'തീരം കാക്കണം'; തിരുവനന്തപുരത്ത് തീരസംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ റാലി
തീരദേശത്ത് കടലാക്രമണങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് തീരദേശ നിവാസികള്‍ ഇന്നലെ കൊച്ചുതോപ്പില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം വലിയതുറയില്‍ വലിയതോതില്‍ പ്രതിഷേധ പരിപാടി നടന്നതിന്‍റെ തുടര്‍ച്ചയായിരുന്നു ഇന്നലത്തെ പ്രതിഷേധ റാലി. വലിയതോപ്പ് സെന്‍റ് ആന്‍സ് ഇടവകയും ചെറിയതോപ്പ് ഫാത്തിമ മാതാ ഇടവകയുടെയും നേതൃത്വത്തില്‍ പത്തോളം ഇടവകള്‍ ചേര്‍ന്നാണ് ശംഖുമുഖത്ത് പ്രതിഷേധ റാലി സംഘടിപ്പിച്ചത്. ചിത്രങ്ങള്‍: അജിത്ത് ശംഖുമുഖം.
നിര്‍ത്തിവച്ച കടല്‍ഭിത്തി നിര്‍മ്മാണം പുനരാരംഭിക്കുക. വീട് നഷ്ടമായവര്‍ക്ക് പുതിയ വീട് നിര്‍മ്മിച്ച് നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധ റാലി.
അടുത്തകാലത്തായി കൊച്ചുതോപ്പ്, ശംഖുമുഖം തീരത്ത് മാത്രം കടലെടുത്തത് നൂറോളം വീടുകളാണ്. വിഴിഞ്ഞം തുറമുഖത്തിന്‍റെ അശാസ്ത്രീയ നിര്‍മ്മാണമാണ് തീരശോഷണത്തിന്‍റെ പ്രധാന കാരണമായി തീരദേശവാസികള്‍ ആരോപിക്കുന്നത്.
ഇതുവരെയായും തകര്‍ന്ന വീടുകള്‍ക്കുള്ള നഷ്ടപരിഹാരം പോലും പലര്‍ക്കും കിട്ടിയിട്ടില്ലെന്നും ഇവര്‍ ആരോപിച്ചു.
തീരശോഷണം നേരിടുന്ന കടല്‍ത്തീരത്ത് എത്രയും പെട്ടെന്ന് കടല്‍ഭിത്തി നിര്‍മ്മിച്ച തീരം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു റാലി.
ചെറിയതുറ മുതല്‍ വലിയവേളി വരെയുള്ള തീരപ്രദേശങ്ങളിലെ അഞ്ഞൂറോളം വീടുകള്‍ കടലാക്രമണ ഭീഷണിയിലായതിനാല്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വലിയതുറ ലത്തീന്‍ ഫെറോന പ്രതിനിധികള്‍ മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു.
എങ്കിലും ഇതില്‍ നടപടിയൊന്നും ഉണ്ടായില്ലെന്ന സമരക്കാര്‍ ആരോപിച്ചു. ഇതേ തുടര്‍ന്നാണ് തീരദേശത്ത് പ്രതിഷേധ റാലി നടത്താന്‍ തീരുമാനിച്ചത്.
ചെറിയതുറ, വലിയതുറ, കൊച്ചുതോപ്പ്, വലിയതോപ്പ്, കണ്ണാന്തുറ, ചെറുവെട്ടുകാട്, കൊച്ചുവേളി, വലിയവേളി എന്നീ പ്രദേശങ്ങളിലെ പത്തോളം ഇടവക പ്രതിനിധികളുടെ സംഘമാണ് മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചത്.
കൊച്ച് തോപ്പ് ഇടവകയില്‍ നിന്നാരുംഭിച്ച ജാഥ വലിയതോപ്പ് സെന്‍റ് ആന്‍സ് പള്ളി വികാരി ഫാ.ഹയസിന്ത് എം നായകം ഉദ്ഘാടനം ചെയ്തു.
150 തോളം വീടുകള്‍ ഉടന്‍തകര്‍ന്ന് വീഴുമെന്ന അവസ്ഥയിലാണ് നില്‍ക്കുന്നതെന്ന് കൊച്ച്തോപ്പ് ഇടവക വികാരി ഫാ.റോഡ്രിഗ്സ് കുട്ടി പറഞ്ഞു. തീരശോഷണത്തിന് പരിഹാരം കണ്ടെത്താന്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ 15 നുള്ളില്‍ സമരം ശക്തമാക്കുമെന്ന് സമരക്കാര്‍ പറഞ്ഞു.
കടലാക്രമണം തടയാനുള്ള ശാശ്വത പരിഹാരം ഓക്‍ഷോര്‍ വാട്ടര്‍ പദ്ധതിയാണെന്നും പൂന്തുറയില്‍ ആരംഭിച്ച പദ്ധതി പൂര്‍ത്തിയാകുന്നതോടെ തീരശേഷണത്തിന് ശാശ്വത പരിഹാരമാകുമെന്നും ഫിഷറീസ് മന്ത്രി മേഴ്സികുട്ടിയമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.