Bahrain Catholic Church : മധ്യപൂര്‍വേഷ്യയിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ ദേവാലയം ബഹ്റൈനില്‍ തുറന്നു
മനാമ: മധ്യപൂര്‍വേഷ്യയിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ ദേവാലയം ബഹ്റൈനില്‍ തുറന്നു. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫയുടെ പ്രത്യേക പ്രതിനിധി, ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ ഖലീഫ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡിസംബര്‍ ഒമ്പതിന് രാവിലെ 11 നായിരുന്നു കന്യകാമറിയത്തിന്റ പേരിലുളള 'അവര്‍ ലേഡി ഓഫ് അറേബ്യ' കത്തീഡ്രലിന്റെ ഉദ്ഘാടനം.
ബഹ്റൈന്‍, കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ എന്നിവ ഉള്‍പ്പെടുന്ന നോര്‍ത്ത് അറേബ്യന്‍ അപ്പസ്തോലിക് വികാരിയത്തിന്റെ കേന്ദ്രം കൂടിയായിരിക്കും ഈ പള്ളി.
അവാലിയില്‍ ബഹ്‌റൈന്‍ രാജാവ് സമ്മാനിച്ച 9,000 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് കത്തീഡ്രലും വികാരിയത്തിന്റെ ആസ്ഥാന കാര്യാലയവും നിര്‍മിച്ചിരിക്കുന്നത്.
ബഹ്‌റൈന്റെ തലസ്ഥാനമായ മനാമയില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രം അകലെയുളള അവാലിയിലാണ് 95,000 ചതുരശ്ര അടിയോളം വരുന്ന കെട്ടിട സമുച്ചയം.
2,300 ലധികം വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കത്തീഡ്രലിന്റെ വശങ്ങളില്‍ ചാപ്പലുകളും വിശാലമായ പാര്‍ക്കിങ് സൗകര്യവുമുണ്ട്. 2014 മേയ് 19ന് വത്തിക്കാന്‍ സന്ദര്‍ശന വേളയില്‍ ബഹ്റൈന്‍ രാജാവ് കത്തീഡ്രലിന്റെ ചെറുമാതൃക മാര്‍പാപ്പക്ക് സമ്മാനിച്ചിരുന്നു.
ഏകദേശം 80,000 കത്തോലിക്കക്കാര്‍ ബഹ്റൈിനിലുണ്ട്. ഫിലിപ്പീന്‍സ്, ഇന്ത്യ എന്നീ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളാണ് ഇതില്‍ ഭൂരിഭാഗവും.
(ചിത്രങ്ങള്‍ക്ക് കടപ്പാട്: ജിഡിഎന്‍ ഓണ്‍ലൈന്‍)