ചെഗുവേര കേരളത്തില്‍!
മുണ്ടുടുത്ത ചെഗുവേര. ക്ഷേത്രോല്‍സവത്തിലെ ചെഗുവേര. പാര്‍ട്ടി ഓഫീസുകളിലെയും റോഡരികിലെ കെട്ടിടങ്ങളിലെയും ചെഗുവേര. മലയാളി ജീവിതത്തിന്റെ തൂണിലും തുരുമ്പിലുമുള്ള നിറസാന്നിധ്യം. 1967ല്‍ ബൊളീവിയന്‍ സൈന്യം വെടിവെച്ചുകൊന്നെങ്കിലും മാര്‍ക്‌സിസ്റ്റ് വിപ്ലവകാരി ഏണസ്‌റ്റോ ചെഗുവേര കേരളത്തിലിന്നും സജീവമാണ്. പില്‍ക്കാലത്ത് ഒരു ബ്രാന്റായി മാറ്റിത്തീര്‍ക്കപ്പെട്ട ചെഗുവേര ഫോട്ടോകളിലൂടെയും പ്രശസ്തമായ ഉദ്ധരണികളിലൂടെയുമാണ് കേരളത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്.
കമ്യൂണിസ്റ്റ് പാര്‍ട്ടി ആദ്യമായി ബാലറ്റിലൂടെ അധികാരത്തിലേറിയ കേരളത്തില്‍ അറുപതു മുതല്‍ ചെഗുവേരയുടെ സാന്നിധ്യമുണ്ടായിരുന്നു. എന്നാല്‍, അന്ന് നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ആളായാണ് ചെ മുദ്രകുത്തപ്പെട്ടത്. ചെഗുവേര കൃതികള്‍ വായിക്കരുതെന്ന വിലക്ക് പോലും അന്നു മുഖ്യധാരാ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എടുത്തിരുന്നുവെന്ന് കെ. വേണുവിനെ പോലുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു. നക്‌സല്‍ കാലത്തിനും അടിയന്തിരാവസ്ഥയ്ക്കും ശേഷമാണ് മുഖ്യധാരാ ഇടങ്ങളിലേക്കുള്ള ഈ വിപ്ലവ ഇതിഹാസത്തിന്റെ പ്രവേശനം സാദ്ധ്യമാവുന്നത്. മരണാനന്തരം ലോകമെങ്ങും ഒരു ബ്രാന്റെന്ന നിലയില്‍ വളര്‍ന്ന ചെഗുവേര പിന്നീട്, അതേ സാദ്ധ്യതകള്‍ ഉപയോഗിച്ച് കേരളത്തിലും യൗവനത്തിന്റെ ഇതിഹാസ പുരുഷനായി മാറുകയായിരുന്നു.
ഇപ്പോള്‍ ചെഗുവേരയ്ക്ക് കേരളത്തില്‍ ഒരു രാഷ്ട്രീയ മുഖമുണ്ട്. ഇടതു പ്രത്യയശാസ്ത്രം പങ്കുവെയ്ക്കുന്നവര്‍ അവരുടെ ഐക്കണായി ചെഗുവേരയെ കണക്കാക്കുന്നു. അതേ കാരണത്താല്‍, ചെഗുവേര എതിര്‍ക്കപ്പെടേണ്ട ഒരാളായി എതിര്‍വശത്തുള്ള പാര്‍ട്ടികളും കരുതുന്നു. അതു പലപ്പോഴും സംഘര്‍ഷങ്ങളിലെത്തുന്നു. ചെഗുവേരയുടെ പേരില്‍ കേരളത്തില്‍ ഒരു ഹര്‍ത്താല്‍ പോലും നടന്നത് ഇവിടെ കൂട്ടിവായിക്കണം.
'കൊല്ലാനേ കഴിയൂ, നശിപ്പിക്കാനാവില്ല' എന്ന പ്രശസ്തമായ വാക്കുകള്‍ പോലെ ചെഗുവേര കേരളത്തിലിന്നും മുണ്ടും മടക്കിക്കുത്തി നടക്കുക തന്നെയാണ്. കേരളത്തിന്റെ തെരുവുകളില്‍ കാണുന്ന ചെഗുവേര ചിത്രങ്ങള്‍ക്ക് പലപ്പോഴും മലയാളികളുടെ മുഖമാണ്. സിനിമാ താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയുമെല്ലാം മുഖസാദൃശ്യമുള്ള ചെഗുവേരയെ നമുക്ക് തെരുവുകള്‍ നീളെ കണ്ടെടുക്കാനാവും.
1967ല്‍ ബൊളീവിയന്‍ സൈന്യം വെടിവെച്ചുകൊന്നെങ്കിലും മാര്‍ക്‌സിസ്റ്റ് വിപ്ലവകാരി ഏണസ്‌റ്റോ ചെഗുവേര കേരളത്തിലിന്നും സജീവമാണ്.
ചെഗുവേര എന്ന മലയാളി. ബിന്യാമിന്റെ പുതിയ പുസ്തകത്തിന് സൈനുല്‍ ആബിദ് തയ്യാറാക്കിയ വ്യത്യസ്തമായ കവര്‍ ചിത്രമാണ് ഈ നിലയില്‍ ചര്‍ച്ചയായത്. 'മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍' എന്ന ബെന്യാമിന്റെ നോവല്‍ ഇറങ്ങുന്നതിന് മുന്നോടിയായി കവര്‍ പ്രകാശനം നടന്നിരുന്നു. ചെഗുവേരയെ കേരളീയാന്തരീക്ഷത്തില്‍ പ്രതിഷ്ഠിക്കുന്നതാണ് സൈനുല്‍ ആബിദിന്റെ കവര്‍ച്ചിത്രം. ഇഎംഎസിന്റെ പഴയൊരു ചിത്രത്തിലേക്ക് ചെഗുവേരയെ സന്നിവേശിപ്പിക്കുകയായിരുന്നു ഡിസൈനര്‍.
മലയാള സിനിമകളിലുമുണ്ട് ചെഗുവേര. സിനിമയ്ക്കകത്തേക്ക് ചെഗുവേര നേരിട്ട് കടന്നുവരുന്ന സിനിമയാണ് അമല്‍ നീരദ് സംവിധാനം ചെയ്ത 'കോമ്രേഡ് ഇന്‍ അമേരിക്ക (സി ഐ എ). നായകനായ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്ന അജിപ്പന്‍ എന്ന അജി മാത്യുവാണ് മദ്യലഹരിയില്‍ പാര്‍ട്ടി ഓഫീസില്‍ വെച്ച് ചെഗുവേരയുമായി സംസാരിക്കുന്നത്. ഇഎംഎസ് സ്മാരക ലൈബ്രറിയില്‍ ഇരുന്നു പാതിരാത്രി മാര്‍ക്‌സിനോടും ലെനിനോടും ചെഗുവേരയോടും സംസാരിക്കുകയായിരുന്നു നായകന്‍.
മലയാളികളായിരുന്നുവെങ്കില്‍ ഇങ്ങനെയായേനെ അവര്‍. മുണ്ടുടുത്ത ചെഗുവേരയും ഫിദല്‍ കാസ്‌ട്രേയും. കിരണ്‍ ഗോവിന്ദിന്റെ വര.
ഫോര്‍ട്ട് കൊച്ചിയിലെത്തുന്ന വിദേശികളുടെയും നാട്ടുകാരുടെയും പതിവു ഫ്രെയിമാണ് ഈ വായനശാല. ഇവിടത്തെ ചെഗുവേരയുടെ ചിത്രം.
കേരളത്തിന്റെ ചെ പ്രണയത്തെ കുറിച്ച് പല വിദേശികളും എഴുതിയിട്ടുണ്ട്. അവരിലൊരാള്‍ ശ്രീലങ്കന്‍ യുദ്ധ ഫോട്ടോഗ്രാഫര്‍ സൗന്തിയാസ് അമരദാസ്. താന്‍ പകര്‍ത്തിയ ശ്രീലങ്കന്‍ യുദ്ധചിത്രങ്ങളുടെ പ്രദര്‍ശനത്തിനായി കേരളത്തിലെത്തിയപ്പോഴാണ് ഇവിടെ നിന്നും പകര്‍ത്തിയ ചെഗുവേരയുടെ ചിത്രം പങ്കുവച്ച് അമരദാസ് കേരളത്തിന്റെ ചെ പ്രേമത്തെ കുറിച്ച് സംസാരിച്ചത്. കേരളീയര്‍ സ്വന്തം വീട്ടുകാരനെപ്പോലെ ചെഗുവേരയെ നെഞ്ചില്‍കൊണ്ടു നടക്കുന്നു. കേരള ജനതയെ ഓരോ വീഴ്ചയില്‍ നിന്നും കരകയറാന്‍ പ്രാപ്തമാക്കുന്നതില്‍ തീര്‍ച്ചയായും ചെ എന്ന വ്യക്തിയുടെ ഓര്‍മ്മകളുണ്ടാകും'-അമരദാസ് അന്ന് പറഞ്ഞു. 'ചെഗുവേര എന്ന വ്യക്തി ഇവിടെ സര്‍വ്വ വ്യാപിയാണ്. കേരളത്തിലെ മുക്കിനും മൂലയ്ക്കും ചെഗുവേരയുണ്ട്. വീടുകളിലും കടകളിലും കോളജുകളിലുമൊക്കെ ആ രൂപം കാണാം. അയാളൊരു വികാരമാണ്'- അമരദാസ് പറയുന്നു.
ഭരണകക്ഷിയായ സിപിഎം ഓഫീസിന്റെ ചുവരിലെ ചെഗുവേര. ചുവന്ന പശ്ചാത്തലത്തില്‍ വരച്ച ചെഗുവേരയുടെ ചിത്രം പകര്‍ത്തിയത് ഗെറ്റി ഇമേജസിലെ ഫ്രെഡറിക് സോല്‍റ്റാന്‍ ആയിരുന്നു. (Photo by Frédéric Soltan/Corbis via Getty Images)
ഭരണമുന്നണിയില്‍പ്പെട്ട സിപിഐയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എ ഐ എസ് എഫിന്റെ വേദികളിലും പതിവു സാന്നിധ്യമാണ് ഈ വിപ്ലവകാരി.
കേരളത്തിന്റെ ഇടതു മനസ്സില്‍ എത്രയാഴത്തില്‍ പതിഞ്ഞുപോയതാണ് ഈ മുഖമെന്ന് ഈ ചിത്രം വിളിച്ചുപറയുന്നുണ്ട്.
കൊച്ചുകുട്ടികള്‍ക്കു പോലും പരിചിതനായ നാട്ടുകാരനാണിന്ന് ചെഗുവേര. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യപ്പെട്ട ഈ ചിത്രം പറയുന്നത്, വീട്ടുകാരനെപ്പോലെ പരിചിതനായ ചെഗുവേരയെയാണ്
പൊതുപരിപാടിയില്‍ ചെഗുവേരയുടെ ചിത്രം ആലേഖനം ചെയ്ത കൊടിയുമായെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരിക്കല്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. പരപ്പനങ്ങാടി ഹാര്‍ബറിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കവേയാണ് മുഖ്യമന്ത്രി പാര്‍ട്ടിപ്രവര്‍ത്തകരെ തിരുത്തിയത്. പ്രസംഗത്തിനിടെ സദസിന്റെ പുറകില്‍ ചെഗുവേര പതിഞ്ഞ കൊടി കണ്ടതോടെയാണ് മുഖ്യമന്ത്രി പ്രവര്‍ത്തകരെ തിരുത്തിയത്. 'ഒരു പതാക പിന്നില്‍ ഉയരുന്നതായി കണ്ടു. അത് നമ്മുടെ നാട്ടില്‍ ധാരാളം ആളുകള്‍ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരാളുടെ ഫോട്ടോയോട് കൂടിയുള്ള പതാകയാണ്. വേറെ ഒരു വേദിയില്‍ അത് ഉയര്‍ത്തുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷെ അതിന്റെ സ്ഥലമേയല്ല ഇത്, അങ്ങനെ അത് എടുത്ത് നടക്കുന്നയാള്‍ മനസിലാക്കേണ്ടത്, എല്ലായിടത്തും ഇത് ചുമന്ന് കൊണ്ട് പോകേണ്ട എന്നാണ്. അതിനുള്ള വേദികള്‍ ഉണ്ട് പരിപാടികളുണ്ട്. അവിടെ അത് നല്ലത് പോലെ ആവേശപൂര്‍വ്വം നമുക്ക് പ്രയോഗിക്കാവുന്നതാണ്. എന്നായിരുന്നു മുഖ്യമന്ത്രി അന്ന് പറഞ്ഞത്.
ബ്രാന്റ് എന്ന നിലയിലേക്ക് വളര്‍ന്ന ചെഗുവേരയുടെ ചിത്രം ഇപ്പോള്‍ ഉപഭോക്തൃ വസ്തുക്കളിലും പതിവു സാന്നിധ്യമാണ്. ചെരിപ്പുകളിലും ഷൂസുകളിലുമെല്ലാം ചെഗുവേര ചിത്രങ്ങള്‍ പതിവായിട്ടുണ്ട്. അങ്ങനെയാണ് കണ്ണൂരില്‍ ചെഗുവേരയുടെ ചിത്രം പതിപ്പിച്ച ചെരുപ്പുകളുടെ വില്‍പ്പന ഡി വൈ എഫ് ഐ തടഞ്ഞത്. കണ്ണൂരിലെ ഫോര്‍ട്ട് റോഡിലെയും പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെയും കടകളിലാണ് ഇത്തരം ചെരുപ്പുകള്‍ വില്‍പ്പനയ്ക്കെത്തിച്ചത്. പ്രതിഷേധത്തിന് പിന്നാലെ പൊലീസെത്തി ചെരുപ്പുകള്‍ കസ്റ്റഡിയിലെടുത്തു. വിപ്ലവകാരികളുടെ സ്വീകാര്യത വില്‍പനയ്ക്ക് വേണ്ടി ദുരുപയോഗിക്കുന്ന കമ്പനികള്‍ക്കും വില്‍പനക്കാര്‍ക്കുമെതിരെ നടപടി സ്വീകരിയ്ക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ് ജില്ലാ കമ്മിറ്റി അന്ന് പൊലീസിന് പരാതി നല്‍കിയിരുന്നു. മേലില്‍ ഇത്തരം ചെരിപ്പുകള്‍ വില്‍പനയ്ക്ക് വെച്ചാല്‍ ശക്തമായി പ്രതികരിക്കുമെന്ന് കച്ചവടക്കാര്‍ക്കും ഡിവൈഎഫ്‌ഐ മുന്നറിയിപ്പ് നല്‍കിയിരുന്നു.
'കേരളത്തില്‍ അക്രമസംഭവങ്ങള്‍ കൂടുന്നതിനു കാരണം ചെഗുവേരയാണ്. അതിനാല്‍, പൊതുസ്ഥലങ്ങളില്‍ നിന്നും മറ്റും ചെഗുവേരയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യണം'. ബിജെപി സംസ്ഥാന നേതാവ് എ എന്‍ രാധാകൃഷ്ണനാണ് ഇക്കാര്യം പരസ്യമായി ആരോപിച്ചത്. സംവിധായകന്‍ കമലുമായി ബന്ധപ്പെട്ട വിവാദത്തിനിടെ 2017 ജനുവരിയില്‍ കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആരോപിച്ചത്. ചെഗുവേരയെ ആരാധിക്കുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് കേരളത്തില്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിദേശത്തുനിന്നുമെത്തിയ പൈശാചിക സ്വാധീനമായാണ് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ചെഗുവേരയെ വിശേഷിപ്പിക്കുന്നത്. ജനശക്തി യാത്രക്കിടൈ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ചെഗുവേരയെ പരാമര്‍ശിക്കുന്നത്. സി പി എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെ സ്വാധീനിക്കുന്നത് ചെഗുവേരയുടെ ഹിംസാത്മക രാഷ്ട്രീയമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
ഹിന്ദുത്വ നിലപാടുകളിലേക്ക് പിന്നീട് ചുവടു മാറിയ സംവിധായകന്‍ രാജസേനന്‍ ചെഗുവേരയ്‌ക്കെതിരെ സംസാരിച്ചത് ശബരിമല സ്ത്രീ പ്രവേശന വിവാദ കാലത്താണ്. ചെഗുവേരയുടെ വിഗ്രഹവും ചെങ്കൊടിയും ക്ഷേത്രങ്ങളില്‍ വച്ച് ആരാധിക്കാന്‍ തയ്യാറാവണമെന്നാണ് ഫേസ്ബുക്ക് വീഡിയോയിലൂടെ രാജസേനന്‍ അന്ന് ഇടതുപക്ഷത്തോട് ആവശ്യപ്പെട്ടത്.
ഇതിനിടെയാണ് ഒരു ബി.ജെ.പി നേതാവിന്റെ ചെഗുവേര സ്തുതി പുറത്തുവന്നത്. ചെഗുവേര ഗാന്ധിക്കു തുല്യനാണെന്നും യുവാക്കള്‍ അദ്ദേഹത്തെ മാതൃകയാക്കണമെന്നുമാണ് ബി ജെ പി മുന്‍ സംസ്ഥാന പ്രസിഡന്റ് സികെ പത്മനാഭന്‍ 2017 ജനുവരിയില്‍ പരസ്യമായി പറഞ്ഞത്. ഈ സംഭവത്തില്‍ ബി ജെപി പത്മനാഭനോട് വിശദീകരണം തേടിയിരുന്നു.
രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കുള്ള കാരണമായി ചെഗുവേര മാറിയതിന്റെ ഉദാഹരണമാണ് ഈ സംഭവം. ഹെല്‍മറ്റില്‍ ചെഗുവേരയുടെ ചിത്രം പകര്‍ത്തി എന്നാരോപിച്ച് രണ്ട് യുവാക്കള്‍ക്ക് ഇവിടെ മര്‍ദ്ദനമേറ്റു. പറക്കളായി എഞ്ചി. കോളജില്‍ ബാങ്ക് പരീക്ഷ എഴുതാനെത്തിയ കണ്ണൂര്‍ നാറാത്ത് സ്വദേശികളായ മിഥുന്‍, വിജേഷ്, എന്നിവര്‍ക്കാണ് കാഞ്ഞങ്ങാട് കോട്ടപ്പാറ വെച്ച് മര്‍ദ്ദനമേറ്റത്. സി പി എം പ്രവര്‍ത്തകരായിരുന്നു ഇവര്‍. ആക്രമണത്തിന് പിന്നില്‍ ആര്‍ എസ് എസ് ആണെന്നായിരുന്നു ഇവരുടെ പരാതി.
മൊബൈല്‍ ഫോണില്‍ ചെഗുവേരയുടെ ഫോട്ടോ കണ്ടതിന്റെ പേരിലാണ് ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളേജ് വിദ്യാര്‍ത്ഥി അഭിജിത്തിന് മര്‍ദ്ദനമേറ്റത്. 2017 ഒക്ടോബര്‍ 16നായിരുന്നു ഇത്. ഫോണില്‍ ചെഗുവേരയുടെ ഫോട്ടോ കണ്ട് എസ്എഫ്ഐ ഉണ്ടാക്കാന്‍ വേണ്ടി കോളേജിലേയ്ക്ക് വന്നതാണോയെന്ന് ചോദിച്ചാണ് എ ബി വി പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതെന്നാണ് അഭിജിത്ത് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്.
ചെഗുവേരയെ അപമാനിച്ചു എന്നാരോപിച്ച് ഫേസ്ബുക്കില്‍ പലപ്പോഴും സൈബറാക്രമണം നടന്നിട്ടുണ്ട്. 'വിപ്ലവത്തിന്, നാണമില്ല മാനമില്ല വസ്ത്രവുമില്ല. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ വിവിധ ഭാവങ്ങള്‍' എന്ന് എഴുതി ചെഗുവേരയുടെ നഗ്‌ന ചിത്രം പോസ്റ്റ് ചെയ്ത ഹരിത എസ് സുന്ദര്‍ എന്ന യുവതിക്കെതിരെ നടന്ന സൈബറാക്രമണം ഈ വകയില്‍ പെടുന്നു. കാരിന്‍ പേര്‍ചേറോണ്‍ ഡാനിയേല്‍ വരച്ച ചെഗുവേരയുടെ ചിത്രം ഷെയര്‍ ചെയ്താണ് ഹരിത മേല്‍പ്പറഞ്ഞ വാചകങ്ങള്‍ എഴുതിയത്.
ചെഗുവേരയുടെ ചിത്രത്തെ ചൊല്ലി സംഘട്ടനം, ഹര്‍ത്താല്‍. കോവളത്താണ് സംഭവം നടന്നത്. കോവളം മുട്ടയ്ക്കാട്ട് വലിയകുളങ്ങര കുളത്തിന് സമീപത്തുള്ള മതിലില്‍ സിപിഎം പ്രവര്‍ത്തകര്‍ ചെഗുവേരയുടെ ചിത്രം വരച്ചിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷമുണ്ടായത്. ഇതിനിടെ ബിജെപി പ്രവര്‍ത്തകന് പരിക്കേല്‍ക്കുകയും, സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി കോവളം മേഖലയില്‍ ഹര്‍ത്താല്‍ ആചരിക്കുകയും ചെയ്തു.
ഗണേശോല്സവത്തിനിടയിലും ചെഗുവേര വിവാദമുണ്ടാക്കിയത് കണ്ണൂരിലാണ്. സിപിഎം ബിജെപി പ്രവര്‍ത്തകരുടെ കേന്ദ്രമായ അമ്പാടിമുക്കില്‍ സിപിഐഎമ്മിന്റെ കീഴില്‍ രൂപീകരിച്ച സംഘാടക സമിതിയുടെ നേതൃത്വത്തില്‍ നടന്ന ഗണേശോത്സവത്തിനിടെയാണ് സംഭവം. ഘോഷയാത്രയില്‍ ഗണപതി രൂപം കയറ്റിയ വാഹനത്തില്‍ ചെഗുവേരയുടെ ചിത്രം പതിച്ച ഫളക്സും ഉണ്ടായിരുന്നു. ഇതിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നത്.
ചെഗുവേരയുടെ ചിത്രം സ്കൂള്‍ ഫുട്ബോള്‍ ടീമിന്റെ ജഴ്സിയില്‍ പതിച്ചതും വിവാദമായിരുന്നു. എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഫുട്ബോള്‍ ടീമിന്റെ ജഴ്സിയിലാണ് ചെഗുവേരയുടെ ചിത്രം പതിച്ചത്. ക്രൈസ്റ്റ് കോളജില്‍ നടക്കുന്ന ഉപജില്ലാ ഫുട്ബോള്‍ മല്‍സരത്തില്‍ ഈ ജഴ്സിയണിഞ്ഞാണ് കുട്ടികള്‍ മല്‍സരിക്കാനിറങ്ങിയത്. ഇതിനെതിരെ കോണ്‍ഗ്രസും ബി.ജെപിയും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
തന്റെ സിനിമയ്ക്കു നേരെയുണ്ടായ ആക്രമണങ്ങളെക്കുറിച്ച് ഫേസ്ബുക്കിലൂടെ പ്രതികരിക്കാന്‍ സംവിധായകനും തിരക്കഥാകൃത്തുമായ മുരളി ഗോപി ഉപയോഗിച്ചതും ചെഗുവേരയെ ആയിരുന്നു. ഇടതുപക്ഷത്തു നിന്നും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്' എന്ന സിനിമയുടെ നാലാം വാര്‍ഷിക ദിനത്തിലാണ് മുരളി ചെഗുവേരയെ പരാമര്‍ശിച്ചത്. 'ചെഗുവേരയുടെ ജന്മദിനത്തിലാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റിലീസ് ചെയ്തത്. ചെഗുവേരയുടെ അവസ്ഥ തന്നെയാണ് ആ സിനിമയ്ക്കും നേരിടേണ്ടിവന്നത്'-അദ്ദേഹം ചൂണ്ടിക്കാട്ടി.'ഈ ചിത്രത്തിനും ചെഗുവേരയെപ്പോലെ ഒരുപാട് ഒളിപ്പോരുകള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. അറിയപ്പെടുന്നതും അല്ലാത്തതുമായ കേന്ദ്രങ്ങളില്‍ നിന്നു ഭീഷണിയും നേരിട്ടു. പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്ന ബുദ്ധിജീവികള്‍ അന്നു ഉറക്കത്തിലായിരുന്നു. ഇപ്പോള്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവര്‍ അന്നു വിരല്‍ അനക്കിയില്ല' -മുരളി ഫേസ്ബുക്കില്‍ കുറിച്ചു.
'സമരങ്ങളും സഹനങ്ങളും സ്വപ്നങ്ങളും ഉള്ളില്‍ കൊണ്ടു നടക്കുന്ന യുവാക്കള്‍ ധീര വിപ്ലവകാരി ചെഗുവേരയുടെ ചിത്രം ചുവരില്‍ മാത്രമല്ല വരയ്ക്കുന്നത് ദുരിതമനുഭവിക്കുന്നവരുടെ ഹൃദയത്തിലും കൂടിയാണെന്ന് വിവരദോഷികളും അല്‍പ്പജ്ഞാനികളുമായ പ്രതിലോമശക്തികള്‍ മനസ്സിലാക്കട്ടെ'. ഡിവൈഎഫ്ഐയെക്കുറിച്ച് സംവിധായകന്‍ ജോയ് മാത്യു പറഞ്ഞതാണ് ഈ വാചകം. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം വാങ്ങിനല്‍കാന്‍ ഇടപെടലുകള്‍ നടത്തിയ ഡിവൈഎഫ്ഐക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്ന ഫേസ് ബുക്ക് പോസ്റ്റിലായിരുന്നു ജോയ് മാത്യുവിന്റെ ചെഗുവേര പരാമര്‍ശം.
ചെഗുവേര ഇടതുപക്ഷ സര്‍ക്കാറുകള്‍ക്കെതിരെയുള്ള ഏറ്റവും ശക്തമായ ആയുധമായി ഉപയോഗിക്കപ്പെട്ടത് മാവോയിസ്റ്റു വേട്ടകളിലാണ്. നിലമ്പൂരിലും വൈത്തിരിയിലും മാവോയിസ്റ്റുകളെ ഏറ്റുമുട്ടല്‍ കൊലപാതകമെന്ന് പറഞ്ഞ് വെടിവെച്ചുകൊന്ന സമയങ്ങളില്‍ സര്‍ക്കാര്‍ വിമര്‍ശനത്തിനുള്ള ഉപാധിയായിരുന്നു ചെഗുവേര. ചെഗുവേര മുന്നോട്ടുവെയ്ക്കുന്ന സായുധ വിപ്ലവ പാത പിന്തുടരുന്ന മാവോയിസ്റ്റുകളെ വെടിവെച്ചു കൊല്ലുകയും ചെഗുവേരയെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നതിലെ വിരോധാഭാസമാണ് അന്ന് ചര്‍ച്ച ചെയ്യപ്പെട്ടത്
ചെഗുവേര ഉള്‍പ്പെടെയുള്ള നേതാക്കളുടെ മാര്‍ഗമാണ് മാവോവാദികളും പയറ്റിക്കൊണ്ടിരിക്കുന്നതെന്നും അവരെയാണ് പിണറായി സര്‍ക്കാര്‍ പിന്നില്‍നിന്ന് വെടിവെച്ചുകൊല്ലുന്നതെന്നുമാണ് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വിടി ബല്‍റാം അന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചത്.
എം മുകുന്ദന്േറതും സമാനമായ പ്രസ്താവനയായിരുന്നു. ചെഗുവേരയെ ആഘോഷിക്കുന്നവര്‍ മാവോയിസത്തെ എതിര്‍ക്കുന്നത് വിരോധാഭാസമാണെന്ന് ഞാന്‍ പറയും എന്നായിരുന്നു മുകുന്ദന്റെ പ്രസ്താവന. 2016 ഡിസംബര്‍ 24 മനോരമ വാചക മേള ഈ വാചകം എടുത്തുദ്ധരിച്ചിരുന്നു.
കൗതുകകരമെന്നു പറയട്ടെ, ബി.ജെ.പി നേതാക്കള്‍ ഒഴിച്ചാല്‍, ചെഗുവേരയെ ഏറ്റവും വിമര്‍ശനാത്കമായി സമീപിച്ചത് മുന്‍ നക്‌സലൈറ്റ് നേതാവ് കെ വേണുവായിരുന്നു. വസന്തത്തിന്റെ ഇടിമുഴക്കം പ്രവചിച്ച നക്‌സലൈറ്റ് കാലത്താണ് ചെഗുവേര കേരളീയ സമൂഹത്തില്‍ ഏറ്റവും പ്രചാരം നേടുന്നത്. നക്‌സല്‍ കാലത്തിനു ശേഷം തീവ്ര ഇടതുപക്ഷ വിരുദ്ധ നിലപാട് സ്വീകരിച്ച വേണു ചെഗുവേരയെ വിമര്‍ശനാത്മകമായാണ് സമീപിക്കുന്നത്. അക്രമത്തിലൂടെ അധികാരം പിടിക്കണമെന്ന ചെഗുവേരയുടെ പ്രത്യശാസ്ത്രം തനിക്കിപ്പോള്‍ സ്വീകാര്യമല്ലെന്ന് ഹിന്ദു പത്രത്തിന് നല്‍കിയ ഒരഭിമുഖത്തില്‍ അദ്ദേഹം പറയുന്നു. ചെഗുവേരയുടെ നിലപാടുകള്‍ ജനാധിപത്യ വിരുദ്ധമായിരുന്നു. കോര്‍പ്പറേറ്റുകളും മാര്‍ക്സിസ്റ്റുകളുമാണ് അദ്ദേഹത്തെ സ്വതാല്പ്പര്യങ്ങള്ക്കായി ഒരു ബ്രാന്റ് ആയി വളര്‍ത്തിയത്. പണ്ട് ചെഗുവേരയുടെ സാഹിത്യം വായിക്കരുതെന്ന് ആവശ്യപ്പെട്ട പാര്‍ലമെന്ററി മാര്‍ക്സിസ്റ്റുകളാണ് പിന്നീട് അദ്ദേഹത്തെ ബിംബമായി പ്രകീര്‍ത്തിക്കുന്നതെന്നും വേണു പറയുന്നു.
പിന്നീട് ബി ജെ പിയില്‍ ചേര്‍ന്ന, കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന് മുന്‍ ചെയര്‍മാനുമായിരുന്ന ഡോ.കെ.എസ് രാധാകൃഷ്ണനാണ് ചെഗുവേരയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം അഴിച്ചുവിട്ട മറ്റൊരാള്‍. മെട്രോ വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ച 'തീരാപ്പകയുടെ വിഗ്രഹാരാധന' എന്ന ലേഖനത്തിലാണ് ഡോ രാധാകൃഷ്ണന് ചെഗുവേരയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ചത്. ക്യൂബയുടെയും ബൊളീവിയയുടെയും സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ഒറ്റയാള്‍ ക്വട്ടേഷന്‍ സംഘമായിരുന്നു ചെഗുവേരയെന്നാണ് ലേഖനം ആരംഭിക്കുന്നത്. തന്നോടൊപ്പമില്ലാത്തവരെല്ലാം ശത്രുക്കളാണെന്നും തന്റെ ശത്രുക്കളെല്ലാം വധിക്കപ്പെടേണ്ടവരാണെന്നും കരുതിയ ഗുവേര തന്റെ ഒപ്പം നിന്നു പൊരുതിയ സഖാക്കളെയും കൊന്നോടുക്കി. ക്യൂബയില്‍ ഒപ്പം നിന്നു പൊരുതിയ 105 സഖാക്കളെ സംശയത്തിന്റെ പേരില്‍ സ്വന്തം കൈകൊണ്ട് വെടിവച്ച് കൊന്നു. ഓരോ കൊലപാതകവും ചെഗുവേരയെ ഉന്മത്തനാക്കിയെന്നും ഡോ.കെ.എസ് രാധാകൃഷ്ണന് ലേഖനത്തില്‍ പറയുന്നു. ഏതൊരു സൈക്കോപ്പാത്തിനെയും പോലെ നിര്‍മ്മനായി കൊല ചെയ്യാന്‍ ചെഗുവേരയ്ക്ക് കഴിഞ്ഞിരുന്നെന്നും ലേഖനത്തില്‍ ത്തില്‍ ആരോപിക്കുന്നു.
ചെഗുവേരയുടെ മകള്‍ ഡോ. അലൈഡ ഗുവേര രണ്ട് തവണ കേരളത്തില്‍ എത്തിയിട്ടുണ്ട്. 1997 ലും 2018 ലുമാണ് അവര്‍ എത്തിയത്. ആദ്യ വരവില്‍ കേരളമാകെ അവര്‍ക്ക് വേദികള്‍ ലഭിച്ചു. എല്ലാ പ്രസിദ്ധീകരണങ്ങളിലും അവരുടെ അഭിമുഖങ്ങള്‍ നിറഞ്ഞു. 2018 ഡിസംബറില്‍ കണ്ണൂര്‍ നായനാര്‍ അക്കാമിയില്‍ ക്യൂബന്‍ ഐകദാര്‍ഢ്യ സമ്മേളനത്തില്‍ പങ്കെടുത്ത അലൈഡയ്ക്ക് വന്‍ വരവേല്‍പ്പാണ് അന്ന് ലഭിച്ചത്.