പറക്കും സിംഗിന് രാജ്യത്തിന്‍റെ പ്രണാമം; മില്‍ഖായെ അനുസ്‌മരിച്ച് പ്രധാനമന്ത്രിയും സച്ചിനുമടക്കമുള്ള പ്രമുഖരും
ദില്ലി: രാജ്യം കണ്ട എക്കാലത്തെയും മികച്ച അത്‌ലറ്റായ മില്‍ഖാ സിംഗിന് പ്രണാമം അര്‍പ്പിച്ച് പ്രമുഖര്‍. ചണ്ഡീഗഡിൽ കൊവിഡാനന്തര ചികിത്സക്കിടെയാണ് 91കാരനായ മിൽഖാ സിംഗ് അന്തരിച്ചത്. ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും 400 മീറ്ററില്‍ സ്വര്‍ണം നേടിയ ഏക ഇന്ത്യക്കാരനാണ്. മില്‍ഖാ ഇന്ത്യക്കാരുടെ മനസില്‍ പ്രത്യേക ഇടം നേടിയ അതികായനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്‌മരിച്ചു. സച്ചിന്‍ ടെന്‍ഡുല്‍ക്കറും സുനില്‍ ഛേത്രിയുമടക്കം കായികരംഗത്തെ നിരവധി പ്രമുഖരും കായികപ്രേമികളും ഇതിഹാസ അത്‌ലറ്റിനെ അനുസ്‌മരിച്ചു.
പറക്കും സിംഗ് എന്ന പേരിലറിയപ്പെടുന്ന മില്‍ഖാ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും 400 മീറ്ററില്‍ സ്വര്‍ണം നേടിയ ഏക ഇന്ത്യക്കാരനാണ്.
1960ലെ ഇന്തോ-പാക് പോരാട്ടത്തിലെ കുതിപ്പ് കണ്ടാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ജനറൽ അയൂബ് ഖാൻ മിൽഖായെ പറക്കും സിംഗ് എന്ന് ആദ്യമായി വിളിച്ചത്.
ഏഷ്യൻ ഗെയിംസിൽ നാല് സ്വർണമടക്കം കരിയറിൽ തിളക്കമുള്ള ഒട്ടേറെ നേട്ടങ്ങള്‍ പേരിലാക്കി.
1960ലെ റോം ഒളിംപിക്‌സില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ നാലാം സ്ഥാനത്തെത്തി. വെറും 0.1 സെക്കന്‍ഡ് വ്യത്യാസത്തിലാണ് മെഡല്‍ നഷ്‌ടമായത്.
രാജ്യം 1958ല്‍ പദ്‌മശ്രീ നല്‍കി ആദരിച്ചു. അർജുന അവാർഡ് നൽകാൻ രാജ്യം 2001വരെ കാത്തിരുന്നു. എന്നാല്‍ മില്‍ഖാ സിംഗ് പുരസ്‌കാരം വേണ്ടെന്ന് വച്ചു.
91 വയസുകാരനായ മില്‍ഖാ സിംഗിനെ മെയ് 20 മുതല്‍ കൊവിഡ് പ്രശ്‌നങ്ങള്‍ അലട്ടുകയായിരുന്നു.
മില്‍ഖാ സിംഗിനൊപ്പം പത്നി നിര്‍മല്‍ കൗറും കൊവിഡ് ബാധിതരായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും നെഗറ്റീവായി. എങ്കിലും കൊവിഡാന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടി.
ആദ്യം ചണ്ഡീഗഢിലെ വീട്ടില്‍ ഐസൊലേഷനിലായിരുന്നു മില്‍ഖായെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസ്‌ചാര്‍ജ് ചെയ്‌തെങ്കിലും വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു.
ഭാര്യയും ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനുമായ നിര്‍മല്‍ കൗറിന്റെ മരണത്തിന് അഞ്ച് ദിവസത്തിന് ശേഷമാണ് മില്‍ഖാ സിംഗിന്‍റെ വേര്‍പാട്.
ഇതിഹാസ അത്‌ലറ്റിന് പ്രണാമം അര്‍പ്പിക്കുകയാണ് ഇന്ത്യ. നിരവധി പ്രമുഖര്‍ അനുസ്‌മരിച്ചു.