Thalassery : പ്രകോപനപരമായ മുദ്രാവാക്യങ്ങളില്‍ തട്ടി തലശ്ശേരി വീണ്ടും സംഘര്‍ഷത്തിലേക്ക് ?
ഏറെക്കാലത്തിന് ശേഷം കണ്ണൂര്‍ (Kannur) ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നായ തലശ്ശേരിയില്‍ (Thalassery) വീണ്ടും രാഷ്ട്രീയ സംഘര്‍ഷം ഉടലെടുത്തു. ഏറ്റവും ഒടുവിലായി തലശ്ശേരിയിൽ ആശങ്ക ഉയർത്തുന്ന സാഹചര്യം തുടരുകയാണെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ തന്നെ പറയുന്നു. നഗരത്തില്‍ രണ്ട് ദിവസം കൂടി നിരോധനാജ്ഞ നിലനില്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു. സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് നഗരത്തിൽ എല്ലായിടത്തും കൂടുതൽ പൊലീസിനെ വിന്യസിച്ചു. രാഷ്ട്രീയ പാർട്ടികളുടെ സമാധാന യോഗം വിളിക്കുമെന്നും കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു. ഏന്താണ് തലശ്ശേരിയിലെ ഇപ്പോഴത്തെ സംഘര്‍ഷത്തിന് കാരണം ? തലശ്ശേരി നഗരത്തിന്‍റെ ചിത്രങ്ങള്‍ വിപിന്‍ കരിയാട്.
കെ ടി ജയകൃഷണൻ (KT Jayakrishnan Master) ബലിദാന ദിനാചരണത്തിൽ പ്രകടനം നടത്തിയ ആര്‍എസ്എസ് (RSS) പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. 1999 ല്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വച്ചാണ് സ്കൂള്‍ അധ്യാപകനായിരുന്ന കെ ടി ജയകൃഷ്ണനെ ഒരു സംഘമാളുകള്‍ വെട്ടിക്കൊലപ്പെടുത്തുന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെല്ലാം സിപി(ഐ)എം പ്രവര്‍ത്തകരായിരുന്നു.
22 വര്‍ഷങ്ങള്‍ക്ക് ശേഷം കെ ടി ജയകൃഷ്ണന്‍ ബലിദാന ദിനത്തില്‍ യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തലശേരിയില്‍ പ്രകടനം നടത്തവെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മതസ്പര്‍ദ്ദയുണ്ടാക്കുന്ന തരത്തില്‍ മുദ്രാവാക്യം വിളിച്ചു. ' നിസ്‌കരിക്കാന്‍ പള്ളികളുണ്ടാകില്ല, ബാങ്കുവിളിയും കേള്‍ക്കില്ല' എന്ന് തുടങ്ങിയ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ പ്രകടനത്തിലുട നീളം പ്രവർത്തകർ ഉപയോഗിച്ചു.
എന്നാല്‍, പ്രകടനത്തിന് അനുമതി നല്‍കിയ പൊലീസ് സംഭവം ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് ആദ്യം പ്രതികരിച്ചത്. തൊട്ട് പുറകെ സാമൂഹ്യ മാധ്യമങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തുന്ന വീഡിയോകള്‍ അപ്പ് ചെയ്യപ്പെട്ടു. ഇത് വ്യാപകമായി പ്രചരിച്ചതോടെ പൊലീസിനെതിരെ വിമര്‍ശനമുയരുകയും ഇതേ തുടര്‍ന്ന് പൊലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതരായി.
സംഭവത്തിൽ ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ തലശേരി ബ്ലോക്ക് സെക്രട്ടറി ജിഥുൻ പരാതി നൽകിയതായി ഡിവൈഎഫ്ഐ വ്യക്തമാക്കി. നാടിന്‍റെ മത മൈത്രി തകർക്കാൻ സംഘപരിവാറിനെ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. മതേതരം ഉയർത്തിപ്പിടിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽകേണ്ടതുണ്ടെന്നും ഡിവൈഎഫ്ഐ പ്രസ്ഥാവനയില്‍ പറഞ്ഞു.
ഇതേ തുടര്‍ന്ന് പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ പൊലീസ് നടപടിക്ക് തയ്യാറായി. മതസ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചതിന് കണ്ടാലറിയാവുന്ന 25 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തൊട്ട് പുറകെ സിപിഐ(എം) നേതാവ് പി ജയരാജന്‍ തലശ്ശേരിക്ക് ഒരു പ്രത്യേക ചരിത്രമുണ്ടെന്ന് ബിജെപിക്കാര്‍ ഓര്‍ക്കണമെന്ന് പി ജയരാജന്‍ ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.
1971-ല്‍ തലശ്ശേരി വര്‍ഗീയ കലാപത്തിന്‍റെ മറവില്‍ മുസ്ലിം പള്ളികൾ വ്യാപകമായി തകർക്കാനുള്ള ആര്‍എസ്എസ് (RSS) പദ്ധതിക്ക് തടയിടാൻ സിപിഐ എം മുന്നോട്ടുവന്നു. എല്‍ഡിഎഫ് സര്‍ക്കാരും സിപിഐഎമ്മും കേരളത്തില്‍ ഉള്ളിടത്തോളം കാലം ഇത്തരം വര്‍ഗീയ അജണ്ട നടപ്പിലാവില്ലെന്ന് ബിജെപിക്കാര്‍ ഓര്‍ക്കണമെന്ന് പി ജയരാജന്‍ കുറിച്ചു. പള്ളികൾ രാഷ്ട്രീയ പ്രചാരവേലയ്ക്ക് ദുരുപയോഗം ചെയ്യാനുള്ള ലീഗ് ശ്രമമാണ് ഹിന്ദുത്വ തീവ്രവാദികൾക്ക് അവസരമുണ്ടാക്കി കൊടുത്തതെന്നും ജയരാജന്‍ വിമര്‍ശിച്ചു.
തൊട്ട് പുറകെ എ എന്‍ ഷംസീര്‍ എംഎല്‍എയും രംഗത്തെത്തി. 'ഇത് ഗുജറാത്തല്ല , തലശേരിയാണെന്ന് ഓർക്കണ'മെന്ന് ഷംസീർ ആവശ്യപ്പെട്ടു. ജീവൻ നൽകിയും വർഗീയതയെ പ്രതിരോധിക്കാൻ അറിയാമെന്ന് തെളിയിച്ച നാടാണ് തലശേരിയെന്നും എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു.
ബിജെപി- ആർഎസ്എസ് പ്രവർത്തകരുടെ പ്രകടനത്തിന് മറുപടിയുമായി കഴിഞ്ഞ ദിവസം എസ്ഡിപിഐ, യൂത്ത് ലീഗ്, സിപിഎം സംഘടനകൾ തലശ്ശേരി ടൗണിൽ മുദ്രാവ്യം വിളിയുമായി പ്രകടനം നടത്തി. എസ്‍ഡിപിഐ പ്രകടനത്തിനിടെ വർഗീയ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് , ബിജെപി പ്രവർത്തകർ വീണ്ടും പ്രകടനം നടത്തും എന്ന് പ്രഖ്യാപിച്ചു. ഇതോടെ തലശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കണ്ണൂർ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
വൈകീട്ട് മൂന്ന് മണിയോടെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും വളരെ പെട്ടെന്ന് തന്നെ ബിജെപി പ്രവർത്തകർ നഗരത്തിന്‍റെ പലഭാഗത്തായി തമ്പടിച്ചു. നിരോധനാജ്ഞ ലംഘിച്ച് ഇന്നലെ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം നഗരത്തില്‍ ഏറെ നേരം കടുത്ത ആശങ്ക സൃഷ്ടിച്ചു. തലശ്ശേരിയിലെ ബിജെപി ഓഫീസിന് മുന്നിൽ ഒത്തുചേർന്ന പ്രവർത്തകർ അവിടെ നിന്നും മുദ്രാവാക്യം വിളിയുമായി സിപിഎം ഓഫീസിലേക്ക് വരികയായിരുന്നു. ഏതാണ്ട് മുന്നൂറോളം ബിജെപി പ്രവർത്തകർ തലശ്ശേരി ടൗണിൽ ഇന്നലെ എത്തിയിരുന്നു.
അത് കൂടാതെ, നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നിരവധി ബിജെപി പ്രവർത്തകർ തമ്പടിച്ച് നിന്നതും ആശങ്ക വര്‍ദ്ധിപ്പിച്ചു. ബിജെപി പ്രവര്‍ത്തകര്‍ നഗരം വിടാതിരുന്നത് കലാപത്തിനോ സംഘര്‍ഷത്തിനോ ഉള്ള സാധ്യത നിലനിര്‍ത്തി. ഇതേ തുടര്‍ന്ന് പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോകാത്ത പക്ഷം എല്ലാവരേയും അറസ്റ്റ് ചെയ്തു നീക്കുമെന്ന് പൊലീസ് ബിജെപി നേതാക്കളെ അറിയിച്ചു. തുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ പൊലീസ് സന്നാഹത്തെ എത്തിച്ച് സുരക്ഷ ശക്തമാക്കിയതിനെ തുടർന്നാണ് പ്രകടനക്കാര്‍ പിരിഞ്ഞ് പോയത്.
എന്നാല്‍, തലശ്ശേരിയിൽ ഇപ്പോഴും ആശങ്ക ഉയർത്തുന്ന സാഹചര്യം തുടരുകയാണെന്ന് കമ്മീഷണർ ആർ ഇളങ്കോ (R Ilango) പറയുന്നു. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ തലശ്ശേരിയിൽ രണ്ട് ദിവസം കൂടി നിരോധനാജ്ഞ തുടരും. ആളുകൾ അനാവശ്യമായി നഗരത്തിലേക്ക് എത്തരുതെന്നും കൂട്ടം കൂടി നിൽക്കരുതെന്നും പൊലീസ് അറിയിച്ചു.
ഇന്നലെ നിരോധനാജ്ഞ ലംഘിച്ച് മാർച്ച് നടത്തിയതിന് ബിജെപി ജില്ലാ പ്രസിഡന്‍റെ ഉൾപ്പടെ അഞ്ച് പേർക്കെതിരെ കേസെടുത്തു. എസ്‍ഡിപിഐ- ആർഎസ്എസ് സംഘർഷം ഒഴിവാക്കാൻ തലശ്ശേരി മേഖലയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചെന്നും കമ്മീഷണര്‍ അറിയിച്ചു. അതോടൊപ്പം വാഹന പരിശോധനയും കർശനമാക്കി.
1948 ല്‍ മൊയാരത്ത് ശങ്കരന്‍റെ കൊലപാതകത്തോടെയാണ് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. അന്ന് അവിഭക്ത സിപിഐയായിരുന്ന മൊയാരത്ത് ശങ്കരന്‍ കൊല്ലപ്പെട്ടത് കൽക്കട്ടാ തിസീസിനു ശേഷം നടന്ന വിപ്ലവ പ്രവർത്തനങ്ങൾക്ക് ശേഷമുണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങളാണെന്ന് കരുതപ്പെടുന്നു.
തുടര്‍ന്ന് ഇങ്ങോട്ട് 1970 കള്‍, 1990 കള്‍, 2000 ങ്ങളില്‍ കണ്ണൂര്‍ ജില്ലയില്‍ രാഷ്ട്രീയ കൊലപാതക പരമ്പരകള്‍ തന്നെ അരങ്ങേറി. കണ്ണിന് കണ്ണ് ചോരയ്ക്ക് ചോര എന്ന ഗോത്ര നിയമത്തെ അടിസ്ഥാനമാക്കിയെന്നത് പോലെയായിരുന്നു അക്കാലങ്ങളില്‍ കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറിയത്. ഏറെ കാലത്തെ ശാന്തതയ്ക്ക് ശേഷം കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെടുകയാണോയെന്ന് കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങള്‍ ആശങ്കയുയര്‍ത്തുന്നു.