പ്രതിദിന രോഗികള്‍ കുറഞ്ഞതില്‍ ആശ്വസിക്കാമോ? ഡിസ്ചാര്‍ജ് മാർഗ്ഗരേഖയില്‍ അടക്കം മാറ്റം കൊണ്ട് വന്ന് സര്‍ക്കാര്‍
സംസ്ഥാനത്തെ കൊവിഡ് കണക്കുകള്‍ വലിയ കുറവാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. ഒരുസമയത്ത് 11,000ത്തിന് മുകളിലേക്ക് പോയ കണക്ക് ഇപ്പോള്‍ ഏഴായിരത്തില്‍ താഴേക്ക് വന്നത് ആശ്വസിക്കാന്‍ കഴിയുന്ന വാര്‍ത്തയാണ്. എന്നാല്‍, ജാഗ്രതയില്‍ ഒട്ടും കുറവ് വരുത്തരുതെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
സംസ്ഥാനത്ത് 11,755 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ദിവസം സര്‍ക്കാര്‍ കണക്ക് അനുസരിച്ച് പരിശോധന നടത്തിയത് 66,228 സാമ്പിളുകളാണ്. അതുപോലെ പതിനായിരം കടന്ന മറ്റൊരു ദിവസം 73,816 സാമ്പിളുകളാണ് പരിശോധിച്ചത്. ബുഝനാഴ്ച പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 50,056 ആണ്. ഈ സാഹചര്യത്തിലും രോഗമുക്തരാകുന്നവരുടെ എണ്ണം വലിയ ആശ്വാസമാണ് പകരുന്നത്. ഇതിനിടയില്‍ കൊവിഡ് രോഗികളെ ഡിസ്ചാര്‍ജ് മാർഗ്ഗരേഖയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഒപ്പം കൊവിഡ് ആശുപത്രികളില്‍ ടെലി ഐസിയു സേവനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തി.
കൊവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് മാർഗ്ഗരേഖയിൽ മാറ്റം വന്നിട്ടുണ്ട്. ഗുരുതരാവസ്ഥയിൽ ഉളളവർക്ക് ഒഴികെ എല്ലാവർക്കും പത്താം ദിവസത്തെ ആന്റിജൻ പരിശോധനയിൽ നെഗറ്റീവായാൽ ആശുപത്രി വിടാം.
കൊവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് രോഗ തീവ്രതയനുസരിച്ച് മികച്ച ചികിത്സ ഉറപ്പു വരുത്തുന്നതിനായി ഡിസ്ചാര്‍ജ് മാനദണ്ഡം പുതുക്കിയത്.
കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്ത കാറ്റഗറി എ, ബി വിഭാഗങ്ങളിലെ രോഗികളെ പോസിറ്റീവായി 10 ദിവസം കഴിഞ്ഞ് രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ആന്‍റിജന്‍ ടെസ്റ്റ് നടത്താം.
പരിശോധനാ ഫലം നെഗറ്റീവ് ആകുകയും മൂന്ന് ദിവസം രോഗലക്ഷണങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍ ഡിസ്ചാര്‍ജ് ചെയ്യാവുന്നതാണ്.
പോസിറ്റീവായി തുടരുകയാണെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ആകുമ്പോള്‍ ഡിസ്ചാര്‍ജാക്കാം.
ഗുരുതര രോഗമുള്ള കാറ്റഗറി സിയിലുളളവർക്ക് പതിനാലാമത്തെ ദിവസം കഴിഞ്ഞായിരിക്കും ആന്റിജന്‍ പരിശോധന. നെഗറ്റീവാകുകയും മൂന്ന് ദിവസം രോഗലക്ഷണങ്ങള്‍ ഇല്ലാതെ ആരോഗ്യനില തൃപ്തികരമാകുകയും ചെയ്യുമ്പോള്‍ ഡിസ്ചാര്‍ജ് ചെയ്യാം.
എല്ലാ വിഭാഗത്തിലുള്ള രോഗികളും ഡിസ്ചാര്‍ജ് ചെയ്ത ശേഷം ഏഴ് ദിവസം ക്വാറന്‍റീനില്‍ തുടരണം. രോഗതീവ്രത കൂടിയവർക്കുള്ള ഐസിയു, ടെലി മെഡിസിൻ സേവനങ്ങൾക്കുളള മാർഗ രേഖയും ആരോഗ്യവകുപ്പ് പുറത്തിറക്കി.
ആശുപത്രികളില്‍ നിലവിലുള്ള തീവ്ര പരിചരണ സംവിധാനങ്ങളുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതിയുടെ ഓണ്‍ലൈന്‍ സേവനം ലഭ്യമാക്കും.
ടെലി ഐസിയു വഴി പരിശീലനം ലഭിച്ച ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സേവനം 24 മണിക്കൂറും ലഭ്യമാകും.
ഇതുവഴി തീവ്ര പരിചരണം ആവശ്യമുള്ള രോഗികളെ വിദഗ്ധ ഡോക്ടർമാർ കാണുന്നു എന്ന് ഉറപ്പാക്കും. എല്ലാ സ്പെഷ്യാലിറ്റികളും ഇല്ലാത്ത ആശുപത്രികൾക്ക് ഏറെ പ്രയോജനകരമാകുന്ന പദ്ധതിയാണ് ഇതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
സ്വകാര്യ മേഖലയുടെ സേവനവും ഉറപ്പാക്കും. ആശുപത്രികളില്‍ നിലവിലുള്ള തീവ്ര പരിചരണ സംവിധാനങ്ങളുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതിയുടെ ഓണ്‍ലൈന്‍ സേവനം ലഭ്യമാക്കിയാണ് സര്‍ക്കാര്‍ ടെലി ഐസിയു സംവിധാനം യാഥാര്‍ത്ഥ്യമാക്കുന്നത്.
പ്രായമായവരിലും രോഗ പ്രതിരോധശേഷി കുറഞ്ഞവരിലും അസുഖം വരാനുള്ള സാഹചര്യങ്ങള്‍ കൂടിയതോടെ തീവ്രപരിചരണം ലഭ്യമാകേണ്ടവരുടെ എണ്ണം കൂടാന്‍ സാധ്യതയുമുണ്ട്. നിലവില്‍ സംസ്ഥാനത്ത് ലഭ്യമായ തീവ്ര ചികിത്സാ സംവിധാനങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിനും കൂടിയാണ് സര്‍ക്കാര്‍ മാര്‍ഗരേഖ പുറപ്പെടുവിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
നിലവില്‍ ഏത് സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത് എന്ന് പരിഗണിക്കാതെയാണ് ജില്ലയില്‍ ടെലി ഐസിയു വിദഗ്ധരുടെ സംഘം രൂപീകരിക്കുന്നത്. ക്രിറ്റിക്കല്‍ കെയര്‍, അനസ്‌തേഷോളജി, പള്‍മണോളജി എന്നിവയില്‍ ബിരുദാനന്തര പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളെയും ഈ സംഘത്തില്‍ ഉള്‍പ്പെടുത്തുന്നതാണ്.
സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്‌പെഷ്യലിസ്റ്റുകളുടേയും സേവനവും സ്വീകരിക്കുന്നതാണ്. ജില്ലാതലത്തില്‍ ടെലി ഐസിയു കമാന്റ് സെന്റര്‍ സ്ഥാപിച്ച് 24 മണിക്കൂറും പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സേവനം ലഭ്യമാക്കും.
എല്ലാ തീവ്രപരിചരണ രോഗികളേയും വിദഗ്ധ ഡോക്ടര്‍മാര്‍ കാണുന്നുവെന്ന് ഉറപ്പാക്കും. ആവശ്യമെങ്കില്‍ സംസ്ഥാനത്തിന് പുറത്തുള്ള വിദഗ്ധരുടെ സേവനങ്ങളും ടെലി ഐസിയു സേവനങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
തീവ്രപരിചരണം ആവശ്യമായ കൊവിഡ് രോഗികളെ പരിചരിക്കുന്ന ആശുപത്രികളില്‍ 24 മണിക്കൂറും ഒരു തീവ്രപരിചരണ വിദഗ്ധ ഡോക്ടറുടെ (ഇന്റന്‍സിവിസ്റ്റ്, ക്രിട്ടിക്കല്‍ കെയര്‍ സ്‌പെഷ്യലിസ്റ്റ്) സേവനം ഉറപ്പാക്കും.
സര്‍ക്കാര്‍ മേഖലയില്‍ തീവ്രപരിചരണ വിദഗ്ധരുടെ സേവനം ലഭ്യമല്ലാത്ത പക്ഷം ഡിസ്ട്രിക്ട് ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിദഗ്ധരുടെ സേവനം ലഭ്യമാക്കുന്നതാണ്.
തീവ്രപരിചരണം വേണ്ട രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ മരണ നിരക്ക് പരമാവധി കുറയ്ക്കുന്നതിനായാണ് ആരോഗ്യ വകുപ്പിന്റെ പരിശ്രമം.