AKG Center: എകെജി സെന്‍റര്‍ ബോംബേറ്; പ്രകോപനത്തിന് സാധ്യത, സുരക്ഷ ശക്തമാക്കി പൊലീസ്; രാത്രി ദൃശ്യങ്ങള്‍ കാണാം
സിപിഐഎം (CPI(M)) സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്‍ററിനെതിരെ (AKG Center) ഇന്നലെ രാത്രി 11.30 ഓടെ ബോംബേറിഞ്ഞു. എകെജി സെന്‍ററിലെ ഹാളിലേക്കുള്ള ഗേറ്റിലാണ് ബോംബ് എറിഞ്ഞത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സംഭവ സ്ഥലത്ത് രാത്രി തന്നെഫോറന്‍സിക് പരിശോധന നടത്തി. എകെജി സെന്‍റര്‍ ബോംബേറ് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വലാണ് പ്രത്യേക സംഘം പ്രവര്‍ത്തിക്കുക. ബോംബ് എറിഞ്ഞ പ്രതിയെ കണ്ടെത്താനാണ് പൊലീസിന്‍റെ ആദ്യശ്രമം. പ്രദേശത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. വിശദമായ അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷ്ണര്‍ അറിയിച്ചു. ഇന്നലെ രാത്രിയില്‍ എകെജി സെന്‍റിറില്‍ നിന്നുള്ള ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ സജയന്‍.
എകെജി സെന്‍ററിന്‍റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്നും സ്കൂട്ടറില്‍ വന്ന ഒരാള്‍ ബോംബ് എറിയുന്ന ദൃശ്യമാണ് കാണുന്നത്. ബോംബ് എറിഞ്ഞ ശേഷം ഇയാള്‍ അതിവേഗം സ്കൂട്ടറോടിച്ച് പോയി. ഈ സമയം മുന്നിലെ ഗേറ്റില്‍ പൊലീസുകാര്‍ ഉണ്ടായിരുന്നുവെന്നാണ് സിപിഐഎം ഓഫീസ് സെക്രട്ടറി ബിജു കണ്ടക്കൈ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
രണ്ട് ബൈക്കുകള്‍ ആക്രമണം നടന്ന സമയത്ത് ആ ഭാഗത്ത് എത്തിയെന്നും ബിജു കണ്ടക്കൈ പറഞ്ഞു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ രാത്രി തന്ന സംഭവസ്ഥലത്തെത്തിയിരുന്നു. പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി അടക്കം മുതിര്‍ന്ന സിപിഎം നേതാക്കളും ഇതേ സമയം എകെജി സെന്‍ററില്‍ എത്തി. മന്ത്രിമാരും, സിപിഐ നേതാക്കളും, എല്‍ഡിഎഫ് നേതാക്കളും വിവരമറിഞ്ഞ് രാത്രി തന്നെ സംഭവസ്ഥലത്തെത്തി.
സിപിഎം എംഎല്‍എമാരും, എംപിമാരും സ്ഥലത്തെത്തി. ഇതിന് പുറമേ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രവര്‍ത്തകരും സംഭവം അറിഞ്ഞ് എകെജി സെന്‍ററിന് മുന്നില്‍ തടിച്ചുകൂടി. സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ അഭ്യര്‍ത്ഥിച്ചു.
തലസ്ഥാനത്ത് രാത്രിയില്‍ തന്നെ ഡിവൈഎഫ്ഐ, എസ്എഫ്ഐ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. ഇതോടൊപ്പം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. പത്തനംതിട്ടയില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. കോഴിക്കോടും പ്രകടനം നടന്നു.
സംഘര്‍ഷം മുന്നില്‍ കണ്ട് പൊലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചു. കോൺഗ്രസിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ ഇന്ദിരാ ഭവന്‍, കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെയും വസതികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍റെ ധർമ്മടത്തെ വീടിന്‍റെ സുരക്ഷയുമാണ് വർദ്ധിപ്പിച്ചത്. ഇന്ന് കേരളത്തിലെത്തുന്ന രാഹുൽ ഗാന്ധി എംപിയുടെ സുരക്ഷയും വർധിപ്പിച്ചു.
എകെജി സെന്‍റര്‍ അക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് സുരക്ഷ വർദ്ധിപ്പിച്ചത്. ബോംബേറ് ആസൂത്രിതമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസുകാര്‍ എകെജി സെന്‍ററിന് ബോംബ് എറിയുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണെന്ന് ഇപി ജയരാജന്‍ ആരോപിച്ചു. അവര്‍ മുഖ്യമന്ത്രിയെ അടക്കം ആക്രമിക്കാന്‍ പോയവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ സിപിഐഎം അണികള്‍ ഒരുതരത്തിലും പ്രകോപിതരാകരുതെന്നും. ഒരുതരത്തിലും അനിഷ്ടസംഭവങ്ങള്‍ ഉണ്ടാക്കരുതെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഇപി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. അക്രമണത്തിനെതിരെ ബഹുജനങ്ങളെ അണിനിരത്തി സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അണികളോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ കലാപഭൂമിയാക്കി, 'ക്രമസമാധാനനില തകർന്നു' എന്ന മുറവിളി സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ പരിശ്രമങ്ങളാണ് സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് നാളുകളായി നടന്നുകൊണ്ടിരിക്കുന്നത്. അതിന്‍റെ തുടർച്ചയായാണ് എകെജി സെന്‍റിന് നേരെ അക്രമണം നടത്തിയിരിക്കുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.
പാർട്ടിയെ ജീവനുതുല്യം സ്നേഹിക്കുന്ന ജനങ്ങളെ പ്രകോപിപ്പിക്കുന്നതിനുള്ള തന്ത്രങ്ങളാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. പാർട്ടി ഓഫീസുകളെ അക്രമിക്കുക, പാർട്ടി പതാക പരസ്യമായി കത്തിക്കുക, ദേശാഭിമാനി പോലുള്ള മാധ്യമ സ്ഥാപനങ്ങളെ അക്രമിക്കുക തുടങ്ങിയ പ്രകോപനപരമായ അക്രമങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് വലതുപക്ഷ ശക്തികൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അത്തരം പ്രവർത്തനങ്ങളുടെ ഭാഗമായി പാര്‍ട്ടിയുടെ സംസ്ഥാന കേന്ദ്രത്തെ തന്നെ അക്രമിക്കുന്ന പ്രവർത്തനത്തിന്‍റെ ഗൂഢലക്ഷ്യങ്ങളെ തിരിച്ചറിഞ്ഞ് വിവേകത്തോടെ പ്രവർത്തിക്കാൻ പാർട്ടി പ്രവർത്തകർക്ക് ആകണമെന്നും കോടിയേരി ആഹ്വാനം ചെയ്തു. എകെജി സെന്‍ററിന് നേരെ ബോംബെറിഞ്ഞത് കേരളത്തിന്‍റെ കേരളത്തിന്‍റെ ക്രമസമാധാനം തകർക്കാനുള്ള ശ്രമമാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് ആരോപിച്ചു.
കോൺഗ്രസും ബിജെപിയും കേരളത്തിൽ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എകെജി സെന്‍ററിലേക്ക് ബോംബെറിഞ്ഞാലുണ്ടാകുന്ന പ്രതിഷേധം ശക്തമായിരിക്കുമെന്ന് അറിഞ്ഞുകൊണ്ടാണ് ഇത്തരത്തിൽ ആക്രമണം നടത്തിയത്. സംസ്ഥാനത്ത് ഭരണത്തിലിരുന്ന് കട്ട് മുടിച്ച് ശീലിച്ചവർക്ക് ഇനി ഭരണത്തിൽ വരില്ലെന്ന ആശങ്കയാണെന്നും അതിനാലാണ് ഇത്തരത്തിൽ ആക്രമണം നടത്തുന്നതെന്നും പിഎ മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.
സിപിഎം മൂന്നാമത്തെ റൗണ്ട് അക്രമമാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. ഒരു മാസത്തിനിടെ 45 ഓളം കോണ്‍ഗ്രസ് ഓഫീസുകള്‍ സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ച് തകര്‍ത്തു. അഞ്ചോളം പാര്‍ട്ടി ഓഫീസുകള്‍ക്ക് തീയിട്ടു. അക്രമം തങ്ങളുടെ വഴിയല്ലെന്നും സിപിഎമ്മാണ് കേരളത്തില്‍ ആസൂത്രിതമായി അക്രമം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തിനിടെ നടന്ന എകെജി സെന്‍റര്‍ അക്രമണം ഇപി ജയരാന്‍റെ നാടകമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആരോപിച്ചു.