'സ്ത്രീ തന്നെ ധന'മെന്ന് പറഞ്ഞ് വിവാഹം; ഒടുവില്‍ മരണം സ്ത്രീധനത്തിന്‍റെ പേരില്‍
1961 ലാണ് കേന്ദ്രസര്‍ക്കാര്‍ സ്ത്രീധന നിരോധന നിയമം (Dowry Prohibition Act) പാസാക്കിയത്. സ്ത്രീധനം മൂലം സ്ത്രീകള്‍ ഭര്‍ത്താക്കന്മാരില്‍ നിന്നും ഭര്‍ത്തൃ വീട്ടുകാരില്‍ നിന്നും നിരന്തരം പീഢനമേല്‍ക്കേണ്ടിവരികയും ഇതുമൂലമുള്ള മരണങ്ങള്‍ കൂടുകയും ചെയ്തപ്പോഴാണ് രാജ്യത്ത് ഇത്തരമൊരു നിയമം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. 1961 ല്‍ തന്നെ നിയമം കൊണ്ടുവന്നെങ്കിലും (1984-ല്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നു.) 2001 ജനുവരി മുതൽ 2012 ഡിസംബര്‍ വരെയുള്ള കാലഘട്ടത്തിൽ 91,202 സ്ത്രീധനമരണങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ദേശീയ ക്രൈം റിക്കാർഡ് ബ്യൂറോയുടെ കണക്കുകൾ പറയുന്നു. 2015 ല്‍ മാത്രം 7634 സ്ത്രീകള്‍ രാജ്യത്ത് സ്ത്രീധന പീഢനത്തിന്‍റെ പേരില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. (2018 ജനുവരിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഈ വിവരങ്ങള്‍ വെബ്സൈറ്റില്‍ അവസാനമായി രേഖപ്പെടുത്തിയത്. 2015 ന് ശേഷമുള്ള വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമല്ല.) ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 ബി പ്രകാരം വിവാഹം കഴിഞ്ഞ ഒരു സ്ത്രീ ഏഴ് കൊല്ലത്തിനകം തീ പൊള്ളലേറ്റോ, മറ്റ് മുറിവുകൾ മൂലമോ, ദുരൂഹ സാഹചര്യത്തിലോ മരണപ്പെടുകയും ഭർത്താവോ അയാളുടെ ബന്ധുക്കളോ മരണത്തിന് തൊട്ട് മുമ്പ് സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരമായി പെരുമാറുകയും ചെയ്താൽ അത്തരം മരണം സ്ത്രീധന കൊലപാതകമാണ്. സ്ത്രീധന കൊലപാതകത്തിന് ചുരുങ്ങിയത് 7 വർഷം തടവും പരമാവധി ജീവപര്യന്തം ശിക്ഷയുമാണ് ലഭിക്കുക. സ്ത്രീധന നിരോധന നിയമ പ്രകാരമുള്ള കേസുകളിൽ ജാമ്യം ലഭിക്കുവാൻ അർഹതയില്ലാത്തതും രാജിയാക്കാൻ വ്യവസ്ഥ ഇല്ലാത്തതുമാണെന്ന് പ്രത്യേകം പരാമര്‍ശിക്കുന്നു.
2020 മാര്‍ച്ചില്‍ രാജ്യം അടച്ച്പൂട്ടലിലേക്ക് പോകുന്നതിന് തൊട്ട് മുമ്പായിരുന്നു കൊല്ലം ശൂരനാട് പോരുവഴിയിൽ അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കിരണ്‍ കുമാര്‍, നിലമേൽ കൈതോട് സ്വദേശിനിയും ബിഎംഎസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയുമായ വിസ്മയ(24)യുടെ വീട്ടില്‍ വിവാഹാലോചനയുമായി എത്തിയത്. വിവാഹാലോചനാ വേളയില്‍ 'സ്ത്രീയാണ് ധനം, മറ്റൊരു സ്ത്രീ ധനം ആവശ്യമില്ലെന്ന്' പറഞ്ഞായിരുന്നു കിരണ്‍ വിവാഹാലോചനയുമായി എത്തിയത്. എങ്കിലും പ്രവാസിയായിരുന്നു വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍, 1.25 ഏക്കര്‍ സ്ഥലവും 100 പവന്‍ സ്വര്‍ണ്ണവും 10 ലക്ഷം രൂപയോ അതിനൊത്ത കാറോ വിവാഹത്തോടെ നല്‍കാമെന്ന് ഏറ്റു. ഇതനുസരിച്ച് വിവാഹത്തോടെ സ്ഥലവും സ്വര്‍ണ്ണവും കാറും നല്‍കി. എന്നാല്‍ വര്‍ഷം ഒന്ന് തികയുമ്പോഴേക്കും മകളുടെ മരണ വാര്‍ത്തയാണ് നിലമേലിലെ വീട്ടിലേക്ക് എത്തിയത്. സ്ത്രീധനമായി നല്‍കിയ കാര്‍ പത്ത് ലക്ഷം രൂപ വിലമതിക്കുന്നതല്ലെന്നും കാറിന് പകരം പണം മതിയെന്നും പറഞ്ഞായിരുന്നു കിരണിന്‍റെ ഗാര്‍ഹിക പീഢനമെന്ന് വിസ്മയയുടെ അച്ഛനും അമ്മയും സഹോദരനും പറയന്നു. (ചിത്രങ്ങള്‍: കിരണിന്‍റെയും വിസ്മയയുടെയും വിവാഹത്തിന്‍റെയും വിവാഹ വാര്‍ഷികത്തിന്‍റെയും ചിത്രങ്ങള്‍.)
വിസ്മയയും സംസ്കര ചടങ്ങുകള്‍ കഴിയുന്നത് വരെ ഒളിവിലായിരുന്ന കിരണ്‍ ഇന്നലെ വൈകീട്ടോടെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇതുവരെ സംഭവത്തിൽ കേസെടുത്തിട്ടില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മരണകാരണം എന്താണെന്ന് വ്യക്തമായ ശേഷം കേസെടുക്കാനാണ് പൊലീസിന്‍റെ തീരുമാനം.
കാറിന്‍റെ പേരില്‍ കിരണ്‍ തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പലപ്പോഴായി വിസ്മയ അമ്മയോടെ അച്ഛനോടും സഹോദരനോടും കസിന്‍സിനോടും മറ്റും പറഞ്ഞിരുന്നു. പലപ്പോഴും സ്വന്തം വീട്ടില്‍ വന്ന് നില്‍ക്കാന്‍ വിസ്മയയോടെ അമ്മ ആവശ്യപ്പെട്ടെങ്കിലും 'നാട്ടുകാര്‍ എന്ത് പറയും ?' എന്നതായിരുന്നു അവളുടെ പ്രശ്നമെന്ന് അമ്മ പറയുന്നു.
എന്നാല്‍ അതിനിടെ ഒരു ദിവസം വിസ്മയയുമായി വീട്ടിലെത്തിയ കിരണ്‍ വീടിന്‍റെ മുറ്റത്ത് വച്ച് വിസ്മയയുടെ ചെകിട്ടത്ത് അടിച്ചു. ഇത് ചോദ്യം ചെയ്യാന്‍ ചെന്ന സഹോദരനെയും അയാള്‍ അടിച്ച് വീഴ്ത്തി. ഇതേ തുടര്‍ന്ന് വിസ്മയയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് കിരണിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.
പൊലീസ് സ്റ്റേഷനില്‍ വച്ച് പൊലീസ് കോണ്‍സ്റ്റബിളിന്‍റെ യൂണിഫോം കിരണ്‍ വച്ച് കീറി. ബഹളം വച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിട്ടുണ്ടെന്ന് തെളിഞ്ഞു. ഒടുവില്‍ സ്റ്റേഷന്‍ സിഐയുടെ നിര്‍ദ്ദേശപ്രകാരം ഇനി ഇത്തരത്തിലൊരു പ്രശ്നമുണ്ടാകില്ലെന്ന് കിരണില്‍ നിന്ന് എഴുതി ഒപ്പിട്ട് വാങ്ങിയ ശേഷമാണ് കിരണിനെ വിട്ടയച്ചതെന്നും വിസ്മയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ പറയുന്നു.
സമാനമായ കഥകളാണ് വിസ്മയയുടെ അമ്മയ്ക്കും പറയാനുള്ളത്. വീട്ടില്‍ വച്ച് നടന്ന അടിക്ക് ശേഷം അച്ഛനെയും സഹോദരനെയും വിളിക്കാന്‍ വിസ്മയയ്ക്ക് അനുവാദമില്ലായിരുന്നു. ഇരുവരുടെയും നമ്പറുകള്‍ കിരണ്‍, വിസ്മയയെ കൊണ്ട് ബ്ലോക്ക് ചെയ്യിപ്പിച്ചിരുന്നു. കിരണിന് ജോലിയുള്ള ദിവസങ്ങളില്‍ ബാത്ത് റൂമില്‍ പോയിരുന്നാണ് മകള്‍ തന്നെ വിളിച്ചിരുന്നതെന്ന് അമ്മയോര്‍ക്കുന്നു.
സമാനമായ കഥകളാണ് വിസ്മയയുടെ അമ്മയ്ക്കും പറയാനുള്ളത്. വീട്ടില്‍ വച്ച് നടന്ന അടിക്ക് ശേഷം അച്ഛനെയും സഹോദരനെയും വിളിക്കാന്‍ വിസ്മയയ്ക്ക് അനുവാദമില്ലായിരുന്നു. ഇരുവരുടെയും നമ്പറുകള്‍ കിരണ്‍, വിസ്മയയെ കൊണ്ട് ബ്ലോക്ക് ചെയ്യിപ്പിച്ചിരുന്നു. കിരണിന് ജോലിയുള്ള ദിവസങ്ങളില്‍ ബാത്ത് റൂമില്‍ പോയിരുന്നാണ് മകള്‍ തന്നെ വിളിച്ചിരുന്നതെന്ന് അമ്മയോര്‍ക്കുന്നു.
പലപ്പോഴും തിരിച്ച് വരാന്‍ പറയുമ്പോള്‍ 'നാട്ടുകാരെന്ത് പറയും', എല്ലാം ശരിയാകുമെന്നൊക്കെയാണ് അവള്‍ പറഞ്ഞിരുന്നതെന്നും അവര്‍ പറയുന്നു. അതിനിടെയില്‍ കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 5,500 രൂപ വേണമെന്നും പരീക്ഷാ ഫീസ് അടയ്ക്കാനുണ്ടെന്നും പറഞ്ഞ് അവള്‍ വിളിച്ചിരുന്നു. കിരണിനോട് ചോദിക്കാന്‍ പറഞ്ഞപ്പോള്‍, അയാള്‍ തന്നെ തല്ലുമെന്നായിരുന്നു മകള്‍ പറഞ്ഞതെന്ന് അമ്മയോര്‍ക്കുന്നു.
അത്രയും തുക ഇപ്പോള്‍ കൈയിലില്ലെന്നും തിങ്കഴ്ചയോടെ അക്കൌണ്ടിലേക്ക് ഇടാമെന്നും അമ്മ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച, ശരീരം മുഴുവനും മറിവേറ്റ ചിത്രങ്ങള്‍ വിസ്മയ അമ്മയ്ക്ക് അയച്ചുനല്‍കി. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ മകള്‍ തൂങ്ങി മരിച്ചെന്ന വിവരമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും വിസ്മയയുടെ അച്ഛനുമമ്മയും പറയുന്നു.
ആ വീട്ടില്‍ എന്തൊക്കെ സംഭവിച്ചാലും കിരണിന്‍റെ വീട്ടുകാർ അതൊന്നും ശ്രദ്ധിക്കാറില്ല. കിരണിന്‍റെ അച്ഛനും അമ്മയും വിസ്മയയുടെ പ്രശ്നങ്ങളിൽ ഇടപെടാറില്ല. കിരണിന്‍റെ അമ്മ എപ്പോഴും മകനെയാണ് പിന്തുണച്ചതെന്നും വിസ്മയയുടെ അമ്മ പറയുന്നു. വഴക്ക് ഉണ്ടായി മകൾ ഉറക്കെ കരഞ്ഞാൽ അവരെന്തെങ്കിലും പറയും.
അമ്മ കിരൺ പറയുന്നതിന് അപ്പുറത്തേക്ക് പോകില്ല. ഒരു ദിവസം കിരൺ ചെകിട്ടത്ത് അടിച്ച്, മകളുടെ വായക്ക് അകത്ത് മുറിഞ്ഞ് ചോരവന്നു. ഇങ്ങിനെ സഹിക്കേണ്ടെന്നും വീട്ടിലേക്ക് തിരികെ വരാനും ഞാൻ പറഞ്ഞു. അപ്പോൾ നാട്ടുകാർ അതുമിതും പറയത്തില്ലേ എങ്ങിനെയെങ്കിലും പിടിച്ചു നിൽക്കാമെന്നാണ് മകൾ പറഞ്ഞത്.
അത് നടന്നിട്ട് കുറച്ച് നാളായി. പ്രശ്നങ്ങൾ ഉണ്ടായിരുന്നപ്പോൾ തന്നെ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്ന് പുറത്തേക്ക് എല്ലാവരെയും കാണിക്കാനാണ് വിവാഹ വാർഷികമൊക്കെ ആഘോഷിച്ച് ഫോട്ടോസ് ഒക്കെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതെന്നും വിസ്മയയുടെ അമ്മ ആരോപിച്ചു.
വിസ്മയ മരിച്ചതിന് ശേഷം ഒളിവിലായിരുന്ന കിരൺ, ഭാര്യയുടെ സംസ്കാരം കഴിഞ്ഞ ശേഷമാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമെന്ന് ആരോപിച്ചാണ് വിസ്മയയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
ശരീരത്തിലെമ്പാടും അതിക്രൂരമായ മര്‍ദ്ദനമേറ്റതിന്‍റെ ദൃശ്യങ്ങളും മരിക്കുന്നതിന് മുമ്പ് വിസ്മയ ബന്ധുക്കൾക്ക് കൈമാറിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. യുവതി ആത്മഹത്യ ചെയ്ത കേസിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ കൊല്ലം റൂറൽ എസ്പിയോട് കമ്മീഷൻ റിപ്പോർട്ട് തേടി.
സ്ത്രീധനത്തിന്‍റെ പേരില്‍ ഭര്‍ത്താവില്‍ നിന്ന് ഏല്‍ക്കേണ്ടിവന്ന പീഢനത്തിന്‍റെ ചിത്രങ്ങള്‍. വിസ്മയ ബന്ധുക്കള്‍ക്ക് വാഡ്സാപ്പ് വഴി അയച്ചത്.
ബന്ധുക്കളുമായി വിസ്മയ നടത്തിയ വാട്സാപ്പ് ചാറ്റ്.
ബന്ധുക്കളുമായി വിസ്മയ നടത്തിയ വാട്സാപ്പ് ചാറ്റ്.
ബന്ധുക്കളുമായി വിസ്മയ നടത്തിയ വാട്സാപ്പ് ചാറ്റ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona