മനം കവരാന്‍ വരയാടിന്‍ കുഞ്ഞുങ്ങള്‍; സന്ദര്‍ശകര്‍ക്കായി തുറന്ന് ഇരവികുളം ദേശീയോദ്യാനം
വരയാടുകളുടെ പ്രജനന കാലവുമായി ബന്ധപ്പെട്ട് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് അടച്ച ഇരവികുളം ദേശിയോദ്യാനം സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു. ആദ്യ ദിവസം 1,184 സന്ദര്‍ശകര്‍ ഇരവികുളത്തെത്തിയെന്ന് വനം വകുപ്പ് അറിയിച്ചു.
നേരത്തെയുണ്ടായിരുന്ന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സന്ദര്‍ശകരെ ഉദ്യാനത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. രാവിലെ 8 മുതല്‍ വൈകിട്ട് 4വരെയാണ് സന്ദര്‍ശകര്‍ക്കുള്ള പ്രവേശന സമയം.
ഇതുവരെയായി, പുതിയതായി പിറന്ന എണ്‍പതിന് മുകളില്‍ വരയാടിന്‍ കുഞ്ഞുങ്ങളെ ഉദ്യാനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
വരും ദിവസങ്ങളില്‍ നടക്കുന്ന കണക്കെടുപ്പ് പൂര്‍ത്തിയാകുന്ന മുറക്ക് മാത്രമേ പുതിയതായി പിറന്ന വരയാടിന്‍ കുഞ്ഞുങ്ങളുടെ കണക്ക് സംബന്ധിച്ച ക്യത്യമായ വിവരങ്ങള്‍ ലഭിക്കുകയുള്ളു.
പോയ വര്‍ഷം ഉദ്യാനത്തില്‍ നൂറിന് മുകളില്‍ വരയാടിന്‍ കുഞ്ഞുങ്ങള്‍ പ്രജനന കാലത്ത് പിറന്നിരുന്നു. അടച്ചിടല്‍ കാലയളവില്‍ പ്രവേശന കവാടത്തിന്‍റെത് ഉള്‍പ്പെടെയുള്ള ചില മുഖം മിനുക്കല്‍ ജോലികളും പാര്‍ക്കില്‍ നടത്തിയിട്ടുണ്ട്.
ഉദ്യാനം കൂടുതല്‍ മനോഹരമാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. പ്രകൃതിയുമായി ഇഴചേര്‍ന്ന് നില്‍ക്കുന്ന രീതിയിലുള്ള വിവിധ ജോലികളാണ് ഉദ്യാനത്തില്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്.
അടച്ചിടലിന് ശേഷം ഉദ്യാനം തുറന്നതോടെ മൂന്നാറിലേക്കെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുമെന്നാണ് വനം വകുപ്പിന്‍റെ പ്രതീക്ഷ.