AAP-Twenty20: കേരളത്തിലും രാഷ്ട്രീയ പ്രവേശനത്തിന് ട്വന്‍റി 20 യുമായി കൈ കോര്‍ത്ത് ആപ്പ്
ട്വന്‍റി ട്വന്‍റിയെ (Twenty20) കൂട്ടുപിടിച്ച് കേരളത്തിലും വേരോട്ടമുണ്ടാക്കാന്‍ ആപ്പ് (AAP). ഇന്നലെ കൊച്ചി കിഴക്കമ്പലത്ത് നടന്ന ആം ആദ്മി പാര്‍ട്ടിയുടെ ആദ്യ പരിപാടിക്കിടെയാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ (Arvind Kejriwal), പാര്‍ട്ടിയുടെ കേരളത്തിലെ നയം വ്യക്തമാക്കിയത്. ആം ആദ്മി പാർട്ടി കേരളത്തിൽ ട്വന്‍റി 20 യുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഇത് കേരളത്തിലെ നാല് കോടി ജനങ്ങളുടെ സഖ്യമാണെന്നും കെജ്രിവാള്‍ അവകാശപ്പെട്ടു. പീപ്പിൾസ് വെൽഫെയർ അലയൻസ് (ജനക്ഷേമ സഖ്യം - People's Welfare Alliance - PWA) എന്ന പേരിലാകും നാലാം മുന്നണിയുടെ പ്രവർത്തനമെന്നും കെജ്രിവാള്‍ പറഞ്ഞു. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ക്യാമറാമാന്‍ ബൈജു വി മാത്യു.
വെറും ഒരു വര്‍ഷം കൊണ്ടാണ് ആം ആദ്മി ദില്ലിയില്‍ സര്‍ക്കാറുണ്ടാക്കിയത്. അത് ദൈവത്തിന്‍റെ മാജിക്കാണ്. കേരളത്തിലും ആം ആദ്മി പാര്‍ട്ടി സര്‍ക്കാറുണ്ടാക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു. 10 വർഷം മുമ്പ് അരവിന്ദ് കെജ്‍രിവാളിനെ ആരും അറിയുമായിരുന്നില്ല. തങ്ങള്‍ ദില്ലിയില്‍ ആദ്യം ചെയ്തത് അഴിമതി ഇല്ലാതാക്കുകയായിരുന്നെന്നും കെജ്‍രിവാൾ കൂട്ടിചേര്‍ത്തു.
കേരളത്തിലെ ഒരു പഞ്ചായത്തില്‍ മാത്രം സാന്നിധ്യ മുറപ്പിച്ച ഒരു പ്രദേശിക പാര്‍ട്ടിയുമായി ഒരു അന്തര്‍സംസ്ഥാന പാര്‍ട്ടി ആദ്യമായിട്ടാണ് രാഷ്ട്രീയ സഖ്യം രൂപപ്പെടുത്തുന്നത്. ദില്ലിയിലെ തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പഞ്ചാബിന്‍റെ അധികാരം നേടാനായതും ഇന്ത്യയൊട്ടാകെ വ്യാപിപ്പിക്കാനുള്ള ഊര്‍ജ്ജമായി ആം ആദ്മി കാണുന്നു.
ദില്ലിയിലെ പോലെ കേരളത്തിലും സൗജന്യ വൈദ്യുതി വേണ്ടേ ? അഴിമതി ഇല്ലാതാക്കണ്ടേ... ? പാര്‍ട്ടി പ്രഖ്യാപനത്തിനായെത്തിയ ജനക്കൂട്ടത്തോടായി ദില്ലി മുഖ്യമന്ത്രി ചോദിച്ചു. വേണം വേണമെന്നായിരുന്നു ഉത്തരം. ആദ്യം ദില്ലി, പിന്നെ പഞ്ചാബ്. അടുത്തത് കേരളമാണെന്നും കെജ്‍രിവാൾ ആവേശഭരിതനായി.
ട്വന്‍റി 20 കോർഡിനേറ്റർ സാബു ജേക്കബിന്‍റെ (Sabu Jacob) പ്രവർത്തനങ്ങളെ കെജ്‍രിവാൾ അഭിനന്ദിച്ചു. കിഴക്കമ്പലത്ത് കിറ്റക്സ് ഗാർമെന്‍റ്സ് ഗ്രൗണ്ടിലെ ജനസംഗമ പരിപാടിയിലായിരുന്നു ഇരു പാര്‍ട്ടികളുടെയും സഖ്യ പ്രഖ്യാപനം.
കിഴക്കമ്പലത്തെ ട്വന്‍റി 20 ഭക്ഷ്യ സുരക്ഷാ മാർക്കറ്റും ഗോഡ്‍സ് വില്ലയും കെജ്‌രിവാൾ സന്ദർശിച്ചു. മിനിയാന്ന് കൊച്ചിയിലെത്തിയ ദില്ലി മുഖ്യമന്ത്രിക്ക് വൻ സ്വീകരണമാണ് ആം ആദ്മി പാർട്ടി പ്രവർത്തകർ ഒരുക്കിയിരുന്നത്.
കേരളത്തില്‍ 40 ലക്ഷം പേര്‍ തൊഴിലില്ലാതെ വലയുന്നു. ദില്ലിയില്‍ അഞ്ചു വര്‍ഷം കൊണ്ട് 12 ലക്ഷം പേര്‍ക്കാണ് എഎപി സര്‍ക്കാര്‍ തൊഴില്‍ നല്‍കിയത്. ദില്ലി പോലെയാകേണ്ടേ കേരളവും എന്ന് ചോദിച്ച് കൊണ്ടാണ് കെജ്രിവാള്‍ തന്‍റെ പ്രസംഗം അവസാനിപ്പിച്ചത്.
പി ടി തോമസിന്‍റെ മരണത്തോടെ ഒഴിവ് വന്ന തൃക്കാക്കര മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് കേരളത്തിലെ പ്രമുഖ പാര്‍ട്ടികളെല്ലാം തന്നെ. ഇതിനിടെയിലാണ് കിഴക്കമ്പലത്തെ ശക്തമായ പ്രാദേശിക പാര്‍ട്ടിയായ ട്വന്‍റി 20 യുമായി ആം ആദ്മി കൈകോര്‍ക്കുന്നത്.
തൃക്കാക്കരയിൽ ആരുടേയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന് ഇടതുമുന്നണി കൺവീനര്‍ ഇപി ജയരാജൻ ഇതിനിടെ പറഞ്ഞു. വികസനത്തെ പിന്തുണയ്ക്കുന്നവർക്ക് ഇടത് പക്ഷത്തിന് ഒപ്പം നില്ക്കാം. തൃക്കാക്കരയിൽ ട്വന്‍റി ട്വന്‍റി രാഷ്ട്രീയ നിലപാട് പറയട്ടെയെന്നും ഇ പി ജയരാജൻ അഭിപ്രായപ്പെട്ടു.
രാജ്യത്തെ മികച്ച ബദൽ മാതൃകയാണ് പിണറായി സർക്കാരെന്നും എഎപി-ട്വന്‍റി ട്വന്‍റി സഖ്യത്തെ കാര്യമാക്കുന്നില്ലെന്നും ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആപ് (AAP)- ട്വന്‍റി ട്വന്‍റി സഖ്യം കോൺഗ്രസിന് ഭീഷണി അല്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും വ്യക്തമാക്കി.
പുതിയ കാലത്ത് പുതിയ മുന്നണികൾ വരുന്നത് സ്വഭാവികമാണ്. തൃക്കാക്കരയിൽ സഖ്യത്തിന്‍റെ നിലപാടിൽ കോൺഗ്രസിന് പ്രതീക്ഷയുണ്ടെന്നും കെ സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.