ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ആന, ട്രിസിയ ചരിഞ്ഞു
ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ആനകളിലൊന്നായ ട്രിസിയ തന്‍റെ 65-ാം വയസില്‍ ഓസ്‌ട്രേലിയൻ മൃഗശാലയിൽ വച്ച് ചരിഞ്ഞു. പെർത്ത് മൃഗശാലയിലെ ട്രിസിയയെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആനകളിലൊന്നായിട്ടാണ് കണക്കാക്കുന്നത്. വിയറ്റ്നാമിൽ നിന്ന് 1963-ലാണ് ട്രിസിയ പെർത്ത് മൃഗശാലയിൽ എത്തുന്നത്. മൃഗശാലയിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണമായിരുന്നു ട്രിസിയ. അവളുടെ ജനപ്രീതി കാരണം പടിഞ്ഞാറന്‍ 'ഓസ്ട്രേലിയയുടെ ഐക്കണ്‍' എന്നാണ് മാർക്ക് മക്‌ഗോവൻ ട്രിസിയയെ വിശേഷിപ്പിച്ചിരുന്നത്. 'ഇന്ന് രാത്രി, വെസ്റ്റേൺ ഓസ്‌ട്രേലിയ ഒരു ഐക്കൺ വിടപറയുന്നു... എന്‍റെതുൾപ്പെടെ നിരവധി പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ കുടുംബങ്ങൾക്ക്, ട്രിസിയ ഒരു വീട്ടുപേരായിരുന്നു.' എന്നായിരുന്നു അദ്ദേഹം ട്രിസിയയുടെ മരണത്തെ അടയാളപ്പെടുത്തിയത്.
പ്രായം കൂടിയതിനാല്‍ കുറച്ച് കാലമായി ട്രിസിയയുടെ ആരോഗ്യവും ക്ഷേമവും മൃഗഡോക്ടർമാര്‍ നിരന്തരം വിലയിരുത്തുകയായിരുന്നു. എന്നാല്‍, പ്രായാധിക്യത്തെ തുടര്‍ന്നുള്ള അവളുടെ ഉറക്കക്കുറവും ചലന പ്രശ്‌നങ്ങളും കാരണം അവളുടെ ആരോഗ്യനില അടുത്തിടെ വഷളായിരുന്നെന്ന് മൃഗശാലാ അധികൃതര്‍ പറഞ്ഞു.
'ഇത്രയും വർഷങ്ങളായി ട്രിസിയയെ മാനുഷികമായി പരിചരിക്കുകയും അവളുടെ അവസാന നിമിഷങ്ങളിൽ അവൾക്ക് കഴിയുന്നത്ര സുഖകരമായിരുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്ത പെർത്ത് മൃഗശാലയിലെ എല്ലാ ജീവനക്കാരെയും ഞാൻ അംഗീകരിക്കുകയും അവരോടുള്ള നന്ദി അറിയിക്കുകയും ചെയ്യുന്നു.' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെർത്ത് മൃഗശാലയിലെ മുതിർന്ന ആന പരിപാലകനായ സ്റ്റീവൻ എഡ്മണ്ട്സ് ഇതിനെ വിശേഷിപ്പിച്ചത്. 'ട്രിസിയയെ അറിയാനായത് ഒരു ബഹുമതിയും പദവിയുമാണ്'. എന്നായിരുന്നു. 'വർഷങ്ങളായി തിരശ്ശീലയ്ക്ക് പിന്നിലെ അനുഭവങ്ങളിൽ അവള്‍ കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവളുടെ അസാന്നിദ്ധ്യത്താൽ പൂർണ്ണമായും തളർന്നുപോകുന്നു,' മിസ്റ്റർ എഡ്മണ്ട്സ് കൂട്ടിച്ചേർത്തു.
ട്രിസിയയോടുള്ള ബഹുമാനാർത്ഥം പെർത്ത് മൃഗശാല 'ട്രിസിയ ട്രിബ്യൂട്ട് ടു കൺസർവേഷൻ ഫണ്ട്' സ്ഥാപിച്ചു. ട്രിസിയയെ സ്നേഹിക്കുന്നവര്‍ അവള്‍ക്ക് അനുശോചനം അറിയിച്ച് പൂക്കള്‍ അയക്കുന്നതിന് പകരം അവളുടെ പേരിലുള്ള ഫണ്ടിലേക്ക് പണമയക്കാന്‍ മൃഗശാലാ അധികൃതര്‍ പൊതു ജനങ്ങളോട് പറഞ്ഞു.
വരുന്ന ഞായറാഴ്ച ട്രിസിയയുടെ സ്മരണയ്ക്കായി, പെർത്ത് മൃഗശാലയിൽ ഒരു പ്രത്യേക മെമ്മോറിയൽ വാക്ക് തുറക്കും. മൃഗശാലയിലൂടെ നടക്കുമ്പോള്‍ സന്ദര്‍ശകര്‍ക്ക്, അവള്‍ക്കായി ആദരാഞ്ജലികള്‍ നേരാനും അവളുടെ അവിശ്വസനീയമായ ജീവിതത്തെയും പൈതൃകത്തെയും കുറിച്ച് കൂടുതല്‍ അറിയാനും സാധിക്കുന്ന തരത്തിലാണ് ഈ വാക്ക് വേ നിര്‍മ്മിക്കുക.
മൃഗശാലയിലെ ടിക്കറ്റ് വിൽപ്പനയിൽ നിന്നുമുള്ള തുകയുടെ പകുതിയും ഇനി നേരിട്ട് ട്രിസിയയുടെ ഫണ്ടിലേക്ക് പോകും. 'സുമാത്രയിലെ ബുക്കിറ്റ് തിഗാപുലുഹ് ഇക്കോ സിസ്റ്റത്തിൽ ആനകളെ നിരീക്ഷിക്കുന്ന വന്യജീവി സംരക്ഷണ യൂണിറ്റുകൾക്കായി ട്രിസിയയുടെ പേരിൽ എലിഫന്‍റ് റേഞ്ചർ ഗാർഡ് പോസ്റ്റ് സ്ഥാപിക്കുന്നതിന് ഈ സംഭാവന ഉപയോഗിക്കുമെന്ന്' മൃഗശാല പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
സുമാത്രയിലെ ഇത്തരം യൂണിറ്റുകൾ കാട്ടിൽ അവശേഷിക്കുന്ന അവസാനത്തെ സുമാത്രൻ ആനകളെ നിരീക്ഷിക്കുകയും അവയുടെ സംരക്ഷണത്തിന് ആവശ്യമുള്ള നടപടികള്‍ എടുക്കുകയും ചെയ്യുന്നു.
ട്രിസിയയോടെപ്പം പെർത്ത് മൃഗശാലയില്‍ ഉണ്ടായിരുന്ന 1,500-ലധികം മൃഗങ്ങളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി അവശേഷിക്കുന്ന ഫണ്ടുകൾ വിനിയോഗിക്കുമെന്നും മൃഗശാലാ അധികൃതര്‍ പറഞ്ഞു.