പുലര്‍ച്ചെ നാല് മണിക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടില്‍ പാചകം ചെയ്യുകയായിരുന്ന സ്ത്രീ മരിച്ചു
ഇടുക്കി ഏലപ്പാറക്കടുത്ത് കോഴിക്കാനം എസ്റ്റേറ്റിൽ ലയത്തിന് പുറകിൽ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി സ്ത്രീ മരിച്ചു. കോഴിക്കാനം രണ്ടാം ഡിവിഷൻ 13 മുറി ലയത്തിൽ രാജുവിന്‍റെ ഭാര്യ പുഷ്പ (52) ആണ് മരിച്ചത്. പുലർച്ചെ 4 മണിയോടെയാണ് സംഭവം നടന്നത്. ജോലിക്ക് പോകുന്നതിനായി പുലർച്ചെ എഴുന്നേറ്റ പുഷ്പ, ജോലിക്ക് പോകുന്നതിന് മുമ്പായി അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് മണ്ണിടിഞ്ഞ് വീണത്. ഇടുക്കിയില്‍ നിന്ന് റിപ്പോര്‍ട്ടര്‍ കെ വി സന്തോഷ് കുമാര്‍, ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ കൃഷ്ണപ്രസാദ്.
ഇടുക്കിയിലെ ലയങ്ങളില്‍ മിക്കവയും കുന്നിന്‍ ചരിവ് ഇടിച്ച് അത്തരം പ്രദേശങ്ങളില്‍ പണിതവയാണ്. ഇത്തരത്തില്‍ നിരവധി ലയങ്ങള്‍ പ്രദേശത്തുണ്ട്. ഇത്തരത്തില്‍ മണ്ണ് മാറ്റിയ പ്രദേശത്ത് പണിത ലയത്തിലാണ് പുഷ്പയും കുടുംബവും താമസിച്ചിരുന്നത്.
ലയത്തിന് പുറത്താണ് ഇവരുടെ അടുക്കള. ഇടിഞ്ഞ് വീണ മണ്ണിനും ലയത്തിന്‍റെ ഭിത്തിക്കുമിടയിലാണ് ഇവർ അകപ്പെട്ടത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് നോക്കിയപ്പോഴാണ് സംഭവം കണ്ടത്.
തുടര്‍ന്ന് സമീപത്തെ ലയങ്ങളിലുള്ളവരെ വിവരമറിയിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവർത്തനം തുടങ്ങി. വിവരമറിഞ്ഞ് പീരുമേട്ടിൽ നിന്നും ഫയർ ഫോഴ്സും പിന്നാലെ പൊലീസും സ്ഥലത്തെത്തി.
പൊലീസും നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് ഏതാണ്ട് രണ്ട് മണിക്കൂറോളം സമയമെടുത്താണ് മണ്ണ് നീക്കി പുഷ്പയെ പുറത്തെടുത്തത്. തുടര്‍ന്ന് ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ഇന്നലെ രാത്രി ഈ ഭാഗങ്ങളില്‍ ശക്തമായ മഴയുണ്ടായിരുന്നു. മഴയെ തുടര്‍ന്നാണ് രാവിലെയോടെ മണ്ണിടിഞ്ഞ് വീഴ്ന്നതെന്ന് കരുതുന്നു.
മിനിയാന്ന് രാത്രിയും പ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്തിരുന്നു. ഇതേതുര്‍ന്ന് മുരുക്കാശ്ശേരിയില്‍ ഒരു വീടിന്‍റെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീണെങ്കിലും വീട്ടുകാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ഈ ദുരന്തം.
ഏലപ്പാറ കിഴക്കേ പുതുവൽ റൂട്ടിലാണ് സംഭവം. അപകടം നടക്കുമ്പോൾ പുഷ്പയുടെ മൂന്ന് മക്കളും ഭർത്താവും തൊട്ടടുത്ത മുറിയിൽ ഉറങ്ങുന്നുണ്ടായിരുന്നു. മണ്ണിടിഞ്ഞതോടെ കോഴിക്കാനം കിഴക്കേപ്പുതുവൽ റോഡും അപകടാവസ്ഥയിലായി. പ്രദീപ്, പ്രിയ, അജി, ആരുൺ എന്നിവർ മക്കളാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
എന്നാല്‍, അതിശക്തമായ മഴയില്ലാത്തതിനാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടതില്ലെന്നാണ് ജില്ലാ പഞ്ചായത്തിന്‍റെ വിലയിരുത്തല്‍. അതിനാല്‍ തന്നെ ആളുകളെ ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചിട്ടില്ല. എന്നാല്‍, നിരവധി സ്ഥലങ്ങളില്‍ മണ്ണിടിഞ്ഞ് വീഴുന്നതായുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ടെങ്കിലും ആളുകള്‍ അപകടത്തില്‍പ്പെടുന്നത് കുറവാണ്.
അപകട സാധ്യതയുണ്ടെന്ന് അറിയിച്ചാല്‍ അത്തരം ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള എല്ലാ നടപടികളും ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കിയതായി അറിയിച്ചു. തുടര്‍ച്ചയായ ശക്തമായ മഴയല്ല ഇവിടങ്ങളില്‍ പെയ്യുന്നത്, എന്നാല്‍, ഇടവിട്ട് ശക്തമായ മഴയാണ് പെയ്തിറങ്ങുന്നത്.
കൃത്യമായ അറ്റകുറ്റപണികള്‍ തോട്ടം ഉടമകള്‍ നടത്താത്തിനാല്‍ അപകടാവസ്ഥയിലായ ലയങ്ങള്‍ പ്രദേശത്തുണ്ട്. എന്നാല്‍, അപകടാസ്ഥയെ കുറിച്ച് അറിയിപ്പ് നല്‍കിയാല്‍ അത്തരം വീടുകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുമെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചു.