മനുഷ്യ മസ്തിഷ്കത്തില്‍ മസ്കിന്‍റെ മിഷന്‍; 'ന്യൂറാലിങ്ക്' എന്ന അത്ഭുത പദ്ധതി.!
ബഹിരാകാശവും ആധുനിക വാഹനങ്ങളും എല്ലാം തന്‍റെ ബിസിനസ് സാമ്രാജ്യത്തിലുണ്ടെങ്കിലും. ഇലോൺ മസ്കിന്‍റെ പുതിയ പരീക്ഷണയിടം തലച്ചോറാണ്. ന്യൂറാലിങ്ക് എന്ന തന്‍റെ സ്വപ്ന പദ്ധതിയുടെ അടുത്തഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് മസ്ക്. മനുഷ്യ തലച്ചോറിനെ കമ്പ്യൂട്ടറുമായി ഘടിപ്പിക്കാനുള്ള വലിയ പദ്ധതിയുടെ രണ്ടാംഘട്ടം ന്യൂറോ ലിങ്ക് ഓണ്‍ലൈന്‍ കോണ്‍ഫ്രന്‍സിലാണ് മസ്ക് പുറത്തിറക്കിയത്. ഇതിന്‍റെ വിശേഷങ്ങള്‍.
നേരത്തെ ന്യൂറാലിങ്ക് പ്രദര്‍ശിപ്പിച്ചത് 2019 ലായിരുന്നു. കഴിഞ്ഞ ദിവസം അവതരിപ്പിച്ചത് ഇതിന്‍റെ രണ്ടാംഘട്ടമാണ്. 2019ല്‍ ന്യൂറാലിങ്ക് കണക്ടു ചെയ്ത ഒരു എലിയെ യുഎസ്ബി-സി പോര്‍ട്ടുമായി ബന്ധിപ്പിച്ചാണ് കാണിച്ചത്. എന്നാല്‍, ജെട്രൂഡ് എന്നു പേരിട്ട ഒരു പന്നിയിലാണ് ന്യൂറാലിങ്ക് ബ്രെയിൻ കംപ്യൂട്ടര്‍ ഇന്റര്‍ഫെയസ് അഥവാ ബിസിഐ ഇത്തവണ പ്രദര്‍ശിപ്പിച്ചത്.
സ്റ്റേജിലെത്തിയ ജെട്രൂഡ് അവിടെ വച്ചിരുന്ന ഒരു പേനയ്ക്കു ചുറ്റും മണംപിടിച്ചു നടന്നപ്പോള്‍ അതിന്റെ തലച്ചോറില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാവര്‍ക്കും കാണാവുന്ന തരത്തില്‍ വേദിയില്‍ മസ്ക് കാണിച്ചു.
ജെട്രൂഡിന്‍റെ തലച്ചോറില്‍ ഘടിപ്പിച്ച ചിപ്പിന്‍റെ പ്രത്യേകതകള്‍ ഇങ്ങനെ, ആദ്യത്തെ ന്യൂറാലിങ്കിനെക്കാളും കൂടുതല്‍ ഒതുക്കമുള്ളതാണ് പുതിയ പതിപ്പ്. ഇത് തലയൊട്ടിയില്‍ ചെറിയൊരു പഴുതുണ്ടാക്കി തലച്ചോറില്‍ ഘടിപ്പിക്കാനാകും. തലയോട്ടിയില്‍ ഒരു ഫിറ്റ്ബിറ്റ് സ്മാര്‍ട് വാച്ച് വച്ചിരിക്കുന്നതു പോലെയാണിതെന്നാണ് മസ്ക് പറയുന്നത്. അത് തലച്ചോറിലെ കോശങ്ങളുമായി 1,024 നേര്‍ത്ത ഇലക്ട്രോഡുകള്‍ ഉപയോഗിച്ചാണ് ഇടപെടുന്നത്. തലച്ചോറിലെ കോശങ്ങളിലേക്ക് അവ ആഴ്ത്തി വയ്ക്കുകയാണ് ചെയ്തരിക്കുന്നത്. ന്യൂറാലിങ്കില്‍ നിന്ന് ഒരു ബ്ലൂടൂത്ത് ലിങ്ക് ഉപയോഗിച്ചാണ് പുറത്തുവച്ചിരിക്കുന്ന ഉപകരണത്തില്‍ എത്തുന്നത്. ബ്ലൂടൂത്ത് ടെക്നോളജി മാറ്റി മറ്റൊരു റേഡിയോ ടെക്നോളജി ഉപയോഗിക്കാനുള്ള പരീക്ഷണം മസ്കിന്‍റെ കമ്പനി നടത്തുന്നുണ്ട്.
ഇപ്പോള്‍ പന്നിയുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനം കാണിച്ചെങ്കിലും മസ്കിന്‍റെ ആശയത്തിലുള്ള ന്യൂറാലിങ്ക് സംഭവിക്കണമെങ്കില്‍ എനിയും കാലം പിടിക്കും. തുടക്കത്തില്‍ തളര്‍ന്ന് പോയവര്‍ക്ക് സഹായകരമാകുന്ന സംവിധാനമായി ഇത് മാറ്റാം എന്നാണ് മസ്കിന്‍റെ ആശയം. ചലനശേഷി നഷ്ടപ്പെട്ടവരെ സാധാരണഗതിയിലെത്തിക്കാന്‍ ന്യൂറാലിങ്കിന് ഭാവിയില്‍ സാധിക്കുമെന്ന കാര്യത്തില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നാണ് മസ്‌ക് പറഞ്ഞിരിക്കുന്നത്. അവര്‍ക്ക് ഒരു ഉപകരണത്തെ തലച്ചോറില്‍ നിന്നും നിര്‍ദേശം നല്‍കി എത്തിക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷ.
ഇതിനൊപ്പം തന്നെ മനുഷ്യ ശരീരത്തില്‍ ഏതെങ്കിലും രോഗാവസ്ഥയുണ്ടെങ്കില്‍ അത് മുന്‍കൂട്ടി മനസിലാക്കാനും ന്യൂറാലിങ്കിലൂടെ സാധിക്കും എന്നാണ് മസ്കിന്‍റെ പ്രതീക്ഷ.
പക്ഷെ ശരിക്കും ഇതിനെല്ലാം അപ്പുറമാണ് ന്യൂറാലിങ്കിന്‍റെ കഴിവ് എന്നാണ് മസ്ക് വിശേഷിപ്പിക്കുന്നത്. കണ്‍സെപ്ഷ്വല്‍ ടെലിപതി - രണ്ടുപേര്‍ക്കു തമ്മില്‍ ചിന്ത മാത്രം ഉപയോഗിച്ച് ഇലക്ട്രോണിക്കലി സംവാദിക്കുക എന്ന ആശയമാണിത്. അതായത് ഒരു വ്യക്തിയോട് നമ്മുക്ക് സംസാരിക്കേണ്ട കാര്യം മനസില്‍ ആലോചിച്ചാല്‍ തന്നെ അത് ആര്‍ക്കാണോ കൈമാറേണ്ടത് അത് ലഭിക്കും. ഇതൊക്കെ എപ്പോള്‍ സാധ്യമാകും എന്നത് മസ്ക് കൃത്യമായി വ്യക്തമാക്കുന്നില്ല.
ന്യൂറാലിങ്ക് മനുഷ്യരില്‍ പരീക്ഷിക്കുക എന്ന ലക്ഷ്യമാണ് മസ്ക് മുന്നില്‍ കാണുന്നത്. ഇതിനായി ഒരു റോബോട്ടിക്ക് സംവിധാനം വരെ മസ്കിന്‍റെ കമ്പനി അണിയറയില്‍ ഒരുക്കുന്നു. അതായത് മനുഷ്യ സ്പര്‍ശം ഇല്ലാതെ തലച്ചോറില്‍ ചിപ്പ് ഘടിപ്പിക്കാന്‍ ഈ സംവിധാനം വഴി സാധിക്കുമെന്ന് മസ്ക് അവകാശപ്പെടുന്നു.
ന്യൂറാലിങ്ക് എന്നത് സമഗ്രമായ ഒരു പദ്ധതിയാണ് ഇതിന് അവവധി പ്രതിസന്ധികള്‍ മറികടക്കേണ്ടതുണ്ട്. കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താനുള്ള അനുമതി അമേരിക്കയുടെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അഥവാ എഫ്ഡിഎ നല്‍കിക്കഴിഞ്ഞു. എന്നാണ് മസ്ക് പറയുന്നത്.
ശാസ്ത്ര നോവലുകളുടെ ആരാധകനാണ് മസ്ക്; അതിനാല്‍ അതില്‍ പറയുന്ന ഭാവനയിലെ ശാസ്ത്ര വിദ്യകള്‍ ശരിക്കും നടപ്പിലാക്കാന്‍ സാധിക്കുമോ എന്നതും ഈ കോടീശ്വരന്‍ തേടും.
ഇത്തരത്തില്‍ ഭാവിയില്‍, ഇന്‍ഫ്രാറെഡ്, അള്‍ട്രാവൈലറ്റ്, എക്‌സ്-റെ തുടങ്ങിയവയുടെ ഡിജിറ്റല്‍ ഡേറ്റ ഉപയോഗിച്ച് മനുഷ്യര്‍ക്ക് സൂപ്പര്‍കാഴ്ച ലഭിക്കുന്ന കാലം വരാമെന്നും അദ്ദേഹം സ്വപ്‌നം കാണുന്നു. അതായത് സൂപ്പര്‍മാന്‍ കാഴ്ചയൊക്കെ സാധ്യമാകുമെന്ന്.