ഇന്ന് കൊട്ടിക്കലാശം, നാളെ നിശബ്ദം, മറ്റന്നാള്‍ വോട്ട്; തൃക്കാക്കര ഉണര്‍ന്ന് തന്നെ
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ( (Thrikkakara by election) ഇന്ന് കൊട്ടിക്കലാശം. നാളത്തെ നിശബ്ദ പ്രചാരണം കൂടി അവസാനിച്ചാല്‍ മറ്റന്നാള്‍ തൃക്കാക്കര പോളിങ്ങ് ബൂത്തിലേക്ക് നീങ്ങും. പി സി തോമസിന്‍റെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന തൃക്കാക്കര മണ്ഡലത്തില്‍ ആരാണ് വിജയിക്കുകയെന്ന് ജനം വിധിയെഴുതും. നിയമസഭയില്‍ നൂറ് സീറ്റ് തികയ്ക്കുമെന്ന് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും അവകാശപ്പെടുമ്പോള്‍, പി സി തോമസിനെ തൃക്കാക്കരക്കാര്‍ കൈവിടില്ലെന്ന് കോണ്‍ഗ്രസും അവകാശപ്പെടുന്നു. ഇതിനിടെ അവസാന അടവായി പി സി തോമസിനെ ബിജെപി രംഗത്തിറക്കിയെങ്കിലും അത് വോട്ടായി മാറാനുള്ള സാധ്യത തുലോം കുറവാണ്. തൃക്കാക്കര കൊട്ടിക്കലാശത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് രാജേഷ് തകഴി, ചന്തു പ്രവത്.
വികസനവും കെ റെയിലും തുടങ്ങി വിഷയങ്ങളിൽ പ്രചാരണം തുടങ്ങിയ തൃക്കാക്കരയിൽ ഇപ്പോൾ വ്യാജ അശ്ലീല വീഡിയോയും പി സി ജോർജിന്‍റെ അറസ്റ്റും ഒക്കെയാണ് ചർച്ച. പരസ്യ പ്രചാരണത്തിന്‍റെ അവസാന ദിനമായ ഇന്നും യുഡിഎഫ് , എൽഡിഎഫ് , എൻഡിഎ സ്ഥാനാർഥികൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
തൃക്കാക്കരയിലെ മണ്ണിന് പി.ടി.തോമസിന്‍റെ ഗന്ധമാണെന്നാണ് പി ടി തോമസിന്‍റെ ഭാര്യയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ഉമാ തോമസ് പറയുന്നത്. തന്‍റെ വിജയത്തിന് അതുമതിയെന്നും ഉമാ തോമസ് അവകാശപ്പെടുന്നു.
പി.ടി.തോമസിനെക്കാൾ ഭൂരിപക്ഷം ഉണ്ടാവുമോയെന്ന് താരതമ്യം ചെയ്യാനില്ല. അനാവശ്യ വിവാദങ്ങൾ വികസന ചർച്ചകളെ ഇല്ലാതാക്കിയെന്നും ഉമ തോമസ് പ്രതികരിച്ചു. അതോടൊപ്പം അശ്ലീല വീഡിയോ വിവാദത്തില്‍ താന്‍ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്‍റെ ഭാര്യയ്ക്കൊപ്പമാണെന്നും ഉമാ തോമസ് പറയുന്നു. '
തൃക്കാക്കരയിൽ തന്‍റെ വിജയം ഉറപ്പെന്നാണ് എൽഡിഎഫ് സ്ഥാനാർഥി ഡോ.ജോ ജോസഫിന്‍റെ അവകാശവാദം. ഓരോ ദിവസം കഴിയുന്തോറും ആത്മവിശ്വാസം ഉയർന്നുവെന്നും താൻ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും ജോ ജോസഫ് അവകാശപ്പെടുന്നു.
തന്‍റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചപ്പോൾ മുതൽ വിവാദങ്ങൾ സൃഷ്ടിച്ചെന്നും എന്നാൽ പാർട്ടിയും മുന്നണിയും മികച്ച പ്രവർത്തനം നടത്തിയതിനാല്‍ തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്നും ഡോ.ജോ ജോസഫ് പറഞ്ഞു.
തൃക്കാക്കരയിൽ എൻഡിഎ വൻ വിജയം നേടുമെന്ന് സ്ഥാനാർഥി എ.എൻ.രാധാകൃഷ്ണനും അവകാശപ്പെട്ടു. ഇനിയുള്ളത് താമരക്കാലമാണെന്നാണ് എ എന്‍ രാധാകൃഷ്ണന്‍റെ വാദം. സംസ്ഥാന നേതാക്കൾ ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചത് തനിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.
തൃക്കാക്കരയിൽ വർഗീയതയുണ്ടാക്കാനാണ് പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും ശ്രമിക്കുന്നത്. ഇരുവരെയും അറസ്റ്റ് ചെയ്യണമെന്നും എ .എൻ.രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. ഉമാ തോമസിന്‍റെ വിജയം ഉറപ്പാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
കോൺഗ്രസ്സ് വോട്ടുകൾ ചോരില്ലെന്ന് അവകാശപ്പെട്ട ചെന്നിത്തല കോൺഗ്രസിൽ ഇപ്പോൾ പ്രശ്നങ്ങളില്ലെന്നും പറഞ്ഞു. മുഖ്യമന്ത്രി ക്യാമ്പ് ചെയ്തു നടത്തിയ പ്രവർത്തനം ഇടത് മുന്നണിക്ക് ഗുണം ചെയ്യില്ലെന്നും മറ്റൊന്നും പറയാൻ ഇല്ലാത്തത് കൊണ്ടാണ് എല്‍ഡിഎഫ് വീഡിയോ അടക്കമുള്ള വിവാദങ്ങൾ ഉയർത്തുന്നതെന്നും ചെന്നിത്തല അവകാശപ്പെട്ടു.
പി സി ജോർജിന്‍റെ അറസ്റ്റ് നാടകമാണും ഈ നാടകത്തിന് സർക്കാര്‍ കൂട്ട് നിൽക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. അതോടൊപ്പം മണ്ഡലത്തിലെ അടിയൊഴുക്കുകള്‍ യു ഡി എഫിന് അനുകൂലമാകുമെന്നും വിജയം ഉറപ്പാണെന്നും ചെന്നിത്തല പറഞ്ഞു.
ഇടതു സ്ഥാനാർഥിയുടെ വിജയം ഉറപ്പെന്ന് മന്ത്രി പി. രാജീവും അവകാശപ്പെട്ടു. യുഡിഎഫിന്‍റെ അധമ രാഷ്ട്രീയത്തിനെതിരെ ജനങ്ങൾ വിധി എഴുതുമെന്നും വികസനത്തോടൊപ്പം നിൽക്കാൻ തൃക്കാക്കരയിലെ ജനങ്ങൾ വോട്ട് ചെയ്യുമെന്നും മന്ത്രി അവകാശപ്പെട്ടു.
മന്ത്രിമാർ അടക്കമുള്ളവർ ഇറങ്ങിയുള്ള പ്രചാരണം ഗുണം ചെയ്യും. ഭരണത്തോടൊപ്പം നിൽക്കാൻ ജനങ്ങൾ ഹിതം രേഖപെടുത്തുമെന്നും മന്ത്രി പി.രാജിവ് പ്രത്യാശ പ്രകടിപ്പിച്ചു. മത്സരാര്‍ത്ഥികളും പാര്‍ട്ടികളും തങ്ങളുടെ വിജയം അവകാശപ്പെടുന്നുണ്ടെങ്കിലും അന്തിമ വിജയത്തിന് ഇനിയും കാക്കണം.