'ടിവി ഷോകള്‍ പിന്തിരിപ്പന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു' : അഭിനയം നിര്‍ത്തി പ്രമുഖ നടി
എന്തുകൊണ്ട് ടിവി ഷോകളോട് വിടപറഞ്ഞത് എന്ന് അഭിമുഖത്തില്‍ താരം പറയുന്നു. ഇനിയൊരിക്കലും ടിവി രംഗത്ത് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല.
മുംബൈ: എഫ്ഐആര്‍ ടിവി സീരിയലിലെ ഇൻസ്പെക്ടർ ചന്ദ്രമുഖി ചൗട്ടാല എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രശസ്തയായ നടിയാണ് കവിത കൗശിക് . ഇപ്പോള്‍ ടിവി ഷോകളില്‍ അഭിനയിക്കുന്നത് അവസാനിപ്പിക്കുകയാണ് എന്നാണ് നടി പറയുന്നത്. ടിവി ഷോകളിൽ മന്ത്രവാദിനി റോള്‍ അവതരിപ്പിക്കാൻ മാത്രമാണ് തനിക്ക് ഓഫർ ലഭിക്കുന്നത് എന്നത് മടുപ്പിക്കുന്നു എന്നാണ് ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിൽ കവിത പറയുന്നത്.
എന്തുകൊണ്ട് ടിവി ഷോകളോട് വിടപറഞ്ഞത് എന്ന് അഭിമുഖത്തില്‍ താരം പറയുന്നു. ഇനിയൊരിക്കലും ടിവി രംഗത്ത് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഒന്നാമത് മാസത്തില്‍ 30 ദിവസവും ജോലി ചെയ്യാന്‍ താല്‍പ്പര്യമില്ല. വെബ് ഷോകളോ സിനിമകളോ ചെയ്യാന്‍ ആഗ്രഹമുണ്ട് എന്നാല്‍ അത്രവേഗം വേഷങ്ങള്‍ ലഭിക്കുന്ന ഹീറോയിന്‍ ലുക്ക് എനിക്കില്ലെന്നും അറിയാം. എന്നെപ്പോലുള്ളവര്‍ക്ക് ചേരുന്ന ചില വേഷങ്ങളുണ്ട്.
ടിവി ഷോകളില്‍ ഇത്തരം വേഷങ്ങളാണ് എനിക്ക് തുടര്‍ച്ചയായി വന്നത്. എപ്പോഴും സീരിയലുകളിലെ മന്ത്രവാദി റോള്‍ എനിക്കായിരിക്കും. മൂന്ന് കൊല്ലമായി ഒരേ വേഷം ചെയ്ത് ഞാന്‍ മടുത്തു. എന്നാല്‍ അന്ന് ചെറുപ്പമായിരുന്നു. പണം വേണമായിരുന്നു. മടുത്തെങ്കിലും ആ കാലഘട്ടത്തോട് നന്ദിയുണ്ട്. ഇനി അത് പോലെ പണിയെടുക്കാന്‍ കഴിയില്ല. മുന്‍പ് എഫ്ഐആറില്‍ ചെയ്തത് പോലെ പണിയെടുത്താന്‍ ഞാന്‍ കിടപ്പിലായിപോകും.
മാത്രവുമല്ല ഇന്നത്തെ ടിവി ഷോകളുടെ ഉള്ളടക്കങ്ങള്‍ തീര്‍ത്തും പിന്തിരിപ്പന്‍ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. അത്തരം ഷോകളുടെ ഭാഗമാകാന്‍ എനിക്ക് താല്‍പ്പര്യമില്ല. ഒരു സമയത്ത് വളരെ പുരോഗമനപരമായ ആശങ്ങളും വ്യത്യസ്ത ഷോകളും ഉണ്ടായിരുന്നു. വൈവിദ്ധ്യവും വിനോദവും അവിടെ സംഭവിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ കണ്ടന്‍റുകള്‍ യുവതലമുറയ്ക്ക് തന്നെ മോശം തോന്നുന്ന ആശയങ്ങളാണ് കാണിക്കുന്നത് എന്നും കവിത കൗശിക് പറഞ്ഞു.
നമ്മുടെ റിയാലിറ്റി ഷോകളിലും സീരിയലുകളിലും നമ്മൾ കാണിക്കുന്ന തരത്തിലുള്ള കണ്ടന്‍റ് ആളുകളെ പരസ്പരം വെറുക്കാന്‍ പഠിപ്പിക്കുന്ന തരത്തിലാണ്. ഞാനും ഒരുഘട്ടത്തില്‍ അതിന്‍റെ ഭാഗമായിരുന്നു അതില്‍ ഞാന്‍ വളരെ ഖേദിക്കുന്നു. ഏതെങ്കിലും വിധത്തിൽ ഇത്തരം മോശം കണ്ടന്‍റിന്‍റെ ഭാഗമായിട്ടുണ്ടെങ്കില്‍ സോറി പറയുന്നു. പലരും ടിവിയില്‍ കാണുന്നത് സത്യമാണെന്ന് വിശ്വസിക്കുന്നുണ്ട് അത് വളരെ മോശം പ്രവണതയാണെന്നും കവിത പറഞ്ഞു.