Ukraine Russia Conflict: മഞ്ഞുരുകുന്നു; ഉക്രൈന്‍ പ്രശ്നത്തില്‍ ജനുവരി മുതല്‍ യുഎസ് - റഷ്യാ ചര്‍ച്ച
കഴിഞ്ഞ വര്‍ഷം മുതല്‍ ലോകമെങ്ങും കേട്ടുതുടങ്ങിയ ഒന്നാണ് 'കൊവിഡിനൊപ്പം ജീവിക്കുക' (Live with covid)യെന്നത്. കാരണം, കാല, ദേശമനുസരിച്ച് പുതിയ വകഭേദങ്ങളെ സൃഷ്ടിക്കാന്‍ കൊവിഡ് രോഗാണുവിന് കഴിയുമെന്ന കണ്ടെത്തല്‍, 'കൊവിഡിനൊപ്പം എങ്ങനെ സുരക്ഷിതമായി ജീവിക്കാം' എന്നതിനെ കുറിച്ചുള്ള അന്വേഷണങ്ങളിലേക്ക് നീങ്ങി. അങ്ങനെയാണ് സാനിറ്റൈസറും മാസ്കും ഇന്ന് നമ്മുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായത്. കൊവിഡിനെതിരെ യുദ്ധം ചെയ്യുമ്പോള്‍ തന്നെ, ഉക്രൈന്‍ ജനത ഒരു യഥാര്‍ത്ഥ യുദ്ധം നേരിടുന്നതിനുള്ള തയ്യാറെടുപ്പ് കൂടി നടത്തുകയാണ്. റഷ്യയാണ് എതിരാളിയെന്നത് പക്ഷേ, അവരെ ഭയപ്പെടുത്തുന്നില്ല. മറിച്ച് വീര്യം കൂട്ടുന്നേയുള്ളൂവെന്ന് സൈനീക പരിശീലനം നേടിയവരും പറയുന്നു.
യുദ്ധത്തോടൊപ്പം ജീവിക്കാന്‍ പഠിക്കുകയാണ് ഉക്രൈനികള്‍. 2014 മുതല്‍ റഷ്യയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം നേരിടുന്ന സായുധ സംഘങ്ങള്‍ ഉക്രൈനില്‍ ഇപ്പോഴും നിഴല്‍ യുദ്ധത്തിലാണ്. അതിനിടെയാണ് കഴിഞ്ഞ ഏപ്രില്‍ മുതല്‍ റഷ്യ, ഉക്രൈന്‍ അതിര്‍ത്തിയില്‍ മുന്നറിയിപ്പില്ലാതെ സൈനീക പരിശീലനം ആരംഭിച്ചത്.
ഇത് രാജ്യത്ത് ഏത് നിമിഷവും ഒരു യുദ്ധത്തിനുള്ള സാധ്യത തുറന്നിട്ടു. യുദ്ധമുണ്ടായാല്‍ അത്യാവശ്യ ഘട്ടത്തില്‍ യുദ്ധമുഖത്തേക്കിറങ്ങുന്നതിനുള്ള പരിശീനത്തിന് ആണ്‍പെണ്‍ വ്യത്യാസമില്ലാതെ രാജ്യത്തെ പതിനായിരക്കണക്കിന് പൌരന്മാര്‍ തയ്യാറായി. യുദ്ധമുണ്ടായാല്‍ ഏങ്ങനെ തങ്ങളുടെ നഗരങ്ങളെ സംരക്ഷിക്കാമെന്നും ആയുധം ഉപയോഗിക്കാമെന്നും അവരില്‍ പലര്‍ക്കും ഇന്ന് നന്നായറിയാം. ഏതാണ്ട് ഒരു ലക്ഷത്തിന് മേലെ റഷ്യന്‍ സൈനികര്‍ ഉക്രൈന്‍ അതിര്‍ത്തിയില്‍ പരിശീലനത്തിലാണ്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഏത് നിമിഷവും ഒരു റഷ്യന്‍ അക്രമണം ഉക്രൈന്‍ പ്രതീക്ഷിക്കുന്നുണ്ട്. അത്തരത്തിലായിരുന്നു റഷ്യന്‍ പ്രസിഡന്‍റ് പുചിന്‍റെ പ്രവര്‍ത്തികളുമെന്നത് ആശങ്ക വര്‍ദ്ധിപ്പിച്ചു. എന്നാല്‍, ഒരു മാസത്തെ സൈനികാഭ്യാസം പൂർത്തിയാക്കിയതായും തങ്ങളുടെ സൈനീകര്‍ അവരുടെ സ്ഥിരം താവളങ്ങളിലേക്ക് മടങ്ങുകയാണെന്നും റഷ്യ ശനിയാഴ്ച പ്രഖ്യാപിച്ചതോടെ പ്രശ്നത്തിന് അല്‍പ്പം അയവ് വന്നെങ്കിലും ഉക്രൈന്‍ ജാഗ്രത കൈവിടാന്‍ തയ്യാറല്ല.
കഴിഞ്ഞ കുറച്ച് മാസങ്ങളായി തുടരുന്ന റഷ്യ - ഉക്രൈന്‍ അസ്വാസ്ഥ്യത്തിനിടെ റഷ്യ, ഉക്രൈനെ ആക്രമിക്കാന്‍ തയ്യാറെടുക്കകയാണെന്ന അഭ്യൂഹങ്ങള്‍ ശക്തമായതിനിടെയാണ് റഷ്യയുടെ പുതിയ നീക്കം. 2014-ൽ ഉക്രെയ്നിൽ നിന്ന് റഷ്യ പിടിച്ചെടുത്ത ഉപദ്വീപായ റോസ്തോവ്, ക്രാസ്നോദർ, ക്രിമിയ എന്നിവിടങ്ങളിലായി റഷ്യ ഏകദേശം 1,00,000 സൈനികരെ വിന്യസിച്ചതായി അമേരിക്ക അടക്കം ആരോപിച്ചിരുന്നു.
ഈ സംഘര്‍ഷാവസ്ഥയിലാണ് 'യുദ്ധത്തിനൊപ്പം ജീവിക്കാന്‍ പഠിക്കണ'മെന്ന് ഉക്രൈന്‍ ഭരണകൂടം രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടത്. "ശത്രു രാജ്യത്തെ ആക്രമിക്കുകയാണെങ്കിൽ ഈ രാജ്യത്തെ ഓരോ വ്യക്തിയും എന്ത് ചെയ്യണമെന്ന് സ്വയം പഠിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു." 19 കാരനായ യൂണിവേഴ്സിറ്റി വിദ്യാർത്ഥി ഡാനിൽ ലാറിൻ തന്‍റെ സൈനീക പരിശീനത്തിന്‍റെ ഇടവേളയ്ക്കിടെ എഎഫ്പിയോട് പറഞ്ഞു.
(Ukraine President Volodymyr Zelensky )
റഷ്യൻ അധിനിവേശമുണ്ടായാൽ ശത്രുവിനെ എങ്ങനെ പ്രതിരോധിക്കാമെന്ന് ജനങ്ങളെ പരിശീലിപ്പിക്കുകയാണവര്‍. ആയിരക്കണക്കിന് സാധാരണക്കാരാണ് കഴിഞ്ഞ മാസങ്ങളിൽ ഉക്രൈന്‍റെ കരുതല്‍ സൈന്യത്തില്‍ ചേര്‍ന്നത്. റഷ്യ എന്ന ഭയത്തില്‍ നിന്ന് തങ്ങള്‍ക്ക് സ്വയരക്ഷ തേടേണ്ടതുണ്ടെന്ന് ഉക്രൈന്‍ പറയുന്നു.
ആകെ 2,15,000 സൈനികരാണ് ഉക്രൈന്‍ സൈന്യത്തിലുള്ളത്. 2014 മുതല്‍ തുടരുന്ന ഉക്രൈന്‍ - റഷ്യ സംഘര്‍ഷത്തിനിടെ 13,000-ലധികം സൈനീകരെ ഉക്രൈന് നഷ്ടപ്പെട്ടു. പഴയ യുഎസ്എസ്ആറില്‍ നിന്ന് പിരിഞ്ഞ് പോയ രാജ്യങ്ങളില്‍ 2014 മുതല്‍ റഷ്യന്‍ പിന്തുണയോടെ കലാപങ്ങള്‍ നടക്കുകയാണെന്ന് ഉക്രൈന്‍ ആരോപിക്കുന്നു.
“എങ്ങനെ ആയുധങ്ങൾ കൈകാര്യം ചെയ്യണം, ഒരു യുദ്ധ അന്തരീക്ഷത്തിൽ എങ്ങനെ പെരുമാറണം, നഗരങ്ങളെ എങ്ങനെ ആക്രമണത്തില്‍ നിന്നും പ്രതിരോധിക്കാം, എന്നിങ്ങനെയുള്ള അടിസ്ഥാന കാര്യങ്ങളില്‍ തങ്ങള്‍ പരിശീലനം നേടിയതായി ” ലാറിൻ എഎഫ്‌പിയോട് പറഞ്ഞു. ഉക്രൈനെക്കാളും വലുതാണ് റഷ്യന്‍ സൈന്യം. അതുതന്നെയാണ് തന്നെയും സൈന്യത്തില്‍ ചേരാന്‍ പ്രയരിപ്പിച്ചത്. എല്ലാവരും തയ്യാറായാല്‍ ഞങ്ങളുടെ ഭൂമി സംക്ഷിക്കാന്‍ കഴിയുമെന്ന് 51-കാരനായ ഡോ. മാർട്ട യുസ്‌കിവ് പറയുന്നു.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ എല്ലാ ശനിയാഴ്ചയും മണിക്കൂളുകളോളം യുദ്ധമുഖത്ത് മരുന്ന് എത്തിക്കുന്നതിലും പരിക്കേറ്റവരെ ശുശ്രൂഷിക്കുന്നതിലും ഓട്ടോമാറ്റിക് റൈഫിളുകൾ വിന്യസിക്കാനും വെടിവയ്ക്കാനും ഡോ. മാർട്ട യുസ്‌കിവ് പരിശീലനം തേടുന്നു. വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, ഡോക്ടര്‍മാര്‍, ആര്‍കിടെക്റ്റുകള്‍, തൊഴിലാളികള്‍ എന്നിങ്ങനെ ഉക്രൈനില്‍ നിന്ന് ആയിരക്കണക്കിന് പേരാണ് യുദ്ധ പരിശീലനം തേടുന്നത്.
എന്നാല്‍ യുദ്ധ പരിശീലനത്തിനെത്തുന്നവര്‍ക്കെല്ലാം മുഴുവന്‍ ആയുധങ്ങളോ സുരക്ഷാ സംവിധാനങ്ങളോ സൈന്യം വാഗ്ദാനം ചെയ്യുന്നില്ല. പകരം പലര്‍ക്കും സൈനിക യൂണിഫോം മാത്രമാകും ലഭിക്കുക. ഹെല്‍മെറ്റ്, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്, രാത്രികാല ണ്ണടകള്‍ എന്നിങ്ങനെയുള്ള മറ്റ് യുദ്ധ സാമഗ്രികള്‍ സ്വന്തം കൈയില്‍ നിന്ന് കാശ് മുടക്കി വാങ്ങുകയാണ് പലരും.
ഉക്രൈനിലെ ഏറ്റവും വലിയ നഗരവും തലസ്ഥാനവുമായ കിയേവിന് (Kyiv) നേരേ ആക്രമണമുണ്ടായാല്‍ നഗരത്തെ സംരക്ഷിക്കാൻ സജ്ജീകരിച്ച കരുതല്‍ സൈന്യത്തിന്‍റെ ഭാഗമായിരിക്കും ഇവരെന്ന് കമാൻഡർ വാഡിം ഒസിർനി പറയുന്നു. കരുതല്‍ സൈന്യം, ഭരണപരമായതും മറ്റ് പ്രധാനപ്പെട്ടതുമായ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിനും ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനും നേതൃത്വം നല്‍കുമെന്ന് ഒസിർനി എഎഫ്പിയോട് പറഞ്ഞു.
ഒരു യുദ്ധത്തെ നേരിടാന്‍ താന്‍ തയ്യാറാണെന്ന് കരുതല്‍ സൈന്യത്തിലെ ആദ്യകാല പരിശീലനാർത്ഥികളില്‍ ഒരാളായ ഡെനിസ് സെമിറോഗ് ഓർലിക് പറയുന്നു. എട്ട് വര്‍ഷമായി താന്‍ ഈയൊരു സന്ദര്‍ഭത്തിനായി കാത്തിരിക്കുന്നു. താന്‍ നല്ലൊരു പരിശീലനാര്‍ത്ഥി ആയിരുന്നെന്ന് തനിക്ക് ബോധ്യമുണ്ട്. തന്നെ തീര്‍ച്ചയായും യുദ്ധമുഖത്തേക്ക് വിളിക്കും. താന്‍ ഒരു പൂര്‍ണ്ണ സേവകനായിരിക്കുമെന്നും ആ 46 കാരന്‍ തറപ്പിച്ച് പറയുന്നു.
ഉക്രൈന്‍ തലസ്ഥാനമായ കിയെവിന് പുറത്തുള്ള ഒരു വനപ്രദേശത്താണ് കരുതല്‍ സൈന്യത്തിന്‍റെ പരിശീലനം. റഷ്യന്‍ സൈന്യത്തെ പതിയിരുന്ന് അക്രമിക്കുന്നതും ഗ്രനൈഡുകള്‍ പൊട്ടിക്കുന്നതും കലാഷ്നിക്കോവില്‍ നിന്ന് വെടിയുതിര്‍ക്കുന്നതിനും ഏതാണ്ട് ഒരു ലക്ഷത്തോളം പേരാണ് പരിശീലനം നേടിയിട്ടുണ്ട്. കഴിഞ്ഞ കുറേ മാസങ്ങളായി ഉക്രൈന്‍റെ അതിര്‍ത്തിയില്‍ എപ്പോള്‍ വേണമെങ്കിലും അക്രമണത്തിന് തയ്യാറായാണ് റഷ്യന്‍ സൈന്യത്തിന്‍റെ വിന്യാസം. അതിര്‍ത്തിക്ക് അപ്പുറത്ത് ഏതാണ്ട് 70,000 മുതൽ 1,00,000 വരെ റഷ്യൻ സൈനികരുടെ സാന്നിധ്യമാണുള്ളത്.
കഴിഞ്ഞ ദിവസം ഈ സൈനീകരില്‍ നിന്ന് കുറച്ച് പേരെ റഷ്യ പിന്‍വലിച്ചിരുന്നു. 2014 ല്‍ റഷ്യ പിടിച്ചെടുത്ത ക്രിമിയയിലാണ് റഷ്യന്‍ സൈനീക സാന്നിധ്യം ഏറ്റവും കൂടുതലുള്ളത്. ഈ സൈനീക യൂണിറ്റില്‍ നിന്നാണ് 10,000 സൈനീകരെ റഷ്യ പിന്‍വലിച്ചത്. "ദക്ഷിണമേഖലാ സൈനിക ജില്ലയിലെ സൈനികരുടെ പോരാട്ട ഏകോപനത്തിന്‍റെ പരിശീലന ഘട്ടം അവസാനിച്ചു," എന്ന് റഷ്യന്‍ സൈന്യത്തിന്‍റെ പ്രസ്താവനയിൽ പറയുന്നു. എന്നാല്‍, പ്രദേശത്ത് സൈനികർ യുദ്ധ നിരീക്ഷണം തുടരുമെന്നും പറയുന്നുണ്ട്. അതായത്, റഷ്യന്‍ സൈനീക പിന്‍മാറ്റം പേരിന് മാത്രമായിരിക്കും.
അതേ സമയം, റഷ്യന്‍ പിന്തുണയുള്ള വിമതർ 2014 മുതൽ യുദ്ധം ചെയ്യുന്ന ഉക്രൈന്‍റെ കിഴക്കൻ ഡോൺബാസ് മേഖലയിലെ റഷ്യയുടെ സൈനിക നീക്കങ്ങളിലും ദീർഘകാല സംഘർഷങ്ങളിലും ഉക്രൈന്‍ പ്രസിഡന്‍റ് വോലോഡൈമർ സെലെൻസ്‌കി, യുഎസ് സെനറ്റർമാരുമായി നടത്തിയ ഒരു വീഡിയോ കോളില്‍ ഉത്കണ്ഠ രേഖപ്പെടുത്തി. എപ്പോഴത്തെയും പോലെയല്ല നിർണായകമായ പ്രവർത്തനങ്ങളാണ് പ്രധാനം. ഉക്രൈന്‍റെ കിഴക്കൻ ഭാഗത്ത് രക്തച്ചൊരിച്ചിൽ തടയുക എന്നതാണ് എന്‍റെ ലക്ഷ്യം. ഡോൺബാസിലെ യുദ്ധം അവസാനിപ്പിക്കാതെ യൂറോപ്പിൽ സുരക്ഷിതത്വം സങ്കൽപ്പിക്കുക അസാധ്യമാണെന്ന് ഉക്രൈന്‍ പ്രസിഡന്‍റിന്‍റെ പ്രസ്ഥാവനയില്‍ പറയുന്നു.
റഷ്യ, ഉക്രൈന്‍ ആക്രമിച്ചാല്‍ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ഉപരോധം ശക്തമാക്കുമെന്നും ഉറപ്പ് നല്‍കി യൂറോപ്യൻ നേതാക്കൾ ഉക്രൈനൊപ്പം നിലയുറപ്പിക്കുന്നു. എന്നാൽ തങ്ങളുടെ സൈന്യത്തിന് ഒരു ഭീഷണിയും ഇല്ലെന്നാണ് റഷ്യയുടെ നിലപാട്. എങ്കിലും സംഘര്‍ഷം കുറയ്ക്കാനുള്ള ഉപാധിയായി, ഉക്രൈന്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനീക കൂട്ടായ്മയായ നാറ്റോയിൽ ചേരില്ലെന്ന് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ ഉറപ്പ് തേടി.
ഇക്കാര്യത്തിൽ ജനുവരി ആദ്യം തന്നെ കൂടുതൽ ചർച്ചകൾ നടത്തുമെന്ന് യുഎസും റഷ്യയും അറിയിച്ചു. എന്നാല്‍, അതിര്‍ത്തിയിലെ സംഘര്‍ഷ സാധ്യതയില്‍ അയവുണ്ടായാലും തങ്ങള്‍ ജാഗരൂഗരായിരിക്കുമെന്ന് കരുതല്‍ സേനാംഗങ്ങളും പറയുന്നു. ഉക്രൈന്‍ അക്രമണം ഒഴിവാക്കാന്‍ റഷ്യ നാറ്റോയ്ക്ക് മേല്‍ വലിയ വില പേശല്‍ നടത്തിയതായി വിദേശ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ഉക്രൈന്‍ നാറ്റോ സഖ്യ കക്ഷിയാവില്ലെന്ന ഉറപ്പാണ് അതിലൊന്ന്. അതോടൊപ്പം പോളണ്ടിൽ നിന്നും ബാൾട്ടിക് രാജ്യങ്ങളായ എസ്തോണിയ, ലാത്വിയ, ലിത്വാനിയ എന്നിവിടങ്ങളിൽ നിന്നും റഷ്യയ്ക്ക് നേരെ സന്നദ്ധമായി നില്‍ക്കുന്ന നാറ്റോ സൈന്യത്തെ പിന്‍വലിക്കുകയെതാണ് മറ്റൊരാവശ്യം.