമ്പോല്‍ ഗാംഗുലിയായിരുന്നു നായകസ്ഥാനത്ത്. 113 ടെസ്റ്റില്‍ നിന്ന് 16 സെഞ്ച്വറി ഉള്‍പ്പെടെ 7212 റണ്‍സും 311 ഏകദിനത്തില്‍ നിന്ന് 22 സെഞ്ച്വറി ഉള്‍പ്പെടെ 11363 റണ്‍സും ഗാംഗുലി നേടിയിട്ടുണ്ട്. 32 ടെസ്റ്റ്, 100 ഏകദിന വിക്കറ്റും ഗാംഗുലിയുടെ പേരിലുണ്ട്. വീരേന്ദര്‍ സെവാഗ്, യുവരാജ് സിംഗ്, ഹര്‍ഭജന്‍ സിംഗ്, മുഹമ്മദ് കൈഫ് എന്നിവരുടെയെല്ലാം വളര്‍ച്ചയ്ക്ക് നിര്‍ണായക പങ്കുവഹിച്ച താരം കൂടിയാണ് ഗാംഗുലി.
അനില്‍ കുംബ്ലെ
ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച സ്പിന്നറാണ് അനില്‍ കുംബ്ലെ. ഇന്ത്യക്കുവേണ്ടി ഒരു ടെസ്റ്റ് ഇന്നിങ്സില്‍ 10 വിക്കറ്റ് വീഴ്ത്തിയ ഏക ബൗളര്‍. 132 ടെസ്റ്റില്‍ നിന്ന് 619 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. 271 ഏകദിനത്തില്‍ നിന്ന് 337 വിക്കറ്റും കുംബ്ലെയുടെ പേരിലുണ്ട്. ടെസ്റ്റില്‍ ഒരു സെഞ്ച്വറിയും കുംബ്ലെ നേടിയിട്ടുണ്ട്. ദേശീയ ജേഴ്‌സിയില്‍ നിന്ന് വിരമിച്ച ശേഷം ഇന്ത്യന്‍ ടീമിന്റെ പരിശീലകനായും കര്‍ണാടകക്കാരന്‍ പ്രവര്‍ത്തിച്ചിരുന്നു.
വിവിഎസ് ലക്ഷ്മണ്‍
ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായിരുന്നു ലക്ഷ്മണ്‍. എങ്കിലും ഏകദിനങ്ങളിലും കളിച്ചു. കൊല്‍ക്കത്ത ടെസ്റ്റില്‍ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ ചരിത്ര വിജയം സ്വന്തമാക്കുമ്പോള്‍ ലക്ഷ്മണ്‍ നേടിയ 281 റണ്‍സാണ് നിര്‍ണായകമായത്. വിദേശ പിച്ചുകളില്‍ ഇന്ത്യന്‍ ടീമിന്റെ വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ലക്ഷ്മണ്‍. 134 ടെസ്റ്റുകളില്‍ 8781 റണ്‍സ് ഇന്ത്യക്കായി നേടി. 86 ഏകദിനങ്ങള്‍ കളിച്ചപ്പോള്‍ 2338 റണ്‍സും സ്വന്തമാക്കി.
വിരേന്ദര്‍ സെവാഗ്
ടെസ്റ്റ് ക്രിക്കറ്റിനോടുള്ള സമീപനം തന്നെ മാറ്റിയ താരമാണ് വിരേന്ദര്‍ സെവാഗ്. ഇന്ത്യക്ക് വേണ്ടി ടെസ്റ്റില്‍ ആദ്യമായി ട്രിപ്പിള്‍ സെഞ്ചുറി നേടിയ താരവും സെവാഗാണ്. പാകിസ്ഥാനെതിരെ 309 റണ്‍സാണ് സേവാഗ് നേടിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മറ്റൊരു ട്രിപ്പിള്‍ സെഞ്ചുറിയും സെവാഗ് നേടി. 104 ടെസ്റ്റില്‍ നിന്ന് 8586 റണ്‍സാണ് സെവാഗിന്റെ സമ്പാദ്യം. 251 ഏകദിനങ്ങള്‍ കളിച്ചപ്പോള്‍ 8273 റണ്‍സും സ്വന്തമാക്കി. 19 ടി20 മത്സരങ്ങളില്‍ 394 റണ്‍സും നേടി.