യഹിയാക്ക; ജീവിതം കൊണ്ട് അധികാരത്തോട് കലഹിച്ച ആ ചായക്കടക്കാരന്‍ ഇവിടെയുണ്ട്
സ്കൂളിന്‍റെ പടികണ്ടിട്ടില്ലെങ്കിലും ജീവിതം കൊണ്ട് അധികാര സ്ഥാനങ്ങളോട് കലഹിച്ച യാഹിയാക്കയെ തേടുകയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങള്‍. നോട്ട് നിരോധനത്തെ തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ യഹിയയെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ചെയ്തിരുന്ന 'ചിത്രം വിചിത്രം' എന്ന പരിപാടിയുടെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ആരോ പങ്കുവെച്ചത് നിരവധി പേര്‍ പങ്കിട്ടതോടെയാണ് യഹിയക്കയെ കുറിച്ച് സാമൂഹ്യമാധ്യമങ്ങള്‍ വീണ്ടും അന്വേഷിച്ച് തുടങ്ങിയത്. നോട്ട് നിരോധനത്തിന്‍റെ കാലത്ത് രാജ്യം മുഴുവനും ശ്രദ്ധിച്ച ആ പ്രതിഷേധക്കാരനെ തേടി.. ഒടുവില്‍ താൻ കാര്യസ്ഥനായിരുന്ന വീടിന്‍റെ വരാന്തയില്‍ ഞങ്ങള്‍ അദ്ദേഹത്തെ കണ്ടെത്തി. 'ഇവിടെ കിടന്ന് തന്നെ മരിക്കണം...' പ്രായം തീര്‍ത്ത അവശതകള്‍ക്കിടെയിലും പകരം വയ്ക്കാനില്ല തന്‍റെ നിലപാട് അദ്ദേഹം തീര്‍ത്ത് പറഞ്ഞു. വീട്ടുകാർ യാഹിയക്കയ്ക്ക് വേണ്ടി വീട് തുറന്ന് കൊടുത്തിട്ടും അദ്ദേഹം ആ വാതില്‍ കടന്ന് അകത്ത് കയറിയില്ല. തന്‍റെ തീരുമാനങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ അദ്ദേഹം തയ്യാറല്ല. ജീവിതത്തിന്‍റെ സായാഹ്നത്തിലും തന്‍റെ നിലപാടുകള്‍ക്കോ തീര്‍പ്പുകള്‍ക്കോ അദ്ദേഹത്തിന് പകരം വയ്പ്പുകളില്ല. ആരോഗ്യം ക്ഷയിച്ചെങ്കിലും അന്തിയുറങ്ങാന്‍ ഒരു വീടിന്‍റെ ആവശ്യമില്ലെന്നും ഒരു 'വരാന്ത' മതിയെന്നുമുള്ളത് അദ്ദേഹത്തിന്‍റെ തന്നെ തീരുമാനമായിരുന്നു. കാണാം ജീവിതം കൊണ്ട് പ്രതിരോധിച്ച ആ സാധാരണക്കാരനെ... യഹിയാക്കയെ... (ചിത്രങ്ങള്‍ അരുണ്‍ കടയ്ക്കല്‍.)
യഹിയ തന്‍റെ ജീവിതം തുടങ്ങുന്നത് ഇന്ന് അന്തിയുറങ്ങുന്ന ഈ വീട്ടില്‍ നിന്നാണ്. ഈ വീട്ടിലെ പാചകകാരനായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം തുടങ്ങുന്നത്. ഒടുവില്‍ ആ വീടിന്‍റെ വരാന്തയില്‍ കിടന്ന് അന്ത്യശ്വാസം വലിക്കണമെന്നതാണ് അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ ആഗ്രഹം. ഇന്നും 'മാക്സി'യാണ് അദ്ദേഹത്തിന്‍റെ വേഷം.
ഒരു പൊലീസുകാരന്‍റെ വീടിന്‍റെ വരാന്തയിലാണ് ഇന്ന് യഹിയക്കയുടെ ജീവിതം. അദ്ദേഹവും കുടുംബവും ജോലി സംബന്ധമായി തിരുവനന്തപുരത്തേക്ക് മാറിയപ്പോൾ വീടും താക്കോലും യഹിയയെ ഏല്‍പ്പിച്ചു. എന്നാൽ, തനിക്ക് കേറിക്കിടക്കാന്‍ ഇത്രയും വലിയൊരു വീടിന്‍റെ ആവശ്യമില്ലെന്ന് യഹിയക്ക തീര്‍ത്ത് പറഞ്ഞു. കിടന്നുറങ്ങാൻ വരാന്ത തന്നെ ധാരാളം.
ആരോഗ്യം മോശമായതിനെത്തുടർന്ന് ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യം വന്നപ്പോൾ ആര്‍എംഎസ് എന്ന ചായ കട താൽക്കാലികമായി അടച്ചു. പക്ഷേ, നാട്ടുകാർ ഇടപെട്ട് മറ്റൊരാൾക്ക് ചായക്കട കൈമാറി. കടയില്‍ നിന്നുള്ള വരുമാനത്തില്‍ നിന്ന് ദിവസം 350 രൂപയും മൂന്ന് നേരം ഭക്ഷണവും യഹിയയ്ക്ക് കടയില്‍ നിന്ന് എത്തിക്കും.
ഭാര്യ മരിച്ചതോടെ യഹിയ തീർത്തും ഒറ്റപ്പെട്ടു. മക്കൾ തങ്ങൾക്കൊപ്പം താമസിക്കാൻ ക്ഷണിക്കുമെങ്കിലും ആരെയും ബുദ്ധിമുട്ടിക്കാന്‍ യഹിയക്ക തയ്യാറല്ല. അതിനി മക്കളായാല്‍ പോലും. യഹിയക്കയുടെ ജീവിതത്തെ കുറിച്ചറിയുന്നവര്‍ അദ്ദേഹത്തിന്‍റെ തീരുമാനങ്ങളില്‍ മറുത്തൊന്നും പറയില്ല. കാരണം ആ തീരുമാനങ്ങള്‍ക്ക് കാരിരുമ്പിന്‍റെ ബലമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയായാലും നാട്ടിലെ എസ്ഐയായാലും യഹിയക്ക പ്രതിഷേധിച്ചിരിക്കും.
കൊല്ലത്ത് കടയ്ക്കൽ മുക്കുന്നത്ത് ആര്‍എംഎസ് എന്ന കട നടത്തും മുമ്പ് കുറച്ച് കാലം പ്രവാസിയായിരുന്നു യഹിയക്കയും അറബിനാട്ടിലലെ അട്മേയ്ക്കലിനെക്കാള്‍ നല്ലത് നാട്ടിലൊരു ചായക്കടയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അദ്ദേഹം നാട്ടിലെത്തി. ഇടയ്ക്ക് ഹരംമൂത്ത് മുച്ചീട്ട് കളിച്ചിരുന്നു യഹിയക്ക. ആ രഹസ്യക്കളിയിലെ രഹസ്യവാക്കായ ആര്‍എംഎസ് എന്ന് അദ്ദേഹം തന്‍റെ ചായക്കടയ്ക്ക് പേരിട്ടു. അങ്ങനെ ഭരണകൂടം നിരോധിച്ച കളിയിലെ രഹസ്യവാക്കില്‍ യഹിയക്കയുടെ ചായക്കടയുടെ പേരുയര്‍ന്നു.
യഹിയക്കയുടെ പ്രതിഷേധങ്ങള്‍ക്ക് ദേശാന്തര പ്രചാരം ലഭിക്കുന്നത് ഇവിടെനിന്നായിരുന്നു. നാട്ടിലെ വസ്ത്രധാരണത്തെ കുറിച്ചുള്ള ധാരണകളെ കീഴ്മേല്‍ മറിച്ച സംഭവം. പതിവ് പോലെ ചായക്കടയില്‍ നില്‍ക്കുകയായിരുന്നു യഹിയ. അത് വഴി ജീപ്പില്‍ പോയ എസ്ഐ സ്ഥലത്ത് വണ്ടി നിര്‍ത്തിയപ്പോള്‍, മടക്കിക്കുത്തിയ മുണ്ട് യഹിയ അഴിച്ചിട്ടില്ല. മുണ്ട് മടക്കിക്കുത്തി റോഡരികില്‍ നിന്ന യഹിയയെ എസ്ഐക്ക് അത്ര പിടിച്ചില്ല.
തന്നെ കണ്ട് മുണ്ടഴിച്ച് ബഹുമാനിക്കാത്ത യഹിയയെ എസ്ഐ മുഖത്തടിച്ചു. വിദ്യാഭ്യാസമില്ലെങ്കിലും എസ്ഐയും താനും തമ്മിലുള്ള അധികാരത്തിന്‍റെ ദൂരം യഹിയക്ക് നല്ല പോലറിയാം. എസ്ഐയോടുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി ഇനി ഒരാളുടെ മുന്നിലും താന്‍ മുണ്ടിന്‍റെ മടക്കിക്കുത്ത് അഴിക്കില്ലെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. അതോടൊപ്പം മുണ്ടില്‍ നിന്ന് അദ്ദേഹം മാക്സിയിലേക്ക് വസ്ത്രം മാറി. അധികാരത്തോടുള്ള ആ സാധാരണക്കാരന്‍റെ ആ കലഹം ഇന്നും തുടരുന്നു. കുട്ടികള്‍ കളിയാക്കി മാക്സിമാമ വിളികളുയര്‍ത്തിയെങ്കിലും തന്‍റെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ അദ്ദേഹം തയ്യാറായില്ല.
മുക്കുന്നം എന്ന ഗ്രാമത്തില്‍ നിന്നും യഹിയയുടെ ഖ്യാതി നാടുകള്‍ തോറും പറന്നു. അതോടൊപ്പം ആര്‍എംഎസ് എന്ന ചായക്കടയുടെ പ്രത്യേകതകളും. മറ്റ് ചായക്കടകളില്‍ നിന്ന് വ്യത്യസ്തമായിരുന്നു ആര്‍എംഎസിലെ പണമിടപാട് രീതികള്‍. ഊണിന് 10 രൂപ, ചിക്കൻ കറിക്ക് 40 രൂപ. ഒരു പ്ലെയ്റ്റ് കപ്പ 10 രൂപ. പത്തു ദോശയ്ക്ക് അഞ്ച് ദോശ ഫ്രീ. അഞ്ച് ചിക്കൻകറിക്ക് ഒരു ചിക്കൻകറി ഫ്രീ. ചായക്ക് 5 രൂപ എന്നിങ്ങനെ വിവിധ ഓഫറുകള്‍. അതും സ്വയം തയ്യാറാക്കുന്ന കറിമസാലകൾ മാത്രമേ ഉപയോഗിക്കൂ. പക്ഷേ ഒരു വലിയ നിര്‍ബന്ധമുണ്ടായിരുന്നു. വിളമ്പി വച്ച ഭക്ഷണം ബാക്കി വച്ചാല്‍ 25 രൂപ അധിക ചാര്‍ജ്ജ് ഈടാക്കിയേ യഹിയ ആളെ കടയില്‍ നിന്ന് വിടൂ. അനേകം പേര് ഭക്ഷണമില്ലാതിരിക്കുമ്പോള്‍ നമ്മള്‍ ഭക്ഷണം വെറുതേ കളയുരുതെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം.
2016 നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു മുന്നറിയിപ്പുമില്ലാതെ കള്ളപ്പണം വെളുപ്പിക്കാനെന്ന പേരില്‍ 500 ഉം 1000 രൂപയുടെ നോട്ടുകള്‍ നിരോധിച്ചപ്പോള്‍, ഇന്ത്യയിലെ ഏറ്റവും സാധാരണക്കാരനായിരുന്ന യഹിയ എന്ന ആ എഴുപതുകാരനായ ചായക്കടക്കാരനും നിന്നനില്‍പ്പില്‍ നിലയില്ലാതായതായി തോന്നി. അദ്ദേഹം, ഒറ്റ രാത്രി കൊണ്ട് മൂല്യമില്ലാതായ തന്‍റെ കൈയിലുള്ള 23,000 രൂപയുമായി മൂന്ന് ദിവസം ബാങ്കിന് മുന്നില്‍ ക്യൂ നിന്നു. മൂന്നാം നാള്‍ ഷുഗര്‍ കേറി തലകറങ്ങി യഹിയാക്ക താഴെ വീണു. ആരൊക്കെയോ ചേര്‍ന്ന് ആശുപത്രിയിലാക്കി. ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയ യഹിയാക്ക തന്‍റെ കൈയിലെ സമ്പാധ്യമായ 23,000 രൂപയും അടുപ്പിലേക്ക് വലിച്ചെറിഞ്ഞു.
ബാങ്കിലുള്ള 55,000 രൂപയും നഷ്ടപ്പെടുമെന്ന് ഭയന്ന അദ്ദേഹം ഒരു മുണ്ടുമായി കടയ്ക്കല്‍ സഹകരണബാങ്കിലേക്ക് ചെന്നു. കെട്ടിതൂങ്ങി ചാകുമെന്ന് ഭീഷണി മുഴക്കി. ബാങ്കിലെ പണം നഷ്ടപ്പെടില്ലെന്ന് ബാങ്കുകാര്‍ ഉറപ്പ് നല്‍കി യഹിയക്കയെ സമാധാനിപ്പിച്ചു. പക്ഷേ ആ സാധാരണക്കാരനായ ചായക്കടക്കാരന്‍റെ അരിശം തീര്‍ന്നില്ലായിരുന്നു. അദ്ദേഹം തന്‍റെ പാതി മീശയും പാതി മുടിയും വടിച്ചിറക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി രാജിവച്ചൊഴിയാതെ ഇനി തന്‍റെ പാതി മുടി വളര്‍ത്തില്ലെന്ന് അദ്ദേഹം ശപഥം ചെയ്തു. ഇതോടെ യഹിയക്കയുടെ വാര്‍ത്തകള്‍ ദേശങ്ങള്‍ കടന്ന് രാജ്യ തലസ്ഥാനത്ത് വരെ അലയടിച്ചു.
മാധ്യമപ്രവർത്തകനായ സനു കുമ്മിൾ യഹിയക്കയുടെ പ്രതിഷേധജീവിതം ‘ഒരു ചായക്കടക്കാരന്‍റെ മൻകി ബാത്’ എന്നപേരിൽ ഡോക്യുമെന്‍റിറി ചെയ്തു. ഇതോടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മാധ്യമങ്ങളില്‍ യഹിയക്ക തരംഗമായി. 2018 ലെ ഐഡിഎസ്എഫ്എഫ്‌കെയിൽ മികച്ച ഹ്രസ്വ ഡോക്യുമെന്‍ററിക്കുള്ള അവാർഡിന് ‘ഒരു ചായക്കടക്കാരന്‍റെ മൻകി ബാത്’ തെരഞ്ഞെടുക്കപ്പെട്ടു.
തുടർന്ന് ഇന്ത്യയിലും വിദേശത്തുമായി നിരവധി മേളകളിൽ ‘ഒരു ചായക്കടക്കാരന്‍റെ മൻ കി ബാത്’ പ്രദർശിപ്പിക്കപ്പെട്ടു. ഡൽഹിയിൽ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കാനെത്തിയ ഡോക്യുമെന്‍ററി ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. തുടർന്ന് പത്രപ്രവർത്തക യൂണിയൻ സ്വന്തം നിലയിൽ ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചത് പിന്നേറ്റ് ദേശീയ മാധ്യമങ്ങളില്‍ ഒന്നാം പേജ് വാർത്തയായി നിറഞ്ഞു. സനു സംവിധാനം ചെയ്ത ഡോക്യുമെന്‍റിറിക്ക് ഒരു ലക്ഷം രൂപയാണ് പുരസ്കാരമായി ലഭിച്ചത്. പുരസ്കാര തുകയില്‍ നിന്ന് യഹിയക്ക കത്തിച്ചു കളഞ്ഞ അത്രയും തുക സനു മടക്കി നൽകി. (സനു കുമ്മിളും യഹിയക്കയും)
ഇന്ന് പ്രായം തീര്‍ത്ത അവശതയ്ക്കിടയിലും യഹിയക്ക പ്രതിഷേധത്തിന്‍റെ വസ്ത്രം മാറാന്‍ തയ്യാറല്ല. മാക്സിതന്നെയാണ് അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ വസ്ത്രം. ബാര്‍ബര്‍ ഷാപ്പില്‍ പോയി മുടിയവെട്ടാന്‍ അദ്ദേഹത്തിന് പ്രായത്തിന്‍റെ തടസമുണ്ട്. ഇല്ലെങ്കില്‍ ആ പ്രതിഷേധവും താന്‍ തുടരുമെന്നും അദ്ദേഹം പറയുന്നു. ഈ വീടിന്‍റെ വരാന്തയില്‍ കിടന്ന് മരിക്കുകയെന്നതാണ് ഇപ്പോഴത്തെ ആഗ്രഹം. കാരണം ഞാന്‍ ജീവിതം തുടങ്ങിയത് ഇവിടെ നിന്നാണ്. ഇവിടെ അത് അവസാനിപ്പിക്കണെന്ന് ആഗ്രഹിക്കുന്നു. കേറിക്കിടക്കാനായി വീട്ടുകാര്‍ വാതില്‍ തുറന്നിട്ടതാണ്. പക്ഷേ, എനിക്കൊരാള്‍ക്ക് കിടക്കാന്‍ എന്തിനാണ് ഇത്രയും വലിയ വീട് ? ഈ വരാന്ത പേരേ ? ഇടയുന്ന ശബ്ദത്തിനിടെയിലും ഇടര്‍ച്ചയില്ലാതെ യഹിയക്ക ചോദിക്കുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona