'പൂച്ചക്കള്ളൻ ജോര്‍ദാൻ' ; ഇവൻ മോഷ്ടിക്കുന്നത് ഒരു സാധനം മാത്രം, എന്താണെന്നോ....?
പൂച്ചകൾ പൊതുവെ പാലും മീനുമൊക്കെയാണല്ലോ മോഷ്ടിക്കാറുള്ളത്. എന്നാൽ ചെരുപ്പ് മോഷ്ടിക്കുന്ന പൂച്ചകളെ നിങ്ങൾ കണ്ടിട്ടുണ്ടോ. അങ്ങനെയൊരു പൂച്ചയെയാണ് ഇനി പരിചയപ്പെടുത്താൻ പോകുന്നത്.
പെൻസിൽവാനിയ സ്വദേശി ബി.ജെ.റോസിന്‍റെ വളർത്ത് പൂച്ച ജോർദാന്റെ പ്രധാനപ്പെട്ട ഹോബി ചെരുപ്പ് മോഷ്ണമാണെന്ന് തന്നെ പറയാം.
ജോർദാൻ ആദ്യമൊക്കെ പുറത്ത് പോയിട്ട് വരുമ്പോൾ ചത്തപക്ഷികള്‍, പാമ്പ്, എലി, ചെറിയ തോതില്‍ ചപ്പു ചവറുകള്‍ എന്നിവയായിരുന്നു വീട്ടിൽ കൊണ്ടു വന്നിരുന്നതെന്ന് ഉടമ റോസ് പറയുന്നു.
കുറച്ച് നാളുകൾക്ക് മുമ്പ് വീടിന് പുറകുവശത്തായി ഒരു ചെരുപ്പ് കണ്ടു. അത് ആരുടെ ആണെന്ന് അറിയാത്തത് കൊണ്ട് വലിച്ചെറിഞ്ഞു കളയുകയും ചെയ്തു.
എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ കൂടുതൽ ചെരിപ്പുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയെന്ന് ഉടമ റോസ് പറയുന്നു. അങ്ങനെയാണ് റോസ് മോഷ്ടാവിനെ കുരുക്കാൻ തീരുമാനിച്ചത്.
വീടിന് പുറകുവശത്തായി സ്ഥാപിച്ച സിസിറ്റിവി ക്യാമറയിൽ മോഷണ ചെരിപ്പുകളുമായി എത്തിയ ജോർദാനെ കൃത്യമായി പതിയുകയും ചെയ്തുവെന്ന് റോസ് പറഞ്ഞു.
ഇത് കൂടാതെ, ജോർദാന്‍റെ സഞ്ചാരദിശ അറിയുന്നതിനായി ഒരു ട്രാക്കിംഗ് ഡിവൈസും റോസ് ഘടിപ്പിച്ചു. നാല്‍പ്പതോളം ചെരുപ്പുകളാണ് 'പൂച്ച മോഷ്ടാവ്' അടിച്ചു മാറ്റി വീട്ടിലെത്തിച്ചത്.
മോഷണം തുടരുകയും ചെയ്യുന്നുണ്ട്. ഇത് കണ്ട് കുറ്റബോധം തോന്നിയ റോസിന്‍റെ അമ്മ ഈ ചെരിപ്പുകൾ എങ്ങനെയങ്കിലും ഉടമകൾക്ക് തിരിച്ച് നൽകണമെന്ന് തീരുമാനിച്ചു. തുടർന്ന് 'Jordan The Feline Cat Burglar'(പൂച്ചക്കള്ളൻ ജോര്‍ദാൻ) എന്ന പേരിൽ ഉടമയായ റോസ് ഫേസ്ബുക്കിൽ ഒരു ഗ്രൂപ്പ് തുടങ്ങുകയും ചെയ്തു.
ജോർദാൻ മോഷ്ടിച്ച് കൊണ്ട് വരുന്ന ചെരുപ്പുകളുടെ ചിത്രങ്ങൾ ഇവർ എഫ്ബിയിൽ പോസ്റ്റു ചെയ്യും. അത് കണ്ട് ചെരുപ്പ് ഉടമകൾ സ്വന്തം ചെരുപ്പ് തിരിച്ചറിയുകയും ചെയ്യും.
ജോര്‍ദാൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാണ്. ജോർദാന് ഇപ്പോൾ നിരവധി ആരാധകരുണ്ടെന്നും റോസ് പറയുന്നു. ആയിരക്കണക്കിന് ആളുകളാണ് ഇപ്പോൾ ജോർദാന്റെ ഗ്രൂപ്പിൽ അംഗങ്ങളായുള്ളത്.