ആശങ്കയില്‍, ആളനക്കമില്ലാതെ കേരളത്തിലെ പ്രവാസി നഗരം; തിരുവല്ല
പത്തനംതിട്ട ജില്ലയിലെ തിരുവല്ലാ നഗരവും സമീപത്തെ ചെറുപട്ടണങ്ങളും വിദേശ മലയാളികള്‍ക്ക് പേര് കേട്ട സ്ഥലങ്ങളാണ്. "ഡോളര്‍ വില്ലേജ്" എന്നാണ് തിരുവല്ലയ്ക്ക് സമീപത്തെ കുമ്പനാട് അറിയപ്പെടുന്നത് തന്നെ. ഈ പ്രത്യേകതകള്‍ കൊണ്ട് വിദേശത്ത് എന്ത് പ്രശ്നമുണ്ടായാലും ആദ്യം തന്നെ അതിന്‍റെ പ്രത്യാഘാതങ്ങളിലേക്ക് കൂപ്പുകുത്തുന്നതില്‍ പത്തംതിട്ടയിലെ കുമ്പനാട് പോലുള്ള ചെറുപട്ടണങ്ങളും ഉള്‍പ്പെടുന്നു. ഇന്ന് ഈ കോറോണക്കാലത്തും മറ്റൊന്നല്ല സ്ഥിതി. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ഷെഫീക് മുഹമ്മദ് പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം.
കൊവിഡ് 19 ന്‍റെ വ്യാപനത്തെ തുടര്‍ന്ന് തിരുവല്ല നഗരം തീര്‍ത്തും നിശബ്ദമാണ്. കമ്മ്യൂണിറ്റി കിച്ചണില്‍ നിന്നുള്ള ഭക്ഷണവുമായി പോകുന്നവരും ആരോഗ്യ പ്രവര്‍ത്തകരും പൊലീസുകാരും അവശ്യസര്‍വ്വീസ് നടത്തുന്നവരും വല്ലപ്പോഴും നഗരത്തില്‍ പ്രത്യക്ഷപ്പെടുന്നു.
കുമ്പനാട് നിന്നാണ് ആദ്യമായി വിദേശത്തേക്ക് നേഴ്സുമാര്‍ ജോലിക്ക് പോയിത്തുടങ്ങിയത്. ആദ്യം യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങിലേക്കായിരുന്നു ആളുകള്‍ പോയിരുന്നത്. അന്ന് കുമ്പനാട് തന്നെയുണ്ടായിരുന്ന ഒരു പ്രൈവറ്റ് നേഴ്സിങ്ങ് ഹോം നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് മതിയായിരുന്നു വിദേശത്ത് നേഴ്സിങ്ങ് ജോലിക്ക് കയറാന്‍.
1950 കളില്‍ തന്നെ തിരുവല്ലയില്‍ നിന്നും കുമ്പനാട് നിന്നും വിദേശത്തേക്ക് നേഴ്സിങ്ങിന് ആളുകള്‍ പോയിത്തുടങ്ങിയിരുന്നു. ആദ്യം ഇറ്റലിയിലേക്കും അമേരിക്കയിലേക്കുമായിരുന്നു കുടിയേറ്റം എന്നാല്‍ പിന്നീട് 90 കളിലെത്തുമ്പോഴേക്കും കുവൈറ്റ് മുതലായ ഗള്‍ഫ് രാജ്യങ്ങളിലേക്കും ആളുകള്‍ പോയി.
എന്നാല്‍ കുവൈറ്റിലേക്കുള്ള തൊഴിലന്വേഷകരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായ '90 കളില്‍ തന്നെയാണ് കുവൈറ്റ് യുദ്ധം ഉണ്ടായത്. കുവൈറ്റ് യുദ്ധം വിദേശമലയാളികളുടെ മനോഭാവത്തില്‍ തന്നെ മാറ്റമുണ്ടാക്കി. ആളുകള്‍ വീട് വെക്കാനും മറ്റുമായി കൂടുതല്‍ പണം ചെലവഴിച്ച് തുടങ്ങി.
കുവൈത്ത് യുദ്ധകാലത്ത് കുമ്പനാട്ടുകാരനായ മാത്തുണ്ണി മാത്യുസ് (ടൊയോട്ട സണ്ണി) ആണ് 1,70,000 ല്‍ അധികം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ മുന്നില്‍ നിന്നത്. അക്ഷയ് കുമാര്‍ അഭിനയിച്ച 'എയര്‍ ലിഫ്റ്റ്' ബോളിവുഡ് ചിത്രം മാത്തുണ്ണിയുടെ യുദ്ധകാലാനുഭവമാണ് പറയുന്നത്.
ഇതോടെയാണ് തിരുവല്ലയടക്കമുള്ള നഗരങ്ങളില്‍ ബാങ്കുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായത്. യുദ്ധാനന്തരം മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കും കൂടുതല്‍ ആളുകള്‍ ജോലിക്കായി വിമാനം കയറിത്തുടങ്ങി.
ഇന്ന് ലോകം മുഴുവനും കൊറോണാ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യ്തപ്പോള്‍ നിരവധി വിദേശ മലയാളികളാണ് സ്വന്തം വീട്ടിലേക്ക് മടങ്ങിവന്നത്. ഇതോടെ കൊറോണ വൈറസ് വ്യാപിച്ചതോടെ വിദേശത്ത് നിന്ന് വരുന്നവര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും ആരോഗ്യവകുപ്പ് നിഷ്കര്‍ഷിച്ചു.
ഇതിനിടെ ക്വാറന്‍റീനിലുള്ള പ്രവാസി ആനയെ കുളിപ്പിക്കുന്നിടത്ത് മദ്യവുമായിയെത്തിയത് നാട്ടുകാര്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കി. തുടര്‍ന്ന് പൊലീസെത്തി ഇയാളെ വീട്ടിലാക്കുകയായിരുന്നു. ലോക്ക് ഡൗണിന് മുമ്പ് വരെ ഇതുപോലെ നിരവധി കേസുകള്‍ ഉണ്ടായിരുന്നെന്ന് മാധ്യമ പ്രവര്‍ത്തകനായ ഹരീഷ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.
കുമ്പനാടില്‍ നിന്ന് ഏതാണ്ട് 40 ശതമാനത്തിന് മേലെ ആളുകള്‍ വിദേശത്താണ്. ഈയൊരു പ്രത്യേക കാരണമാണ് ഡോളര്‍ വില്ലേജ് എന്ന വിളിപ്പേര് കുമ്പനാട് പഞ്ചായത്തിന് കിട്ടിയത്. ഈ എണ്ണക്കൂടുതല്‍ വൈറസ് വ്യാപനം നേരിടുന്ന കാലത്ത് ഏറെ ആശങ്കയാണ് പ്രദേശത്ത് സൃഷ്ടിച്ചത്.
നിലവില്‍ കുമ്പനാട് 19 ബാങ്കുകളാണ് പ്രവര്‍ത്തിക്കുന്നത്. ഈ ബാങ്കുകളെല്ലാം കൂടി ഏതാണ്ട് 5400 കോടി രൂപയ്ക്ക് മേല്‍ നിക്ഷേപമുണ്ട്. എന്നാല്‍, ജുവല്ലെറിയോ ബാറോ ഇല്ലാത്ത കുമ്പനാട് ബേക്കറിക്ക് പ്രസിദ്ധമാണ്.
ഇരവിപേരൂര്‍ പഞ്ചായത്തില്‍ ക്വാറന്‍റീന്‍ രോഗികളെ നിരീക്ഷിക്കാനായി ഒരോരോ വാര്‍ഡിലും പത്ത് പേരെ വീതമുള്ള ഏര്‍പ്പെടുത്തി. ഇവര്‍ കൃത്യമായ വിവരങ്ങള്‍ അറിയിക്കുന്നു. ആരെങ്കിലും പുറത്തിറങ്ങിയാല്‍ അപ്പോള്‍ തന്നെ പൊലീസിനെയും ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരെയും വിവരം അറിയിക്കുകയും നടപടിയെടുക്കുകയും ചെയ്യുന്നു.
കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ഇന്ന് 146 പേര്‍ക്ക് ഇന്ന് ഭക്ഷണം നല്‍കി. ഒരു വാര്‍ഡില്‍ നിന്ന് അഞ്ച് പേരെ വച്ച് ഭക്ഷണ വിതരണത്തന് തെരഞ്ഞെടുത്തിട്ടുണ്ട്.
നസ്റേത്ത് ഫാര്‍മസി കോളേജുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സാനിറ്റേഷന്‍ നിര്‍മ്മിക്കുന്നുണ്ട്. അതിനാവശ്യമായ സാധനങ്ങള്‍ പഞ്ചായത്ത് നേരട്ട് വാങ്ങി നല്‍കുകയായിരുന്നു. ഇതാണ് ഇപ്പോഴും പഞ്ചായത്തില്‍ ഉപയോഗിക്കുന്നത്.
വാര്‍ഡ് സാനിറ്റേഷന്‍ സമിതികളും കാര്യക്ഷമമായ പ്രവര്‍ത്തനം നടത്തുന്നു. 345 പേരാണ് പഞ്ചായത്തിന് കീഴില്‍ ഇതുവരെയായി നിരീക്ഷണത്തിലുള്ളത്. ഇതില്‍ വിദേശമലയാളികളും ഇതരസംസ്ഥാനത്ത് നിന്ന് വന്നവരും ഉണ്ട്.
ഇതുവരെ ആരും ആശുപത്രി ക്വാറന്‍റീനിലില്ലെന്നും ഇരവിപേരൂര്‍ പഞ്ചായത്ത് സെക്രട്ടറി സുജാകുമാരി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.