Padmanabhaswamy Temple: പത്മനാഭസ്വാമിയുടെ പൈങ്കുനി ആറാട്ട്; വഴി തിരിച്ച് വിട്ട് വിമാനങ്ങള്‍
മഹാമാരി സൃഷ്ടിച്ച വിലക്കുകളില്‍ നിന്നും ലോകം പതുക്കെയെങ്കിലും മുക്തി നേടുന്നതിനിടയിലാണ് ഇന്നലെ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോട് അനുബന്ധിച്ചുള്ള ആറാട്ട് നടന്നത്. വര്‍ത്തമാനകാല ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നാണ് തിരുവനന്തപുരം ജില്ലയിലെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം. അഞ്ച് തലയുള്ള ആദിശേഷന്‍റെ മുകളില്‍ യോഗനിദ്രയില്‍ കിടക്കുന്ന (അനന്തശയനം) വിഷ്ണുവാണ് (പത്മനാഭന്‍) ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. പ്രധാനമായും രണ്ട് ഉത്സവങ്ങളാണ് ഇവിടെയുള്ളത്. ഇന്നലെ നടന്ന പൈങ്കുനി ആറാട്ടിനെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്രാ വിമാനത്താവളത്തിലെ വിമാനങ്ങള്‍ ഇന്നലെ ഉച്ച മുതല്‍ വഴി തിരിച്ച് വിട്ടിരുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ചിത്രങ്ങള്‍ പകര്‍ത്തിയത് അരുണ്‍ കടയ്ക്കല്‍.
ഇന്നലെ വിഷു ദിനത്തിലാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങളിലൊന്നായ പൈങ്കുനി ഉത്സത്തിന്‍റെ അവസാന ചടങ്ങുകള്‍ നടന്നത്.
മീനത്തിലെ (മാര്‍ച്ച് - ഏപ്രില്‍) രോഹിണി നാളില്‍ ആരംഭിച്ച് ചിത്തിര നക്ഷത്രത്തില്‍ സമാപിക്കുന്നതാണ് പൈങ്കുനി ഉത്സവം.
ഉത്സവാഘോഷങ്ങളോട് അനുബന്ധിച്ച് പഞ്ച പാണ്ഡവരുടെ വലിയ രൂപങ്ങള്‍ നിര്‍മ്മിച്ച് ക്ഷേത്ര കവാടത്തില്‍ സ്ഥാപിക്കുന്നു.
ഉത്സവത്തോട് അനുബന്ധിച്ച് വേലകളിയും ഉണ്ടായിരുന്നു. തുലാമാസത്തില്‍ (ഓക്ടോബര്‍-നവംബര്‍) നടക്കുന്ന അല്‍പ്പശി ഉത്സവമാണ് മറ്റൊരു പ്രധാന ഉത്സവം.
രണ്ട് ഉത്സവങ്ങളോടും അനുബന്ധിച്ച് പള്ളിവേട്ടയും ആറാട്ടും നടക്കും. കഴിഞ്ഞ രണ്ട് വര്‍ഷമായി കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഉത്സാഘോഷങ്ങള്‍ വെറും ചടങ്ങുകളായി ചുരുക്കിയിരുന്നു.
എന്നാല്‍, ഇത്തവണ മഹാമാരിയുടെ നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചതോടെ ആഘോഷമായാണ് ഉത്സവങ്ങള്‍ നടന്നത്.
ഇത്തവണ ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച ആറാട്ട് ഘോഷയാത്ര തിരുവനന്തപുരത്തെ അന്താരാഷ്ട്രാ വിമാനത്താവളം മുറിച്ച് കടന്ന് ശംഖുമുഖം കടല്‍ത്തീരത്താണ് നടത്തുക.
പത്മനാഭന്‍റെ ആറാട്ട് ഘോഷയാത്ര നടക്കുമ്പോള്‍ വിമാനത്താവളത്തിലെ വിമാനങ്ങള്‍ ഘോഷയാത്രയ്ക്കായി വഴി തിരിച്ച് വിടും.
കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്നും സ്വാകാര്യ വ്യക്തിയുടെ നിയന്ത്രണത്തിലാണ് ഇപ്പോള്‍ തിരുവന്തപുരം വിമാനത്താവളം.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനികളിലൊന്നായ അദാനി ഗ്രൂപ്പ് തിരുനനന്തപുരം വിമാനത്താവളം ഏറ്റെടുത്തത്.
രാജ്യത്തെ അഞ്ചാമത്തെ രാജ്യാത്തര വിമാനത്താവളമായ തിരുനന്തപുരം വിമാനത്താവളം അന്‍പത് വര്‍ഷത്തേക്കാണ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരിക്കുന്നത്.
അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ ആറാട്ടാണ് ഇത്തവണത്തേത്. തിരുവനന്തപുരം രാജകുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന വ്യക്തിയായ മൂലം തിരുനാള്‍ രാമവര്‍മ്മയാണ് ഇത്തവത്തെ ആറാട്ടിന് നേതൃത്വം നല്‍കിയത്.
അദ്ദേഹം രാജപരമ്പരയുടെ ചിഹ്നമായ പള്ളിവാളുമായി ഘോഷയാത്രയ്ക്ക് അകമ്പടി സേവിച്ചു. ഒപ്പം അലങ്കരിച്ച ആനകള്‍, കുതിരകള്‍, പോലീസ് വിഭാഗങ്ങള്‍ എന്നിവയുടെ അകമ്പടിയും ആറാട്ടിനുണ്ടായിരുന്നു.