ഈ പശുവിനെ കാണാൻ വന്‍ തിക്കും തിരക്കും, കൗതുകമാവുകയാണ് റാണി
ഒരു കുള്ളൻ പശു ഇപ്പോൾ മാധ്യമ ശ്രദ്ധ നേടിയിരിക്കുകയാണ്. റാണി എന്നാണ് ഈ പശുവിന്റെ പേര്. ബംഗ്ലാദേശിലെ ധാക്കയ്ക്ക് അടുത്തുള്ള ഒരു ഫാമിലാണ് റാണി ഇപ്പോഴുള്ളത്. വെറും 51 സെന്റിമീറ്റർ (20 ഇഞ്ച്) ആണ് റാണിയുടെ ഉയരം.
ബംഗ്ലാദേശിൽ ഈ കൊവിഡ് കാലത്ത് ആളുകൾ റാണിയെ കാണാനുള്ള യാത്രയിലാണ്. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ പശു റാണി ആണെന്നാണ് ഉടമ അവകാശപ്പെടുന്നത്.
23 മാസം പ്രായമുള്ള ഈ പശു അതിൻ്റെ വലുപ്പം കൊണ്ട് തന്നെ മാധ്യമ ശ്രദ്ധ നേടിയിരിക്കുകയാണ്. റാണിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും ചെറിയൊരു പശുവിനെ കാണുന്നതെന്ന് റാണിയെ കാണാനെത്തിയ 30 കാരിയായ റീന ബീഗം എഎഫ്പിയോട് പറഞ്ഞു.
66 സെന്റിമീറ്റർ (26 ഇഞ്ച്) നീളവും 26 കിലോഗ്രാം (57 പൗണ്ട് ) തൂക്കവുമാണ് റാണിക്കുള്ളത്. നിലവിൽ ഗിന്നസ് റെക്കോർഡിലുള്ള ഏറ്റവും ചെറിയ പശുവിനേക്കാൾ 10 സെന്റീമീറ്റർ കുറവാണ് റാണിക്കെന്നാണ് ഉടമ പറയുന്നത്.
ഈ കൊവിഡ് കാലത്ത് റാണിയെ കാണാൻ ദൂരെയിടങ്ങളിൽ നിന്ന് പലരും വരുന്നുണ്ട്. മാത്രമല്ല, മിക്കവരും റാണിക്കൊപ്പം നിന്ന് സെൽഫി എടുക്കുന്നുമുണ്ടെന്ന് ഉടമ പറഞ്ഞു.