'ഒരു തീപൊരിയിൽ നിന്ന് വൻ നാളമായി കത്തി ജ്വലിക്കുന്ന പെണ്ണ്'; തമ്പ്രാട്ടി ലുക്കിൽ സൂര്യ
വർഷങ്ങളായി കലാരംഗത്തും മോഡലിങ്ങിലും സജീവമായ താരമാണ് സൂര്യ മേനോൻ. എന്നാൽ മലയാളം ബിഗ് ബോസ് സീസൺ മൂന്നില്‍ മത്സരാർത്ഥിയായി എത്തിയതോടെയാണ് സൂര്യ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. തന്റേതായ രീതിയിൽ മത്സരിച്ച് മുന്നേറിയ സൂര്യക്ക് പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം തന്നെ വിമർശനങ്ങളും നേരിടേണ്ടി വന്നു. സീസൺ മൂന്നിലെ ടൈറ്റിൽ വിന്നറും നടനുമായ മണിക്കുട്ടനോട് തന്റെ പ്രണയം തുറന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു സൂര്യക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം ശക്തമായത്. എന്നാൽ ഇത്തരം വിമർശനങ്ങളെ കൂളായാണ് പലപ്പോഴും സൂര്യ നേരിട്ടത്. സമൂഹമാധ്യമങ്ങളിൽ സജീവമായ സൂര്യ പങ്കുവയ്ക്കുന്ന ഫോട്ടോകൾ ശ്രദ്ധനേടാറുണ്ട്. അത്തരത്തിലുള്ള പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
സെറ്റും മുണ്ടും ധരിച്ച് തമ്പ്രാട്ടി ലുക്കിലാണ് സൂര്യ ചിത്രങ്ങളിൽ ഉള്ളത്. കേരളത്തനിമയുള്ള ആഭരണങ്ങളാണ് അണിഞ്ഞിരിക്കുന്നത്. മുടി അഴിച്ചിട്ട് മനോഹരമായ ലുക്കിലാണ് സൂര്യ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തോടൊപ്പം സൂര്യ കുറിച്ച ക്യാപ്ഷനും ശ്രദ്ധനേടുന്നുണ്ട്.
"പെണ്ണ്, പ്രതിസന്ധി ഘട്ടങ്ങളിൽ ഒരു കുടയായി തണലേകാനും മനസ് നൊന്താൽ ഒരു മെഴുകുതിരിയായി ഉരുകി തീരാനും അണഞ്ഞു പോകുമെന്ന് തോന്നിയാൽ ഒരു തീപൊരിയിൽ നിന്ന് വൻ നാളമായി കത്തി ജ്വലിക്കാനും ഒരേ സമയം സാധിക്കുന്ന അത്ഭുത പ്രതിഭാസം", എന്നാണ് സുര്യ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്.
രണ്ട് ദിവസം മുമ്പ് സൂര്യ പങ്കുവച്ച പോസ്റ്റും ഏറെ ശ്രദ്ധനേടിയിരുന്നു. പ്രണയാർദ്ര ഭാവങ്ങളിലാണ് സൂര്യ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. 'പ്രണയ രഹസ്യം ഒളിപ്പിക്കാൻ കണ്ണുകൾക്ക് കഴിയില്ല, അത് അങ്ങനെ അനുസരണക്കേട് കാണിച്ചു കൊണ്ടേ ഇരിക്കും'എന്നാണ് ഇവയ്ക്കൊപ്പം സൂര്യ കുറിച്ചിരുന്നത്.
സൂര്യയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഒരു ചാനലിനോട് പറഞ്ഞ കാര്യങ്ങൾ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. 30 വയസ്സ് പൂർത്തിയായിട്ടും വിവാഹം കഴിക്കാത്തതായിരുന്നു എല്ലാവരുടെയും പ്രശ്നം. എന്നാൽ, മനസ്സിന് ഇഷ്ടപ്പെട്ട ഒരാൾ വന്നാൽ തീർച്ചയായും വിവാഹം ചെയ്യുമെന്നും താരം വെളിപ്പെടുത്തി.
തന്റെ അച്ഛനെയും അമ്മയെയും അദ്ദേഹത്തിന് അംഗീകരിക്കാന്‍ കഴിയണം എന്നത് മാത്രമാണ് സൂര്യയുടെ ഏക ഡിമാൻഡ്. അവരാണ് എന്റെ ലോകം. ഞാന്‍ ഒറ്റ മോളാണ് എന്നുമായിരുന്നു സൂര്യ പറഞ്ഞത്. മലയാളത്തിലെ ആദ്യ വനിതാ ഡിജെമാരില്‍ ഒരാള്‍ കൂടിയാണ് സൂര്യ മേനോന്.
soorya menon
ബോളിവുഡ് താരം ഐശ്വര്യ റായിയുടെ അപര കൂടിയാണ് സൂര്യ. ഐശ്വര്യയുടെ ലുക്കിലുള്ള സൂര്യയുടെ ചിത്രങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. അതേസമയം, സൂര്യ എഴുതിയ കഥ സിനിമയാകുന്നുമുണ്ട്. ജെസ്പാല് ഷണ്മുഖം തമിഴില്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ സൂര്യ ജെ മേനോൻ അഭിനയിക്കുകയും ചെയ്യുന്നു. അങ്ങനെ ഒരു സ്വപ്നം കൂടി ഈശ്വരൻ യാഥാർഥ്യമാക്കുന്നുവെന്നായിരുന്നു സൂര്യ എഴുതിയത്. സിനിമയുടെ പോസ്റ്ററും സൂര്യ പുറത്തുവിട്ടിരുന്നു.