ട്രാന്‍സ്‍ജെണ്ടറുടെ ആത്മഹത്യ; റിനൈ മെഡിസിറ്റിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നിര്‍ത്തിവെക്കണം, പ്രതിഷേധം
ലിംഗമാറ്റ ശസ്ത്രക്രിയ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ട്രാന്‍സ്‌ജെണ്ടര്‍ അനന്യ കുമാരി അലക്‌സിന് (28) നീതി ആവശ്യപ്പെട്ട് ട്രാന്‍സ്‌ജെണ്ടേയ്സ് റിനൈ മെഡിസിറ്റിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. വിജയകരമായി നടത്താമായിരുന്ന ലിംഗമാറ്റ ശസ്ത്രക്രിയ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഏറെ ശാരീരിക പ്രശ്നങ്ങള്‍ അനുഭവിച്ചിരുന്ന അനന്യ കുമാരിയെ കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ഫ്ലാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് മുമ്പ് അനന്യ, കൊച്ചിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്ന റിനൈ മെഡിസിറ്റിക്കെതിരെ രംഗത്തെത്തിയിരുന്നു. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ചന്തു പ്രവത്
350 ഓളം ലിംഗമാറ്റ ശസ്ത്രക്രിയകള്‍ നടത്തിയ ഡോ.അരുണ്‍ അശോകിന് കൃത്യമായ ചികിത്സാരീതികള്‍ അറിയില്ലെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ഡോ. അരുണ്‍ അശോക് ചികിത്സിച്ച നിരവധി ട്രാന്‍സ്‍ജെണ്ടേഴ്സ് ഇപ്പോഴും അതിന്‍റെ തിക്ത ഫലങ്ങള്‍ അനുഭവിക്കുകയാണെന്നും അതിനാല്‍ ഡോക്ടര്‍ക്കെതിരെ ചികിത്സാ പിഴവിന് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ട്രാന്‍സ്ജെണ്ടേഴ്സ് റിനൈ മെഡിസിറ്റിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
റിനൈ മെഡിസിറ്റിയിലെ ചികിത്സാ പിഴവിനെ തുടര്‍ന്ന് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി അനന്യ ദില്ലിയിലേക്ക് പോകാനായി ഫ്ലൈറ്റ് ടിക്കറ്റ് അടക്കം ബുക്ക് ചെയ്തിരുന്നു. തുടര്‍ ചികിത്സയ്ക്കായി റിനൈ മെഡിസിറ്റിയിലെ തന്‍റെ ചികിത്സാ വിവരങ്ങള്‍ അയച്ച് കൊടുക്കണമെന്നാവശ്യപ്പെട്ട് അനന്യ റിനൈ മെഡിസിറ്റിയിലേക്ക് ഏതാണ്ട് പത്തോളം കത്തുകള്‍ അയച്ചിരുന്നു.
എന്നാല്‍ ഈ കത്തുകള്‍ക്കൊന്നും ആശുപത്രി അധികൃതര്‍ മറുപടി നല്‍കിയില്ലെന്നും ആരോപണമുയര്‍ന്നു. ചികിത്സ രേഖകൾ പോലും കൈമാറാതെ തന്‍റെ തുടർ ചികിൽസ നിഷേധിക്കുകയാണെന്നും അനന്യ പരാതി ഉന്നയിച്ചിരുന്നു. ചികിത്സാ വിവരങ്ങള്‍ നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായാകാത്തതിനെ തുടര്‍ന്നുണ്ടായ മാനസീക പിരിമുറുക്കത്തെ തുടര്‍ന്നാണ് അനന്യ ആത്മഹത്യ ചെയ്തതെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചു.
അനന്യയുടെ മരണ കാരണം വ്യക്തമാകുന്നത് വരെ ഡോ.അരുണ്‍ അശോക് പരിശോധനകള്‍ നിര്‍ത്തി വെക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. അതിനിടെ അനന്യയ്ക്ക് റിനൈ മെഡിസിറ്റിയിലെ ചികിത്സയ്ക്കിടെ ആശുപത്രി അധികൃതരില്‍ നിന്ന് മര്‍ദ്ദനം ഏറ്റിരുന്നതായി അച്ഛന്‍ അലക്സാണ്ടര്‍ വെളിപ്പെടുത്തി. അതോടൊപ്പം ഓപ്പറേഷന് ശേഷം അനന്യ വളരെയേറെ വേദന അനുഭവിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
അനന്യ ആത്മഹത്യയ്ക്ക് തൊട്ട് മുമ്പ് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഡോക്ടര്‍ക്കെതിരെയും ആശുപത്രിക്കെതിരെയും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ നിരവധി പേര്‍ സമാന പരാതികള്‍ ഉന്നയിച്ചിരുന്നതായി ആരോപിച്ചിരുന്നു. മരണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് അനന്യ 'ദി ക്ലു' വിന് നല്‍കിയ അഭിമുഖത്തില്‍ വിജയകരമായി ചെയ്യാവുന്ന ശസ്ത്രക്രിയയാണ് ലിംഗമാറ്റ ശസ്ത്രക്രിയയെന്നും അത് പരാജയപ്പെട്ടത് ഡോക്ടറുടെ വീഴ്ചയാണെന്നും വ്യക്തമാക്കിയിരുന്നു.
ഇക്കാര്യം ഡോക്ടര്‍ സമ്മതിക്കുന്നുണ്ടെന്നും അനന്യ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ശസ്ത്രക്രിയ നടത്തി ഒരു വര്‍ഷവും ഒരു മാസവും പിന്നിടുമ്പോഴും ഒന്ന് ചിരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് താനെന്നും അവര്‍ പരാതിപ്പെട്ടിരുന്നു. അനന്യയെ പരിശോധിച്ച ഡോക്ടര്‍ ഇതുവരെയായി 350 ഓളം ട്രാന്‍സ്ജന്‍റര്‍ ശസ്ത്രക്രിയകള്‍ ചെയ്തിട്ടുള്ളയാളാണെന്നും ഇദ്ദേഹത്തിന് ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.
ഇത്തരം ശസ്ത്രക്രിയകള്‍ക്ക് അമ്പത് ശതമാനം സാധ്യതയേ ഉള്ളൂവെന്നും ശസ്ത്രക്രിയയ്ക്ക് വിധേയയായ ആളുടെ മാനസീകാവസ്ഥയെ കൂടി അടിസ്ഥാനമായായിരിക്കും ഇത്തരം ശസ്ത്രക്രിയകളുടെ വിജയമെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. ഈ അപകട സാധ്യതകള്‍ അനന്യയെ ബോധ്യപ്പെടുത്തിയിരുന്നുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
ആശുപത്രിക്കെതിരെ തെറ്റായ പ്രചാരണം നടക്കുകയാണ്. ചികിത്സാപിഴവ് ഇല്ലെന്നാണ് റിനൈ മെഡിക്കൽ ബോർഡിന്‍റെ കണ്ടെത്തലെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു. ഒരു വർഷത്തിനിടെ, ശസ്ത്രക്രിയയിലെ പാളിച്ച കാണിച്ച് അനന്യ ഔദ്യോഗികമായൊരു പരാതിയും നൽകിയിട്ടില്ലെന്നും എന്നാല്‍ ഭംഗിയുള്ള ലൈംഗീകാവയവം ലഭിച്ചില്ലെന്നും ലൈംഗീക സംതൃപ്തിയുണ്ടായിരുന്നില്ലെന്ന പാരതിയുമാണ് അനന്യയ്ക്ക് ഉണ്ടായിരുന്നതെന്നും ആശുപത്രി അധികൃതർ ആരോപിച്ചു.
ഇതിനിടെ അനന്യയുടെ മരണത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യ മന്ത്രി വീണ ജോർജ് നിർദേശം നൽകി. ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. അന്വേഷണം ആവശ്യപ്പെട്ട് ട്രാന്‍സ്‌ജെണ്ടര്‍ സംഘടനയും പരാതി നല്‍കിയിരുന്നു.
ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെപ്പറ്റി പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ട്രാൻസ് ജെണ്ടർ വിഭാഗത്തിലെ ആദ്യ റേഡിയോ ജോക്കിയും കേരള നിയമസഭയിലേക്ക് വെങ്ങരയില്‍ നിന്ന് മത്സരിച്ച ആദ്യ ട്രാന്‍സ്ജണ്ടറുമായിരുന്നു മരിച്ച അനന്യ കുമാരി അലക്സ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona