പറയുമ്പോള്‍ ഇതിഹാസങ്ങളാണ്, കളിച്ചത് ഒരു ടി20 മാത്രം; ആ അഞ്ച് താരങ്ങളെ കുറിച്ചറിയാം
ടി20 ക്രിക്കറ്റ് പ്രചാരത്തിലായിട്ട് അധികകാലം ആയില്ല. 2004ലാണ് ആദ്യ ടി20 അന്താരാഷ്ട്ര മത്സരം നടന്നത്. ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും തമ്മിലായിരുന്നു ആദ്യ മത്സരം. വന്‍ സ്വീകാര്യതയായിരുന്നു മത്സരത്തിന്. പിന്നീട് ടി20 ആരാധകരുടെ എണ്ണം കൂടി. ഒരുപാട് സമയം ടിവിക്ക് മുന്നില്‍ ഇരിക്കേണ്ടെന്നും മൂന്നര മണിക്കൂറിനുള്ളില്‍ മത്സരം പൂര്‍ത്തിയാക്കമെന്നുള്ളതുമാണ് ആരാധകരെ ആകര്‍ഷിച്ചത്. ഏകദിന ക്രിക്കറ്റിലും ടെസ്റ്റിലും ഒരുപോലെ തിളങ്ങിയ ഇതിഹാസങ്ങള്‍ നമുക്ക് മുന്നിലുണ്ട്. എന്നാല്‍ ടി20 ക്രിക്കറ്റില്‍ അധികം അവസരം ലഭിക്കാത്തവര്‍. ചിലരുടെ കരിയര്‍ ഒരു ടി20 മത്സരത്തില്‍ മാത്രമായി ഒതുങ്ങി. ഒരു അന്താരാഷ്ട്ര ടി20 മാത്രം അഞ്ച് താരങ്ങളെ കുറിച്ചറിയാം...
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
ഏകദിനത്തിലും ടെസ്റ്റിലും ഒരു മികവ് കാണിച്ച താരമാണ് മുന്‍ ഇന്ത്യന്‍ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. 100 അന്താരാഷ്ട്ര സെഞ്ചുറികള്‍ അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്. എന്നാല്‍ ഒരു ടി20 മത്സരം മാത്രമാണ് സച്ചിന്‍ കളിച്ചിട്ടുള്ളത്. 2006ല്‍ ജൊഹന്നാസ്ബര്‍ഗില്‍ ഇന്ത്യയുടെ അരങ്ങേറ്റ ടി20 മത്സരത്തിലായിരുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആയിരുന്നു മത്സരം. വിരേന്ദര്‍ സെവാഗിനൊപ്പം ഓപ്പണറായി ഇറങ്ങിയ സച്ചിന്‍ പത്ത് റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇില്‍ രണ്ട് ബൗണ്ടറികളുണ്ടായിരുന്നു. ചാള്‍ ലാങ്‌വെല്‍ഡറ്റിന്റെ പന്തില്‍ സച്ചിന്റെ വിക്കറ്റ് തെറിച്ചു. മത്സരത്തില്‍ ഇന്ത്യ ജയിച്ചു. പിന്നാലെ 2007ല്‍ നടന്ന ടി20 ലോകകപ്പില്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായി സച്ചിന്‍ പിന്മാറി.
രാഹുല്‍ ദ്രാവിഡ്
'വന്‍മതില്‍' എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡിന്റെ വിളിപ്പേര്. ടെസ്റ്റ് ക്രിക്കറ്റില്‍ പതറാതെ പ്രതിരോധമൊരുക്കിയതിനാണ് ആ തരത്തില്‍ പേരുവന്നത്. എങ്കിലും ഏകദിനത്തിലും ദ്രാവിഡ് ഫലപ്രദമായിരുന്നു. രണ്ട് ഫോര്‍മാറ്റിലും കര്‍ണാടകക്കാരന്‍ 10,000ല്‍ കൂടുതല്‍ റണ്‍സ് നേടി. സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പോലെ ഒരി ടി20 മത്സരമാണ് ദ്രാവിഡിനും കളിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ആ മത്സരം മിക്ക ക്രിക്കറ്റ് പ്രേമികളും മറക്കാനിടയില്ല. 2011ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നത്. ടെസ്റ്റ് പരമ്പരയില്‍ മൂന്ന് സെഞ്ചുറികള്‍ നേടിയ ശേഷമാണ് ദ്രാവിഡ് ടി20 മത്സരത്തിനിറങ്ങിയത്. മാഞ്ചസ്റ്ററിലായിരുന്നു മത്സരം. 21 പന്തുകള്‍ മാത്രം നേരിട്ട ദ്രാവിഡ് 31 റണ്‍സ് കണ്ടെത്തി. ഇതില്‍ സമിത് പട്ടേലിന്റെ ഒരോവറില്‍ തുടര്‍ച്ചയായ മൂന്ന് പന്തുകളില്‍ നേടിയ സിക്‌സുകളും ഉള്‍പ്പെടും. മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന് പരാജയപ്പെട്ടു. പിന്നാലെ താരം അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കാല്‍ പ്രഖ്യാപിച്ചു.
ഇന്‍സമാം ഉള്‍ ഹഖ്
പാകിസ്ഥാന്‍ ജേതാക്കളായ 1992 ലോകകപ്പ് ടീമില്‍ അംഗമായിരുന്നു ഇന്‍സമാം. പാകിസ്ഥാന് വേണ്ടി ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള താരമാണ് മുന്‍ ക്യാപ്റ്റന്‍. ടെസ്റ്റ് ക്രിക്കറ്റിലും അദ്ദേഹം കഴിവ് തെളിയിച്ചു. പാകിസ്ഥാന്റെ മിസ്റ്റര്‍ ഡിപ്പന്‍ഡബിള്‍ ആയിരുന്നു ഇന്‍സമാം. എന്നിരുന്നാലും ഒരു ടി20 മത്സരത്തില്‍ മാത്രമാണ് താരം കളിച്ചത്. പാകിസ്താന്റെ അരങ്ങേറ്റ ടി20 ആയിരുന്നത്. അന്ന് ടീമിനെ നയിച്ചതും ഇന്‍സമാം തന്നെ. 2006ല്‍ ഇംഗ്ലണ്ടിനെതിരെ ബ്രിസ്റ്റലിലായിരുന്നു മത്സരം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 145 റണ്‍സ് വിജയലക്ഷ്യം പാകിസ്ഥാന്‍ മറികടന്നു. ഇന്‍സമാം 11 റണ്‍സുമായി പുറത്താവാതെ നിന്നു. പിന്നീട് 2007ല്‍ താരം വിരമിക്കാന്‍ തീരുമാനിച്ചു. വലിയ ഷോട്ടുകള്‍ കളിക്കാന്‍ കഴിയുന്ന താരമായിരുന്നു ഇന്‍സമാം. എന്നാല്‍ വിക്കറ്റിനിടയിലെ ഓട്ടം പലപ്പോഴും ഇന്‍സമാമിനെ കുഴിയില്‍ ചാടിച്ചിട്ടുണ്ട്.
ജേസണ്‍ ഗില്ലസ്പി
ഓസ്‌ട്രേലിയന്‍ പേസര്‍ ജേസണ്‍ ഗില്ലസ്പിയും ഒരു ടി20 മത്സരം മാത്രമാണ് കളിച്ചത്. 2005ല്‍ ഇംഗ്ലണ്ടിനെതിരെ റോസ് ബൗളിലായിരുന്നത്. എന്നാലൊരിക്കലും ഗില്ലസ്പി ഓര്‍ക്കാനിഷ്ടപ്പെടുന്ന മത്സരമായിരുന്നില്ലത്. നാല് ഓവറില്‍ 49 റണ്‍സാണ് താരം വഴങ്ങിയത്. ആന്‍ഡ്രൂ സ്‌ട്രോസിന്റെ ഒരു വിക്കറ്റും താരം നേടി. എന്നാല്‍ ബാറ്റിങ്ങില്‍ ഓസീസിന്റെ ടോപ് സ്‌കോററായിരുന്നു ഗില്ലസ്പി. ഇംഗ്ലണ്ടിന്റെ 180നെതിരെ ഓസീസ് 79ന് എല്ലാവരും പുറത്തായി. ഇതില്‍ 24 റണ്‍സ് ഗില്ലസ്പിയുടെ വകയായിരുന്നു. എന്നാല്‍ പിന്നീടൊരിക്കലും ഗില്ലസ്പിയെ ഓസ്‌ട്രേലിയന്‍ ടി20 ടീമില്‍ ഉള്‍പ്പെടുത്തിയില്ല. ഓസീസിന് വേണ്ടി ടെസ്റ്റില്‍ 259 വിക്കറ്റ് നേടിയ താരമാണ് ഗില്ലസ്പി. ടെസ്റ്റില്‍ ഒരു ഇരട്ട സെഞ്ചുറിയും അക്കൗണ്ടിലുണ്ട്. 2003ല്‍ ഓസീസ് ഏകദിന ലോകകപ്പ് നേടുമ്പോള്‍ ഗില്ലസ്പിയും ടീമിലുണ്ടായിരുന്നു.
മുഹമ്മദ് റഫീഖ്
ബംഗ്ലാദേശിന് വേണ്ടി ടെസ്റ്റില്‍ ആദ്യമായി 100 വിക്കറ്റ് നേടിയ താരമാണ് മുഹമ്മദ് റഫീഖ്. ഇടങ്കയ്യന്‍ സ്പിന്നറായ റഫീഖ് വാലറ്റത്ത് ബാറ്റുകൊണ്ടും സഹായം ചെയ്തു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബംഗ്ലാദേശ് ഒരു മേല്‍വിലാസം ഉണ്ടാക്കാന്‍ ഒരുങ്ങുന്ന സമയത്ത് പലപ്പോഴും കരുത്തായത് റഫീഖിന്റെ സാന്നിധ്യമാണ്. ഏകദിനങ്ങളില്‍ 125 വിക്കറ്റുകള്‍ താരം സ്വന്തമാക്കി. 2005ല്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന സൂപ്പര്‍ സീരീസിനുള്ള വേള്‍ഡ് ഇലവനില്‍ അംഗമായിരുന്നു റഫീഖ്. ബംഗ്ലാദേശിന് വേണ്ടി ഒരു ടി20 മത്സരം മാത്രമാണ് റഫീഖ് കളിച്ചത്. 2006ല്‍ സിംബാബ്‌വെയ്‌ക്കെതിരെയായിരുന്നു അത്. അഞ്ച് പന്തുകള്‍ നേരിട്ട് റഫീഖ് 13 റണ്‍സ് നേടി. നാല് ഓവറില്‍ ഒരു വിക്കറ്റും താരം നേടിയിരുന്നു. മത്സരം 43 റണ്‍സിന് ബംഗ്ലാദേശ് ജയിച്ചു. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും പിന്നീട് ഒരു ടി20 മത്സരത്തിലേക്ക് റഫീഖിനെ തിരഞ്ഞെടുത്തില്ല.